യാത്രകളിൽ നമ്മൾ ദേശങ്ങളിലൂടെ മാത്രമല്ല മനുഷ്യ മനസ്സുകളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും സഞ്ചരിക്കണം ...
മേഘാലയയിൽ എനിക്ക് ടാക്സി ഓടിച്ചിരുന്ന ഹെപ്‌സ് ബാഖ്പർ, കാഠ്മണ്ഡുവിലെ തമലിൽ കഫേ നടത്തുന്ന സുവാസ് മഹാരാജ്, ഐറിഷ് ഗൈഡ് വാൾട്ടർ റയാൻ, ടിബ്‌ലിസിയിലെ ജോർജിഎന്നുവിളിപ്പേരുള്ള ജോർജ് ..
യാത്രകൾ തീർന്നപ്പോഴും ചങ്ങാത്തവുമായി കൂടെച്ചേർന്നവർ ഒരുപാടുണ്ട് !
ഓരോ നാട്ടിലെയും പ്രകൃതിഭംഗികൾക്കും ചരിത്രനിർമ്മിതികൾക്കും സെൽഫി സ്പോട്ടുകൾക്കും അപ്പുറത്ത് ഒരു നാടിനെ, അതിന്റെ സംസ്കൃതിയുടെ നിഗൂഢമായ ഉൾവഴികളെയല്ലാം നമുക്ക് പരിചയപ്പെടുത്തുന്നത് പാതയിൽ പരിചയപ്പെട്ട ചങ്ങാതിമാരായിരിക്കും ...
ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കിർഗിസ്ഥാനിൽ ഞങ്ങളുടെ ഗൈഡായി കൂട്ടിയത് അഡിലെറ്റ് ( Adilet ) എന്ന് പേരുള്ള ഒരു ചങ്ങാതിയായിരുന്നു ..
തലസ്ഥാനമായ ബിഷ്കെയ്ക്കിൽ നിന്ന് തെക്കു കിഴക്കുള്ള 'ഇസികുൾ' തടാകത്തെ ചുറ്റിയുള്ള രണ്ടുദിവസത്തെ യാത്രയിലാണ് അഡിലറ്റ് തന്റെ നാടിനെ കുറിച്ച് ഏറ്റവുമധികം സംസാരിച്ചത് ...
ഔപചാരികമായ സ്ഥലവിവരണങ്ങളിൽ നിന്ന് സൗഹാർദത്തിന്റെ സാംസ്കാരിക ചർച്ചകളിലേക്ക് മനുഷ്യനെ ക്ഷണിച്ചടുപ്പിക്കണമെങ്കിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് വേണ്ടത്; ഒന്ന് നാം ഒരു നല്ല കേൾവിക്കാരനാണ് എന്ന് പറയുന്ന ആളിന് ബോധ്യപ്പെടണം, രണ്ട് ഒരുപാട് നല്ല ചോദ്യങ്ങൾ ചോദിക്കണം .. കഥകളുടെ കെട്ടഴിച്ച് വിടാൻ പാകത്തിന്..
ഒരു നാട്ടിലെ സംസ്കാരത്തിന്റെ ഗതിവിഗതികളെ കുറിച്ചറിയാൻ അവരുടെ ബാല്യം മുതലുള്ള ജീവിതത്തെ കുറിച്ച് ചിലതൊക്കെ ചോദിച്ചാൽ മതിയാകും ..
ആ കഥകളിൽ ഒരു മനുഷ്യന്റെ ജീവിതത്തിനോടൊപ്പം നാടിന്റെ ചരിത്രവും ഇഴചേർന്നിട്ടുണ്ടായിരിക്കും ..
- ഏതോ പഴയൊരു കലണ്ടർ ചിത്രം പോലെ മഞ്ഞ് മൂടിയ ശുഭ്രതാഴ്‌വാരങ്ങളിലൂടെ പായുന്ന ഒരുകൂട്ടം കറുത്ത കുതിരകൾ !
- രണ്ട് കുട്ടികളെയിരുത്തി വളഞ്ഞ മരകമ്പുകൾ കെട്ടിയുണ്ടാക്കിയ സ്ലെഡ്ജ് പോലൊരു തെന്നുവണ്ടി ഒരാൾ കുതിരയോടിച്ച് വലിച്ചുകൊണ്ടുപോകുന്നു ..
