"നോക്കൂ, കുറുക്കന്റെ കാലടയാളങ്ങൾ !"

"നോക്കൂ, കുറുക്കന്റെ കാലടയാളങ്ങൾ !" സുജിത്ത് ആവേശത്തോടെ പറഞ്ഞു.

ശരിയാണ് ; അറേബ്യൻ ഫോക്‌സ് !

രണ്ട് രണ്ടര കിലോഗ്രാം ഭാരം വരുന്ന വലിയൊരു പൂച്ചയോളം മാത്രം വലിപ്പം വയ്ക്കുന്ന അറേബ്യൻ മരുഭൂമിയുടെ സ്വന്തക്കാരൻ കുഞ്ഞി കുറക്കൻ !!
അബുദാബി ഫോസിൽ ഡ്യൂണുകൾക്ക് തൊട്ടപ്പുറത്തെ മണൽ കുന്നിന്റെ മേലെ മുൾവേലിയും പനയോല മേഞ്ഞ ഒന്നുരണ്ട് ഷെഡ്ഡുമൊക്കെയായി ഒരു ചെറിയ കന്നുകാലി ഫാം കാണാന്നുണ്ട് ..
കുറുക്കന്റെ കാലടയാളം അങ്ങോട്ടാണ് !
ഫാമിൽ പത്ത്മുപ്പത് ഒട്ടകങ്ങളും അത്രതന്നെ ആടുകളും. പിന്നെ കുറെ പ്രാവിൻ കൂടുകൾ ! പ്രാവുകൾ സ്വതന്ത്രമായി പാറി നടക്കുന്നുണ്ട്..
ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ കൂടുകളിൽ നാടൻ കോഴികൾ !
എല്ലാം പരിപാലിക്കുന്നത് രണ്ട് തൊഴിലാളികളാണ് ഒരാൾ ബംഗ്ളാദേശ് പൗരൻ വേറൊരാൾ പാകിസ്ഥാനി ..
പച്ചപ്പിന്റെ ഒരു തരിപോലുമില്ല; മേഘങ്ങൾ പോലും നിഴല് വീഴ്ത്താത്ത ഇടം ഷെഡ്‌ഡിന്റെ മുറ്റത്ത് രാജസ്ഥാൻ മാതൃകയിൽ കട്ടിലുകളും കിടക്കയും. അവർ ഉറങ്ങുന്നത് അവിടെയായിരിക്കും !
വേനൽ? "വേനൽ കടുപ്പമാണ്" ഉറുദു കലർന്ന ഹിന്ദിയിൽ പാക്കിസ്ഥാനി ചെറുപ്പക്കാരൻ പറഞ്ഞു .. ഈ ജനറേറ്റർ നോക്കൂ വേനൽക്കാലത്ത് പകൽ മൂന്ന് മണിക്കൂർ ഉപയോഗിക്കാൻ അനുവാദമുണ്ട് !
ടൗണിലേക്ക് പോകാറില്ലേ ?
ഇല്ല ഡ്രൈവർ വരുമ്പോൾ ശമ്പളം നാട്ടിലേക്ക് അയക്കാൻ കൊടുത്തുവിടും അവർ പൈസ അയച്ച് റസീപ്റ്റ് തിരികെ തരും ...
നാട്ടിൽ നിന്ന് വന്നപ്പോഴല്ലാതെ നഗരവും കെട്ടിടങ്ങളും കണ്ടിട്ടില്ല; ഗ്രിഡിലെ വൈദ്യുതിയും ഇന്റർനെറ്റും ഉപയോഗിച്ചിട്ടില്ല ...
മഹാനഗരത്തിനെ പ്രഭാപൂരിതമാക്കുന്ന ഹൈടെൻഷൻ ഇലട്രിക്ക് ലൈനിന് തൊട്ടരികിൽ തന്നെയാണ് അവരുടെ 'താമസ സ്ഥലം' എന്നത് വളരെ പ്രകോപിതമായ ചിന്തകൾ പകർന്നു ..
തൊഴിലാളി ക്ഷേമത്തിന് കണിശമായ മാർഗ നിർദ്ദേശങ്ങൾ ഉള്ള സ്ഥലമാണ്
യു എ ഇ, പക്ഷെ അപൂർവ്വമെങ്കിലും ഇതുപോലെ വിദൂരമായ ഇടങ്ങളിൽ പ്രാകൃതമായ ജീവിതാവസ്ഥയിൽ ചില പ്രവാസികളെങ്കിലും ജീവിക്കുന്നുണ്ട് ...
