കൊറോണാ കാലത്തെ . .

 കൊറോണാ കാലത്തെ . .

ഒന്നര ദശാബ്ദം കഴിയുന്ന പ്രവാസം പഠിപ്പിച്ച ചില നേർക്കാഴ്‌ചകളും അനുഭവങ്ങളും തിരിച്ചറിവുകളുമുണ്ട് ..
ലോകം കടന്നുപോയ പല പല പ്രതിസന്ധികളും നമ്മുടേതെന്നമട്ടിൽ മനസ്സിലാക്കിയെടുക്കാൻ ഈ കാലം സഹായിച്ചു..
അവിശ്വസനീയം എന്നു തോന്നുന്ന സാമൂഹ്യ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ചുറ്റിലും കാണാറുണ്ട് ..
വ്യക്തിപരമായ പ്രതിസന്ധികളെക്കുറിച്ചല്ല ഞാനിവിടെ പറയുന്നത്, ഒരു സമൂഹം / അല്ലെങ്കിൽ ഒരു രാഷ്ട്രമോ പ്രവശ്യയോ നേരിടുന്ന സാധ്യതകളും പ്രശ്നങ്ങളും മനുഷ്യ ജീവിതങ്ങളെ എങ്ങിനെയൊക്കെ നാടകീയമായി മാറ്റിമറിക്കുന്നു എന്നചിന്ത ..
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരോട് അവരുടെ നാടിനെ കുറിച്ചും നാട്ടിലെ ജീവിതത്തെക്കുറിച്ചുമെല്ലാം ദീർഘ സംഭാഷണങ്ങളിൽ ഏർപ്പെടാറുണ്ട് ..
ഖാനയിൽ നിന്നും ആഫ്രിക്കയിലെ ഇതര രാജ്യങ്ങളിൽ നിന്നുമല്ലാമുള്ള ടാക്സി ഡ്രൈവർമാർ സരസമായി അവരുടെ കഥകൾ പറയും ..
വീടും തൊടിയും പമ്പരം കൊത്തും ഉത്സവവും ചൂണ്ടയിടലും പെരുന്നാൾ വെടിക്കെട്ടുമെല്ലാം പോലെ എല്ലാ മനുഷ്യർക്കും സ്നിഗ്ദമായ ഓർമ്മകളുണ്ട് .. !
നമ്മളെക്കാൾ റോ ആയ ഏറ്റവും ഉൾ നാടുകളിൽ നിന്ന് വന്ന മനുഷ്യർ ..
വെട്ടുകിളികൾ കൃഷി നശിപ്പികാതിരിക്കാൻ പാട്ട കൊട്ടുന്നത് ..
അഗ്നിപർവത സ്ഫോടനത്തിൽ നെടുങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയോടിയത് ..
കാലികളെ കഴുതപ്പുലികൂട്ടം ആക്രമിക്കാതിരിക്കാൻ രാത്രി കാവലിരിക്കുന്നത് ..
പിറന്നാൾ ദിനത്തിൽ അച്ഛന്റെ കൈപിടിച്ച് ചാലഞ്ചർ ലോഞ്ച് കാണാൻ പോയപ്പോൾ ആ സ്‌പേസ് ഷട്ടിൽ കുറച്ചു മനുഷ്യരോടൊപ്പം തകർന്നു വീണത് കാണേണ്ടി വന്നത് .
നിറം പിടിപ്പിച്ച് ഒളിച്ചുവച്ചിരിക്കുന്ന ഈസ്റ്റർ ഈസ്റ്റർ മുട്ടകൾ ശേഖരിക്കാൻ തെരുവോരത്തെ ചെടികൾക്കുള്ളിൽ കൂട്ടുകാരോടൊപ്പം അലയുന്നത് ..
കുറച്ച് വർഷങ്ങൾക്ക് മുൻപ് പത്തുമിനിറ്റ് കൊടും കാറ്റിൽ എന്റെ ഓഫീസിന്റെ ചില്ലുജാലകങ്ങളെല്ലാം പൊട്ടിത്തകർന്ന് പോയത് ...
സുനാമി, കൊടുങ്കാറ്റ്, പേമാരി, ഭൂകമ്പം, സാമ്പത്തികമാന്ദ്യം ...
നമ്മുടെയൊക്കെ ജീവിതങ്ങൾ ഓർമ്മകളുടെ വഴിയടയാളങ്ങളിലൂടെയാണ് പുരോഗമിക്കുന്നത് ..