തീർത്തും മായികമായ ദൃശ്യങ്ങൾ !
അഡിലെറ്റ് നിങ്ങൾ ഭാഗ്യവാനാണ് ! എന്തുമനോഹരമാണ് ഈ പ്രകൃതി ..
കിരൺ ; it's not the way you think ..
സവിശേഷമായ റഷ്യൻ ആക്സന്റിൽ അദ്ദേഹം പറഞ്ഞു തുടങ്ങി, ഞാനടക്കം ഇവിടെ കിർഗിസ്ഥാനിലെ ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് എന്തായിരിക്കുമെന്നോ ..
വലിയ തിരമാലകളുള്ള ഒരു കടൽ കാണണം !!
കിർഗിസ്ഥാൻ കരയാൽ ചുറ്റപ്പെട്ട നാടാണ്, അവർക്ക് സമുദ്രങ്ങളില്ല ഭൂരിപക്ഷം പേരും സിനിമകളിലല്ലാതെ ഒരൊറ്റ സമുദ്രവും കണ്ടിട്ടുമില്ല ..
ശരിയാണ്, നിത്യേനെ കടലുകാണുന്ന നമ്മള് പോലും കടല് കണ്ട് മടുക്കുമോ ??
ലോകത്തിന്റെ ഏത് കോണിലും ജീവിക്കുന്നവർ വിദൂരസ്വപ്നസ്ഥലികളുടെ കൊതിപിടിപ്പിക്കുന്ന സ്വപ്നങ്ങൾ മനസ്സിൽ പേറുന്നവരായിരിക്കും..
കണ്ടതിനെക്കാളേറെ കാണാതെ തീരും ...
ഞാനടക്കം എല്ലാരും ....
പക്ഷെ ഇതിനിടയിലും ചില ജീവിതങ്ങളുണ്ട് - സ്വന്തം ജീവിതം അപരിചിതരായ ആരൊക്കെയോ വിരിച്ച പാതകളിലൂടെ നടന്നു തീർക്കേണ്ടിവരുന്നവർ .. ..
അഡിലെറ്റ് സംസാരത്തിനിടയ്ക്ക് തന്റെ ഭാര്യയെ കുറിച്ചു പറഞ്ഞു ..
സ്നേഹാർദ്രമായാണ് സംസാരിക്കുന്നത് ..
പ്രണയത്തെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് പിൻ പറ്റിയാണ് അവൻ അവന്റെ 'വിവാഹത്തെ' കുറിച്ചു സമസാരിച്ചത് ..
അവൻ അവളെ തട്ടിക്കൊണ്ടു പോന്നതാണ് !
തട്ടികൊണ്ടുപോകലെന്നാൽ കമിതാക്കളുടെ ഒളിച്ചോട്ടമാണ് എന്ന് തെറ്റിദ്ധരിച്ചു പോകരുത് ..
കിർഗിസ്ഥാനിൽ തട്ടിക്കൊണ്ടുപോവുക എന്നതിന് അതിന്റെ വ്യാച്യാർത്ഥം തന്നെയാണുള്ളത് ..
കിർഗിസ്ഥാൻ ജനതയിൽ ഇന്നും വ്യാപകമായി തന്നെ നിലനിൽക്കുന്ന മാരേജ് റിച്ചലാണത് ...
വിവാഹപ്രായമെത്തിയിട്ടും പെണ്ണൊന്നും കിട്ടാത്ത ചെറുക്കന്മാർ തങ്ങളുടെ കൂട്ടുകാരോട് സങ്കടം പറയും ..
നല്ല ജോലിയില്ല ; വിവാഹത്തിന് പെണ്ണിന്റെ വീട്ടിൽ കൊടുക്കാൻ പണമില്ല ..
തന്നെ കാണാൻ ഭാഗിയില്ല എന്നൊക്കെ ..
കൂട്ടുകാർ കട്ടക്ക് കൂടെ നിൽക്കും ..
