അബുദാബിയിലെ 'ചെമ്മീൻകെട്ടിൽ' പോയ കഥ !
"സ്വീഷ് ..!"
മാന്ത്രികദണ്ഡിന്റെ ഒരൊറ്റവീശലിൽ കാടും മലയും കടലും പുഴയും ആകാശവുമെല്ലാം മാറ്റിമറിയ്ക്കുന്ന മഹാമാന്ത്രികരുടെ വിസ്മയ ചിത്രകഥകൾ വായിച്ച് വളർന്ന ബാല്യമാണ് നമ്മൾ ഓരോരുത്തരുടെയുമല്ലേ !!
ഈ നാടിന്റെ കഥയും അങ്ങിനെയൊക്കെത്തന്നെയാണ് ... !
മഴക്കാടുകളിൽ കാട്ടുമുള കൂമ്പ്‌പൊട്ടി വളർന്നുയരുന്നത് പോലെയാണ് ഇവിടെ പുതിയ കെട്ടിടങ്ങളുണ്ടാകുന്നത് !
പുറത്ത് 60 ഡിഗ്രിയോടടുത്ത് തീച്ചൂളപോലത്തെ വെയിലിലും ഒരുകിലോമീറ്റർ ദൂരമുള്ള സ്‌നോ ട്രാക്കിലൂടെ ഐസ് ചിതറിച്ച് സ്കീയിങ്ങ് നടത്താൻ സൗകര്യമുള്ള നാടാണിത് ..
'അസാധ്യം' എന്ന വാക്ക് പരിചിതമല്ലാത്ത ഇടം ...
എല്ലാം 'ഓയിൽ മണി മാജിക്ക്' എന്നൊക്കെ എളുപ്പത്തിന് പറഞ്ഞുപോകാമെങ്കിലും അതുമാത്രമല്ല കാര്യം ..
യു എ ഇ യുടെ ഒപ്പം ഓയിൽ കണ്ടെത്തിയ പല രാജ്യങ്ങളുടെയും ഇന്നത്തെ പരിതാപകരമായ അവസ്ഥ ചില തിരിച്ചറിവുകൾ നമുക്ക് തരുന്നുണ്ട് ..
സ്വപ്നതുല്യമായ പ്രോജക്ടുകൾക്ക് ശാസ്ത്രത്തെ കൂട്ടുപിടിച്ച് നിക്ഷേപിച്ചാൽമാത്രമേ സുനിശ്ചിതമായ ഫലമുണ്ടാകൂ എന്ന തിരിച്ചറിവിനോടൊപ്പം ധീരതയും കൗതുകവും ചേരുന്നതാണ് യു.എ.ഇ യിലെ മെഗാ പ്രോജക്ടുകൾ !
ഞാനിന്ന് നിങ്ങൾക്ക് ഒരു 'മാന്ത്രികനെ' പരിചയപ്പെടുത്തി തരാം ..
ഡോക്ടർ ഗോപകുമാർ !!!
15 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ആദ്യമായി ഇവിടെ വരുന്നത് മത്സ്യകൃഷി ചെയ്യാനുള്ള സാധ്യത പഠിച്ചറിയിക്കാനുള്ള കൺസൽറ്റൻസി ജോലിയുമായിട്ടാണ് !
മറൈൻ ബയോളജിയിൽ പി.എച്.ഡി എടുത്തിട്ടുള്ള അദ്ദേഹം അബുദാബിയിലേക്ക് വരുംമുൻപ് തേവര സേക്രഡ് ഹാർട്ട് കോളേജിൽ (MG University) അധ്യാപകനായിരുന്നു .
അബുദാബിയുടെ സവിശേഷ സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിയാൽ ഒരു തുറന്ന ചെമ്മീൻ പാടത്തിനെകുറിച്ചെല്ലാം ചിന്തിക്കാൻ തന്നെ അപാര ധീരത വേണം ..
