അസാധാരണമാംവിധം പവിത്രമായ എന്തോ ഒന്ന് ഉപ്പിലുണ്ട് ..
നിന്റെ കണ്ണുനീരിലും കടലിലുമുള്ളത് !
~ ഖലീൽ ജിബ്രാൻ~
സാന്ദ്രലായനിയിൽ നിന്ന് ഉപ്പുപരലുകളുണ്ടാക്കുന്നത് എളുപ്പമുള്ള പ്രക്രിയയാണ് ..
ഒരു ലായനിയിയിൽ പ്രാഥമികമായി രണ്ട് ഘടകങ്ങളാണ് ഉള്ളത് എന്നറിയാമല്ലോ
1. Solute - ലേയം
2. solvent - ലായകം
ലളിതവൽക്കരിച്ച് പറഞ്ഞാൽ കടൽ വെള്ളം എന്നത് സോഡിയം ക്ലോറൈഡ് 'Solute' (ഉപ്പ്) ഡൈഹൈഡ്രജൻ മോണോക്സൈഡിൽ 'Solvent' ( ജലം )ൽ അലിഞ്ഞു ചേർന്നതാണ് .
( സോഡിയം ക്ളോറൈഡ് കൂടാതെ മറ്റനേകം രാസവസ്തുക്കൾ.കടൽ വെള്ളത്തിൽ അലിഞ്ഞും അലിയാതെയും ചേർന്നിട്ടുണ്ട് തൽകാലം അവയെകുറിച്ച് ഈ പോസ്റ്റിൽ പറയുന്നില്ല ) .
എന്താണ് മിശ്രിതം ( Mixture ) ?
എന്താണ് സസ്‌പെൻഷൻ ( Suspension ) ?
എന്താണ് ലായനി ( solution ) ?
അരിയും കല്ലും പോലെ രണ്ടുവസ്തുക്കൾ തമ്മിൽ വിശേഷിച്ച് ഒരു ബന്ധവുമില്ലാതെ ഇടകലർന്നിട്ടിക്കുന്നതിനെയാണ് മിശ്രിതം എന്നുപറയുക ..
ചില മിശ്രിതങ്ങളിൽ ഘടകങ്ങളെ തരം തിരിക്കാൻ അല്പം പ്രയാസമാണെങ്കിലും സൂഷ്മമായി ശ്രമിച്ചാൽ നമുക്ക് കണ്ണുകൊണ്ടോ സൂഷ്മദര്ശിനി ഉപയോഗിച്ച് നോക്കിയോ മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിച്ചെടുക്കാം ..
ഏതെങ്കിലും ദ്രാവകത്തിലോ വാതകത്തിലോ അലിഞ്ഞു ചേരാതെ ചുമ്മാ കലങ്ങി ഇരിക്കുന്ന ഖരശകലങ്ങളെ സസ്പൻഷൻ എന്നു പറയും, പുകമഞ്ഞും, ആന്റിബയോട്ടിക്ക് മരുന്നുകൾ വെള്ളമൊഴിച്ചു കുലുക്കി ഉണ്ടാക്കുന്നതും, അന്തരീക്ഷവായു കലർത്തി മൂക്കിലടിക്കുന്ന ഇൻഹൈലർ വാതകവുമെല്ലാം സസ്പെന്ഷനുകൾ ആണ് ..
നമ്മുടെ ഈ പോസ്റ്റ് ഉപ്പിനെ കുറിച്ചാണ് !
ഉപ്പ് വെള്ളം നമുക്കല്ലാമറിയുന്നതുപോലെ ഒരു ലായനിയാണ്, എന്താണ് ലായനി .. വസ്തുക്കളുടെ ഓരോ തന്മാത്രകളും പരസ്പരം 'തൊട്ടുതൊട്ടിരിക്കാൻ' സാധിക്കാത്ത രീതിയിൽ സോൾവെന്റിന്റെ തന്മാത്രകൾ സൊല്യൂട്ടിന്റെ തന്മാത്രകളോട് ചേർന്നിരിക്കുന്നതിനെയാണ് ലായനി എന്ന് പറയുന്നത് ..
അങ്ങിനെ സംഭവിക്കണമെങ്കിൽ രണ്ടു പദാർത്ഥങ്ങൾക്കിടയിലെ അയോണുകൾ പ്രത്യേക രീതിയിൽ ആകർഷിക്കപ്പെട്ടും ഒരേ വസ്തുവിന്റെ തന്മാത്രകൾ പരസ്പരം വികർഷിക്കപ്പെടുകയുമെല്ലാം കഴിയേണ്ടതുണ്ട് ..
