അബുദാബിയിയിലെ വിചിത്ര രൂപങ്ങളെ തേടിപോയ ത്രസിപ്പിക്കുന്ന വെള്ളിയാഴ്ച്ചയുടെ കഥ !!!

അബുദാബിയിയിലെ വിചിത്ര രൂപങ്ങളെ തേടിപോയ ത്രസിപ്പിക്കുന്ന വെള്ളിയാഴ്ച്ചയുടെ കഥ !!!

ജീവിതത്തിനെ "ജിജ്ഞാസ" എന്ന ഒറ്റവാക്കിൽ നിർവചിക്കാവുന്ന ചിലർക്ക് മാത്രം ഇഷ്ടമായേക്കാവുന്ന കുറിപ്പാണിത് ..
അബുദാബിയുടെ സാറ്റലൈറ്റ് മാപ്പുകളിൽ കുറച്ചു നാളുകളായി ഞങ്ങളിൽ ചിലരെ കുഴക്കിക്കൊണ്ടിരിക്കുന്ന കടലോരത്തെ ചില വിചിത്ര നിർമിതികളുണ്ട് ; ഞാനും സുജിത്തും ബിജുവും നിഷാദുമല്ലാം അതെതെന്തായിരിക്കാം എന്ന് പല ചർച്ചകളും നടത്തി ...
ഹോളീവുഡ് ഫാന്റസി സിനിമകളിലെ 'ക്രോപ്പ്സർക്കിളുകൾ' പോലെ എലിയൻ നിര്മിതികളുടെ നിഗൂഢഭംഗിയുണ്ടെങ്കിലും അവയെല്ലാം മനുഷ്യ നിരർമിതമാണ് എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു ...
അബുദാബി ഐലന്റിന് നൂറു കിലോമീറ്റർ അകലെ തീരത്തോട് ചേർന്നാണ് ആദ്യ നിർമ്മിതികൾ ..
ഏകദേശം ഇരുപത് കിലോമീറ്റർ ദൂരമുള്ള തീരം പത്തുമുതൽ പതിനഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് നൂറുകണക്കിന് ദീർഘ ചതുരങ്ങളായി മുറിച്ചുവച്ചിരിക്കുന്നു !!
മണലിന്റെ ക്യാൻവാസിൽ അറേബ്യൻ ഗൾഫിലെ ജലരേഖകളുടെ മരതകപച്ച !!
സാറ്റലൈറ്റ് മാപ്പിൽ വിസ്മയിപ്പിക്കുന്ന കാഴ്ച്ചയാണത്ത് !!
ഇനിയൊന്ന് അബുദാബി മെയിൻ ഐലന്റിൽ നിന്നും നൂറ്റമ്പതോളം കിലോമീറ്റർ മാറിയാണ് !
ആഴം കുറഞ്ഞ കടൽകരയിലെ മണൽ വൃതങ്ങൾ !! രണ്ടു കിലോമീറ്ററോളം വരുന്ന കടൽതീരത്ത് വെള്ളത്തിന് കീഴെ ആയിരക്കണക്കിന് മണൽ വൃത്തങ്ങൾ !!
ഈ പോസ്റ്റിലെ ആദ്യ രണ്ടു ചിത്രങ്ങളും ഞങ്ങളിൽ ചോദ്യങ്ങളുടെ വിസ്മയത്തിരമാലകൾ സൃഷ്ടിച്ച സാറ്റലൈറ്റ് ഇമേജുകളാണ് .. !!
ഒരു ചോദ്യം മനസ്സിലുദിച്ചാൽ രണ്ടുമൂന്ന് ഓപ്‌ഷനുകളാണുള്ളത്
1. ചോദ്യം വിഴുങ്ങി മനസ്സിന് ദഹനക്കേട് പിടിച്ച് സാധാരണപോലെ ജീവിക്കുക .
2. നമുക്കിഷ്ടമുള്ളതുപോലെ ഒരു ഒരു കഥമെനഞ്ഞ് തോന്നിയവരോട് തോന്നിയത് പറയുക .
3. സാധ്യമായ രീതിയിൽ നേരായ വഴികളിലൂടെ ഉത്തരം തേടാൻ ശ്രമിക്കുക !
ഈ വെള്ളിയാഴിച്ച പുലർച്ചെ മൂന്നര ആയപ്പോഴേക്കും ബിജു ഡൊമനിക് അലൈനിൽ ഇന്ന് അബുദാബിയിലേക്ക് തിരിച്ചു, ഞാനും സുജിത്തും അതുപോലെതന്നെ വെളുപ്പിന് ഉണർന്ന് കുളിച്ച് ഒരു ദിവസം മുഴുവനും നീളുന്ന എക്സപഡിഷനു തയ്യാറായി ..
വഴിയിൽ ബിജുവിനെയും കൂട്ടി. ആദ്യത്തെ ഇരുപതു കിലോമീറ്റർ സ്‌ട്രച്ചിലെ ഭൗമചിത്രണങ്ങളിൽ സൂര്യൻ ഉദിക്കുന്നതിന് മുൻപേ എത്തണം !!
