എന്റെ അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് മുപ്പത് വർഷങ്ങൾ തികയുന്നു ..
ഇന്നലെ അമ്മയെ വിളിച്ചപ്പോൾ "മോനേ നാളത്തെ ദിവസം ഓർമ്മയുണ്ടോ എന്ന് ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു"..
കഴിഞ്ഞ മുപ്പത് വർഷങ്ങളായി എല്ലാ ജൂണിലും അമ്മ എന്നോടിങ്ങനെ ചോദിക്കാറുണ്ട് ...
ഇതേ ചോദ്യം അമ്മയോട് ഒരിക്കൽ പോലും ചോദിക്കാൻ കഴിഞ്ഞിട്ടില്ല ..
അമ്മയോളം അച്ഛനെ നഷ്ടപ്പെട്ടവർ വേറെ ആരുമുണ്ടാവില്ലല്ലോ ...
അച്ഛൻ മരിക്കുമ്പോൾ ഞാൻ എട്ടാം ക്ലാസ്സിലാണ്..
അച്ഛന് സുഖമില്ല എന്നുപറഞ്ഞ് സ്‌കൂളിൽനിന്ന് ഇരിഞ്ഞാലക്കുട ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി...
അവിടെ എത്തിയപ്പോഴേക്കും അച്ഛൻ മരിച്ചുപോയിരുന്നു..
ഹോസ്പിറ്റലില് മുന്നിൽ നിറുത്തിയിട്ടിരുന്ന ആംബുലൻസിൽ അവരെന്നെ കയറ്റി, അലറി കരയുന്ന അമ്മയും എന്നേക്കാൾ ഒന്നര വയസ്സു താഴെമാത്രം പ്രായമുള്ള അനിയത്തിയും അതിലുണ്ടായിരുന്നു ...
കിലമോൾ അന്ന് ആറാം ക്ളാസ്സിലായിരുന്നു...
ഞാൻ അന്നാണ് ആദ്യമായി ഒരു ആമ്പുലൻസിൽ കയറുന്നത് ...
പെരുമഴത്ത് ഭീതിതമായ ശബ്ദത്തോടെ ആംബുലൻസ് എന്റെ നാട്ടിലേക്ക് പാഞ്ഞു..
ഇരുവശവും കൈതക്കാടുകളുള്ള ചളി നിറഞ്ഞ ഇടുങ്ങിയ മൺ വഴിയിലേക്ക് കയറിയപ്പോൾ കരച്ചിലിന്റെ ഒച്ച ആംബുലൻസിന്റെ ശബ്ദത്തിനോളം ഉയർന്നു ...
അതിന്റെ ചക്രം ചെളിയിൽ താഴ്ന്നപ്പോൾ ഞങ്ങളെ ആരോ കൈ പിടിച്ചിറക്കി ബാക്കി ദൂരം വീട്ടിലേക്ക് നടത്തികൊണ്ടുപോയി ...
വഴിയുടെ ഇരുവശവും കരയുന്ന മനുഷ്യർ ഞങ്ങളെ നോക്കി നിൽക്കുന്നു ...
ഒരു നാട് മുഴുവനും അന്ന് കരഞ്ഞു ...
മഴക്കാലത്ത് വണ്ടികളൊന്നും വരാത്ത കൈതക്കൂട് വഴിയിൽ പുഞ്ചപാടത്തിനോട് ചേർന്നായിരുന്നു ഞങ്ങളുടെ വീട്.
അച്ഛന് ഹാർട്ട് അറ്റാക്ക് വന്നപ്പോൾ കസേരയിലിരുത്തതി ചുമന്നുകൊണ്ടാണ് ടാറിട്ട റോഡ് വരെ എത്തിച്ചത്.
അച്ഛൻ മരിച്ച ആ ദിവസങ്ങളിലൊക്കെ അനിത്തി എന്റെ കയ്യിൽ ഇറുക്കിപിടിച്ചിരുന്ന് കരയുമായിരുന്നു...
