എന്തൊക്കെയാണ് നിങ്ങളുടെ പ്രതീക്ഷകൾ ??
1. വൈറസിന് വാക്‌സിൻ കണ്ടുപിടിച്ച് ഇല്ലായ്‌മ ചെയ്യാം ??
ഉത്തരം :
നിലവിൽ കോവിഡ് 19 വൈറസിന് വാക്‌സിൻ ഒന്നും കണ്ടുപിടിച്ചിട്ടില്ല വാക്‌സിൻ കണ്ടുപിടിച്ചാലും വൈറസിനെ ഇല്ലാതാക്കാൻ അടുത്ത 20 വർഷത്തേക്ക് പോലും കഴിയണം എന്നില്ല - പുതിയവരിലേക്ക് പകരാതിരുന്ന് നിലവിലെ ഹോസ്റ്റ് ബോഡികളിലോ പറ്റിപ്പിടിച്ച പ്രതലങ്ങളിലോ ചത്ത് അവസാനിച്ചാലെ ഒരു സ്പീഷീസ് ഇല്ലാതാക്കൂ .
ഇന്നും റൂബല്ല, ഡിഫ്ത്തീരിയ, പോളിയോ വാക്സിനുകൾ മരുന്നു കമ്പനിക്കാരുടെ കള്ളക്കളിയാണെന്ന് പ്രചരിപ്പിക്കുന്ന കോൺസ്പിരസി തിയറിക്കാർ രാജാക്കന്മാരായി വാഴുന്ന നാട്ടിലൊക്കെ സമ്പൂർണ്ണ വാക്സിനേഷൻ ഒട്ടും നടക്കാത്ത സംഭവമാണ്. ഒപ്പം ഈ വൈറസിന് മനുഷ്യനെ കൂടാതെ മറ്റു ജീവികളിലും പകരാനാകും എങ്കിൽ കാര്യങ്ങൾ കുറേ കൂടെ കടുപ്പം .
2. ജീവപരിണാമത്തിലൂടെ കോവിഡ് 19 ഉണ്ടായതുപോലെ വീണ്ടും പരിണമിച്ച് മനുഷ്യന് ഉപദ്രവമില്ലാത്ത വേറൊരു വൈറസ് ആയി മാറുമോ ??
ഉത്തരം : ഒരിക്കലുമില്ല, ജീവപരിണാമം എന്നാൽ ഒരു ജീവി വർഗം മൊത്തത്തിൽ പരിണമിച്ച് വേറൊരു ജീവി ആയി മാറുന്ന പ്രക്രിയയല്ല . കോവിഡ് 19 സ്പീഷീസിലെ ഏതെങ്കിലും ചിലവയ്ക്ക് മ്യൂട്ടേഷൻ സംഭവിച്ച് സ്വഭാവ ഗുണങ്ങൾ മാറി ആ മാറ്റങ്ങളുടെ ജനിതക കോഡുകൾക്ക് 'പ്രത്യുത്പാദന' തുടർച്ച സംഭവിച്ചാൽ ഉണ്ടാകാവുന്ന പുതിയ 'ജീവി' ഒരിക്കലും നിലവിൽ ഉള്ളതിനെ ഇല്ലാതാക്കില്ല .
അതായത് വൈറസ് പരിണമിച്ചാലും നിലവിലുള്ള സ്പീഷീസ് ഇവിടെ തുടരും.
( സ്‌കൂളിൽ നമ്മൾ പരിണാമം തെറ്റായി പഠിച്ചിട്ടോ പഠിപ്പിച്ചിട്ടോ ആണ് ഇത്തരം മണ്ടൻ പ്രതീക്ഷകൾ ഉണ്ടാവുന്നത് )
3. മനുഷ്യൻ പരിണമിച്ച് കോവിഡ് 19 വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി തേടുമോ ??
ഉത്തരം : ത്വത്തികമായെങ്കിലും വിദൂര സാധ്യതയുള്ള സംശയമാണ് അത് .