സാധാരണ ഗതിയിൽ കാലാവസ്ഥ പൂർണ്ണമായും ക്രമീകരിച്ച ഏതെങ്കിലും അടഞ്ഞ സ്പെയ്സിലുള്ള മത്സ്യകൃഷിയാണ് കൺസൽറ്റണ്ട് നിർദേശിക്കാനുള്ള സാധ്യത ; പക്ഷെ ഡോക്ടർ ഗോപകുമാർ മറൈൻ ബയോളജിയിൽ താൻ പഠിച്ചെടുത്ത ശാസ്ത്രപഠങ്ങളിൽ വിശ്വാസമർപ്പിച്ചു .
അബുദാബി നഗരത്തിനോട് ചേർന്ന ഷെയ്ഖിന്റെ ഒരു സ്വാകാര്യദ്വീപ് മത്സ്യകൃഷിക്കായി ലഭിച്ചു ദ്വീപിൽ 20 ഹെക്ടറിൽ നിർമ്മിച്ച മീൻകുളങ്ങളിൽ കടൽ വെള്ളം കയറ്റിയാണ് കൃഷി ആരംഭിച്ചത് ...
അന്തരീക്ഷ താപനില, വിപണി, ലോജിസ്റ്റിക്ക്, തീറ്റ, ബ്രീഡിങ്ങ് എന്നിങ്ങനെ എല്ലാ വെല്ലുവിളികളും ഇഴകീറി പരിശോധിച്ച് പരിഹാരം കണ്ടെത്തി !!
ഇന്ന് സാറ്റലൈറ്റ് മാപ്പിൽ "Bal Rumaid Island" എന്നു തിരഞ്ഞാൽ മീൻകുളങ്ങൾക്കിടയിലെ വീതികുറഞ്ഞ വരമ്പുകൾ മാത്രമുള്ള ഒരു വിചിത്ര ദ്വീപാണ് കാണുക ...
54 മീൻ കുളങ്ങളിലായി 80 ഹെക്ടറിൽ പ്രതിദിനം 2500 കിലോ ചെമ്മീൻ വിളവെടുക്കുന്ന ഫാമിംഗ് ഫെസിലിറ്റിയാണ് ദ്വീപ് ഇപ്പോൾ .. !!!
2.5 Tone / Day !!
ജനറൽ മാനേജർ എന്ന സാങ്കേതിക തസ്‌തികയിൽ ഇരുന്നുകൊണ്ട് യുനൈറ്റഡ് അറബ് എമിറേറ്റസിലെ ആദ്യത്തെ ചെമ്മീൻ പാടം പ്രായോഗികമാക്കി, അവിടുത്തെ ഓരോ സൂഷ്മ കാര്യങ്ങളിലും ഇടപെട്ട് ഡോക്ടർ ഗോപകുമാർ മുൻപറഞ്ഞ കഥയിലെ മാന്ത്രികനാകുകയാണ് !
തുടക്കം മുതലേ ഇന്ത്യൻ ഇനമായ 'നാരൻ ചെമ്മീനുകളെ' ( Fenneropenaeus indicus) ആണ് ഇവിടെ വളർത്തുന്നത് !
ഫാമിന് ആവശ്യമായ ചെമ്മീനുകളെ ബ്രീഡ് ചെയ്യുന്നതും ഇവിടെ തന്നെ ..
യാതൊരു മടിയുമില്ലാത്ത ഒരധ്യാപകനെപോലെ അദ്ദേഹം ഫാമിൽ ഓരോ ഭാഗങ്ങളും കാണിച്ച്, ബ്രീഡിങ്ങ് ടെക്നിക്കുകൾ, ചെമ്മീനുകളുടെ സവിശേഷതകൾ, വിപണി എല്ലാം ക്ഷമയോടെ പറഞ്ഞു തന്നു..
തള്ളചെമ്മീൻ ഒരു തവണ ഒരുലക്ഷത്തോളം മുട്ടകൾ ഇടും ..
ആൺചെമ്മീൻ അതിനും മുൻപേ ( ചിലപ്പോൾ ദിവസങ്ങൾക്കു മുൻപേ) പെൺ ചെമ്മീനിന്റെ ശരീരത്തിനടിയിൽ ഒരു സഞ്ചിപോലെ ലക്ഷക്കണക്കിന് സ്പേം സെല്ലുകൾ ഒട്ടിച്ചുവയ്ക്കും !
