ലിസയുമായി (Liza Thomas) ചേർന്ന് പഠിച്ചെഴുതിയ കുറിപ്പ് .
അതിസൂഷ്മതലത്തിലെത്തുമ്പോൾ ജൈവവും അജൈവവുമായ ശാസ്ത്ര ശാഖകളെല്ലാം ഒന്നായ് വരും ..
വൈറസുകളെക്കുറിച്ച് വായിച്ചപ്പോൾ രണ്ടു വർഷം മുൻപ് ആശ ( Asa Aravindh ) അബുദാബിയിൽ അവതരിപ്പിച്ച നാനോ ടെക്നൊളജി ക്ലാസ്സാണ് ഓർമ്മവന്നത് ..
വിഷയത്തിലേക്ക് വരാം . ~~~
വൈറസ്സുകളെ തുരത്തുന്ന കാര്യത്തിൽ സോപ്പ് തന്നെ ഏറ്റവും മികച്ചതാകുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കാൻ, കുറച്ച് സുപ്രാമോളികുലാർ കെമിസ്ട്രിയും ( supramolecular chemistry ), നാനോ സയൻസും, വൈറോളജിയും പറഞ്ഞേ മതിയാവൂ ..
മിക്ക വൈറസുകളിലും മൂന്ന് പ്രധാന ബിൽഡിംഗ് ബ്ലോക്കുകൾ അടങ്ങിയിരിക്കുന്നു: ആർഎൻഎ (RNA), പ്രോട്ടീനുകൾ, ലിപിഡുകൾ (കൊഴുപ്പ്).
ആർഎൻഎ വൈറസ്സിൻ്റെ ജനിതക വസ്തുവാണ് - ഇതിനു ഡിഎൻഎയുമായി വളരെ സാമ്യമുണ്ട്. ടാർഗെറ്റ് സെല്ലിലേക്ക് കടക്കുന്നതും, വൈറസ് പകർത്തലിനെ സഹായിക്കുന്നതും, അടിസ്ഥാനപരമായി വൈറസ്സിൻ്റെ പ്രധാന ബിൽഡിംഗ് ബ്ലോക്ക് ആയി വർത്തിക്കുന്നതും പ്രോട്ടീനുകളാണ്.
"ലിപിഡുകൾ വൈറസിന് ചുറ്റും ഒരു പാളി ഉണ്ടാക്കുന്നു, വൈറസ്സിൻ്റെ സംരക്ഷണത്തിനും, സെല്ലുകളെ ആക്രമിച്ച് കീഴടക്കി വ്യാപിക്കുന്നതിനും ഈ പാളി സഹായിക്കുന്നു. ആർഎൻഎ, പ്രോട്ടീൻ, ലിപിഡുകൾ എന്നിവ സ്വയം ഒത്തുചേർന്നാണ് വൈറസ് രൂപപ്പെടുന്നത് .
ഈ യൂണിറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ “കോവാലൻ്റ് ""ബോണ്ടുകളില്ല. പകരം ദുർബലമായ “നോൺ-കോവാലൻ്റ് ” ബോണ്ടുകളാണുള്ളത്.
പിന്നെ എന്തുകൊണ്ടാണ് വൈറസുകൾ ഘടനാപരമായി ഉറപ്പുള്ളതായിരിക്കുന്നത് എന്നല്ലേ ??
വൈറസ് നിർമ്മിതി ഘടകങ്ങളായ ആർഎൻഎ, പ്രോട്ടീൻ, ലിപിഡുകൾ എന്നിവ തമ്മിൽ ഒരു വെൽക്രോയിലെ 'കൊളുത്തു ഘടകങ്ങൾ' ഒട്ടിപിടിക്കുന്നതുപോലെയുള്ള സ്ട്രക്ച്ചറൽ ബോണ്ടിങ് (ഘടനാപരമായ കൂട്ടുബന്ധം) ആണുള്ളത് അതുകൊണ്ട് തന്നെ വൈറൽ കണങ്ങളെ തകർക്കാൻ വളരെ പ്രയാസമാണ്. ( സോപ്പുകൊണ്ട് നമുക്ക് അത് എളുപ്പത്തിൽ ചെയ്യാം ) .