നിലവിൽ ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന സ്പീഷീസിലെ നമ്മളിൽ ചിലർക്കെങ്കിലും വൈറസിനെ പ്രതിരോധിക്കാനുള്ള ജനിറ്റിതക 'സ്വഭാവം' Traits ഉണ്ടാവാം. അങ്ങിനെയുള്ളവർക്ക് രോഗം വരില്ല. ഇനി പറയുന്ന കാര്യങ്ങൾ സാങ്കല്പികമാണ്: ചികിത്സയും വാക്സിനുമൊന്നുമില്ലാതെ മനുഷ്യരിങ്ങനെ ചത്ത് ചത്ത് തീരുന്നു എന്നിരിക്കട്ടെ അതിൽ അവസാനിക്കുന്ന ഒരു വിഭാഗം വൈറസിനെ പ്രതിരോധിക്കുന്ന ജനിതക ഘടന ഉള്ളവർ മാത്രമാകും അപ്പോൾ പരസ്പരമുള്ള ഇന്റർ ബ്രീഡിങ്ങിലൂടെ ഉണ്ടായി വരുന്ന തലമുറ കോവിഡ് ബാധിക്കാത്ത മനുഷ്യരുടേതാകും. പരിണാമ സിദ്ധാന്തത്തിൽ ഇതിനെ സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ് എന്നു പറയും .. പുതിയ ജീവി വർഗ്ഗങ്ങൾ 'ഉണ്ടായി' വന്നത് കൂടുതലും ഇങ്ങനെയാണ് (യഥാർത്ഥത്തിൽ ഉണ്ടായി വന്നത് എന്നല്ല അവശേഷിച്ചത് എന്നാണ് പറയേണ്ടത് ) .
എന്തായാലും ഇങ്ങനെ ഒരു സാധ്യതക്ക് വേണ്ടി മനുഷ്യവംശം ഒന്നാകെ ചത്ത് തീരാൻ നമ്മൾ കാതിരിക്കില്ല എന്നുറപ്പ് .
4. കോവിഡ് 19 സ്ഥിതീകരിച്ചാൽ അതിനെ ചികിത്സിക്കാനുള്ള മരുന്ന് കണ്ടുപിടിച്ചാൽ നമ്മൾ രക്ഷപ്പെടില്ലേ ??
ഉത്തരം: തീർച്ചയായും. നമ്മൾ ഇന്ന് മരുന്നു കടയിൽ ചെന്ന് വിൻഡോ ഷോപ്പിംഗ് പോലും നടത്തുന്ന ആന്റി വൈറൽ / ആന്റി ബയോട്ടിക്ക് മരുന്നുകൾ ഒക്കെ കണ്ടുപിടിക്കും മുൻപ് ഇൻഫ്ലുവൻസയും ദഹനക്കേടും വരെ എത്രയെത്ര മനുഷ്യ ജീവനുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നോ. മഹാമാരികളായി ആളെക്കൊന്ന പഴയ വൈറസ് ബ്രീഡുകൾ ഇപ്പോഴും ഇവിടെ നമ്മുടെയൊക്കെ ഇടയിൽ തന്നെയുണ്ട് അവയ്ക്ക് പണ്ടത്തെ 'വീര്യവും' ശക്തിയുമുണ്ട് പക്ഷെ നമ്മൾ അവയെ പേടിക്കാത്തതിന് കാരണം നമ്മുടെ കയ്യിലുള്ള മരുന്നുകളോ നമ്മൾ വാക്സിനേറ്റ് ചെയ്ത് നേടിയടുത്ത പ്രധിരോധ ശക്തിയോ ഒക്കെ കൊണ്ടാണ് ..
*********
എങ്ങിനെയൊക്കെയാണ് നമ്മൾ പുതിയ രോഗത്തിനോടും രോഗ ഹേതുവായ വൈറസ്സിനോടും പൊരുത്തുക ??
അത് പ്രതിരോധ വാക്‌സിൻ ചികിത്സാ മരുന്നുകൾ, ആരോഗ്യ ശീലങ്ങൾ, മറ്റു ഹെൽത്ത് കെയർ സാമഗ്രികൾ, എളുപ്പമുള്ള ഡയഗ്നോസിസ്, ചികിത്സാ പരിസ്ഥിതി എന്നിവയെല്ലാം ചേർന്നുള്ള ഹൈബ്രിഡ് മെക്കാനിക്ക്സ് ആയിരിക്കും ഇനിയങ്ങോട്ട് രോഗത്തിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ..
ഈ രീതികൾ എല്ലാം ചേരുമ്പോൾ രോഗത്തിന്റെ പകർച്ചാ പെരുപ്പം വളരെ വളരെ കുറയുകയും ഇടയ്ക്കൊക്കെ വളരെ കുറച്ച് മാത്രം ആളുകളിൽ വരുന്ന അസുഖമായി പരിമിതപ്പെടുകയും ചെയ്യും ..
അപ്പോൾ ചികിത്സ ചെയ്യാനുള്ള സ്റ്റേറ്റിന്റെ ഹെൽത്ത് കെയർ കപ്പാസിറ്റിയെ ബാധിക്കില്ല ജനങ്ങളുടെ ഭീതി കുറയും .
