ബു-ത്തിനയിലെ ഡുഗോങ്ങുകൾ !!!
ലോകമാകെയുള്ള പരിസ്ഥിതിവിസ്മയങ്ങൾക്കായി "New7Wonders of Nature" എന്നപേരിൽ 2007 മുതൽ 2011 വരെ നീണ്ടു നിന്ന ഒരു മത്സരം നടക്കുകയുണ്ടായി ...
പ്രാഥമിക സ്ക്രീനിംഗിന് ശേഷം വന്ന ഇരുപത്തിനാല് ഫൈനലിസ്റ്റ് എൻട്രികളിൽ പ്രത്യക്ഷപ്പെട്ട അബുദാബിയിലെ ഒരു കുഞ്ഞു ദ്വീപ് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു.. !
ബു-ത്തിന ! ( Bu Tinah island )
ഞാനടക്കം പലരും അന്നാദ്യമായാണ് ബു-ത്തിന എന്ന പേരുതന്നെ കേൾക്കുന്നത് ..
മരുഭൂമിനഗരത്തിന്റെ തെരുവോരങ്ങളിൽ അബുദാബി എൻവയോൺമെന്റ് ഏജൻസിയുടെ സംഘാടനത്തിൽ Bu Tinah ടീ ഷർട്ടുകളുമിട്ട് ക്യാമ്പയിൻ വോളണ്ടിയർമാർ നിറഞ്ഞു !!
മൊബൈലുകളിലെ ഇന്റർനെറ്റ് സർവസാധാരണമല്ലാതിരുന്ന കാലം ..
ഷോപ്പിങ്ങ് മാളുകളിലും കോർണിഷ് വാക്ക് വേയിലുമെല്ലാം ഓൺലൈൻ വോട്ടിങ്ങ് സൗകര്യമുള്ള കിയോസ്‌ക്കുകൾ !!
ബു-ത്തിന എന്ന കുഞ്ഞുദ്വീപ് ഒരു രാജ്യത്തിന്റെ അഭിമാനവും പേറി അന്ന് 'മത്സരിച്ചത്' ബ്രസീലിലെ ആമസോൺ മഴക്കാടുകൾ, ഓസ്‌ട്രേലിയൻ ഗ്രേറ്റ് ബാരിയർ റീഫ്, ടാൻസാനിയായിലെ കിളിമഞ്ചാരോ നാഷണൽ പാർക്ക്, ബംഗ്ലാദേശിലെ സുന്ദർബൻ മാൻഗ്രൂ പാർക്ക്, അയർലണ്ടിലെ ക്ലിഫ് ഓഫ് മോഹർ, അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്ക് എന്നിങ്ങനെയല്ലാമുള്ള വിശ്വവിഖ്യാത പ്രകൃതിവിസ്മയങ്ങളോടായിരുന്നു !!!
ലോകമാകെ പത്ത് കോടിയിൽപരം വോട്ടുകൾ കാസ്റ്റ് ചെയ്യപ്പെട്ട മത്സരത്തിൽ അവസാനത്തെ ഏഴ് വിസ്മയങ്ങളിൽ ഒന്നാകാൻ സാധിച്ചില്ലെങ്കിലും ചെറുതല്ലാത്ത വോട്ടുകളോടെ 24 ഫൈനലിസ്റ്റുകളിൽ ഇടം നേടാൻ മാത്രം ബു-ത്തിന ഐലന്റിൽ എന്താണുള്ളത് എന്ന് തോന്നിയ അതിശയം, ഒരിക്കലും സന്ദർശിക്കാനാകാത്ത ഭൂമിയുടെ തുണ്ടായി മനസ്സനെ ഇന്നും കൊതി പിടിപ്പിച്ചുകൊണ്ടേയിരിക്കുന്നു.. !
മൂന്നിനം ഡോൾഫിനുകളും, ഓസ്‌പ്രേ പരുന്തുകളും, ഹോക്സ്ബിൽ എന്ന അത്യപൂർവമായ കടലാമകളുമെല്ലാം സ്വൈര്യവിഹാരം നടത്തതുന്ന അറേബ്യൻ ഉൾക്കടലിലെ അതിസംരക്ഷിത മേഖലയാണ് ബു-ത്തിനാ !