രാസ ദ്രുവത ( Chemical Polarity ) എന്ന പ്രതിഭാസം മൂലമാണ് ഇത് സംഭവിക്കുന്നത് .
ഈ സവിശേഷതയുള്ള രണ്ട് വസ്തുക്കൾ ആണെങ്കിൽ അവ പരസ്പരം ലയിക്കും ..
പക്ഷെ ആ പരസ്പരം ഒരിക്കലും രാസബന്ധനത്തിൽ ഏർപെടുകയോ പുതിയ പദാർത്ഥമായി മാറുകയോ ചെയ്യില്ല ..
ലായനിയിൽ നിന്ന് നമുക്ക് ഘടകങ്ങളെ ചുമ്മാ തരം തിരിച്ച് എടുക്കാനൊന്നും സാധിക്കില്ല ...
കടലിൽ ഉപ്പുരുചിയുള്ള വെള്ളമുണ്ടായിട്ടും എന്തുകൊണ്ടാണ് കടലിനടിയിൽ ഉപ്പ്കല്ലുകളും പാറകളും പൊതുവെ ഇല്ലാതിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ ??
നമ്മളൊക്കെ പഠിച്ചതുപോലെ ഒരു ലായനിയിൽ ഇനി ഒരു തുണ്ട് ലേയത്തിന് അലിയാൻ സാധിക്കാത്ത അത്രയും അവസ്ഥ വരുന്നതുവരെ പദാർത്ഥം അലിഞ്ഞുകൊണ്ടിരിക്കും ..
ഇനി അലിയാനാകില്ല എന്ന അവസ്ഥയിൽ എത്തിയാൽ അതിനെ പൂരിത ലായനി എന്നു പറയും ...
പൂരിത ലായനി ആവാതിടത്തോളം കാലം അലിഞ്ഞു ചേർന്ന വസ്തുക്കൾക്ക് തിരിച്ച് അവയുടെ ക്രിസ്റ്റലൈൻ ഫോമിലേക്ക് മാറാൻ യാതൊരു 'താൽപര്യംവും' "ഉണ്ടാകില്ല ..
ഉപ്പിന്റെ പൂരിത ലായനിയിൽ അല്പംകൂടി ഉപ്പ് ലയിപ്പിക്കണം എങ്കിൽ നമുക്ക് വെള്ളം ചൂടാക്കിയാൽ മതി ..
ഉയർന്ന ഊർജനിലയിൽ രണ്ടു വസ്തുക്കളുടെ തന്മാത്രകൾ പരസ്പരം ഇഴുകി ചേരാനും രാസ ദ്രുവത മൂലം പറ്റിച്ചേർന്നിരിക്കാനുമുള്ള കൂടുതൽ സാഹചര്യവുമാണ് തിളപ്പിക്കലിലൂടെ സംഭവിക്കുന്നത് ...
ഇതൊക്കെയാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ ലായനിയിൽ സാൾട്ട് ലയിപ്പിക്കാൻ സാധിക്കില്ല ..
എന്താണ് അതിന് കാരണം ??
ഉപ്പ് തന്മാത്രകൾ വേറിടീച്ച് സ്വന്തം ജലതന്മാത്രകളോട് ചേർത്തുനിറുതാൻ മാത്രം ജലതന്മാത്രകൾ സിസ്റ്റത്തിൽ തികയാതെ വരുമ്പോഴാണ് ഉപ്പ് അലിയാതെ കിടക്കുന്നതും തിരിച്ച് പരലുകൾ ആകാൻ 'ശ്രമിക്കുകയും' ചെയ്യുന്നത് ..
ഞാനീ എഴുതിയ കാര്യങ്ങളെല്ലാം കുഞ്ഞു ക്ലാസ്സുകളിൽ നമ്മൾ പഠിച്ചതാണ് ..
പല പല കുഞ്ഞു ശാസ്ത്ര വിശേഷങ്ങളും നമ്മൾ പാടേ മറന്നുപോകുന്നത് വലിയൊരു സങ്കടമാണ് ...
ശാസ്ത്രലഹരിയുടെ ആ ഓർമകൾകൂടിയുണ്ടെങ്കിൽ നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങൾ ഇനിയുമിനിയും ഒരുപാട് മനോഹരമായി തോന്നും ...
