അടിച്ചോടിക്കാനുള്ള റോബോട്ട്!

അടിച്ചോടിക്കാനുള്ള റോബോട്ട് !

ചിത്രത്തിലുള്ള കുഞ്ഞൻ റോബോട്ടുകൾ ക്യാമൽ റേസിങ്ങിൽ ഒട്ടകങ്ങളുടെ പുറത്ത് ഘടിപ്പിക്കുന്നവയാണ് ... !
ദശലക്ഷക്കണക്കിന് ഡോളറുകൾ പ്രൈസ് മണിയായി വാരിയെറിയുന്ന ക്യാമൽ റെയ്‌സിംഗ് അറേബ്യൻ നാടുകളിലെ അതിപ്രധാനമായ വിനോദമാണ് ..
മണലും മരുഭൂമിയും ചേർന്ന അറബികളുടെ പ്രാചീന ജീവിതപരിസരങ്ങളിൽ നിന്ന് അവരോടൊപ്പം പുതിയകാലത്തിലേക്ക് സഞ്ചരിച്ച സ്പോർട്ട്..
വിവിധയിനം റേസ് ട്രാക്കുകളും പ്രാക്ടീസ് ഗ്രൗണ്ടുകളും വിശിഷ്ടമായ പോഷക ഭക്ഷണങ്ങളും പരിശീലനങ്ങളും സൂപ്പർ സ്റ്റാമിനാ ബ്രീഡുകളുമല്ലാമായി ഇന്നത്തെ ക്യാമൽ റേസിംഗ് 'ഇൻഡസ്ട്രി' ലോകത്തെ മറ്റൊരുവിധം സ്പോർട്ട് ഇനങ്ങളോടും കിടപിടിക്കുന്നതാണ് ...
രണ്ട് ദശകങ്ങൾക്ക് മുൻപ് ലോകത്താദ്യമായി യു.എ.ഇ, റേസിംഗ് ക്യാമൽ ജോക്കികളെ കുറിച്ച് സുശക്തമായ ചില നിയമങ്ങൾ പാസാക്കുന്നതിനു മുൻപ് അറേബ്യൻ ക്യാമൽ റെയ്‌സിങ്ങ് ക്രൂരതയുടെ വിനോദമായിരുന്നു ..
മത്സരത്തിൽ പങ്കെടുക്കുന്ന ഒട്ടകങ്ങളുടെ പുറത്തിരിക്കുന്ന ജോക്കികൾ ഏറ്റവും ഭാരക്കുറവായിക്കുന്നതാണ് കൂടുതൽ വേഗതയിൽ ഓടാൻ ഒട്ടകങ്ങളെ സഹായിക്കുന്ന ഒരു ഘടകം.
ഇതിനായി പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ, സുഡാൻ, ബംഗ്ളാദേശ്, എന്നിവിടങ്ങളിൽനിന്നെല്ലാം ചെറിയ കുട്ടികളെ കടത്തിക്കൊണ്ടു വന്നിരുന്നു ..
സർക്കാറുകൾക്ക് പുറത്തുള്ള ഇല്ലീഗൽ ഹ്യുമൻ ട്രാഫിക്കിങ്ങ് ..
രണ്ടുവസ്സുമാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഒട്ടകത്തിന്റെ പുറത്ത് കെട്ടിവച്ചിരുന്നു ..
പലപ്പോഴും കുട്ടികൾ ഒട്ടകങ്ങളുടെ കാലടികൾക്കിടയിൽ വീണ് ഗുരുതരമായി പരിക്ക് പറ്റുകയോ മരിക്കുകയോ വരെ ചെയ്തിരുന്നു ..
ചൈൽഡ് ജോക്കികൾക്ക് ഭാരം കൂടാതിരിക്കാൻ അവരെ പോഷകാംശം കുറഞ്ഞ പരിമിത ഭക്ഷണം മാത്രം കൊടുത്തു 'വളർത്തി' ....
ഒരേ സമയം നാലായിരം മുതൽ നാൽപതിനായിരം വരെ കുരുന്നു ജോക്കികൾക്ക് ജി സി സി രാജ്യങ്ങളിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു ...
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു .
2002 ജൂലൈ 29 ന് യു.എ.ഇ യിൽ.ഷെയ്ക്ക് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ക്യാമൽ ജോക്കികൾ ആക്കുന്നതിനെ കണിശമായി തടഞ്ഞുകൊണ്ടുള്ള നിയമം പാസാക്കി ...