സൈറ്റിലേക്ക് കൃത്യമായി റോഡ് കണക്ടിവിറ്റി ഗൂഗിൾ മാപ്പിൽ ഇല്ല കുറച്ചു ദൂരം ഓഫ് റോഡ് ഡ്രൈവ് വേണ്ടിവന്നു ; സുജിത്തിന്റേത് വലിയ ടയറുകൾ ഒക്കെയുള്ള ഒരു ഫോർവീൽ ഡ്രൈവ് വാഹനമാണ് ...
കടലിനുള്ളിൽ ഏതോ ഒരു ഷെയ്ക്കിന്റെ സ്വകാര്യ ദീപിലേക്കുള്ള വഴി തുടങ്ങുന്നത് ഈ പ്രത്യേക പ്രദേശത്തുനിന്നാണ് ; മെഷീൻ ഗണ്ണുകൾ ഒക്കെയായി മിലിട്ടറി കാവൽ നിൽക്കുന്ന കെടുക്കാച്ചി സീൻ !
മഞ്ഞ് മാറി സൂര്യൻ ഉദിക്കാനൊരുങ്ങുതേയുള്ളൂ ..
അതിരാവിലെ വെടി കൊള്ളാൻ താത്പര്യമില്ലാത്തതിനാൽ തീരത്തുകൂടി അരക്കിലോമീറ്ററോളം വേണ്ടിയോടിച്ച് വെടിയുണ്ടകൾ എത്താത്തൊരു ദൂരത്ത് പാർക്ക് ചെയ്തു !!
രാവിലെ സൂര്യനുദിക്കും മുൻപുള്ള ബ്ലൂ അവറിൽ കടലിലേക്ക് അനന്തമായി പരന്നു കിടക്കുന്ന മണൽ ചതുരങ്ങൾ !!
എക്സൈറ്റ്‌മെന്റ് തീരുന്നില്ലല്ലോആശാനേ!! ഏതോ ഭൗമേതര ഗ്രഹത്തിലെത്തുപോലെ ... !!!
അഞ്ചോ ആറോ.അടി ഉയരമുള്ള ശരീരത്തിലെ കണ്ണുകളിൽ കാണുന്ന ദൂര ദൃശ്യത്തിന് പരിമിതിയുണ്ട് !!
ദൂരക്കാഴ്ചയിൽ മഞ്ഞ് മൂടുന്ന പോലെ ...
വ്യതിരിക്തമായ ചതുരങ്ങൾ ദൂരേക്ക് തിരിച്ചറിയുന്നില്ല .....
ഇരുവശത്തേക്കും അനന്തമായി മണൽ ചതുരങ്ങൾ പരന്ന് പരന്ന് കിടക്കുകയാണ് ...
ഇരുപത് കിലോമീറ്റർ കോസ്റ്റൽ ലൈൻ മുഴുവനും ... !!
എന്താണീ സംഭവം എന്നതിന് ഒരു ക്ലൂവും കിട്ടുന്നില്ല ! നേരം നന്നായി പുലരണം ആരെങ്കിലും ഈ വഴി വന്നാൽ ചോദിച്ചു മനസ്സിലാക്കാം ..
ഇനി ആരും വന്നില്ലെങ്കിൽ അരക്കിലോമീറ്റർ മാറി മിലിട്ടറി ഗെയ്റ്റിൽ ചെന്ന് മെഷീൻ ഗണ്ണുമായി നിൽക്കുന്ന പട്ടാളക്കാരോടായാലും ചോദിച്ചിട്ടേ ഇവിടുന്ന് പോകൂ എന്ന് ഞാൻ .. !
അധികം കാക്കേണ്ടി വന്നില്ല മിലിട്ടറി ഗെയ്റ്റിൽ നിന്ന് യൂണിഫോം ഇല്ലാത്ത ഒരു ഓഫീസർ തീരത്തുകൂടി ഫോർവീൽ ഡ്രൈവ് ഓടിച്ച് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു ..
കൈകൾ തലയ്ക്ക് പുറകെ പിടിച്ച് കമഴ്ന്നു കടക്കാൻ തയ്യാറായി നിൽക്കുമ്പോൾ മാന്യമായി അദ്ദേഹത്തിന്റെ പ്രഭാതവന്ദനം പതിവിന് വിപരീതമായി ഇംഗ്ലീഷിൽ തന്നെ ; ഗുഡ് മോർണിംഗ് ഗൈസ് !!
ആഹാ ! കൊള്ളാലോ !!
ഉമിനീര് വറ്റിയ തൊണ്ടനച്ച് തെല്ലുച്ഛത്തിൽ തന്നെ പ്രത്യഭിവാദനം ചെയ്തു !
ഇവിടെ മീൻ പിടിക്കാൻ പാടില്ല ; വെള്ളത്തിലും ഇറങ്ങരുത് കേട്ടോ !
അദ്ദേഹം മാന്യമായി നിർദ്ദേശിച്ചു .
ഫോട്ടോ എടുക്കുന്നതിന് കുഴപ്പമില്ലല്ലോ എന്ന ചോദ്യത്തിന് യാതൊരു കുഴപ്പവും ഇല്ല എന്ന മറുപടി !!
