അൽഫൽഫാ !

 അൽഫൽഫാ !

മരുഭൂമിയിലെ ഹരിതകമ്പളം കാണാൻ പോയ കഥ !
മരുഭൂമിയാണെങ്കിലും ഒട്ടനവധി ഫാമുകളും മറ്റുമായി വലിയരീതിയിൽ കന്നുകാലി വളർത്തൽ നടക്കുന്ന രാജ്യമാണ് യു.എ.ഇ.
മൂന്ന് നാലു വർഷങ്ങൾക്ക് മുൻപ് റാസ്അൽഖൈമയിൽ മലയിടുക്കിലെ ഒരു ചെറിയ മൈതാനത്ത് ടെന്റ് അടിച്ച് കിടന്ന്, വെളുപ്പിന് മൂന്ന് മണിയൊക്കെ ആയപ്പോൾ മലനിരകളിൽ പലയിടങ്ങളിൽ നിന്നായി നൂറുകണക്കിന് ആടുകൾ പുഴ ഒഴുകുന്നതുപോലെ ഞങ്ങളുടെ ടെന്റിനടുത്തുകൂടി പെട്ടന്ന് ഒച്ചവച്ച് 'മാർച്ച് ചെയ്ത്' പോയതിന്റെ ഉൾകിടിലം ഇതുവരെ മാറിയിട്ടില്ല .. !
യൂ.എ.ഇ യുടെ മലനിരകളിൽ പലയിടത്തും ഇത്തരത്തിൽ മൃഗങ്ങളെ സ്വതന്ത്രമായി അഴിച്ചു വിട്ടുള്ള കാലിപരിപാലനം ഇന്നുമുണ്ട് .
കൂടുതലും ആടുകളെയാണ് ഇത്തരത്തിൽ വളർത്തുന്നത്.
രാത്രിയിൽ മലകളിലൊക്കെ ക്യാമ്പ് ചെയ്യുമ്പോൾ നമ്മളെ ശരിക്കും ഞെട്ടിക്കാൻ ഇവറ്റകൾക്ക് കഴിയും ...
അതുപോലെ തന്നെയാണ് ഫെരൽ കഴുതകൾ ..
പണ്ട് ചരക്കു നീക്കത്തിനും കൃഷിക്കും ഉപയോഗിച്ചിരുന്ന കഴുതകളെ പെട്രോളിയത്തിന്റെ വരവോടെ ക്ഷിപ്രവേഗം കൊണ്ട യന്ത്രവൽക്കരണത്തിലും വികസനത്തിലും ആർക്കും വേണ്ടാതായപ്പോൾ വന്യതയിലെ സ്വതന്ത്രതയിൽ ഉപേക്ഷിച്ചു.
അവയുടെ തലമുറകൾ അതിജീവിക്കുകയും 'കാട്ട്കഴുതകളായി' വളരുകയും ചെയ്തു ..
ഫുജൈറയിലും മറ്റും രാത്രികാല ക്യാമ്പിങ്ങിൽ ഇവയുടെ വിചിത്രമായ കരച്ചിലുകൾ നമ്മളുടെ ഉറക്കം കെടുത്താൻ പോന്നതാണ് ..
ഇങ്ങനെയൊക്കെയാണെങ്കിലും യു എ ഇ ലൈവ്സ്റ്റോക്ക് കൂടുതലുമുള്ളത് അത്യാധുനികമായ ഫാമുകളിൽ ആണ് ..
ഹൈബ്രീഡ് പശുക്കളും ഒട്ടകങ്ങളും കുതിരകളുമല്ലാമുള്ള ഒരുപാട് ഫാമുകളുണ്ട് യു .എ.ഇ യിൽ ..
മീറ്റ് & ഡയറി ഉൽപ്പന്നങ്ങൾ വലിയ രീതിയിൽ വിപണനം നടക്കുന്ന രാജ്യമാണിത് ..
എല്ലാ ഫാമുകൾക്കും; വിശേഷിച്ച് മത്സര ഓട്ടം നടത്തുന്ന ഒട്ടകങ്ങൾക്ക് വളരെ വിശിഷ്ടമായുള്ള 'ഭക്ഷണപുല്ലാണ്' അൽഫൽഫാ - Alfalfa( Medicago sativa).
ലോകത്ത് ആകമാനം കൃഷി ചെയ്യുന്ന കാലിത്തീറ്റ ചെടികളിൽ ഏറ്റവും വളർച്ചയുള്ളതും പ്രോട്ടീൻ സമൃദ്ധമായതുമായ സപുഷ്പിയായ പുൽച്ചെടിയാണിത് ..