പ്രത്യേക ബ്രീഡർ തീറ്റ കൊടുത്തു വളർത്തുന്ന ചെമ്മീൻ ഇരുട്ടിലാണ് മുട്ടയിട്ടുക. മുട്ട ഇടുന്നതോടൊപ്പം അത് സ്വശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന 'സ്പേംബാഗ്' ചുരണ്ടി പൊട്ടിക്കുകയും ശരീരത്തിന് പുറത്ത് ഫെർട്ടിലൈസേഷൻ നടക്കുകയും ചെയ്യുന്നു .. ..
രാവിലെ മീൻ മുട്ടകൾ വെള്ളത്തിൽ നിന്ന് അരിച്ചെടുത്ത് അത്യാവശ്യത്തിന് കഴുകി കുഞ്ഞുങ്ങൾക്ക് ഭക്ഷിക്കാൻ ആവശ്യമുള്ള ആല്ഗകൾ നിറഞ്ഞ ടാങ്കിലേക്ക് മാറ്റുന്നു ..
ഫാമിൽ ഇതിനായി പ്രത്യകം ആല്ഗ വളർത്താനായുള്ള ലാബുണ്ട് ..
ഒരു ദിവസത്തിനകം മുട്ടകൾ വിരിയും !
കുഞ്ഞുങ്ങൾ ഒരു പ്രത്യേക വലിപ്പം എത്തിക്കഴിഞ്ഞാൽ അവയെ ദ്വീപിലെ മീൻ കുളത്തിലേക്ക് മാറ്റുകയും സാധാരണ തീറ്റി കൊടുക്കുകയും ചെയ്യും .
ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ചെമ്മീൻ മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത് എന്ന് കരുതരുത് ..
ദ്വീപിനകത്തും പുറത്തുമായി പല ഇൻഡോർ ഫാം ഫെസിലിറ്റികളിൽ, സീ ബാസ് , സീബ്രീം, ഹമോർ എന്തിന് മീൻ മുട്ടകൾക്ക് പൊന്നിന്റെ വിലയുള്ള കാവ്യർ മത്സ്യങ്ങളെ വരെ വളർത്തുന്നുണ്ട് ..
'റാസ്' R.A.S Recirculating Aqua Culture സാങ്കേതിക വിദ്യയിലാണ് അദ്ദേഹം ഇൻഡോർ ഫാമിംഗ് എല്ലാം ചെയ്യുന്നത് ...
സദാ ചലിച്ചുകൊണ്ടിരിക്കുകയും ബാഹ്യമായ ഫിൽറ്ററേഷൻ സിസ്റ്റത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യേക ടാങ്കുകളിൽ സാധാരണ ഉള്ളതിന്റെ പത്തിരട്ടി മീനുകളെ വരെ ഒരേ സമയം വളർത്താം എന്ന് അദ്ദേഹം ഉറപ്പ് തരുന്നു .. !
മറ്റുമത്സ്യങ്ങളുടെ ബ്രീഡിങ്ങിന് ആവശ്യമായ ഹോർമോൺ വ്യതിയാനങ്ങൾ ചില പ്രത്യേക വെളിച്ചവും താപ സംവിധാനങ്ങളും കൊണ്ട് സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്..
അബുദാബിയിൽ നിന്ന് വ്യത്യസ്തമായി റാസ് അൽ ഖൈമയിലെ RAS ഫാമിൽ ഉപ്പ് കുറഞ്ഞ ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നത് ഇവിടെ മത്സ്യകൃഷിയോടൊപ്പം പച്ചക്കറികളും ചേർന്ന അക്വാപോണിക്സ് രീതിയും പിന്തുടരുന്നുണ്ട് ..
ഏകദേശം മൂന്ന് നാലു മീറ്റർ വ്യാസവും ഒന്നര മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ ഒരേ സമയം നാലായിരം കിലോഗ്രാം മത്സ്യം വളർത്താം .. വർഷത്തിൽ ഇത്തരം ഒരു ടാങ്കിൽ നിന്ന് തന്നെ 50 ടൺ മത്സ്യം വരെ RAS സാങ്കേതിക വിദ്യവിയിൽ വളർത്തി വിളവെടുപ്പ് നടത്താം ...