ഓരോ ദുരന്തവും ഓരോരോ അനുഭവങ്ങളും ചേർത്ത് പറയേണ്ടുന്ന കഥയാണ് ജീവിതം ..
ആ കഥ പക്ഷെ നമ്മുടേത് മാത്രമായിരിക്കില്ല നമ്മൾ നമ്മളുടേതെന്നപോലെ താദാത്മ്യത്തോടെ അനുഭവിച്ച അപര ജീവിതങ്ങളുടേതും കൂടിയാണത് ..
കൊറോണയെയും അങ്ങിനെ കാണാനാണ് ഇഷ്ടം ..
മൂന്നിലൊന്നിനെ കൊല്ലുന്ന മഹാമാരികളിലൂടെയും ഒരു പ്രദേശത്തെ മുഴുവനും കൊന്നൊടുക്കിയ ഫാമിനുകളിലൂടെയും ചോരമണമുള്ള വർഗീയ ലഹളകളിലൂടെയും യുദ്ധങ്ങിലൂടെയുമെല്ലാം മാനവികത കടന്നുപോയിട്ടുണ്ട് ..
മനസിലാക്കേണ്ടത് ഇത്രമാത്രം ; പാഠങ്ങളിൽ നിന്ന് പഠിക്കുക ..
വ്യക്തികളെ തൊലിനിറമോ എത്തിനിക്ക് വൈവിധ്യങ്ങളോ വച്ച് ജഡ്ജ് ചെയ്യാതിരിക്കുക ..
എന്റെ ഭക്ഷണം അവരുടെ ഭക്ഷണത്തെക്കാൾ കേമമാണ് എന്നു വിശ്വസിക്കാതിരിക്കുക ..
ശ്രദ്ധാലുവായിരിക്കുക എന്നതിനർത്ഥം ചുറ്റിലും അപരിചിതനെ സൃഷ്ടിക്കുക എന്നതല്ല ..
വഴിയിൽ ഒരു ചൈനീസ് വംശജനെ കാണുന്നു എങ്കിൽ ഹൃദ്യമായി പുഞ്ചിരിക്കാൻ മറക്കരുത് ..
ബി ബി സി ഇന്ത്യയുടെ പാനൽ ഡിസ്കഷനിൽ കേരളത്തിലെ ഹെൽത്ത് കെയർ മേന്മ്മയെ കുറിച്ചു പറയുന്ന ഏതാനും സെക്കന്റുകൾ മാത്രമുള്ള ഒരു ക്ലിപ്പ് രാവിലെ മുഴുവൻ ഓടി നടക്കുന്നുണ്ട് ..
നമ്മളിൽ ചിലർക്കെങ്കിലും മതാത്മകമായ ഫാൻ ക്ലബ്ബ് രാഷ്ട്രീയമാനുള്ളത്.
നമുക്ക് ആവശ്യാനുസരണം മുറിച്ചെടുത്ത ക്ലിപ്പുകൾ മാത്രം മതി ..
അതേ ഇന്റർവ്യൂവിൽ തന്നെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ഉണ്ടായിട്ടും കേരളത്തിലെ ഹോട്ടലുകളിൽ നിന്നെല്ലാം ഇറക്കിവിട്ട ചൈനീസ് വിനോദ സഞ്ചാരിയെ കുറിച്ചും പറയുന്നുണ്ട്, ആഭാഗം ഒരു പക്ഷെ പ്രതിപക്ഷ കക്ഷികൾ മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുണ്ടാവാം ..
മതാത്മകമായ കക്ഷിരാഷ്‌ട്രീയത്തിനു പുറത്ത് കാര്യങ്ങളെ സമഗ്രമായി കാണാനുള്ള ശേഷി നമ്മൾ സ്വന്തമാക്കേണ്ടതുണ്ട് ..
നമ്മുടെ ആരോഗ്യമന്ത്രി എത്ര യുക്തിസഹമായാണ് പ്രശ്നങ്ങളിൽ ഇടപെടുന്നത് .. !
മുഖപുസ്തകത്തിൽ എനിക്ക് ഇരുപതിൽ കുറയാതെയുള്ള പ്രമുഖ മാധ്യമ സുഹൃത്തുക്കളുണ്ട് ..
