മരുഭൂമിയിലെ മാൻപേടകൾ !

മരുഭൂമിയിലെ മാൻപേടകൾ !

മണലിൽ കുതിച്ചു പായുന്ന ഒരിനം മാനുകളുണ്ട് , മണലും വെളുപ്പും കലർന്ന നിറം , ഊർജ്വസ്വലമായ പ്രകൃതം.
അറേബ്യൻ ഗസലുകൾ !
അബുദാബിയുടെ കഥ തുടങ്ങുന്നത് തന്നെ സാഹസികനായ ഒരു ബദൂവിയൻ യുവാവ് വെള്ളമന്വേഷിച്ച് റൂബ്-അൽ-ഖാലി (Empty Quarter) എന്ന മഹാ മരുഭൂമിയുടെ ഓരത്തുള്ള ലിവ ഒയാസിസിൽ നിന്ന് ഒരു അറേബ്യൻ ഗസലിനെ പിന്തുടർന്ന് ദ്വീപിൽ എത്തിച്ചേരുന്നിടത്തുനിന്നാണ് ...
വായ്മൊഴികളിലൂടെ പറഞ്ഞ് പതിഞ്ഞ പത്ത്മുന്നൂറ് വർഷങ്ങൾക്ക് മുൻപേ നടന്ന കഥ !
അബു എന്നാൽ അറബിയിൽ പിതാവ് എന്നാണർത്ഥം, ദാബി എന്നാൽ ഗസൽ എന്നും .. ഗസലുകളുടെ പിതാവ് എന്നോ ഗസലുകളുടെ നാടെന്നോ ഉള്ള അർത്ഥത്തിലാണത്രെ ഈ ഉപദ്വീപിന് 'അബുദാബി' എന്ന പേര് വീണത് !!
ഗസലിനെ പിൻതുടർന്ന യുവാവിനെ തേടി മണൽകടലിനുമുകളിലൂടെ സഞ്ചരിച്ച ഗോത്രജനത തങ്ങളുടെ സംസ്കൃതിക്ക് വളർന്നുപുലരാൻ പുതുപുത്തൻ ഭൂമികയാണ് കണ്ടെത്തിയത് !!
യു എ ഇ യുടെ എക്കാലത്തെയും പ്രിയ നേതാവ് ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ പൂർവപിതാമഹനായിരുന്ന Shakhbut bin Dhiyab Al Nahyan ആണ് അറേബ്യൻ ഗസലിനെ പിൻതുടർന്ന് ആദ്യമായി ഈ ദ്വീപിൽ എത്തിയ സാഹസികൻ എന്നു പറയപ്പെടുന്നു . !
അരയൊപ്പം താഴ്ന്ന് പോകുന്ന ചുട്ടുപഴുത്ത മണലിന്റെ മഹാമലകളെ പിന്തുടർന്ന പ്രാചീന ഗോത്രം ...
മണൽപരപ്പിന് ഏതാനും മീറ്റർ താഴെ മനുഷ്യ വംശത്തിന്റെ തന്നെ ഭാഗധേയം മാറ്റിമറിക്കാൻ പോന്ന കറുത്ത പൊന്നിന്റെ ഭൂർഗർഭ തടാകങ്ങൾക്ക് മേലെയാണ് തങ്ങളും തങ്ങളുടെ ഒട്ടകങ്ങളും നടന്നു പൊയ്കൊണ്ടിരിക്കുന്നതെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല ...
അബുദാബി എന്ന പുതിയ ദ്വീപ് ചിപ്പിമുത്ത് വാരാനും, മീൻ പിടിച്ച് ഉണക്കാനും ഈന്തപ്പഴം ശേഖരിക്കാനുമെല്ലാം അവർക്ക് വളരെ സഹായകമായി ...
കഴിഞ്ഞ വാരാന്ത്യം ലിവാ മരുഭൂമിയുടെ ഒരു ഓരത്തേക്കാണ് ഞങ്ങൾ പോയത് ..
മദിനദ്‌ സയിഡ്, ബദാസായിദ് പ്രധാന ഹൈവേയിലൂടെയല്ല മറിച്ച് മരുഭൂമിക്ക് കുറുകെ പോകുന്ന ഇരുവഴിറോഡിലൂടെ !
മണലോളങ്ങളുടെ നിമ്നോന്നതികൾ കാറ്റിൽ ചുഴറ്റുന്ന റിബണിന്റെ തരംഗഭംഗി പകരുന്ന റോഡ് !!
യു എ ഇ യിലെ ഏറ്റവും വലിയ ഓൺഷോർ ഓയിൽ ഫീൽൽഡ് ആണ് ഈ മേഖല ...
വഴിയിൽ പലയിടത്തും ഡ്രില്ലിംഗ്, ഓയിൽ വെല്ലുകൾ, പിഗ് ലോഞ്ചിങ്ങ് വാൽവുകൾ എന്നിവയെല്ലാം കാണാം ..
ഈ മണൽകടലിന്റെ ഉള്ളിൽ വലിയ ഓയിൽ റിഫൈനറികളുണ്ട് ..
ഇത് വായിക്കുന്ന മലയാളികൾ പലരും അവിടെയൊക്കെ ജോലി ചെയ്യുന്നവരാകാം ...
അബ്‌ഷാൻ റിഫൈനറിയിൽ നിന്ന് സൾഫർ മുതലായ ഖരവസ്തുക്കൾ റുവൈസിലേക്ക് എത്തിക്കുന്നത് എത്തിഹാദ് റെയിൽ ഉപയോഗിച്ചാണ് ...
ലിവാ മരുഭൂമി ഒരിക്കലും നമ്മളെ മടുപ്പിക്കില്ല ..
മനുഷ്യനെ നിസ്സാരനാക്കാനുള്ള എന്തോ ഒരു മാജിക്കൽ ഏലമെന്റ് ആ വന്യ ദൃശ്യങ്ങളിലുണ്ട് ... !
കാഴ്ചകളും അനുഭവങ്ങളും തീരുന്നില്ല
സ്നേഹപൂർവം : കിരൺ കണ്ണൻ
(ഈ പോസ്റ്റിലെ നല്ല ചിതങ്ങൾ എല്ലാം Sujith Prasad എടുത്തതാണ് )




Link to Facebook Post
Posted on Oct 4, 2020


അഭിപ്രായങ്ങള്‍