കൃഷി നടത്താനുള്ള ഭൂമിയുടെയും വെള്ളത്തിന്റെയും ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ റീ സർകുലേറ്റിങ്ങ് അക്വ കൾച്ചർ ഏറ്റവും ഫലപ്രദമാണെന്നാണ് ഡോക്ടർ ഗോപകുമാർ പറയുന്നത് ..
ഇത് നമ്മുടെ കേരളത്തിലും വളരെ കുറച്ച് സ്ഥലം മാത്രമുള്ളവർക്ക് പരീക്ഷിക്കാവുന്ന മാതൃകയാണ് ..
നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം പരീക്ഷിക്കുന്ന ചെമ്മീനുകളുടെ RAS ഫാമിങ്ങ് മിഡിൽ ഈസ്റ്റിൽ ആദ്യമായി അബുദാബിയിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗോപകുമാർ .
ഈ രീതി ഇന്ത്യയിൽ ഇതേവരെ പരീക്ഷിച്ചിട്ടില്ല .
ഇനി അബുദാബിയിലെ സൂപ്പര്മാര്ക്കറ്റുകളിലോ ഫിഷ് മാർക്കറ്റിലോ 'Prawns Local' എന്നു കണ്ടാൽ ഈ കഥയിലെ മീൻവളരുന്ന ദ്വീപിനെക്കുറിച്ചോർക്കുക, കാരണം ഈ നാട്ടിൽ ഇവിടെ മാത്രമാണ് ചെമ്മീൻ കൃഷി ചെയ്യുന്നത് !!
തിരികെ പോരാൻ നേരം ഒരു വലിയ തെർമോകോൾ ബോക്‌സ് നിറയെ ചെമ്മീനും മറ്റു മീനുകളും സമ്മാനിച്ചാണ് വിശാലഹൃദയനായ മത്സ്യശാസ്ത്രഞ്ജൻ ഞങ്ങളെ ദ്വീപിൽ നിന്ന് ബോട്ട് കയറ്റി വിട്ടത് !!
ചെമ്മീനുകളുടെ ബ്രീഡിങ്ങ് വിശേഷങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഇനിയൊരിക്കൽ കൂടി ദ്വീപിൽ പോണം ..
ഇതൊക്കെ വായിച്ച് ആർക്കും എളുപ്പത്തിൽ പോകാവുന്ന ഇടമാണ് ഈ ഐലന്റ് എന്ന് തെറ്റിദ്ധരിച്ച് പോകരുത് ..
സ്നേഹിതനായ Javed Parvesh ന്റെ പ്രിയ മിത്രമാണ് ഡോക്ടർ ഗോപകുമാർ.
പണ്ട് ഞാനൊരിക്കൽ നാഗാലാന്റ് യാത്രയിൽ ജാവേദിന്റെ അതിഥിയായി ഗുവാഹത്തിയിൽ താമസിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഓർമ്മയാണ് ഗോപകുമാറിനെയും അദ്ദേഹം നയിക്കുന്ന ഫാമിനെയും കുറിച്ചുള്ളത്. .
മിസ്റ്റർ ജാവേദിന്റെ സ്‌പെഷൽ സ്‌പെഷൽ റെക്കമെന്റേഷനുകളോടെയാണ് വൾണറബിൾ ബയോസോണായ മരുഭൂമിയിലെ ചെമ്മീൻ കെട്ട് സന്ദർശിക്കാൻ അവസരം ഒരുങ്ങിയത് !!
എന്നോടൊപ്പം Sujith Prasad & Biju Dominic എന്നിവരുണ്ടായിരുന്നു..
ഈ പോസ്റ്റിൽ ഒരുപാട് ചിത്രങ്ങൾ ചേർത്തിട്ടുണ്ട്! അതിൽ മിക്കവയും സുജിത്ത് എടുത്തതാണ് !!
മത്സ്യ വളർത്തലിനെ കുറിച്ചുള്ള നിങ്ങളുടെ അറിവുകളും ചോദ്യങ്ങളും ഈ പോസ്റ്റിന് കീഴിൽ പങ്കുവയ്ക്കാൻ താത്പര്യപ്പെടുന്നു ..
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Oct 18, 2020












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