ഏകാന്തത 'മിഖച്ച' ഒരിത് !
ലോകമെങ്ങും മനുഷ്യ ജീവിതം ചെറിയ ഇടങ്ങളിലേക്ക് ചുരുങ്ങുകയാണ് ...
ശാന്തവും ഭീതിതവുമായ പല പല സമ്മിശ്ര അനുഭവങ്ങൾ ...
അതേ സമയം രാജ്യ തലസ്ഥാനത്തു നിന്നും അനേകം മനുഷ്യർ തങ്ങളുടെ വിദൂര ഗ്രാമങ്ങളിലേക്ക് പൊരിവെയിലിൽ നടക്കുന്നു; എത്രപേർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്നറിയില്ല .. ..
ഡോക്ടർ ഷിംന ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി തുടങ്ങുന്നതിന് മുൻപ് രണ്ട് നാരക ശലഭങ്ങളുടെ ലാർവകളെ വളർത്തി തുടങ്ങിയിരുന്നു !
അവ പ്യൂപ്പയിലെ തപസ് കഴിഞ്ഞു പറന്നുപോകുമ്പോഴേക്കും പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് നാട് ശാന്തമായിട്ടുണ്ടാവും എന്ന് പ്രതീക്ഷയോടെ എഴുതിയിരുന്നത് നടപ്പിലാവുന്ന ലക്ഷണം കാണുന്നില്ല ..
കുഞ്ഞ് പോലും അടുത്തില്ലാത്ത ഭ്രമാത്മക ദിവസങ്ങളിൽ അവയ്ക്ക് ദിനം ദിനം തളിരിലകൾ പൊട്ടിച്ചു കൊടുക്കാൻ പോലും കഴിയുന്നുണ്ടോ ആവോ ??
സംസാരിക്കുമ്പോഴാല്ലാം നാട്ടിലെ പൊതുവിവരങ്ങൾ ആകുലതയോടെ അന്വേഷിക്കുന്ന തിടുക്കത്തിൽ ശലഭ പുഴുക്കളുടെ കാര്യം ചോദിക്കാൻ വിട്ടുപോകുന്നു ...
ചങ്ങാതി ശ്രീജിത് നാളെമുതൽ അബുദാബിയിലെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ലേബർക്യാമ്പുകളിൽ കോവിഡ് 19 സ്ക്രീനിങ്ങിന് സഹകരിക്കാൻ ഒരുങ്ങുകയാണ് ...
റെജിസ്റ്റർ വിവാഹം ചെയ്തിട്ടും വീട്ടുകാർ അംഗീകരിക്കാത്തതിന്റെ ആശങ്കകളിൽ കഴിയുമ്പോഴും കൂട്ടുകാരി അനു പറഞ്ഞത് ഇത് മനുഷ്യ സേവനത്തിനുള്ള ഒരു അവസരമാണ് എന്നാണ് ..
ശ്രീജിത്തും അങ്ങിനെ തന്നെ കാണുന്നു ..
മനുഷ്യരെ മനസ്സിലാക്കുന്നവർക്കെ സ്നേഹത്തിന്റെ മൂല്യമറിയൂ ..
ലോകം മുഴുവനും അങ്ങിനെയാണ് ..
കുട്ടികളും മുതിർന്നവരുമെല്ലാം തങ്ങൾക്കാവുന്ന വിധം പുതിയ വൈറസിനെ പ്രതിരോധിക്കാനോ വീടകങ്ങളിലെ ചെറിയ സ്‌പെയ്‌സ് നല്കുന്ന വിരസതകളെ വിജയിക്കാനോ ശ്രമിക്കുന്ന കാഴ്ച .. !
വിഭവങ്ങളുടെ മിതത്വം പാലിച്ചുള്ള റെസിപ്പികൾ, ചിത്ര രചന, പാട്ട്, ഓഡിയോ ബുക്ക്‌സ്, കൗൺസിലിങ്ങ്, ഇന്ഫോഗ്രാഫിക്‌സ്, ലോജിസ്റ്റിക്‌സ്, ഡിസ്റ്റന്റ് ലേണിങ്ങ് , കമ്യൂണിറ്റി കിച്ചൺ, ടെറാറിയം, ട്രോളുകൾ, പാലിയേറ്റീവ് കെയർ എന്നിങ്ങനെ സകലമാന സാധ്യതകളും തിരയുകയാണ് ലോകം ..
കഴിഞ്ഞ ഓഗസ്റ്റ് മാസം 10 ന് ഭദ്രമായി അടച്ചു വച്ച ടെറാറിയം എടുത്ത് മേശമേൽ വച്ചു ! ഈ ലോകത്ത് സംഭവിക്കുന്ന ഒന്നുമേ ബാധിക്കാതെ കുപ്പിയുടെ ഉള്ളിൽ ഒരു കാട് ഇന്നും സുഗമമായി വളരുന്നു !
എത്ര നേരം വേണമെങ്കിലും കുട്ടികൾക്ക് അതിനുള്ളിലെ സൂഷ്മ ജീവിതം കാണാം ..
ഇതിനുമുൻപ് ഭൗമേതര ജീവിതങ്ങൾക്ക് വേണ്ടിയാണ് മനുഷ്യൻ ബയോസ്ഫിയർ പരീക്ഷണങ്ങൾ ചെയ്തു വന്നത്, ഇനി മുതൽ ഭൂമിയിലും പ്ലാൻ X ബയോസ്ഫിയറുകൾ നിർമ്മിക്കുന്ന കാര്യം ഗൗരവകരമായി പരിഗണിക്കാൻ ഇടയുണ്ട് എന്നു തോന്നുന്നു ..
ഇന്ന് ഇളയോടും സിഡിനോടും ആൻഫ്രാങ്കിന്റെ കഥ പറഞ്ഞു കൊടുത്തു ...
സിഡിനെയും ഇളയെയും കൊണ്ട് ഡയറി എഴുതാൻ പ്രേരിപ്പിച്ച് നോക്കണം .. ഓരോ ദിവസവും 5 വരി മതിയാകും...
എത്ര ലളിതമെങ്കിലും ടൈം ക്യാപ്സൂളുകൾ പോലെയാണ് ഡയറികൾ ..
കാപട്യമില്ലാത്ത ഓർമ്മകളിലൂടെ ചരിത്രം നമുക്ക് മുന്നിൽ തെളിഞ്ഞു വരും ..
14 വയസ്സുമുതൽ 22 വയസ്സുവരെ ഞാൻ ഡയറി എഴുതിയിട്ടുണ്ട് .. ഒരൊറ്റ ദിവസവും മുടങ്ങാതെ ..
കൗമാരത്തിൽ മനസ്സ് ആകെ ചഞ്ചലമായിരിക്കുമല്ലോ .. രക്തം കൊണ്ട് എഴുതിയ പേജുകൾ പോലും അവയിലുണ്ട് ... പഴയ കാലത്തിൽ എന്നോ അവസാനമായി വായിച്ചതിന് ശേഷം പൊതിഞ്ഞു കെട്ടി ഭദ്രമായി നാട്ടിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട് ആ മനസ്സെഴുത്ത് പുസ്തകകങ്ങൾ ..
വീണ്ടും ഡയറി എഴുതി തുടങ്ങിയാലോ ?
ആരെല്ലാം കൂടുന്നു ??
Break The Chain
Make The World
തോറ്റു എന്നു ചിന്തിച്ചാൽ നമ്മള് ചുമ്മാ തോറ്റുപോകും ..
Posted on Mar 27, 2020


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