സിഡും ഇളയും ആദ്യമായി ലൈവ് കാണുന്ന സ്‌പേസ് മിഷനാണ് SpaceXന്റെ Crew Dragon Demo-2 ലോഞ്ച് !
കഴിഞ്ഞ രണ്ടുമണിക്കൂറോളമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ ഡോക്കിങ്ങ് പൂർത്തിയാക്കിയ ക്രൂ മോഡ്യൂളിൽ നിന്ന് ബഹിരാകാശ സഞ്ചാരികളായ Mr.Bob Behnken നേയും Mr.Doug Hurley യും സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ കമാന്റർ Mr.Chris Cassidy വളരെ തിരക്കിലാണ് ...
ഇടയ്ക്ക് മോഡ്യൂളിനുള്ളിൽ രണ്ടുപേരെയും കാണിക്കുന്നുണ്ട് കൂട്ടത്തിൽ ഒഴുകി നടക്കുന്ന തിളങ്ങുന്ന ഡ്രാഗൺ ഡോൾ .. !
"ആ പാവയെ നോക്കൂ സിഡ്, ലോഞ്ച് കഴിഞ്ഞ് Zero G ആയപ്പോൾ മുതൽ അത് അവരെ തഴുകി പറന്നു നടക്കുകയാണ് '
സിഡിന്റെ കണ്ണുകൾ കൗതുകത്താൽ വിടർന്നു ! ഇനിയാ കുഞ്ഞു പാവയുടെ എത്രയെത്ര കോപ്പികളാണ് ലോകം മുഴുവനും വിറ്റ്പോവുക !!
ഞങ്ങൾക്ക് വലിയ ആകാംക്ഷയും അക്ഷമയുമൊക്കെ ഉണ്ടെങ്കിലും ക്യാമറകൾ ഒരുക്കിവയ്ക്കാനും രണ്ടു മോഡ്യൂളുകളിലെയും പ്രഷർ ഈക്വലൈസേഷനുമല്ലാമുള്ള പ്രവർത്തനങ്ങളുമൊക്കെയായി വളരെ ക്ഷമാപൂർവം, കരുതലോടെയാണ് മിഷൻ കമാണ്ടർ ക്രിസ്, സ്‌പേസ് സ്റ്റേഷനുള്ളിൽ കാര്യങ്ങൾ ഒരുക്കുന്നത് ..
ആദ്യമായി സ്വകാര്യ കമ്പനിയുടെ റീയൂസബിൾ റോക്കറ്റിൽ മനുഷ്യനെ സ്‌പേസ് സ്റ്റേഷനിൽ എത്തിച്ച ചരിത്ര നിമിഷം ഒപ്പിയെടുക്കാൻ കുറെ ഏറെ ക്യാമറകൾ ISS നുള്ളിൽ പല കോണുകളിൽ ആയി ഒരുക്കി വയ്ക്കുന്നു .. !
ക്യാമറകളുടെ ബാറ്ററി സേവ് ചെയ്യാൻ ഡയറക്റ്റ് പവർ കൊടുക്കുന്നതാണ് നല്ലത്, വേണമെങ്കിൽ മാത്രം ബാറ്ററി ഉപയോഗിക്കാം എന്നും അല്ലെങ്കിൽ ഇടക്ക് ബാറ്ററി തീർന്നുപോയാലോ എന്നൊക്കെ ക്രിസ് ഗ്രൗണ്ട് കണ്ട്രോളുമായി ആശയവിനിമയം നടത്തുന്നു .. !
അതും ശരിയാണ്; ലോകത്തിന് മാതൃകയാനൊരുങ്ങുന്ന നാളെയുടെ വലിയ ബിസിനസ്സ് മോഡലിന്റെ വിജയനിമിഷം കൂടിയാണ് ഇത്! ശാസ്ത്രവും കച്ചവടവും ചേർന്ന അത്യുഗ്രൻ ഹൈബ്രിഡ് മിഷൻ ..
ഓരോ ദൃശ്യങ്ങളും മിഴിവോടെ ഒപ്പിയെടുക്കണം, എലോൺ മസ്ക്ക് എന്ന ചരിത്ര മനുഷ്യന്റെ സ്വപ്ന സാഷാത്കാരം .. !
ഞാനും ഇളയും സിഡും ജിൻജിയുമെല്ലാം ആകാംക്ഷയുടെ മുൾമുനയിൽ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു ..
ഏറ്റവും പ്രധാനപ്പെട്ട ആങ്കിളിൽ നിന്ന് ദൃശ്യങ്ങൾ കാണിച്ചുകൊണ്ടിരിക്കെ പെട്ടന്നാണ് ടെലിവിഷൻ സ്‌ക്രീനിൽ "Your Battery Is Running Low" എന്ന മെസ്സേജ് തെളിഞ്ഞു വന്നത്...
ഒഹ്; എത്ര നിരാശാജനകമായ അശ്രദ്ധ..! ഒരു സ്‌പെയ്‌സ് സ്റ്റേഷൻ ഡോക്കിങ്ങിൽ ഹോസ്റ്റ് ക്രൂവിന്റെ പ്രൈമറി ക്യാം ബാറ്ററി തീർന്ന് പോവുകയോ ... ??!!
ഞാൻ പെട്ടന്ന് എന്തൊക്കെയോ ഒച്ചവച്ചു ...
ഒരു മിനുട്ട് അച്ഛാ - കരയാതെ, എന്നു പറഞ്ഞ് ഇള ടിവിയിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ലാപ്ടോപ്പിന്റെ പവർ പ്ലഗ് ഓൺ ചെയ്തു ...
ഭാഗ്യം ..
ബാറ്ററി കഴിഞ്ഞത് അബുദാബിയില് ഞങ്ങളുടെ കുഞ്ഞുഫ്‌ളാറ്റിലെ ലാപ്ടോപ്പിലായിരുന്നു
സിഡ് തലകുത്തി.മറിഞ്ഞ് ചിരിക്കുന്നു ..
അവന്റെ അച്ഛന്റെ തിരുമണ്ടൻ അബദ്ധവും ഈ ചിരിയും ആദ്യത്തെ സ്‌പേസ് ലൈവ് ഓർമ്മകളോടൊപ്പമുണ്ടാവും ..
Posted on May 31, 2020




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