ഒരു കല്ലും കുറച്ചു ഡിക്റ്ററ്റീവുകളും !!!

ഒരു കല്ലും കുറച്ചു ഡിക്റ്ററ്റീവുകളും !!!

എവിടെ ഹൈക്കിന് പോയിവന്നാലും "അച്ഛൻ കല്ല് കൊണ്ടുവന്നില്ലേ ?" എന്ന് സിഡ്‌ ആവേശത്തോടെ ചോദിക്കും ..
വടക്കൻ എമിറേറ്റുകളിലെ മലനടത്തങ്ങളിൽ കുഞ്ഞു സിഡും മീശക്കാരൻ നിഷാദും നിധി തിരയുന്ന ജിജ്ഞാസയോടെ കല്ല് പെറുക്കുന്നത് കാണാറുണ്ട്. !!
കഴിഞ്ഞ ദിവസം വിചിത്രമായ കടൽ രേഖകൾ പിന്തുടർന്ന് ഞാനും സുജിത്തും ബിജുവും നടത്തിയ യാത്രയെ കുറിച്ച് എഴുതിയിരുന്നല്ലോ ...
കണ്ടലുകൾക്കായി 'കടൽചതുരങ്ങൾ' 'വരക്കാൻ' മണ്ണ് ഡ്രഡ്ജ് ചെയ്തിട്ടിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത കല്ലുകളെകുറിച്ചാണ് ഈ ചെറു കുറിപ്പ് ..
മുൻപ് പല പോസ്റ്റുകളിലും സ്നേഹിതയായ Anjalee Radhakrishnan നെ കുറിച്ച് ഞാൻ സൂചിപ്പിച്ചിട്ടുള്ളത് ഓർമ്മയുണ്ടല്ലോ ..
അഞ്ജലിയുടെ ഫെയ്‌സ് ബുക്ക്ചുമരിൽ അവർക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയെക്കുറിച്ച് നിശബ്ദത പുലർത്താറുള്ളത് എന്നെ എന്നും അതിശയപ്പെടുത്തിയിട്ടുണ്ട് ..
അഞ്ജലി ജിയോളജിയാണ് പഠിച്ചതും ഗവേഷണം നടത്തിയതും. ഇന്ന് അവർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജിയോ സയന്റിസ്റ്റ് ആണ് ...
കല്ലുകളും ഫോസിലുകളുമെല്ലാം കയ്യിൽ കിട്ടുമ്പോൾ അഞ്ജലിയും നിഷാദുമാണ് എന്റെ പ്രിലിമിനറി റഫറൻസ് കോണ്ടാക്റ്റ് ..
ഏതെങ്കിലും വിഷയത്തിൽ ഗാഢമായ ഇഷ്ടമുള്ളവരോട് ആ വിഷയങ്ങൾ സംസാരിക്കാൻ എന്തു രസമാണെന്നോ !!
ഇതുങ്ങൾ രണ്ടും ക്ഷമാപൂർവം എല്ലാം വിശദീകരിച്ചു തരും ...
അഞ്ജലി ഏതൊക്കെയോ കല്ലുകൾ കുഞ്ഞു സിഡിന് പെറുക്കി വച്ചിട്ടുണ്ട് എന്നു പറയറുണ്ട് .. !!
എന്നാണാവോ ഈ അനുജത്തിയെ കാണാൻ പറ്റാ ...
~~~~
പറഞ്ഞു വന്നത് അവിടുന്ന് കണ്ടെടുത്ത വെള്ളാരം കല്ലിനെക്കാൾ വെളുപ്പുള്ള അബുദാബിയിൽ ഞാനധികമൊന്നും കണ്ടിട്ടില്ലാത്ത പുതിയ കല്ലിനെ കുറിച്ചാണ് ..
പൊതിച്ച തേങ്ങോളമുള്ള രണ്ട് കല്ലുകൾ !മുഴുത്ത ഉപ്പ് പരലിന്റെ രൂപ സാദൃശ്ച്യം !
ചുമ്മാ എടുത്ത് നക്കി നോക്കിയപ്പോൾ ഉപ്പ് രുചി ! ആ ഹാ ഇത് ഉപ്പ് കല്ല് തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒന്നൂടെ നോക്കിയപ്പോൾ പരലുപ്പ് ഇങ്ങനെ ഒറ്റ ക്രിസ്റ്റലായി കണ്ടിട്ടില്ല, മാത്രമല്ല ചില ഭാഗങ്ങൾ ഒക്കെ കടുത്ത റബ്ബറിനെപോലെ ... !