കൊറോണ വൈറസ് ഉൾപ്പെടെയുള്ള മിക്ക വൈറസുകളുടെയും വലിപ്പം 50-200 നാനോമീറ്ററുകൾക്കിടയിലാണ് - അതിനാൽ അവ നാനോ കണങ്ങൾ (nanoparticles) ആണ്. നാനോപാർട്ടിക്കിളുകൾക്ക് അവ നിലനിൽക്കുന്ന പ്രതലങ്ങളുമായി സങ്കീർണ്ണമായ ബന്ധങളുണ്ട്.
തന്മാത്രകളെക്കാൾ ചെറുതായതിനാൽ അവയ്ക്ക് എളുപ്പം ജനിതക ഘടനകളിൽ പറ്റിച്ചേർന്നോ നുഴഞ്ഞുകയറിയോ അപകടങ്ങൾ ഉണ്ടാക്കാൻ സാധിക്കും .
"ഒരു വൈറസ് ഒരു സെല്ലിനെ ആക്രമിക്കുമ്പോൾ, ആർഎൻഎ ഒരു കമ്പ്യൂട്ടർ വൈറസ് പോലെ, സെല്ലുലാർ മെഷിനറികളെ “ഹൈജാക്ക്"" ചെയ്യുന്നു. വൈറസ്സ് സ്വന്തം ആർഎൻഎയുടെയും പ്രോട്ടീനുകളുടെയും ധാരാളം പുതിയ പകർപ്പുകൾ നിർമ്മിക്കാൻ സെല്ലിനെ നിർബന്ധിതമാക്കുന്നു."
ഈ പുതിയ ആർഎൻഎയും പ്രോട്ടീൻ തന്മാത്രകളും, സെല്ലിൽ ലഭ്യമായ ലിപിഡുകളുമായി ഒത്തുചേർന്ന് വൈറസിന്റെ പുതിയ പകർപ്പുകൾ സൃഷ്ടിക്കുന്നു. അതായത്, വൈറസ് സ്വയം ഫോട്ടോകോപ്പി ചെയ്യുകയല്ല, ബിൽഡിംഗ് ബ്ലോക്കുകളുടെ പകർപ്പുകൾ ഉണ്ടാക്കുകയാണ്. അവ സ്വയം കൂടിച്ചേർന്ന് വൈറസ്സുകളാകുന്നു.
( അതിഥി ജീവിയുടെ കോശങ്ങൾക്കുള്ളിൽ ചുറ്റിലും കാണുന്ന ഘടകങ്ങൾ ലീഗോ ബ്ലോക്കുകൾ പോലെ അടുക്കിച്ചേർത്ത് നിരന്തരമായി പെരുകുന്ന രീതി )
ഈ പുതിയ വൈറസുകൾ ഒടുവിൽ കോശത്തിനെ കീഴടക്കുകയും, അത് 'മരിക്കുകയും'/ ശിഥിലമാകുകയും ചെയ്യുന്നു. ഈ പൊട്ടിത്തെറിയുലൂടെ പുറപ്പെടുന്ന വൈറസ്സുകൾ കൂടുതൽ കോശങ്ങളെ ബാധിക്കുന്നു. ഈ പ്രക്രിയ ശ്വാസകോശത്തിൽ നടക്കുമ്പോൾ, പുറപ്പെടുന്ന വൈറസ്സുകളിൽ ചിലത് ചിലത് ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കുകയും അവിടെയുള്ള മ്യൂക്കസ്സ് പ്രതലങ്ങളിൽ പറ്റിപ്പിടിക്കുകയും ചെയ്യും.
നിങ്ങൾ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും, ശ്വാസനാളത്തിൽ നിന്നുള്ള തുള്ളികൾ 10 മീറ്റർ (30 അടി) വരെ ദൂരത്തിൽ പരക്കുന്നു (പ്രത്യേകിച്ച് തുമ്മുമ്പോൾ)! കൂട്ടത്തിൽ വലിയ തുള്ളികൾ 2 മീറ്റർ (7 അടി) വരെ സഞ്ചരിക്കുന്നതിനാൽ, ഇവ പ്രധാന കൊറോണ വൈറസ് കാരിയറുകളാണെന്ന് കരുതപ്പെടുന്നു. ഇതുകൊണ്ടാണ് ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ മുഖം മറയ്ക്കണമെന്ന് പറയുന്നത്!
