കടൽപുഴ !

കടൽപുഴ !

ഏതോ 'പോസ്റ്റ്അപോക്കലിപ്പ്റ്റിക്ക്' കാലഘട്ടത്തിലേതുപോലെ അതിവിചിത്രമായ പുഴകളിലൊന്ന് അബുദാബിയിലെ മരുഭൂമിക്ക് കുറുകെ രൂപം കൊള്ളുന്നുണ്ട് !!
ഈയിടെ ഞങ്ങളുടെ ഓരോ യാത്രകളും സാറ്റലൈറ്റ് മാപ്പിലെ നിമ്നോന്നതികളും വിചിത്രരേഖകളും പിന്തുടർന്നാണ് ...
വെള്ളിയാഴ്‌ച രാവിലെ സുജിത്തുമൊത്ത് പോയികണ്ട ( Sujith Prasad ) മൾട്ടി ബില്യൻ പ്രോജക്റ്റ് സൈറ്റിനെ കുറിച്ചാണ് പറയുന്നത് ..
'കടൽപുഴ' തുടങ്ങുന്നത് മുസഫ ഭാഗത്തെ പേർഷ്യൻ കടലിന്റെ ഭാഗത്തുനിന്നാണ്. മരുഭൂമിയിലൂടെ നാല്പത് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന അസ്സൽ പുഴ ... !
നിസ്സാരമായ വെള്ളച്ചാലൊന്നുമല്ല; കുറഞ്ഞത് 75 മീറ്ററോളമെങ്കിലും വീതിയുള്ള പുഴ തന്നെയാണ്, മണൽപരപ്പിൽ നിന്ന് പത്തുനൂറ് മീറ്റർ ആഴത്തിൽ ഏതൊരു വലിയ ഉല്ലാസ നൗകയ്ക്കും സുഗമമായി സഞ്ചരിക്കാവുന്ന രീതിയിലാണ് 'പുഴ' നിർമിക്കുന്നത് !!!
അബുദാബിയിൽ വാട്ടർ ബെഡ്, ഉപരിതലത്തിനോട് ഒട്ടൊരുവിധം അടുത്തു തന്നെയാണ് ..
ജലത്തിലടങ്ങിയിരിക്കുന്ന പ്രത്യേക ധാതുക്കൾ മൂലം വെള്ളത്തിന് സവിശേഷമായ ഹരിതനീലിമ !!
എന്തുഭംഗിയാണ്!! ഇത്ര ആഴത്തിൽ മരുഭൂമിയിലൂടെ പുഴ നിർമ്മിക്കാൻ സാമ്പ്രദായികമായ എസ്കവേറ്ററുകൾ ഒന്നും പോര ...
എമിറേറ്റിൽ കടൽ ഡ്രഡ്ജിങ്ങിലെ താരമായ നാഷണൽ മറൈൻ ഡ്രഡ്ജിങ്ങ് കമ്പനി (NMDC) തന്നെയാണ് ഈ പ്രോജക്റ്റ് മുന്നോട്ട് നയിക്കുന്നത്; കൂറ്റൻ ഡ്രഡ്ജർ മരുഭൂമിപുഴയിൽ ഇറക്കാൻ ആദ്യം വലിയൊരു വാട്ടർ കോളമുണ്ടാക്കി, പിന്നീട് ഡ്രഡ്ജർ ഭാഗങ്ങൾ കൂറ്റൻ ട്രയലറുകളിൽ കൊണ്ടുവന്ന് സൂഷ്മമായി അസംമ്പിൾ ചെയ്തെടുത്തു !
പിന്നീടങ്ങോട്ട് അടിത്തട്ടിലെ വെള്ളം മണലിനോടൊപ്പം കനാലിനരികിലെ മണൽ കുന്നുകളിലേക്ക് പമ്പ് ചെയ്യുകയാണ്; മണൽ പെട്ടന്ന് താഴെയടിയും, പിന്നെ വെള്ളം വലിയ പൈപ്പുകളിലൂടെ 'വെള്ളച്ചാട്ടമുണ്ടാക്കി' താഴെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുഴയിലേക്കൊഴുക്കും !!
വേനൽ മാഞ്ഞുപോയിട്ടില്ലാത്ത ഒരു മണൽ മരുഭൂമിയിൽ ഏറ്റവും അപ്രതീക്ഷിതമായ ദൃശ്യങ്ങളാണത് !!
വെള്ളച്ചാട്ടങ്ങൾ; തൂമഞ്ഞുപോലെയുള്ള ഉപ്പുപരൽ മേഖലകൾ; മുകളിൽ കണ്ണാടിപോലെ നിശ്‌ചലമായ തടാകം !!
