ഇനിയങ്ങോട്ട് ഓരോ വർഷവും പതിനഞ്ച് പ്രതിരോധ ദിനങ്ങൾ !!
സ്വാഭാവികമായും ഈ വർഷം പകർച്ചവ്യാധികൾ കുറവായിരിക്കും ..
കോവിഡ് 19 വൈറസ്സിനെതിരെ ലോകം മുഴുവനും എടുക്കുന്ന കരുതൽ കൊണ്ടാണ് ഇത്...
ടെലിവിഷൻ ക്യാമറകളുടെ ഫ്രെയിമിൽ ഉൾപ്പെടാൻ മാസ്‌ക്ക് താഴ്ത്തിയിട്ട് തിക്കിത്തിരക്കുന്ന രാഷ്ട്രീയ നേതാക്കളും, മാസ്‌ക്ക് 'താടിതാങ്ങി' ആയി ഉപയോഗിക്കുന്ന വിവരദോഷികളും, വൈറസ് എന്നൊരു സാധാനമേ ഇല്ല എന്നു വിശ്വസിച്ച് വർണ്ണ പട്ടം പോലെ പാറി നടക്കുന്നവരുമെല്ലാം ചേർന്നതാണ് ഈ ലോകം എന്നു മനസ്സിലാകാതെയല്ല ഞാനിത് പറയുന്നത് ..
വാക്സിനുകൾ എടുക്കാത്ത ചെറു ന്യൂനപക്ഷ സമൂഹം നിലനിൽക്കെ തന്നെ പല മഹാമാരികളെയും പിടിച്ചു നിറുത്താനായത് വൈറസ്സുകൾക്ക് വളരാനും പടരാനുമുള്ള തുടർച്ച ലഭിക്കാത്തതുകൊണ്ടാണ് .. ..
ലോകത്തിലെ ചെറു പോക്കറ്റുകകളിൽ അപൂർവമായ വൈറസ് / ബാക്റ്റീരിയൽ രോഗങ്ങൾ ഇപ്പോളും ഉണ്ടാവാം ..
പക്ഷെ കോവിഡിനോളം പടർന്നു പകരാനുള്ള അനുകൂലനം അവയ്ക്ക് പലതിനും ഇല്ല ..
പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെ തൊണ്ണൂറ് ശതമാനം പേരിലും വന്നു പോകും എന്നതും, വളരെ കുറച്ചു പേരിൽ മാത്രമേ ഗുരുതരമാകൂ എന്നതും കോവിഡ് 19 വൈറസിന് നിശബ്ദമായി ജനസാഗരങ്ങളെ കീഴ്പ്പെടുത്താൻ പോന്ന അനുകൂലനമാണ് ..
നമ്മൾ ഇതിനകം വൈറസിന്റെ ഈ സവിശേഷ 'സ്വഭാവം' മനസ്സിലാക്കിയിട്ടുണ്ട് ...
അതുകൊണ്ട് തന്നെയാണ് മറ്റേത് ഫ്ലൂ സീസണിലും ഇല്ലാത്തവണ്ണം നമ്മളിൽ ഭൂരിഭാഗവും സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുന്നത് ..
അതുകൊണ്ട് തന്നെയാണ് ശ്വസന ഭാഷ്പകണങ്ങൾ പറന്നു പരക്കാതിരിക്കാൻ നമ്മളിൽ ഭൂരിപക്ഷവും മാസ്‌ക്കിടുന്നത് ..
ഇത്തരം ശുചിത്വ സ്വഭാവങ്ങൾ പാലിക്കാത്ത ന്യൂനപക്ഷവും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നുമുണ്ട് ..
ഞാൻ ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിക്കുന്നത് കോവിഡ് പ്രതിരോധത്തെ കുറിച്ചല്ല, മറിച്ച് ലോകമൊന്നാകെ ഇതിനകം നടത്തിയ അതിപ്രതിരോധം നിശബ്ദം വംശനാശം വരുത്തിയ അപകടകരമായ മറ്റു ചില വൈറസുകളും ബാക്റ്റീരിയങ്ങളും ഉണ്ടാവാം എന്ന സുനിശ്ചിത സാധ്യതയെ കുറിച്ചാണ് .. !
നമുക്ക് എല്ലാ വർഷവും പലപല ദിനാഘോഷങ്ങളും വാരാഘോഷങ്ങളും ഉണ്ടല്ലേ ..? അമ്മദിനം, അച്ഛൻ ദിനം, വായന ദിനം, തൊഴിലാളി ദിനം, യോഗാ ദിനം, ഭൗമ ദിനം.....
കോവിഡിനെ തീർത്താലും ഇല്ലെങ്കിലും ലോകം മുഴുവനും ഇനിയങ്ങോട്ട് ഓരോ വർഷവും ചുരുങ്ങിയത് പതിനഞ്ച് ദിവസം മാസ്‌ക്ക്, സോപ്പ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്നിവയെല്ലാം ചേരുന്ന പ്രതിരോധ ദിനങ്ങൾ കൊണ്ടാടേണ്ടതുണ്ട് .. !
മ്യൂട്ടേഷൻ സംഭവിച്ച് ചെറിയ സോഷ്യൽ പോക്കറ്റുകളിൽ 'പച്ചപിടി'ക്കാനൊരുങ്ങുന്ന പുതുവൈറസ്സുകളെയും ബാക്ടീരിയകളെയും ഒരുപക്ഷേ നമ്മൾ അറിയാതെ തന്നെ വംശനാശം വരുത്താൻ ഇതുകൊണ്ട് കഴിഞ്ഞേക്കാം ..
ഇനിയങ്ങോട്ട് ഓരോ വർഷവും പതിനഞ്ച് പ്രതിരോധ ദിനങ്ങൾ !!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