ശ്വാസനാളത്തിൽ നിന്ന് പുറപ്പെടുന്ന ഈ തുള്ളികൾ വന്നു വീഴുന്ന പ്രതലത്തിൽ പറ്റിപ്പിടിക്കുകയും, പലപ്പോഴും വേഗത്തിൽ ഉണങ്ങിപ്പോകുകയും ചെയ്യും.
എന്നാൽ വൈറസുകൾ അപ്പോഴും സജീവമായിത്തന്നെയിരിക്കും !
സുപ്രാമോളികുലാർ കെമിസ്ട്രി ( supramolecular chemistry ) ആശയങ്ങൾ പ്രകാരം, സമാന തന്മാത്രകൾ പരസ്പരം കൂടുതൽ ശക്തമായി പ്രതിപ്രവർത്തിക്കും.
സ്റ്റീൽ, പോർസലൈൻ, ചില പ്ലാസ്റ്റിക്കുകൾ (ഉദാ. ടെഫ്ലോൺ) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, മരം, തുണിത്തരങ്ങൾ, ചർമ്മം മുതലായ 'ഓർഗാനിക്ക്' പ്രതലങ്ങളുമായി വൈറസുകൾ കൂടുതൽ ശക്തമായി ഇടപഴകുന്നു.
നാരുകളുടെയോ തടികളുടെയോ ഉപരിതലങളിൽ, വൈറസുകൾ ധാരാളം ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കുന്നു.
ഇതിനു വിപരീതമായി, സ്റ്റീൽ, പോർസലൈൻ, ടെഫ്ലോൺ, തുടങിയവ വൈറസുമായി അധികം ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കുന്നില്ല. അതിനാൽ ഈ ഉപരിതലങ്ങളിൽ വൈറസ് ശക്തമായി പറ്റിപ്പിടിക്കില്ല. ഈ ഉപരിതലത്തിൽ വൈറസ് ഘടന വളരെ സ്ഥിരതയുള്ളതാണ്, പക്ഷെ, തുണി, മരം തുടങ്ങിയവയിൽ സജീവമായിരിക്കുന്നത്രയും കാലം വൈറസ്സ് ഇത്തരം പ്രതലങളിൽ സജീവമായിരിക്കാനാകില്ല.
വൈറസ് എത്രകാലം സജീവമായി തുടരും?
SARS-CoV-2 കൊറോണ വൈറസ് അനുകൂലമായ പ്രതലങ്ങളിൽ മണിക്കൂറുകളോളം സജീവമായിരിക്കുമെന്ന് കരുതപ്പെടുന്നു, ഒരുപക്ഷേ ഒരു ദിവസം വരെ ( ഒരു മാസം വരെ എന്ന് ചില പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് ! )
ഈർപ്പം, സൂര്യപ്രകാശം (അൾട്രാവയലറ്റ് ലൈറ്റ്), ചൂട് എന്നിവയെല്ലാം വൈറസിനെ സ്ഥിരത കുറയ്ക്കുന്ന ഘടകങ്ങളാണ് .
ചർമ്മം വൈറസിന് അനുയോജ്യമായ പ്രതലമാണ്. അത് “ഓർഗാനിക്” ആണ്, കൂടാതെ ഉപരിതലത്തിലെ മൃതകോശങ്ങളിലെ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും ഹൈഡ്രജൻ ബോണ്ടുകളിലൂടെയും, ഹൈഡ്രോഫിലിക് പ്രതിപ്രവർത്തനങ്ങളിലൂടെയും വൈറസുമായി ബന്ധം സ്ഥാപിക്കുന്നു.