നാലഞ്ചുവർഷങ്ങൾക്കപ്പുറം ഇന്ന് യാതൊന്നുമില്ലാത്ത ഈ മരുഭൂമിമേഖലകൾ തിരക്കുപിടിച്ച 'വാട്ടർഫ്രൻഡ്' നാഗരിക ജീവസ്ഥലികളാകും എന്നുറപ്പ് !!
ഇവിടെയിവർ മരുഭൂമിയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ് !!
~~~~
മണൽമരുഭൂമിയിലെ ജലരേഖയുടെ ഹരിതനീലിമിയുടെ വിചിത്രഭംഗിയേക്കാളും എന്നെ ആകർഷിക്കുന്ന വേറെ ചിലതുണ്ടിവിടെ !!
നൂറുമീറ്ററോളം ചെത്തി കുഴിച്ചതു പോലെയുള്ള മണ്ണിന്റെ പാർശ്വഭിത്തിയിൽ വിവിധനിറങ്ങളിൽ അടുക്കടുക്കായുള്ള സോയിൽ പ്രൊഫൈൽ ഒരു ജിയോഗ്രാഫിക്കൽ ഡയറികുറിപ്പ്പോലെ തോന്നിപ്പിച്ചു ! ..
മിനറലുകൾ മണൽതരികളോടൊപ്പം ചേർന്ന് ക്രിസ്റ്റലീകരിച്ച സവിശേഷ രൂപത്തിലുള്ള 'മരുഭൂമി റോസുകൾ' ( Desert Ross ) മേഖലയിൽ കൂടുതലായി കാണുന്നുണ്ട് !
സിഡിന്റെ ശേഖരത്തിലേക്കായി ആദ്യത്തെ ഡെസർട്ട് റോസ് ഞാനിന്ന് സന്തോഷത്തോടെ പെറുക്കിയെടുത്തു ..
ഒപ്പം ചില സവിശേഷമായ ക്രിസ്റ്റലുകളും !!
അതിപ്രാചീനകാലത്ത് കടലായിരുന്ന മേഖലയാണിത് !! നൂറുമീറ്റർ ആഴത്തിലുള്ള 'പുഴയെടുപ്പ്' മറൈൻ ഫോസിലുകൾ വെളിപ്പെടുത്തേണ്ടതാണ് ..
വിശേഷങ്ങൾ പറയാൻ ഇന്ന് നിഷാദിനെ Nishad Kaippally നെ വിളിച്ചിരുന്നു അദ്ദേഹവും ആവേശത്തിലാണ് , ഒരിക്കൽ കൂടെ നിഷാദിനോടൊപ്പം ഇങ്ങോട്ട് വരണം കുറച്ച് മൈക്രോസ്കോപ്പിക്ക് ഫോസിലുകളെങ്കിലും കണ്ടെത്താൻ പറ്റും ...
വർഷങ്ങൾക്ക് മുൻപ് കേരളത്തിനെ നെടുനീളെ കീറിമുറിച്ചുകൊണ്ട് ഗെയിൽ പൈപ്പ് ലൈനിന് ചാലുകീറിയപ്പോൾ മധ്യകേരളത്തിലെ പത്ത്പതിനായിരം വർഷങ്ങൾ മുൻപുള്ള സബ്ഫോസിലൈഡ് വൃക്ഷതടികൾ സ്പെസിമനുകളായി ശേഖരിക്കാനും പഠിക്കാനുമുള്ള അപ്പൂർവമായ അവസരമാണെന്ന് ഞാൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു അത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിൽ അത് ഷെയർ ചെയ്യുകയും ചെയ്തു ..
അബുദാബിയിലെ ഗവേഷണ വിദ്യാർത്ഥികളോടും അമേച്വർ ഭൗമശാസ്ത്ര പഠിതാക്കളോടും എനിക്ക് പറയാനുള്ളത് അതുതന്നെയാണ് ...
ഇത് എമിറേറ്റിൽ ഭൗമ ചരിത്രം വായിച്ചെടുക്കാനുള്ള സവിശേഷ സാഹചര്യമാണ്. .
മരുഭൂമിയിൽ നിർമ്മിക്കുന്ന പുഴക്കരയിലേക്ക് വരൂ ....
( ഓർക്കുക ഏതൊരു നിർമ്മാണ മേഖലയിലും ഒളിച്ചിരിക്കുന്ന അപകടങ്ങൾ ഈ മെഗാ പ്രോജക്റ്റ് സൈറ്റിലും ഉണ്ട് ; നിങ്ങളുടെ കരുതലിന് വലിയ വിലയാണുള്ളത് )
കഥകൾ അവസാനിക്കുന്നില്ല യാത്രകളും .!
സ്നേഹപൂർവം : കിരൺ കണ്ണൻ









Posted on Oct 10, 2020

അഭിപ്രായങ്ങള്‍