HIV വൈറസ് വന്നകാലത്ത് അത് രോഗിക്ക് സമ്മാനിച്ചിരുന്നത് സുനിശ്ചിത മരണമായിരുന്നു; സ്പർശം നോട്ടം എല്ലാമെല്ലാം നാം സംശയിച്ചു രോഗിയെ ഒറ്റപ്പെടുത്തി .. നമുക്കോ നമ്മുടെ ഹെൽത്ത് കെയർ മെഷിനറിക്കോ അന്ന് ആ രോഗത്തെക്കുറിച്ച് അത്രയൊന്നും അറിയില്ലായിരുന്നു ..
വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ല എങ്കിലും എയ്ഡ്‌സ് ഇന്ന് ഒരു ആളെകൊല്ലി രോഗമല്ല .. ആദ്യം കണ്ടുപിടിച്ചത് ജീവൻ രക്ഷാ മരുന്നുകളും മാർഗങ്ങളുമായിരുന്നു പിന്നീട് രോഗം പൂർണ്ണമായും സുഖപ്പെടാനുള്ള മരുന്നുകളിൽ എത്തി നിൽക്കുന്നു .. വാക്‌സിൻ കണ്ടുപിടിക്കാഞ്ഞിട്ട് കൂടി നമ്മൾ എയ്ഡ്സിനെ വളരെ അധികം ഭയപ്പെടാത്ത സ്ഥിതി വിശേഷമാണുള്ളത്
****
റോബിൻസൺ ക്രൂസോയുടെ കഥ വായിച്ചിട്ടില്ലേ ??
കപ്പൽഛേദത്തിൽ ഏകാന്ത ദ്വീപിൽ അകപ്പെട്ട ക്രൂസോ പക്ഷികളെ കെണിവച്ച് പിടിക്കാനും കൃഷിചെയ്യാനുമൊക്കെ പഠിച്ചെടുക്കാൻ ആഴ്‌ചകളും മാസങ്ങളുമെടുത്തു ..
അതുവരെ അദ്ദേഹം ജീവൻ നിലനിർത്തിയത് എങ്ങിനെയാണ് ??
തകർന്ന കപ്പലിൽ നിന്ന് അദ്ദേഹത്തോടൊപ്പം കരയിൽ അടിഞ്ഞ ധാന്യശേഖരവും ബിസ്കറ്റുകളും ചില ആയുധങ്ങളുമാണ് അയാളെ ആദ്യകാലങ്ങളിൽ ജീവിപ്പിച്ചത് ...
***
കൂട്ടരേ, നമുക്ക് ഇപ്പോൾ പരിശ്രമിക്കാനുള്ളത് കോവിഡ്-19 ന് എതിരെയുള്ള നല്ല ചികിത്സാ പ്രോട്ടോകോളുകളും മരുന്നുകളും വാക്സിനുകളും കണ്ടെത്തുന്ന വരെ ജീവൻ നിലനിറുത്താൻ ശ്രമിക്കുക എന്നതാണ് ..
റോബിൻസൺ ക്രൂസോവിന് ഭക്ഷണത്തിന്റെ കരുതൽ ശേഖരവും അവന്റെ സാമൂഹ്യ ജീവിതത്തിൽ അതേവരെ നേടിയെടുത്ത അറിവുകളും കരുത്തായതുപോലെ നമ്മളെ രക്ഷിക്കാൻ ശാസ്ത്രവും ഇതുവരെ നേടിയെടുത്ത ചികിത്സാ സൗകര്യങ്ങളുമുണ്ട് ..
നമ്മൾ മരണം വൈകിച്ചാൽ മാത്രം മതി ..
ഒന്ന് മനസ്സ് വച്ചാൽ കുറെ നാളെങ്കിലും രോഗം പകരാതെ നോക്കാം ..
ഏറ്റവും വൈകി രോഗമെത്തുന്നു എങ്കിൽ അത്ര നന്ന് എന്നു മനസ്സിൽ കരുതുക അതിനായി ശാസ്ത്രീയമായ ശ്രദ്ധ കൊടുക്കുക ..
വക്രീകരിച്ചിട്ടല്ലാതെയുള്ള ശാസ്ത്ര പാതകളിലേക്ക് തിരിഞ്ഞു നോക്കി നമ്മൾ പിന്നിട്ട നമ്മുടെ ചരിത്രം അഭിമാനത്തോടെ നോക്കി പഠിക്കണം, നമുക്കുള്ള ഉത്തരങ്ങൾ ആ ചരിത്ര പാഠങ്ങളിലുണ്ട്..
ശാസ്ത്ര ചരിത്രവും ശാസ്ത്രബോധവും ഇനി എന്നാണാവോ നമ്മുടെ പാഠ്യ പദ്ധതിയുടെ ഭാഗമാവുക ???
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook PostPosted on Mar 21, 2020
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