അനേകം ചെറുദ്വീപുകളുടെ ശൃംഖലയായ ബു-ത്തിനാ ബയോസ്ഫിയറിന്റെ വിസ്തീർണ്ണം നാലായിരം സ്ക്വയർ കിലോമീറ്ററുകളാണ് ...
ഒരു രാജ്യം കണ്ണിലെ കൃഷ്ണമണിപോലെ കരുതലെടുത്ത് സംരക്ഷിക്കുന്ന ഇടം !
ബു-ത്തിനയെ ലോക കൗതുകങ്ങളിൽ എത്തിച്ചതിൽ പ്രധാനി 'ഡുഗോങ്ങുകൾ' എന്ന അപൂർവ ജീവികളാണ് !
Common Name : Dugong
Species : Dugong Dugon
ജനിതകപരമായി ആനകളോടാണിവയ്ക്ക് സാമ്യമെങ്കിലും സ്വഭാവം കടലിലെ പശുക്കളെ പോലെയാണ് ..
പൂർണ്ണമായും കടൽപുല്ലുകൾ മാത്രം കഴിച്ചു ജീവിക്കുന്ന സ്വപ്നസഞ്ചാരികൾ ...
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളാണ് ഡുഗോങ്ങുകൾ, ലോകത്ത് ഓസ്‌ട്രേലിയൻ തീരങ്ങൾ കഴിഞ്ഞാൽ ഈ ജീവികൾ ഏറ്റവും കൂടുതലുള്ളത് അബുദാബിയുടെ പടിഞ്ഞാറെ കടൽപ്രദേശങ്ങളിലാണ് ...
ബു-ത്തീനാ ഐലന്റിന്റെ ചുറ്റിലുമായി ഏകദേശം മൂവായിരം ഡുഗോങ്ങുകൾ സ്വൈര്യജീവിതം നയിക്കുന്നു !!
ഒട്ടുമേ ആഴമില്ലാത്ത കടലിലെ തൂവെള്ളമണലിൽ സൂര്യതാപമേറ്റ് ഇളകിയാടുന്ന 'ഹരിതനീല' ജലത്തിലെ പുൽപരപ്പുകൾ ... !! Sea Meadows !!
ഡുഗോങ്ങുകൾ പുല്ലുതിന്നുമ്പോൾ കടപുഴക്കാറില്ല, പുൽതുമ്പുകൾ മുറിച്ച്മുറിച്ചാണ് ഭക്ഷിക്കുക ....
ഒരു തവണ ഭക്ഷിച്ച സ്ഥലത്തുനിന്ന് വീണ്ടും പുല്ല് വളരുംവരെ മാറി തീറ്റയെടുക്കുകയും പുല്ലുവളരുമ്പോൾ മാത്രം തിരിച്ചു വരികയും ചെയ്യുന്ന സ്വഭാവമുള്ളതിനാൽ കടലിലെ പുൽപരപ്പുകൾക്ക് ഈ ജീവികൾ ദോഷമൊന്നും ചെയ്യുന്നില്ല ...
കടൽപുല്ലുകൾ പൊതുവെ മുറിഞ്ഞുവീണ ഭാഗങ്ങളിൽ നിന്ന് പൊട്ടിമുളച്ചു വളരുന്ന 'വെജിറ്റേറ്റീവ് പ്രൊപോഗേഷൻ' രീതിയിലാണ് പുതിയ ജനറേഷനുകൾ ഉണ്ടാക്കുന്നത്; ഡുഗോങ്ങ് ഫീഡിങ്ങ് സീ മെഡോസിന്റെ ന്യൂട്രിയന്റ് സൈക്കിൾ നിലനിറുത്താനും പരിസ്ഥിതി സന്തുലനത്തിനും കാരണമാകുന്നു ...
എഴുപത് വർഷം വരെയൊക്കെ പരമാവധി ആയുസ്സുള്ള ഈ 'ഉണ്ടപക്രു' ജീവികൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനിടയ്ക്ക് മൂന്ന് മുതൽ ഏഴുവർഷം വരെയുള്ള ഇടവേളകൾ ഉണ്ടാകാറുണ്ട് ...
പാരന്റിങ്ങ് ഒരുവർഷത്തിന് മേൽ നീണ്ടുനിൽക്കും ...