കാരണം ഒരു ദൃശ്യത്തിന്റെ പലപല മാനങ്ങളാണ് നമ്മൾ അങ്ങിനെ കാണുന്നത് !
കഴിഞ്ഞ ആഴ്ച്ച അബുദാബിയിയിലെ ഒരു ഉപ്പുപാടം കാണാൻ പോയിരുന്നു ..
ആരും നിർമ്മിച്ചതൊന്നുമല്ല, അബുദാബിയുടെ പല ഭാഗങ്ങളും സമുദ്രനിരപ്പിനോളമോ അതിലും താഴെയോ ആണ് ..
തീരദേശത്തുള്ള ചില സമതല മേഖലകളിൽ വർഷത്തിൽ ഒരു തവണ മാത്രമൊക്കെയാണ് ഉപ്പുവെള്ളം കടലിൽ നിന്ന് കയറാറുള്ളത് ..
പക്ഷെ വേനൽ ആകുന്നതോടെ ആ വെള്ളം മേഖലയിൽ ബന്ധിതമാകുകയും ചൂട് കൂടുമ്പോൾ ലായനി ഉപ്പിനെ വിട്ട് നീരാവിയായി സ്വതന്ത്രമായിതുടങ്ങുകയും ചെയ്യും ..
അത് സോൾവന്റ് ~സൊല്യൂട്ട് സിസ്റ്റതിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും ഉപ്പ് വീണ്ടും സ്വതന്ത്രമായ ക്രിസ്റ്റലുകൾ ആയി തുടങ്ങുകയും ചെയ്യും ..
ഇന്ത്യയിലെ 'റാൺ ഓഫ് കച്ച്', ബൊളീവിയയിലെ 'സലാർ ഡി ഉയൂനി' (Salar de Uyuni), എത്യോപിയായിലെ ഡനാകിൽ മരുഭൂമി എന്നിവയെല്ലാം വളരെ വലിയ ഉപ്പ് സമതലങ്ങളാണ് !!
ഭൂമിയുടെ അടിയിലേക്ക് ആഴ്ന്നുപോയി വറ്റിയ ഉപ്പ് തടാകങ്ങളും കടലുകളും ഭൂമിക്കടിയിൽ വലിയ ഉപ്പ് പാറകൾ സൃഷ്ച്ചിട്ടുണ്ട് ..
ഹിമാലയത്തിന്റെ വടക്കേ താഴ്വരകളില് എവിടെയൊ ഉപ്പിന്റെ വലിയ ഖനികൾ ഉണ്ട് .. പിങ്ക് നിറത്തിലുള്ള ഹിമാലയൻ സാൾട്ട് ജനപ്രിയമാണ് എന്നതുകൊണ്ട് തന്നെ അമിതമായ മൈനിങ്ങ് ആക്ടിവിറ്റി മേഖലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് !!
ജോർദാനിലെ ചാവുകടൽ, കരകൾക്ക് ഇടയിൽ ബന്ധിതമായി വറ്റികൊണ്ടിരിക്കുന്ന ഉപ്പിന്റെ പൂരിത ലായനിയാണ് ..
ചാവുകടലിൽ അതുകൊണ്ട് തന്നെ വലിയ ഉപ്പ് പാറകളും ഉപ്പുപരലുകളുമെല്ലാം കാണാം ...
അധികമായി ഉപ്പ് നമ്മുടെ ശരീരത്തിന് നല്ലതല്ല; അതുകൊണ്ടാണ് ഒരു റിപ്പയർ മെക്കാനിസമായി ഉപ്പ് തിന്നാൽ വെള്ളം കുടിക്കാൻ തോന്നുന്നത് ..
വിയർത്തവന്റെയും കരഞ്ഞവന്റെയും കവിളിൽ ഉപ്പ് പൊടിയുന്നത് എന്താണെന്ന് നമുക്കിപ്പോൾ മനസ്സിലായി കാണുമല്ലോ !
There must be something strangely sacred in salt. It is in our tears and in the sea.
Khalil Gibran
സ്നേഹപൂർവം : കിരൺ കണ്ണൻ
#scienceinaction
പോസ്റ്റിൽ ചേർത്തിരിക്കുന്ന സുജിത് എടുത്ത ചിത്രങ്ങൾ അബുദാബിയിലെ ഉപ്പ് പാടങ്ങളുടെയും വരണ്ട സമതല മേഖലകളുടേതാണ്








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