മഴ കൊയ്തെടുക്കുന്ന നാട് !

മഴ കൊയ്തെടുക്കുന്ന നാട് !

മഴയെ വേട്ടയാടിപിടിക്കുന്ന നാട് !!
മരുഭൂമിയിലെ 'ഏലിയൻ' നിർമിതികളും, മലനിരകളിലെ 114 അണക്കെട്ടുകളും !!
ലോകത്ത് ഒരൊറ്റ പുഴപോലുമില്ലാത്ത ഏറ്റവും വലിയ ഭൂമേഖലയാണ് അറേബ്യൻ പെനിൻസുല.
കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, സൗദിഅറേബ്യ, ഒമാൻ, യമൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ചേർന്ന പ്രദേശമാണിത്.
പത്തുപതിനഞ്ച്‌ വർഷങ്ങൾക്ക് മുൻപ് ഗൂഗിൾഏർത്തും സമൃദ്ധമായ ഇന്റർനെറ്റ് സൗകര്യങ്ങളുമൊന്നും ലഭ്യമല്ലാതിരുന്ന കാലത്താണ് ഞാൻ ആദ്യമായി അബുദാബിയിലേക്ക് വരുന്നത് .
കുറച്ചൊക്കെ അബദ്ധപൂർണ്ണവും സങ്കുചിതവുമായ മുൻവിധികൾ പകർന്ന സങ്കടങ്ങളും മാനസിക സംഘർഷങ്ങളും നിറഞ്ഞ് കനപ്പെട്ട മനസ്സുമായാണ് ആദ്യ വിമാനയാത്ര നടത്തിയത്.
കേരളത്തിൽ സൗത്ത് വെസ്റ്റ് മൺസൂൺ കനത്ത്, കാറ്റുവീശി പേമാരിചൊരിയുന്ന കാലമായിരുന്നു അത് .. !
കടലിനപ്പുറം അറേബ്യൻ ഉപദ്വീപ് വിമാനജാലകത്തിലൂടെ താഴെ കണ്ടുതുടങ്ങിയപ്പോൾ മുതൽ മനസ്സ് പിടഞ്ഞു ...
ഒരു പച്ചതുരുത്ത് പോലുമില്ലാതെ ...
താഴെ ഭൂമി തന്നെയോ എന്ന് സംശയിച്ചു ...
അബുദാബിയിൽ അപ്പോൾ കടുത്ത വേനലാണ് ..
എയർപോർട്ടിൽ നിന്ന് ഇറങ്ങിയത് ഏതോ ചൂളയുടെ ഉള്ളിലേക്കാണെന്ന് തോന്നിപ്പോയി ...
ഹൈക്കിങ്ങും ക്യാംപിങ്ങുമൊക്കെയായി രാജ്യത്തിന്റെ നഗരമേഖലകൾക്ക് അപ്പുറമുള്ള പ്രദേശങ്ങൾ കൂടുതൽ കൂടുതൽ പരിചിതമായതോടെയാണ് പൂർണ്ണമായും നഷ്ടപ്പെട്ടു എന്നു തോന്നിതുടങ്ങിയ, പ്രകൃതിയോട് ചങ്ങാത്തംകൂടുന്ന ജീവിത ശൈലി തിരികെ പിടിക്കാനായത് ...
യു എ ഇ യുടെ വടക്ക് കിഴക്ക് മേഖല മലനിരകൾ നിറഞ്ഞ പ്രദേശമാണ് ..
ഫുജൈറ, ഷാർജ, റാസ്അൽ ഖൈമ എന്നീ എമിറേറ്റുകളിലാണ് കൂടുതലും മലനിരകൾ ഉള്ളത് ... ഹജ്ജാർ മലനിരകളുടെ ഭാഗമാണതെല്ലാം. ഭൂവൽക്കചലനങ്ങളാൽ കടൽതട്ടുയർന്ന് ചളി ഉറച്ചുണ്ടായ മലകൾ ... ഹരിതാഭമല്ലാത്ത, നരച്ച മണ്ണിന്റെ നിറമുള്ള 'നഗ്നമായ' മലനിരകൾ ചൊവ്വാഗ്രഹത്തിനെ ഓർമ്മിപ്പിക്കും ...
പശ്ചിമഘട്ടം ഒക്കെ കണ്ടു ശീലിച്ചവർക്ക് ആദ്യ ദൃശ്യങ്ങൾ ഒത്തിരി നിരാശപകരുന്നതായിരിക്കാം ..
വർഷത്തിൽ അപൂർവമായി കുറച്ച് മഴമാത്രമാണ് ഈ മേഖലയിൽ പെയ്തിറങ്ങാറുള്ളത് ..
ഇവിടുത്തെ ജീവികളും മനുഷ്യനും മഴകൊയ്യാൻ പഠിച്ചത് അതിജീവന തന്ത്രമായിട്ടാണ് ..
അബുദാബിയുടെ ഭാഗമായ അൽഐനിലെ ഒരു ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് ഏകദേശം മൂവായിരം വർഷങ്ങൾക്ക് മുൻപേ ഇവിടെയുണ്ടായിരുന്ന ഫലജ് ഇറിഗേഷൻ സൈറ്റ് കണ്ടെത്തിയിട്ടുണ്ട് ..
ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിർമിതിയാണ് ഇത് ..
ഭൂമിക്കടിയിൽ തുരങ്കങ്ങളുടെ ശൃംഖലകളുണ്ടാക്കി പരസ്പരം ബന്ധിപ്പിച്ച് ഇടയിൽ അവയിൽ നിന്ന് വെള്ളമെടുക്കാൻ 'കിണറുകൾ' പോലെയുള്ള നിർമ്മിതികൾ ഉണ്ടാക്കി ജലം ശേഖരിച്ചിരുന്ന പ്രാചീന രീതിയാണ് ഫലജ് .. ഇന്നും യു എ ഇ യുടെ നോർതേൺ എമിറേറ്റുകളിൽ ജലമൊഴുകുന്ന അനേകം ഫലജ് ഇറിഗേഷൻ സിസ്റ്റം നിലവിലുണ്ട് ..
ഞാൻ അവയിൽ പലതും നേരിട്ട് കണ്ടിട്ടുമുണ്ട് ..
മലനടത്തങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത തിരിവുകളിലോ കിടങ്ങുകളിലോ വരണ്ടുണങ്ങിയ വാദികളിലോ നിർമ്മിച്ച അണക്കെട്ടുകൾ നമ്മളെ ശരിക്കും അതിശയിപ്പിക്കും ..
യു എ ഇ യിൽ ആകെ 114 അണക്കെട്ടുകൾ ഉണ്ട് എന്ന് എത്രപേർക്കറിയാം ?? ഈ സംഖ്യ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ് !
(പശ്‌ചിമഘട്ടം 'മതില് പണിത്' മഴചൊരിയിക്കുന്ന കേരളത്തിൽ നമുക്ക് 81 അണകെട്ടുകളാണ് ഉള്ളതെന്നറിയുക ).
യു എ ഇ യുടെ മലനിരകളിലുള്ള അണക്കെട്ടുകൾ വർഷത്തിൽ ഏതാനും ആഴ്ചകളിൽ ഒഴിച്ച് ബാക്കി സമയങ്ങളിൽ വറ്റി വരണ്ട് കിടപ്പുണ്ടായിരിക്കും ..
സ്പില്ലേജ്‌ പോലുമില്ലാത്ത ഡാമുകളിൽ മഴപെയ്യുമ്പോൾ ഏതാനും അടി ജലം മാത്രമാണ് പരന്ന് നിറയുക .. !
എന്നിട്ട് എന്തിനാണ് ഈ ജനത ഇത്രമാത്രം പണം ചിലവഴിച്ച് വരണ്ട ജലരേഖകളിൽ കുഞ്ഞുകുഞ്ഞണകെട്ടുകൾ പണിയുന്നത് ??
രാഷ്ട്രം ഒരു വലിയ പ്രയത്നത്തിലാണ്, ഭൂഗർഭ ജലശേഖരം സാധ്യമായത്ര വർധിപ്പിക്കണം ..
വളരെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തതി ക്ലൗഡ് സീഡിംഗ് നടത്തി കഴിഞ്ഞ കുറച്ച് വര്ഷങ്ങളിലായി മഴ ഇരട്ടിപ്പിക്കാൻ യു എ ഇ ക്ക് കഴിഞ്ഞിട്ടുണ്ട് ..
റിവേഴ്‌സ് ഓസ്മോസിസ്‌ ടെക്നൊളജിയിലുള്ള വാട്ടർ ഡീസാലിനേഷൻ ഒരുപാട് ഊർജം വേണ്ടിവരുന്ന ഏർപ്പാടാണ് എന്നറിയാമല്ലോ.. പൊതുവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചാണ് ഇതിനുള്ള ഊർജം ഉത്പാദിപ്പിക്കുന്നത് ..
ഇപ്പോഴുള്ള ഗവേഷണങ്ങൾ സോളാർ എനർജി ഡീസാലിനേഷൻ പ്രക്രിയക്ക് എത്രമാത്രം ഉപയോഗിക്കാം എന്നതാണ് ..
ഈ പോസ്റ്റ് എഴുതി തുടങ്ങിയത് ഗൂഗിൾ മാപ്പിൽ മരുഭൂമി മേഖലകളിൽ കണ്ട ചില വിചിത്ര ചാനലുകളെ പിൻപറ്റിയാണ് അതുകൂടെ എഴുതിയിട്ട് നിറുത്താം ..
അലൈനിൽ നിന്ന് തെക്കുമാറി ലിവാമരുഭൂമിയിലേക്കുള്ള ഒമാൻ അതിർത്തിയോട് ചേർന്ന പാതയിൽ ഉത്തരായനരേഖയുടെ സൂചികയും കഴിഞ്ഞ് വലത്തേക്ക് മരുഭൂമിക്ക് നടുവിലൂടെ ഒരു പാതയുണ്ട് ...