ഹൃദയം പെരുമ്പറ കൊട്ടിക്കുന്ന മില്യൻ ഡോളർ ചോദ്യം തൊണ്ടയിലൂടെ പുറത്തു ചാടി! ഇതെന്താണിതെല്ലാം? സാറ്റലൈറ്റ് മാപ്പിലെ ചിത്രങ്ങൾ മൊബൈലിൽ അദ്ദേഹത്തിന് കാട്ടികൊടുത്ത് ഞാൻ ചോദിച്ചു !!
ഇവിടെ ഗവണ്മെന്റ് കണ്ടൽ കാടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് !
അതിനെതിനാനിങ്ങനെ ചതുരങ്ങൾ ??
അബുദാബിയുടെ കോസ്റ്റ് ലൈൻ ഭൂരിഭാഗവും കടലിനൊപ്പം തന്നെയാണ് എന്നറിയാമല്ലോ ..
വിശാലമായ തീരത്ത് പല സ്ഥലങ്ങളിലും വർഷത്തിൽ ഒരിക്കലോ മറ്റോ മാത്രം വെള്ളം കയറുന്ന ഉപ്പുസമതലങ്ങളാണ് .
കണ്ടലുകൾക്ക് പക്ഷെ അതുപറ്റില്ല; ദിവസം രണ്ടു തവണ വേലിയേറ്റത്തിനും വേലിയിറക്കത്തിനും വെള്ളം കയറുകയും ഇറങ്ങുകയും വേണം ...
വളരെ താഴ്ന്ന ഇത്തരം ഭൂമിയിൽ കടൽ വെള്ളത്തിന് സുഗമമായി എത്താൻ അനേകം ചാലുകൾ നിർമ്മിച്ചാൽ ക്രമേണ കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കാനും അത് കണ്ടൽ കാടായി മാറ്റാനും സാധിക്കും !!
ഒരു ഇദ്യോഗസ്ഥൻ മാത്രമാണെങ്കിലും പെട്ടന്ന് അദ്ദേഹത്തെ കെട്ടിപിടിക്കാൻ തോന്നിപ്പോയി .. !!
സർക്കാർ ശതകോടി ഡോളറുകൾ ഒഴുക്കുന്ന നിശബ്ദ വിപ്ലവം !
മുൻപ് ഒരു പോസ്റ്റിൽ മഴക്കാടുകളിൽ കാട്ടുമുള മുളപൊട്ടുന്നതുപോലെ കെട്ടിടങ്ങൾ ഉയരുന്ന നാടാണ് യു എ ഇ എന്നെഴുതിയിരുന്നു ...
പക്ഷെ ഈ മരുഭൂമിയിൽ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും മാത്രമല്ല ഇതുപോലെ കാഴ്ച്ചപ്പാടുള്ള മഹാനിർമിതികളാൽ കണ്ടൽക്കാടുകളുടെ ഹരിത ചിത്രങ്ങളും വരയ്ക്കുന്നുണ്ട് !!
ഇവരുടെ ക്യാൻവാസ് വലുതാണ് , വളരെ വലുത് ! സ്വപ്നങ്ങളും ...
നേരം നന്നായി വെളുത്തു; മണൽ ചതുരങ്ങൾ കൂടുതൽ.തെളിഞ്ഞു എമ്പാടും കുഞ്ഞു കുഞ്ഞു കണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നു !!
ഇടച്ചാലുകളിൽ നിറയെ മീനുകൾ ! പക്ഷികൾ , മണലിൽ കുഞ്ഞു കുറുക്കന്മാരുടെ കാലടയാളങ്ങൾ !
വെള്ളത്തിനടിയിൽ മണൽ വൃതങ്ങളുടെ പുള്ളികുത്തിയ തീരത്തേയ്ക്കാണ് അടുത്ത യാത്ര ...
അതും ഒരു Mangrove Conservation പ്രോജക്റ്റ് ആണ് ...
ഗൂഗിൾ സാറ്റലൈറ്റ് ദൃശ്യത്തിന് വിരുദ്ധമായി വൃത്തങ്ങൾ ജലപ്പരപ്പിന് മുകളിൽ തന്നെ കാണാം ..
വേലിയിറക്കമാണ്, ആഴമില്ലാത്ത തീരങ്ങളിൽ കടൽ ഒരു കിലോമീറ്ററോളം പുറകിലോട്ട് വലിഞ്ഞിരിക്കുന്നു !!
കുഞ്ഞു കണ്ടൽ ചെടികളും അവയുടെ ആശ്ചര്യചിഹ്നം പോലെയുള്ള വേരുകളും മുകളിലേക്ക് എഴുന്നു നിൽക്കുന്നു !!
ഇവിടെ എഴുതി ഫലിപ്പിക്കാനാകാത്തത് സുജിത്തിന്റെ ചിത്രങ്ങൾ പറയും ...
സ്നേഹപൂർവം : കിരൺ കണ്ണൻ









Link to Facebook Post
Posted on Oct 25, 2020

അഭിപ്രായങ്ങള്‍