പെട്ടന്നാണ് വിഡ്ഢിത്തം മനസ്സിലായത് കടൽ തീരത്തു നിന്ന് എടുത്ത കല്ലിന് സ്വാഭാവികമായും ഉപ്പുരസം തന്നെയല്ലേ ഉണ്ടാവുക ..
കല്ല് വീട്ടിലേക്ക് കൊണ്ടുവന്നു; ഇനി എന്താണ് സംഭവം എന്ന് മനസ്സിലാക്കിയെടുക്കാതെ സ്വസ്ഥതയില്ല ..
അഞ്ജലിയും നിഷാദും ഭൂമിയുടെ രണ്ട് ഭാഗങ്ങളിലിരുന്ന് നിർദ്ദേശങ്ങൾ തരികയും ഞാൻ പരീക്ഷണങ്ങൾ നടത്തി നിരീക്ഷണവും ചിത്രങ്ങളും അവർക്ക് അയച്ചു കൊടുക്കുകയുമാണ് ..
1. ആദ്യം തിളക്കം ( ലക്സ്ച്ചർ ) മനസ്സിലാക്കണം :
Quartz ന്റേതും ഗ്ലാസ്സിന്റേതും വിട്രിയസ് ലക്സ്ച്ചർ, വജ്രത്തിന്റേത് - അൽമന്റൈൻ ലക്സ്ച്ചർ , ലോഹങ്ങളുടേത് മെറ്റാലിക്ക്
കയ്യിലുള്ള കല്ല് Quartz ആണെന്ന് തോന്നുന്നു ..
2. ഇല്ല കിരൺ അത് പറയാറായിട്ടില്ല ഇനി ടെക്‌സ്ചർ നോക്കണം !!
അതായത് തൊടുമ്പോൾ, ചില്ലുപോലെയാണോ മെഴുകോ സോപ്പോ പോലെയാണോ എന്നറിയണം ..
ചില്ലുപോലെയല്ല; ഇതിരികൂടെ സോപ്പി ആണ്.. ( വെള്ളത്തിൽ അലിയുന്നു എന്നർത്ഥമില്ല കേട്ടോ) കയ്യിലുണ്ടായിരുന്ന ക്വാട്ട്സുമായി താരതമ്യം ചെയ്തപ്പോഴാണ് ടെക്‌ചർ അതല്ല എന്നു മനസിലായത് ..
അഞ്ജലി ഇതിനകം ഒരുപാട് സാധ്യതകൾ വെട്ടി കളഞ്ഞിരിക്കും ..
3. ഇനി നഖം കൊണ്ട് രാകി നോക്കൂ നഖത്തിനാണോ കല്ലിനാണോ സാന്ദ്രതയും ഉറപ്പും എന്നു മനസ്സിലാക്കണം - Mohs scale of hardness എന്നൊരു റിലേറ്റീവ് ഹാർഡ്നെസ്സ് ഇന്റക്‌സ്‌ ഉണ്ട് (ഒന്നു മുതൽ പത്തുവരെ) ഇതിൽ വജ്രത്തിന്റേത് പത്തും സോപ് സ്റ്റോണിന്റേത് ഒന്നിനോടടുത്തുമാണ് ഇൻഡക്സ് വാല്യു! കൈ നഖത്തിന്റേത് ഏകദേശം 2.5 മോസ് സ്കൈൽ വാല്യു വരും . കൈ നഖം കൊണ്ട് രാകുമ്പോൾ കല്ല് പൊടിയുന്നു എങ്കിൽ അതിന്റെ മോസ് വാല്യു 2.5 നും കുറവായിരിക്കണം !!
ഷെർലക്ക് ഹോംസിന്റെ ഡിക്റ്ററ്റീവ് നോവലുകൾ വായിച്ചിട്ടില്ലേ? ഡാറ്റാ ടേബിൾ ഉണ്ടാക്കി സാധ്യതകൾ ഓരോന്നായി വെട്ടിമറ്റുന്നത് !!
കിരൺ ഇത് ഡോളമൈറ്റ് ആയിരിക്കുമോ ? കാൽസ്യം കാർബണേറ്റിൽ മെഗ്നീഷ്യം ചേർന്നുണ്ടാകുന്ന കല്ല് ?