ഈ കാരണംകൊണ്ടാല്ലാം പോപ്പുലേഷൻ ഡ്രൈനിംഗ് സംഭവിച്ചാൽ തിരിച്ചുപിടിക്കാൻ വളരെ പ്രയാസമാണ് .
കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെടുത്തിയ Badush, തന്റെ ചങ്ങാതി ആന്റമാൻ ദ്വീപുകളിൽ ഡ്യൂഗോങ്ങുകളെ കുറിച്ച് ഗവേഷണം നടത്തുന്ന എൽറിക്കാ ഡിസൂസയുടെ ( Elrika D'Souza ) ഒരനുഭവം പറഞ്ഞു ...
കുറച്ചുമുൻപ് ഒരിക്കൽ ഒരു വൈകുന്നേരം എൽറിക്ക സ്‌കൂമ്പാ ഡൈവ് ചെയ്തപ്പോൾ ഒരു ഡ്യുഗോങ്ങ് യാതൊരു ഭയാശങ്കകളും ഇല്ലാതെ അവർക്കരികിൽ കടൽപുല്ലുകൾ ഭക്ഷിച്ചു നടന്നു ..
ആവേശഭരിതയായ ഗവേഷക ഒഴിയായാറായ ഓക്സിജൻ സിലിണ്ടറും സ്‌കൂമ്പാ സ്യൂട്ടുമെല്ലാം മാറ്റിവച്ച് നിലാവുള്ള ആ രാത്രി ഏറെ നേരം ആ അരുമജീവിയോടൊപ്പം സ്‌നോർക്കിൾ ചെയ്തുവെത്രെ !!!
എന്തു രസമായിരിക്കുമല്ലേ !!
കോറൽ ലഗൂണുകൾകിടയിലെ ശാന്തമായ കടൽ മേഖലകളിൽ കാലുകളിൽ വലിയ ഫിന്നുകൾ ഘടിപ്പിച്ച് മത്സ്യകന്യകയെപ്പോലൊരു പെൺകിടാവും ശാന്തനായ ഒരു കടൽജീവിയും കൂട്ട്കൂടി നിലാവ് തിളങ്ങുന്ന ജലത്തിൽ ഒഴുകി നടക്കുന്ന ദൃശ്യം മനസ്സിൽ നിന്ന് പോകുന്നില്ല !!
എന്നെങ്കിലും ഒരിക്കൽ എൽറിക്കയെ പരിചയപ്പെടണം
~~~
Nishad ജനിച്ച് വളർന്നത് അബുദാബിയിലാണ് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അബുദാബിയിലെ മത്സ്യമാർക്കറ്റുകളിൽ ഡുഗോങ്ങ്‌കളുടെ മാംസം വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാറുണ്ടത്രേ ... !!!
കാലം മാറി, പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ ലോകം പഠിച്ചെടുക്കുകയാണ് ..
ഇന്ന് അബുദാബി എൻവയോണ്മെന്റ് ഏജൻസി ഡുഗോങ്ങ് സംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നു ..
എങ്കിലും മീൻ വലകളും പ്രോപ്പല്ലറുകളുമെല്ലാം ഈ ജീവിയുടെ അതിജീവനം ദുഷ്കരമാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ ...
കഴിഞ്ഞ ദിവസം അബുദാബിയുടെ പടിഞ്ഞാറെ തീരങ്ങളിൽ കണ്ട ഡുഗോങ്ങ് വാരിയെല്ലുകളും സ്പൈനൽ ബോണും ശരീര ചർമ്മവുമാണ് ചിത്രങ്ങളിൽ ചേർക്കുന്നത് ...
അബുദാബിയുടെ പടിഞ്ഞാറെ തീർങ്ങളിൽ നിന്ന് ഏറെ അകലെയൊന്നുമല്ല ബു-ത്തിന ഐലന്റ് ..
തീരങ്ങൾ ഭാഗികമായെങ്കിലും കടലിന്റെ കഥപറയും ...
കടല് കാണാൻ പോയാലോ .. ??
സ്നേഹപൂർവം : കിരൺ കണ്ണൻ
Disclaimer : We never collected marine animal Bones . Just photographed and leave at site.
Link to Facebook Post
Posted on Nov 11, 2020











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