കലഹപ്രിയരാവാതെ വാർത്താപരിപാടിൾക്ക് സമാധാനകരമായ ഒരു വിവേകത്തിന്റെ സ്വഭാവം കൊണ്ടുവരാൻ നിങ്ങളിൽ ചിലർക്കെങ്കിലും കഴിയുമോ ??
ഇടക്ക് ബിബിസിയും സിഎൻഎന്നും പോലെയുള്ള വാർത്താ ചാനലുകൾ കാണുന്നത് നന്നായിരിക്കും ..
സമൂഹം നിങ്ങൾക്കൊപ്പം മാറും ...
*** *** ***
ലോകമെമ്പാടുമുള്ള ഹോസ്പിറ്റൽ കൺസ്യൂമബിൾസിൽ ഏറെയും ഉത്പാദിപ്പിച്ചിരുന്നത് ചൈനയാണ് ..
ഉടനെ ആ മേഖലയിൽ അതിയായ ക്ഷാമം സൃഷ്ടിക്കപ്പെടാം...
ഇലട്രോണിക്ക് വസ്തുക്കളുടെ വില കൂടും, ട്രാവൽ & ടൂറിസം സ്റ്റാഗ്നന്റ് ആണ്.
ഇന്ത്യയിൽ മരുന്നുകളുടെ ഉത്പാദനത്തിനുള്ള പല രാസവസ്തുക്കളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് ..
ഇതിന് ഉടനെ ക്ഷാമം നേരിടും ..
ഇന്ത്യ ചിലയിനം ജനറിക്ക് മരുന്നുകളുടെ കയറ്റുമതി കരുതൽ എന്ന നിലയിൽ താൽകാലികമായ മരവിപ്പിച്ചിരിക്കുന്നു ..!
ഇത് യൂറോപ്പിലും മറ്റും മരുന്നു ക്ഷാമത്തിനും വിലവർധനവിനും കാരണമായേക്കും ..
ഇന്നലെ ഇവിടുത്തെ ടെലകോം ഓഫീസിൽ പോയിരുന്നു, പോസ്റ്റ് പെയ്ഡ് ഡിവൈസ് പ്ലാനിൽ കൊടുക്കാനുള്ള ആപ്പിൾ / സാംസങ്ങ് ഡിവൈസുകൾ എല്ലാം അനിശ്ചിതമായി ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.
ട്രാവൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, മുഴുവൻ സമയ ജോലിയും ട്രിപ്പ് കാൻസലേഷനുകൾ മാത്രമായി മാറി എന്നാണ് ..
തൊട്ടടുത്ത കോർട്ടറിൽ ഈ കമ്പനികളൊക്കെ വലിയ നഷ്ടം കാണിക്കും ..
ഇൻഷൂറൻസ് മേഖലയിൽ ഹോട്ടൽ കൊറന്റൈൻ ബിസിനസ്സ് ഇന്ററപ്‌ഷൻ ക്ലെയിമുകൾ വന്നു തുടങ്ങി ..
ഞായറാഴ്ച്ചമുതൽ ഒരുമാസത്തേക്ക് സ്കൂളുകളെല്ലാം ഇവിടെ അവധിയാണ്. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ മടിക്കുന്നു, സൂപ്പർ മാർകറ്റുകളും മാളുകളും കാലിയാവുന്നു ..
ഹെൽത്ത് അതോറിറ്റി അവരുടെ ഓഫീസ് അഡ്മിൻ ജോലികളെല്ലാം "വർക്ക് ഫ്രം ഹോം" ആക്കി മാറ്റി! ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അവർക്ക് വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യേണ്ടത് ..
ആളുകൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി തുടങ്ങി ..
ഇതല്ലാം ചേർന്ന് പ്രശ്നങ്ങൾ കൂടുതൽ സൻകീർണ്ണമാകും ...
ചെയിൻ റിയാക്ഷനാണ് ..
മനുഷ്യരും രാജ്യങ്ങളും പരസ്പരം മനസ്സിലാക്കി ഒന്നു ചേർന്ന് നിന്നാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ ..
And we will ..
സ്നേഹപൂർവം : കിരൺ കണ്ണൻ
" The only regret I will have in dying is if it is not for love. "
Gabriel García Márquez,
Love in the Time of Cholera
Link to Facebook Post
Posted on Mar 4, 2020


അഭിപ്രായങ്ങള്‍