പുതിയ പ്രദേശങ്ങളെ ഞാൻ ഏറ്റവും ആദ്യം പര്യവേക്ഷണം നടത്താറുള്ളത് സാറ്റലൈറ്റ് മാപ്പിംഗിൽ കൂടിയാണ് ..
യു.എ.ഇ യിൽ ഇതിന് എന്നും ഏറ്റവും കൂടുതൽ സാങ്കേതിക സഹായം തരാറുള്ളത് Nishad Kaippally ആണ് .
അബുദാബി എമിറേറ്റിൽ ഉള്ള അപരിചിത ഭൂമികൾ ഗൂഗിൾ ഏർത്തിൽ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വളരെ കൃത്യതയോടെയുള്ള പച്ചപ്പിന്റെ പല പല വൃത്തങ്ങൾ കണ്ടത്.
ഓരോ വൃത്തവും 750 മീറ്റർ മുതൽ ഒരുകിലോമീറ്റർ വരെ വ്യാസമുണ്ട് .. !!
അങ്ങിനെയങ്ങിനെ പലപല വൃത്തങ്ങൾ ചേർന്നിരിക്കുന്ന പത്തെഴുപത് കിലോമമീറ്റർ ഒക്കെ ചുറ്റളവുള്ള വലിയ പ്രദേശം !!
മണലിന്റെ കാവിയിൽ ഇലപച്ചയുടെ കൊണ്ട്രാസ്റ്റ് !!
സെന്റർ പിവോട്ട് ഇറിഗേഷൻ (Center pivot irrigation) സിസ്റ്റം ഉള്ള മെഗാ ഫാമിംഗ് ആണ് ..
ബി ബി സി യുടെ "ഹ്യൂമൺപ്ലാനറ്റ്" സീരീസിൽ യു.എ.ഇ മരുഭൂമിയെ ഹരിതവൽക്കാരിക്കുന്ന ഇത്തരം ഫാമുകളെ പരിചയപ്പെടുത്തുന്നുണ്ട് ..
പൂർണ്ണമായും യന്ത്രവത്കൃതമായ വൃത്താകൃതിയിൽ സ്വയം ചലിക്കുന്ന ഇറിഗേഷൻ സിസ്റ്റം ആണ് ഇത് ..
ഞങ്ങൾ പോകാനുദ്ദേശിച്ച സ്ഥലം അബുദാബിക്കും അലൈനും ഇടയിലാണ് ..
അടുത്തെത്തിയപ്പോഴേ അതിശയിച്ചുപോയി !
കൃത്യമായ സമതലമൊന്നുമല്ല കുറച്ചൊക്കെ നിമ്നോന്നതികൾ ഉള്ള മണൽമരുഭൂമി മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പോലെ പച്ചപിടിച്ച് കിടക്കുന്നു .. !!!
വേനൽ വിട്ടുമാറിയിട്ടില്ല, വെയിലിന് നാല്പത് ഡിഗ്രിയുടെ ചൂട് ! അവിടെയാണ് ജലസമൃദ്ധികൊണ്ട് മണലിൽ ഇന്ദ്രജാലം കാണിച്ചിരിക്കുന്നത് .. !
കടൽ വെള്ളം ശുചീകരിച്ച് വേണം ഇവിടെ ഒട്ടൊരുവിധം എല്ലാ കൃഷിയും നടത്താൻ ..
വലിയ ഊർജ ഉപഭോഗം ആവശ്യമുള്ള ഏർപ്പാടാണ് ഇത്. Rhodes grass എന്ന ഒരിനം പുല്ല് വളർത്താൻ സർക്കാർ കർഷകർക്ക് അനുവദിച്ചിരുന്ന സബ്‌സിഡി അമിതമായ ജല ഉപഭോഗത്തിൽ പേരിൽ ഏതാനും വർഷങ്ങൾക്ക് മുൻപേ നിറുത്തലാക്കിയിരുന്നു..
ഇന്നിപ്പോൾ ഭൂരിഭാഗം പുല്ലും ഇത്തരം സെന്റർ പിവോട്ട് ഇറിഗേഷൻ സംവിധാനങ്ങളുള്ള മെഗാ ഫാമുകളിൽ ആണ് ഉത്പാദിപ്പിക്കുന്നത് .
കേന്ദ്രീകൃതമായ ആധുനിക ഉത്പാദനം ജലത്തിന്റെ ഉപഭോഗം ഒരുപരിധിവരെ കുറയ്ക്കും എന്ന് സർക്കാർ കരുതുന്നുണ്ടാവണം ..