നാട്ടിൽ ആയിടെ വഴിയിലെങ്ങാനും കണ്ട് ഇഷ്ടം തോന്നിയ ഒരു പാവം പെൺ കിടാവിനെ അവൻ സൂത്രത്തിൽ കൂട്ടുകാർക്ക് കാണിച്ചു കൊടുക്കും ..
പിന്നെയെല്ലാം പഴയ ഹിന്ദി സിനിമകളിലേത് പോലെയുള്ള സീൻ ആണ് ..
പഠിക്കാനോ , കാലിമെയ്ക്കാനോ ആപ്പിൾ പറിയ്ക്കാനോ പോകുന്ന പാവം കുട്ടിയെ ഏതെങ്കിലും ഒഴിഞ്ഞ ഇടത്തിൽ വച്ച് പയ്യനുംകൂട്ടുകാരും ചേർന്ന് ബലമായി തട്ടിക്കൊണ്ടു പോകും .. അത് കാറിലോ കുതിരപ്പുറത്തോ ആകാം..
പെൺകുട്ടി ചീറി കരയും .. നാട്ടുവഴികളിലൂടെ അവളുടെ കരച്ചിൽ അങ്ങു ദൂരേക്ക് അലിഞ്ഞില്ലാതാകും..
പയ്യന്റെ വീട്ടിൽ തട്ടിക്കൊണ്ടുപോകൽ സംഘം പെൺ കുട്ടിയെയും കൊണ്ടേത്തുമ്പോഴേക്കും വിവാഹസമമായ സന്നാഹങ്ങളെല്ലാം അവിടെ ഒരുങ്ങിയിട്ടുണ്ടാകും. (ചെറുക്കന്റെ വീട്ടുകാർ അറിഞ്ഞിട്ടു തന്നെയാണ് ഈ തട്ടിക്കൊണ്ടുപോകൽ).
ചെറുക്കന്റെ അമ്മയും സഹോദരിമാരും ചേർന്ന് കാറിക്കരഞ്ഞ് കുടഞ്ഞോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉപദേശിച്ചും താക്കീത് ചെയ്തും സമാശ്വസിപ്പിക്കാനും ശാന്തയാക്കാനും ശ്രമിക്കും .. കൂട്ടത്തിൽ അയൽ വീടുകളിലെ മുതിർന്ന പെണ്ണുങ്ങളും കൂടും ..
ഇനിയങ്ങോട്ട് ചെറുക്കന്റെ വീട്ടിൽ ഒന്നുരണ്ട് ദിവസം പാട്ടും സദ്യയും ബഹളവുമൊക്കെയാണ് ..
ഇതിനകം പെൺ വീട്ടുകാർ ചെറുക്കന്റെ വീട് കണ്ടെത്തതി മകളുടെ കല്യാണത്തിന് കൂടാൻ വരും ...
സ്വപ്നങ്ങൾ പാതിയിലുപേക്ഷിച്ച് വല്ലാത്തൊരു ഷോക്കോട് കൂടിയാണ് ഇന്നും കിർഗിസ്ഥാൻ ഗ്രാമങ്ങളിലെ ഒരുപാട് പെൺകുട്ടികളുടെ വിവാഹ ജീവിതം തുടങ്ങുന്നത് ..
പൊലീസോ മറ്റൊരു സന്നാഹങ്ങളോ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലിനെ എതിർക്കില്ലത്രേ ..
പെൺകുട്ടിയുടെ വീട്ടുകാർ ധനികരോ കൈകബലമുള്ളവരോ ആണെന്നും
തട്ടിക്കൊണ്ടു പൊക്കുകാരൻ താന്തോന്നിയും ജോലിചെയ്യാത്തവനും ആണെന്നുമിരിക്കട്ടെ ..
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പയ്യൻ വീടെതും മുൻപ് പെൺവീട്ടുകാർ ചെക്കനെ പിടികൂടി പെൺകുട്ടിയെ തിരിച്ചു തട്ടിക്കൊണ്ടു വരും ..
ചിലപ്പോലെല്ലാം ആൺ വീട്ടിൽ എത്തിയതിന് ശേഷമായിരിക്കും തിരിച്ചുള്ള തട്ടിക്കൊണ്ടു പോകൽ !