"ഈ കുറുക്കന്റെ കാൽപാടുകൾ ??"
വിഷയം മാറ്റാണെന്നവണ്ണം ഞാനവനോട് ചോദിച്ചു...
"പൂച്ചയോളം വലിപ്പമുള്ള കുറുക്കന്മാരാണ് മഹാ ശല്യങ്ങൾ; ആട് പെറ്റാൽ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോകും"
"അർബാബ്‌ കെണി തന്നിട്ടുണ്ട് അതിൽ പ്രാവിനെ വച്ചാൽ രാത്രി കുറുക്കൻ വരുമ്പോൾ പെടും , രണ്ടുവശത്തുനിന്നും കൈകൾ പോലെ കമ്പികൾ മുറുകും . "
"എന്നിട്ട് ??"
ആകാംഷ പൊട്ടിത്തെറിക്കും എന്നമട്ടിൽ ഞാൻ ചോദിച്ചു ..
"എന്നിട്ടെന്താ രാവിലെ ചത്ത കുറുക്കനെ എടുത്ത് ദൂരെ കൊണ്ടുപോയി കുഴിച്ചിടും"
ഓ മൈ അറേബ്യൻ റെഡ് ഫോക്‌സ് !
വയനാട്ടിൽ കാട്ട് പന്നിക്ക് തോട്ട വയ്ക്കുന്ന കർഷകരെ ഓർമ്മവന്നു..
"ഹായ് ശലഭ ലാർവകൾ !" എന്ന് നമ്മളും "ശല്യക്കാരൻ പുഴു" എന്ന് കർഷകരും പറയും രണ്ടും നേരുതന്നെയാണ് ..
ഈ രണ്ടു ഭാഷാദൂരങ്ങൾക്കും ഇടയിൽ സഞ്ചരിക്കാൻ മനസ്സ് എപ്പോഴും സജ്ജമായിരിക്കണം ...
"എന്തുമാത്രം പ്രാവുകലാണിവിടെ !" ശബ്ദത്തോടെയുള്ള ആത്മഗതം ..
"സർ, പ്രാവിനെ വേണോ ഇരുപത് ദിർഹം തന്നാൽ മതി !" യുവാവ് ആവേശത്തോടെ ചോദിച്ചു..
ഇല്ല ചങ്ങാതീ; "മാടപ്രാവുകളെ കൂട് കെട്ടി വളർത്താൻ സൗകര്യമുള്ള വില്ലകളിലൊന്നുമല്ല ഞങ്ങൾ താമസിക്കുന്നത് .. "
"ആരാണ് ഇവിടെ വന്ന് പ്രാവിനെയൊക്കെ വാങ്ങുന്നത്" സുജിത്ത് ചോദിച്ചു .
"അറബികൾ വരും സർ" ഒറ്റയടിക്ക് പത്തും പതിനഞ്ചുമല്ലാം വാങ്ങി പോകും .
"പ്രാവിനെ തൊലികളഞ്ഞ് വെട്ടി ഫാൽകണുകൾക്ക് കൊടുക്കും .. "
"അല്ലെങ്കിൽ തുറന്ന് വിട്ട് ഫാൽകൺ ഹണ്ടിങ്ങ് പരിശീലിപ്പിക്കാൻ എടുക്കും' ..
"ഞങ്ങളും ഇടക്ക് പ്രാവുകളെ കറിവയ്ക്കാറുണ്ട് ; നല്ല രുചിയാണ് .. "
യാത്രകൾ അനുഭവങ്ങളും അറിവുമാണ് ..
രണ്ടുപേർക്കും 'ചായക്കാശ്' എന്നുപറഞ്ഞ് കുറച്ചു പണം കൊടുത്ത് ഞങ്ങൾ തിരികെ പോന്നു ....
വെയില് തെളിയുന്നു. 'മണൽപാറകളിലെ' നിഴലുകളുടെ ചിത്രഭംഗി നഷ്ടപ്പെട്ടിരിക്കുന്നു ...
ഇനിയൊരു വൈകുന്നേരം പോകണം
സ്നേഹപൂർവം : കിരൺ കണ്ണൻ








Link to Facebook Post
Posted on Oct 10, 2020

അഭിപ്രായങ്ങള്‍