ഈ ഭൂമേഖല അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല ..
ഇല്ല ഡോളമൈറ്റ് അല്ല ; കാരണം നഖം കൊണ്ടൊന്നും അത് ചുരണ്ടി മാറ്റാൻ പറ്റില്ല മൂന്നര മുതൽ നാലുവരെയാണ് അതിന്റെ മോസ് വാല്യു.
അതായത് നഖത്തേക്കാൾ കൂടുതൽ ..
ശെടാ .. കിരൺ നിരാശപ്പെടാതിരിക്കൂ നമുക്ക് കല്ലേതാണ് എന്നു കണ്ടുപിടിക്കാം ..
ഇതിനകം കൈപ്പള്ളി പതിവ് ശൈലിയിൽ കനപ്പെട്ട ജിയോളജി റിസർച് പേപ്പറുകൾ ഒക്കെ അയച്ചു തന്നു തുടങ്ങി. എനിക്കുണ്ടോ വല്ലതും മനസ്സിലാകുന്നു ..
അഞ്ജലി വീണ്ടും രംഗത്ത് വന്നു ..
ഡോളമൈറ്റ് അല്ലെന്ന് ഉറപ്പിക്കാൻ പറ്റില്ലാകേട്ടോ ജലത്തിൽ നിന്ന് പ്രസിപിറ്റേറ്റ് ചെയ്ത് രൂപം കൊള്ളുന്ന മിനറൽ സ്റ്റോണുകൾക്ക് കോംബോസിഷൻ ഒന്നു തന്നെയാണെങ്കിലും മറ്റു മാർഗങ്ങളാൽ രൂപപ്പെടുന്ന കല്ലുകളെക്കാൾ ഉറപ്പും സാന്ദ്രതയും കുറവായിരിക്കാൻ സാധ്യതയുണ്ട് ..
പുല്ല് വേണ്ടായിരുന്നു
ശാസ്ത്ര സാധ്യതകളും സങ്കീർണ്ണമായ കൊമ്പിനേഷനുകൾ മനസ്സിനെ വട്ട് പിടിപ്പിക്കുന്നു ..
അഞ്ജലി പ്രചോദിതമായ ഒരു സ്റേറ്റ്‌മെന്റ് പറഞ്ഞു പ്രപഞ്ചത്തിൽ ജീവനെയും ജലത്തിനെയും പോലെ കല്ലുകൾക്കും ഒരു ലൈഫ് സൈക്കിൾ ഉണ്ട് കിരൺ ..
Magmatic Crystalization, Metamorphic re Crystallization, Chemical precipitation, Diagenesis എന്നിങ്ങനെ പല കാരണങ്ങളാൽ കല്ലുകൾ രൂപം കൊള്ളാറുണ്ട് !!
ഭൗമാന്തർ ഭാഗത്ത് വലിയ ചൂടിലും, മർദ്ദത്തിലും മിനറൽ സ്റ്റോണുകളുണ്ടാവാം അതല്ലെങ്കിൽ ഉരുകി പുറത്തുവന്ന മാഗ്മ അന്തരീക്ഷത്തിലെയോ ഉപരിതലത്തിലെയോ മൂലകങ്ങളുമായി യോജിച്ച് കല്ലുകളുണ്ടാവാം ..
അഗ്നിപർവത ധൂളികൾ അടുക്കുപാറകളായി മാറാം, കാറ്റും ജലവും മൂലകങ്ങളെ ഒഴുക്കിയൊതുക്കി പാറകളാക്കി മാറ്റാം ..
ഏതെങ്കിലും ഒരു പ്രത്യേക മൂലകത്തിന്റെയോ ലളിതമായ കൊമ്പിനേഷനുകളുടെയോ കല്ലുകൾ ഉണ്ടാകണം എങ്കിൽ മേൽപറഞ്ഞ ഏത് സാഹചര്യത്തിലായാലും ആ പ്രത്യേക മൂലകങ്ങളുടെ സാന്ദ്രീകരണം.ഒരു മേഖലയിൽ ഉണ്ടാവണം ..