വൈറസ് പറ്റിപ്പിടിച്ച ഒരു ഉരുക്ക് പ്രതലത്തിൽ നിങ്ങൾ സ്പർശിക്കുമ്പോൾ, അത് നമ്മുടെ ചർമ്മത്തിൽ പറ്റിനിൽക്കുന്നു. ആ കൈകൊണ്ട് നിങ്ങൾ, നിങ്ങളുടെ മുഖത്ത് സ്പർശിക്കുകയാണെങ്കിൽ, വൈറസ് കൈയിൽ നിന്ന് മുഖത്തേക്ക് എത്തും.
ഇപ്പോൾ വൈറസ് നിങ്ങളുടെ വായയ്ക്കും കണ്ണിനും ചുറ്റുമുള്ള വായുമാർഗ്ഗങ്ങൾക്കും മ്യൂക്കസ് മെംബ്രനുകൾക്കും അടുത്തുവരെയെത്തി .
ഇനി വൈറസിന് വേഗം നിങ്ങളുടെ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുവാൻ കഴിയും... അങ്ങനെ സംഭവിച്ചാൽ, രോഗം നിങ്ങളെ പിടികൂടും (നിങ്ങളുടെ രോഗപ്രതിരോധ ശേഷി വൈറസിനെ കൊല്ലുന്നില്ലെങ്കിൽ).
വൈറസ് നിങ്ങളുടെ കൈയിലാണെങ്കിൽ ഹസ്തദാനത്തിലൂടെ (handshake) അത് മറ്റൊരാളിലേയ്ക്ക് എത്താം. ചുംബനങ്ങൾ വഴിയും പകരാം... ആരെങ്കിലും നിങ്ങളുടെ മുഖത്ത് തുമ്മുകയാണെങ്കിൽ പിന്നെ നിങ്ങളുടെ കാര്യം തീരുമാനമായി.
മിക്ക ആളുകളും 2-5 മിനിറ്റിലൊരിക്കൽ മുഖത്ത് സ്പർശിക്കുന്നവരാണ്! അതിനാൽ വൈറസ് കൈയ്യിൽ പറ്റിക്കഴിഞ്ഞാൽ, അത് കഴുകിക്കളയുന്നില്ലെങ്കിൽ, അപകടസാധ്യത വളരെ കൂടുതലാണ്.
വെറും വെള്ളത്തിൽ കഴുകിയാലും ചിലപ്പോൾ വൈറസ്സ് നശിച്ചേക്കാം. എന്നാൽ ജലത്തിന് ഒറ്റയ്ക്ക്, ഹൈഡ്രജൻ ബോണ്ടുകൾ വഴി ചർമ്മവും വൈറസും തമ്മിലുള്ള ശക്തമായ ബന്ധത്തെ വേർപെടുത്താനായെന്ന് വരില്ല.
വെള്ളം മാത്രം പോരാ.
സോപ്പ് വെള്ളം തികച്ചും വ്യത്യസ്തമാണ്. സോപ്പിൽ ആംഫിഫിലുകൾ (amphiphiles) എന്നറിയപ്പെടുന്ന കൊഴുപ്പ് പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഘടനാപരമായി ഇവയ്ക്ക് വൈറസ്സിൻ്റെ മെംബ്രണിലെ ലിപിഡുകളുമായി സാമ്യമുണ്ട്. അതിനാൽ, സോപ്പ് തന്മാത്രകൾ വൈറസ് മെംബ്രണിലെ ലിപിഡുകളുമായും, പ്രോട്ടീനുകൾ, ആർഎൻഎ, ലിപിഡുകൾ എന്നിവ ഒരുമിച്ച് നിൽക്കാൻ സഹായിക്കുന്ന മറ്റ് നോൺ-കോവാലന്റ് ബോണ്ടുകളുമായും മത്സരിക്കുന്നു.
രണ്ട് രീതിയിലാണ് സോപ്പ് പ്രവർത്തിക്കുന്നത് .
1. വൈറസും ചർമ്മത്തിന്റെ ഉപരിതലവും തമ്മിലുള്ള ബന്ധത്തെ സോപ്പ് വേർപ്പെടുത്തുന്നു.