എല്ലാദിവസവും സ്‌കൂളിൽ നിന്ന് ഉച്ചയൂണിന് വരുമ്പോൾ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് ഞാൻ കാണാറുണ്ടായിരുന്നത്..
ജീവിതത്തിൽ ഏറ്റവും അധികം ഞാൻ കണ്ട കരച്ചിലുകൾ എന്റെ അമ്മയുടേതാണ് ...
എട്ടിലും ഒമ്പതിലും പത്തിലും പഠിച്ചത് അടുത്തുള്ള സ്‌കൂളിൽ തന്നെയാണ് ..
ആ മൂന്നു വർഷങ്ങളിലും ഉച്ചയൂണ് കഴിക്കാറുള്ളത് അമ്മക്കണ്ണീര് കണ്ടിട്ടാണ് ..
തനിച്ചുള്ള പകലുകൾ മുഴുവനും അമ്മ കരയുകയായിരുന്നിരിക്കണം ....
പ്ലസ് ടു മുതൽ ഇരിഞ്ഞാലക്കുടയാണ് പഠിച്ചത്, അപ്പോഴും വൈകീട്ട് വരുമ്പോൾ 'അമ്മ കരഞ്ഞിരിക്കുന്നത് കാണാം ...
അമ്മയുടെയും അനിയതിയുടെയും കരച്ചിൽ ഇന്നും തീർന്നിട്ടില്ല ..
ഇടക്കുള്ള നെടുക്കം കലർന്ന തേങ്ങലും കുരല് വേദനയോടെ കനം വയ്ക്കുകയും ചെയ്യുന്നതാണ് എന്റെ അച്ഛനോർമ്മകൾ ..
അച്ഛനോട് ഓരോരോ
ചോദ്യങ്ങളൊക്കെ ചോദിച്ച് പുഞ്ചപാടത്തൂടെ നടക്കാറുള്ളത് ഓർമ്മയുണ്ട് ..
നെല്ലുപണിയുന്ന കാലങ്ങളിൽ ജോലികഴിഞ്ഞു വന്നാൽ അപ്പൊ തന്നെ അച്ഛൻ പുഞ്ചപാടത്തേക്ക് പോകും ..
അച്ഛന്റേത് ഒരു പഴഞ്ചൻ ലാമ്പി സ്‌കൂട്ടറായിരുന്നു...
ഒരുപാട് നാൾ ഓടിച്ച് ഒട്ടുമേ ഉപയോഗശൂന്യമായപ്പോഴാണ് അച്ഛൻ 'ചേതക്ക്' വാങ്ങിയത്...
പുതിയ സ്‌കൂട്ടർ വാങ്ങി ഒന്നുരണ്ട് ആഴ്‌ചകൾ കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചു ....
അച്ഛാ ; അച്ഛന്റെ കുഞ്ഞുമക്കളെ 'അമ്മ നല്ല മനുഷ്യരായി വളർത്തി...
~~~~~|~~~~~~~|~~~~~~
കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും കെട്ടിപിടിക്കുന്നതൊക്കെ എന്തിഷ്ടമാണെന്നോ .
മക്കൾക്ക് വളരാൻ നമ്മുടെ സഹായം വേണം ..
രാത്രിയുറക്കത്തിൽ എനിക്ക് സിഡിനെയും ഇളയെയും കെട്ടിപ്പിടിച്ച് കരയാൻ തോന്നും ...
എനിക്ക് നഷ്ടപെട്ടതാണ് ഞാൻ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ശ്രമിക്കുന്നത് ...
നമ്മളൊക്കെ എപ്പോ വേണമെങ്കിലും മരിച്ചുപോയേക്കാം.. .
മരിച്ചുപോയവരുടെ ഓർമ്മകളിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുണ്ടല്ലോ, അവരെ ചൊല്ലിയാണ് എന്റെ സങ്കടം മുഴുവനും ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