വിജനതയിൽ ഒട്ടുമേ ഭൗമ സാഹചര്യങ്ങളില്ലാത്ത ഒരിടത്ത് ഒരു പ്രത്യേക മിനറൽ സ്റ്റോണോ ലോഹകട്ടയോ കണ്ടെത്തിയാൽ സ്വാഭാവികമായും ഭൗമേത്തര സാധ്യതകൾ തിരയാവുന്നതാണ് ഉദാഹരണം ഉൽക്കകൾ .
നിർദ്ദേശിച്ച പരീക്ഷണങ്ങൾ തുടരുകയാണ് ...
4. കല്ല് നന്നായി കഴുകിയതിനു ശേഷം രുചിച്ചു - ഉപ്പുകല്ലല്ല
5. വിനാഗിരിയിൽ ഇട്ടു നോക്കൂ രാസപ്രവർത്തനമുണ്ടോ? രാസപ്രവർത്തനം ഇല്ല - പി എച് വാല്യു ന്യൂട്രൽ ആണ് എന്നർത്ഥം .
ഇതുവരെയുള്ള പരീക്ഷണ നിരീക്ഷണങ്ങളിൽ നിന്ന് കയ്യിലുള്ള കല്ല് ജിപ്സം ആണെന്ന് മനസ്സിലാക്കുന്നു ..
Gypsum is composed of calcium sulphate (CaSO4) and water (H2O).
Its chemical name is calcium sulphate dihydrate (CaSO4. 2H2O).
ഹൈഡ്രോകാർബണുകളുടെയും സൾഫറിന്റെയുമെല്ലാം മേഖലയാണ് ഇത് ..
കാൽസ്യം സൾഫേറ്റും രണ്ട് ജല തന്മാത്രകളും ചേർന്ന ക്രിസ്റ്റൽ നിർമിതിയായാണ് ജിപ്സം ..
മിക്കവാറും ഈ മൂലകങ്ങളുടെ ഉയർന്ന സാന്ദ്രത്തിയിൽ ജലത്തിൽ ക്രിസ്റ്റലൈസ് ചെയ്ത് രൂപം കൊണ്ടവയാകാമെന്നാണ് അഞ്ജലി പറയുന്നത് ..
ഒന്നര ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശുഭപര്യാപ്തി !!!
ഇത്രയൊക്കെ ആയ നിലക്ക് സ്വന്തമായി വികസിപ്പിച്ച ഒരു പരീക്ഷണം കൂടി ചെയ്തു നോക്കാമെന്നായി ഞാൻ ..
ഒരു കഷ്ണം ക്രിസ്റ്റൽ സ്റ്റോൺ പൊട്ടിച്ച് അടുപ്പിൽ വച്ച് ചൂടാക്കി ..
മറ്റു കല്ലുകളെ പോലെ അല്ല പെട്ടന്ന് തന്നെ സുതാര്യത നഷ്ടപ്പെട്ടു ചോക്കിനെ പോലെയായി ..
നൂറ്റിയിരുപത് ഡിഗ്രിയിൽ കൃത്യമായി ചൂടാക്കിയാൽ ജല തന്മാത്രകൾ 'പിടിവിട്ട്' നഷ്ടപ്പെട്ട് ഒരു യൂണിറ്റ് കാൽസ്യം സൾഫേറ്റ് തന്മാത്രയ്ക്ക് അര യൂണിറ്റ് ജല തന്മാത്രകളിലേക്ക് കല്ല് രൂപമാറ്റം ചെയ്യും..
അതാണ് പ്ലാസ്റ്റർ ഓഫ് പാരീസ് ..
നിമിഷ നേരം കൊണ്ട് ഒട്ടൊരുവിധം സുതാര്യമായ ക്രിസ്റ്റൽ സ്റ്റോൺ ചോക്കുപോലെയായി ..
കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ ഡെസർട്ട് റോസ് മുതൽ പല ഫോമുകളിൽ ജിപ്സം മേഖലയിൽ ലഭ്യമാണ് എന്ന് അഞ്ജലി പറഞ്ഞു ..
ഇനിയൊരിക്കൽ ജിപ്സം ക്രിസ്റ്റലൈൻ കല്ലുകൾ കണ്ടാൽ ഇതിനും എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാം എന്നു തോന്നുന്നു ...
കൂട്ടുകാർക്ക് നന്ദി !!
Sujith Prasad Biju Dominic
സ്നേഹപൂർവം : കിരൺ കണ്ണൻ








Link to Facebook Post
Posted on Oct 26, 2020

അഭിപ്രായങ്ങള്‍