2. സോപ്പിന്റെയും വെള്ളത്തിന്റെയും സംയോജിത പ്രവർത്തനം കാരണം വൈറസ്സ് ഒരു ചീട്ടുകൊട്ടാരം പോലെ നിലം പതിക്കുന്നു. (അതായത്, സോപ്പ് വൈറസിന്റെ നിർമ്മിതിയെ ഒന്നിച്ചുനിർത്തുന്ന ഘടന “അലിയിക്കുന്നു”. )
ചർമ്മം വളരെ പരുക്കനും ചുളിവുകളുള്ളതുമാണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ സജീവമായ വൈറസുകളെ തുരത്താൻ സോപ്പും വെള്ളവും കൈയ്യിൽ നന്നായി ഉരസി, കുതിർത്ത് കഴുകണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
സോപ്പ് വൈറസുകളെ ചുമ്മാ കഴുകി കളയുകയല്ല, മറിച്ച് ശരീരത്തിന് പുറത്ത് മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സജീവമായിരിക്കാവുന്ന അവയുടെ കൊഴുപ്പ് പാളി സോപ്പ് വളരെ എളുപ്പം അലിയിച്ച് വൈറസുകളുടെ ഭൗതിക ഘടന ശിഥിലമാക്കി വൈറസുകളെ നിഷ്‌ക്രിയമാക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത് .
സോപ്പ് ഉപയോഗിച്ച് കഴുകുന്നത് പ്രായോഗികമല്ലാത്തപ്പോൾ മാത്രം താരതമ്യേനെ വിലകൂടിയ ആൽക്കഹോൾ സാനിറ്റൈസർ ഉപയോഗിക്കാം.
(ഉദാ. ഓഫീസ് റിസപ്ഷനുകൾ).
ആൽക്കഹോൾ ഉള്ള “അണുനാശിനി”, “ആൻറി ബാക്ടീരിയൽ” ഉൽപ്പന്നങ്ങളിൽ സാധാരണയായി 60-80% എത്തനോൾ, അൽപം ഐസോപ്രോപനോൾ, വെള്ളം + സോപ്പ് എന്നിവയാണ് അതങ്ങിയിരിക്കുന്നത്.
എത്തനോൾ, മറ്റ് ആൽക്കഹോളുകൾ എന്നിവ വൈറസ് വസ്തുക്കളുമായി ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, ഒരു ലായകമെന്ന നിലയിൽ ജലത്തേക്കാൾ കൂടുതൽ ലിപ്പോഫിലിക് ആണ്. അതിനാൽ ആൽക്കഹോൾ, വൈറസ്സിൻ്റെ ലിപിഡ് മെംബ്രൺ അലിയിക്കുകയും, സൂപ്പർമോളികുലാർ പ്രതിപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും, വൈറസ് ദ്രുതഗതിയിൽ ഇല്ലാതാകുന്നതിന് ഉയർന്ന അളവിൽ ആൽക്കഹോൾ (60 ശതമാനത്തിലും അധികം) ആവശ്യമാണ്. വോഡ്ക അല്ലെങ്കിൽ വിസ്കിയിൽ, സാധാരണയായി 40% എത്തനോൾ ആണ് ഉള്ളത്. ഇത് വൈറസിനെ വേഗത്തിൽ അലിയിക്കുകയില്ല. മൊത്തത്തിൽ ആൽക്കഹോൾ, സോപ്പ് പോലെ അത്ര നല്ലതല്ല.
മിക്കവാറും എല്ലാ ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളിലും ആൽക്കഹോളും, കുറച്ച് സോപ്പും അടങ്ങിയിരിക്കുന്നു, ഇത് വൈറസുകളെ കൊല്ലാൻ സഹായിക്കുന്നു. അതേസമയം ട്രൈക്ലോസൻ പോലുള്ള “ആക്റ്റീവ്” ബാക്ടീരിയനാശിനികൾ വൈറസിനെ ഒട്ടും ബാധിക്കുന്നില്ല.
ഓർക്കുക ..
മനുഷ്യരാശി ഒരു അത്യാപത്തിന് തൊട്ടരികിലാണ്..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