2005 ആയപ്പോഴേക്കും ഖത്തർ ഇതേ പാത പിന്തുടർന്നു .. ഇന്നിപ്പോൾ അറേബ്യൻ ക്യാമൽ ട്രാക്കുകളിലൊന്നിലും കുഞ്ഞുങ്ങളെ ജോക്കികളായി ഉപയോഗിക്കുന്നില്ല ..
രണ്ടായിരത്തി അഞ്ചിൽ ഖത്തറിൽ നിന്നാണ് ആദ്യത്തെ റോബോട്ട് ജോക്കി വരുന്നത്, ഓരോ നിമിഷവും ഒട്ടകത്തിന്റെ ഹൃദയതാളങ്ങൾ മനസ്സിലാക്കാനും ആവശ്യമുള്ള ശക്തിയിൽ ഒട്ടകത്തിനെ ചാട്ടയടിക്കാനും മറ്റും കഴിഞ്ഞിരുന്ന പഴയ മോഡലുകൾക്ക് പത്തുമുതൽ പതിനഞ്ച്‌ കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.
അനവധിയായ ഗവേഷണങ്ങൾക്കും ഡിസൈൻ പരിഷ്കരണങ്ങൾക്കും അപ്പുറം ഇന്ന് മൂന്ന് കിലോഗ്രാമിൽ താഴെ ഭാരമുള്ള റോബോ ജോക്കികൾ ആണ് ഒട്ടകങ്ങളെ ട്രാക്കിൽ ഓടിക്കുന്നത് ..
സമാന്തര ട്രാക്കുകളിലൂടെ ഓടുന്ന ഫോർവീൽ ഡ്രൈവുകളിൽ ഇരുന്നോ ഗാലറിയിൽ ഇരുന്നോ ഒട്ടകമുതലാളിമാർക്ക് നിഷ്പ്രയാസം അടിയുടെ വേഗത കൂട്ടാണോ റോബോട്ടിലൂടെ ശബ്ദങ്ങൾ പുറപ്പെടുവിക്കാനോ കഴിയും ...
ഒട്ടകങ്ങൾ അറേബ്യൻ ജനതയുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സാംസ്കാരിക ബിംബമാണ് ...
അബുദാബിയിലെ ലിവാ മരുഭൂമിക്ക് അടുത്ത് വർഷാവർഷം നടത്തുന്ന ക്യാമൽ ഫെസ്റ്റിൽ ജി.സി.സി യിലെ വിവിധ രാജ്യങ്ങളിൽ നിന്നായി മുപ്പത്തി അയ്യായിരം ഒട്ടകങ്ങൾ ഒക്കെ എത്തിച്ചേരാറുണ്ട്....
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫോട്ടോ എടുക്കാൻ ഫെസ്റ്റിൽ പോയപ്പോൾ അവിടെ ലക്ഷണമൊത്ത ഒട്ടകങ്ങളെ ഒരു മില്യൻ ദിർഹത്തിന് മുകളിലുള്ള തുകകളിൽ ലേലത്തിൽ വിൽക്കുന്നത് നേരിട്ട് കണ്ട് എന്റെ കിളി പോയിട്ടുണ്ട് ...
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചു നാളുകൾക്കപ്പുറത്ത് റോബോജോക്കിയെപ്പോലെ ജീവനുള്ള ഒട്ടകങ്ങൾക്ക് പകരം ബോസ്റ്റൺ ഡൈനാമിക്സിന്റെയോ, ഡിലിജെന്റ് റോബോട്ടിക്സിന്റെയോ മറ്റോ 'യന്ത്രോട്ടകങ്ങൾ' ട്രാക്കിൽ ഇറങ്ങിയാലും ഞാൻ ആശ്ചര്യപെടില്ല ...
ഇത് വിസ്മയങ്ങളുടെ നാടാണ് .. !!
( ഈ കഴിഞ്ഞ വെള്ളിയാഴ്‌ച അലൈൻ ക്യാമൽ റെയ്‌സ് ട്രാക്കിന്റെ പരിസരത്തു നിന്നും സുജിത്തും ഞാനും പകർത്തിയ ചിത്രങ്ങളാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത് . എന്നോടൊപ്പം ഇളയും Sujith ഉം Biju വും ഉണ്ടായിരുന്നു )






Link to Facebook Post
Posted on Sep 27, 2020

അഭിപ്രായങ്ങള്‍