അൽഫൽഫാ സപുഷ്പികളായ 'പയർ ചെടിയാണ്' അവയുടെ പരാഗണം പ്രധാനമായും തേനീച്ചകളിലൂടെയാണ് നടക്കുന്നത് . ഇത്തരം പുല്ല് ഫാമുകളോട് ചേർന്നു നടത്തുന്ന തേനീച്ച വളർത്തൽ ഒരുപാട് ലാഭകരമാണ് ..
വിതയും കൊയ്‌തുമല്ലാം പല പല 'വൃത്തങ്ങളിൽ' പല പല സമയത്താണ് നടക്കുന്നത്, അതുകൊണ്ട് തന്നെ തേനീച്ചകളുടെ പോപ്പുലേഷൻ ഒറ്റയടിക്ക് ഇല്ലാതാകില്ല ...
തേനീച്ചകളോടൊപ്പം പലയിനം വണ്ടുകൾ, പലയിനം പക്ഷികൾ എന്നിവയെല്ലാം ഈ ഹരിതഭൂമിയിൽ വേനലിനെ കൂസാതെ ജീവിക്കുന്നു ...
ഫാമിന്റെ ഗെയ്റ്റിൽ എത്തിയപ്പോൾ കനപ്പെട്ട യൂണിഫോമൊക്കെ ഇട്ട് സെക്യൂരിറ്റി കമ്പനിയുടെ കാവൽക്കാരൻ ..
വലിയൊരു ബോഡ്; അകത്തേക്ക് പ്രവേശനമില്ല; ഫോട്ടോഗ്രാഫി നിരോധിത മേഖല ...
കൊഞ്ചി കെഞ്ചി കാലുപിടിച്ചിട്ടും കാവൽക്കാരൻ ഉള്ളിലേക്ക് കയറ്റി വിട്ടില്ല "എന്നെ കൊന്നിട്ടെ നീയൊക്കെ അകത്തേക്ക് പോകൂ എന്ന ലൈൻ" ..
"എന്റെ പൊന്നിഷ്ട്ടാ കിഡ്നി ഒന്നുമല്ലല്ലോ പുല്ല് വളർത്തൽ ഫാമിലേക്ക് കയറാൻ അനുവാദമല്ലേ ചോദിച്ചുള്ളു എത്രയോ കിലോമീറ്ററുകൾ പരന്നു കിടക്കുന്നു ചുമ്മാ കണ്ണടച്ചൂടെ..? " എന്നു ചോദിച്ചപ്പോഴാണ് ഇഷ്ടൻ തുറിച്ചു നോക്കുന്ന മൂന്ന് നാല് സെക്യൂരിറ്റി ക്യാമറകൾ കാണിച്ചു തന്നത്‌ ..
എവിടെയോ സെൻട്രൽ കണ്ട്രോൾ യൂണിറ്റിൽ ഒരുപാട് സെക്യൂരിറ്റി ഓഫീസേഴ്‌സ് കണ്ണിൽ എണ്ണയൊഴിച്ച് ഇരിക്കുന്നുണ്ടത്ര !!
കടത്തി വിട്ടെങ്കിൽ പച്ചപ്പരപ്പിൽ "ചിന്ന ചിന്ന ആശൈ.." ഒക്കെ പാടി ഫോട്ടോയുമെടുത്ത് നടക്കാമായിരുന്നു ..
പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ വേറെ ചെറിയൊരു ഫാമിലെ ഒരുപറകണ്ടത്തിൽ നിന്ന് പകർത്തിയതും ബാക്കി ഗൂഗിൾ ഏർത്തിൽ നിന്നും ഗൂഗിളിൽ നിന്നും ചൂണ്ടിയതാണ് ..
പാവത്തുങ്ങളുടെ അൽഫൽഫാ ഫാം ..
പ്ലിങ്ങൻമാരുടെ സമാധാനവും ..


ഫാമിന്റെ സാറ്റലൈറ്റ് ഇമേജ്

ഫാമിന്റെ സാറ്റലൈറ്റ് ഇമേജ്
Alfalfa ( Medicago sativa )

സെൻട്രൽ പിവോട്ട് ഇറിഗേഷൻ സിസ്റ്റം ; ഗൂഗിളിൽ നിന്ന് പകർത്തിയത്

സെൻട്രൽ പിവോട്ട് ഇറിഗേഷൻ സിസ്റ്റം ; ഗൂഗിളിൽ നിന്ന് പകർത്തിയത്

Posted on Sep 29, 2020




അഭിപ്രായങ്ങള്‍