അത് ചെറിയ യുദ്ധസമാനതയുള്ള സംഘട്ടനങ്ങളിലേക്കൊക്കെ എത്തും ..
ഈയിടെയായി ധനസ്ഥിതി കുറവുള്ള പെൺകുട്ടികളുടെയും ആൺ കുട്ടികളുടെയും വീട്ടുകാർ പരസ്പരം രരസ്യമായി അറിഞ്ഞ് മനസ്സിലാക്കി കൊണ്ടുള്ള അറേഞ്ച്ഡ് 'തട്ടികൊണ്ട്' പോകലും കാര്യമായി നടക്കുന്നുണ്ടത്രേ . !
എന്നെ കേട്ടോണ്ട് പോകാൻ ആരോ വരും എന്ന് പ്രതീക്ഷിച്ച് സുന്ദരിയായി നടക്കുന്ന പെൺകുട്ടികളും കിർഗിസ്ഥാനിൽ ഉണ്ട് എന്ന് അഡിലെറ്റ് പറഞ്ഞത് എനിക്ക് പൂർണ്ണമായി വിശ്വാസമായിട്ടില്ല ..
സ്വന്തം പങ്കാളിയെ പരസ്പരം മനസ്സിലാക്കി തിരഞ്ഞെടുക്കാനല്ലാതെ താനറിയാതെ ഒരാൾ വഴിയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുന്നത് ഏതു പെൺകുട്ടിക്കാണ് ആഗ്രഹിക്കാൻ കഴിയുക ??
അഡിലെറ്റ് അവന്റെ ചങ്ങാതി ഭാര്യയാക്കാൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന കഥ പറഞ്ഞു ..
സുന്ദരിയായ ഒരു കുഞ്ഞു പെണ്ണ് ..
പ്രായമായ അച്ഛനും അമ്മയും മാത്രമേ അവൾക്കുള്ളൂ ..
തൊഴിലും കൂലിയും ഒന്നുമില്ലാതെ ചുമ്മാ സമയം കൊല്ലുന്ന അഡിലെറ്റിന്റെ കൂട്ടുകാരന് പെൺ പണം കൊടുക്കാൻ കാശില്ല ഒറ്റ പെൺ കുട്ടികൾക്കും അവനെ ഇഷ്ടമാകുന്നുമില്ല ..
കൂട്ടുകാരോട് സെന്റിമേളം ..
ചങ്ങാതിമാരൊക്കെ കൂടി പെണ്ണിനെ കക്കാൻ വരുന്നു എന്ന് വീട്ടുകാർ എങ്ങിനെയോ അറിഞ്ഞു ..
മുറ്റത്ത് ഒരൽപ്പം സംഘട്ടണത്തിനൊടുവിൽ അച്ഛനും അമ്മയും കീഴ്പെട്ടു ..
വീടിനുള്ളിൽ പരതിയപ്പോൾ കുട്ടികയെ കാണുന്നില്ല ..
നിരാശരായി തിരിച്ചു പോരാൻ നേരം മൂലയിൽ കൂട്ടിയിട്ട തണുപ്പ് കുപ്പായങ്ങൾക്ക് ചെറിയ അനക്കം പോലെ അതിനടിയിൽ പേടിച്ച് വിറച്ച് സുന്ദരിയായ ആ കുഞ്ഞു പെണ്ണ് ...
ഇസീകുൾ തടാകത്തിനരികിലെ കല്ലുകളിൽ ഇരുന്നാണ് അഡിലെറ്റ് ആ കഥ പറഞ്ഞത് ...
ഒരിട നിശബ്ദതയ്ക്കപ്പുറം ബാഷ്പ്പനിശ്വാസത്തിന്റെ വെളുത്ത പുക ..
കിരൺ, അന്ന് ഞാൻ മനസിലുറപ്പിച്ചു ഇനിയൊരിക്കലും ഈ പണിക്ക് കൂടെ ചേരില്ല എന്ന് ..
നമുക്കറിയാതെ ജീവിതങ്ങൾ കെട്ടുകഥകൾ പോലെയാണ് ...
Posted on Apr 18, 2020









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