Empty Quarter മരുഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയാണ് ഇവിടെയും !
ഒരൊറ്റ സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാതെ നൂറുകണക്കിന് കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ഇരുവഴി റോഡ് ..
യു എ ഇ യിലെ ഏറ്റവും ഇരുട്ടുള്ള പ്രദേശം ഇതാണെന്ന് Biju Dominic പറഞ്ഞു തന്നു ..
ഏപ്രിൽ മെയ് മാസങ്ങളിൽ നമ്മുടെ ഗാലക്സിയുടെ കോർ ഇവിടുത്തെ ആകാശത്തിന്റെ നേരെ മുകളിൽ വരുമത്രെ !
സാധാരണ മൊബൈൽ ഉപയോഗിച്ച്പോലും ആകാശഗംഗയുടെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാം !!
ഉയർന്ന മണൽകൂനകൾക്കിടയിൽ ഉറപ്പുള്ള പരന്ന മണ്ണിടങ്ങൾ ! വർഷങ്ങൾക്ക് മുന്നേ വറ്റിവരണ്ടുപോയ കടലാണ് ഈ മേഖല, അതുകൊണ്ട് തന്നെ ഉറച്ചമണ്ണുള്ള ഇടങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണ് ...
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ; ഏകദേശം ആറുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന കനാലുകൾ, അറ്റത്ത് ആഴമുള്ള രണ്ട് കുളങ്ങൾ ...
ഈ മേഖലയിൽ എപ്പോൾ മഴപെയ്താലും കനാലിലൂടെ വെള്ളം കുളത്തിലേക്ക് എത്തിച്ചേരും ..
സർഫെസ് ഏരിയ കുറഞ്ഞിരിക്കുന്നതിനാൽ ബാഷ്പപീകരണം കുറവായിരിക്കും ..
തുടർച്ചയായി ഇങ്ങനെ വെള്ളം മണ്ണിലേക്ക് ഇറക്കി വിടുന്നത് ഭൂഗർഭ ശുദ്ധജല ശേഖരം അൽപ്പമെങ്കിലും മെച്ചപ്പെടുത്താനും മണ്ണിലെ ഉപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കും..
യു എ ഇ യിലെ 'ഗ്രാമപ്രദേശങ്ങളിൽ' താമസിക്കുന്നവർക്ക് കൂടി മനുഷ്യവാസമില്ലാത്ത മരുഭൂമികളിലും, മലയിടുക്കുകളിലും, മഴമേഘപാതകളിലും സർക്കാർ ജലശേഖരം നടത്താൻ കഴിക്കുന്ന പെടാപ്പാട് അറിയണമെന്നില്ല ...
പുതിയ തലമുറ അതല്ലാം അറിഞ്ഞു വളരണം ....
ഇളയുമൊന്നിച്ചുള്ള ഈ ആഴ്ച്ചാവധിയിലെ ചിത്രങ്ങളിൽ പലതും ഈ 'നോവേർലാൻഡിൽ' എടുത്തതാണ് ... !
മനസിൽ അൽപ്പം ജിജ്ഞാസയും സാഹസികതയുമുണ്ടെങ്കിൽ, ഇളയെപോലെ കുഞ്ഞു ചങ്ങാതിമാരുണ്ടെങ്കിൽ യാത്രകളൊക്കെ എന്തു രസമാണെന്നോ .. !
കഴിഞ്ഞ ആഴ്ചയിൽ യാത്രയിൽ ഒപ്പം കൂടിയത് സുജിത്തും ബിജു ഡൊമനിക്കുമാണ് ...
കൗതുകങ്ങൾ തീരുന്നില്ല ...
അതുകൊണ്ട് തന്നെ യാത്രകളും സാഹസ ങ്ങളും കഥകളും ..
സ്നേഹപൂർവം : കിരൺ കണ്ണൻ





Water reservoir in the middle of desert

Link to Facebook Post
Posted on Oct 1, 2020


അഭിപ്രായങ്ങള്‍