അന്ന് അബുദാബിയുടെ വിവിധ തീരങ്ങളിൽ മൂന്ന് കടലാമകളുടെ മൃതശരീരങ്ങൾ കണ്ടു !!
നേരത്തെയെങ്ങോ കടലിൽ ചത്ത്, കരയ്ക്കടിഞ്ഞവശേഷിച്ച എല്ലുകളും പുറന്തോടും ശൽക്കങ്ങളും !
ലോകമാകമാനം കടലാമകൾ വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുകയാണ് ..
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, മീൻവലകണ്ണികൾ, കോറലുകളുടെ നാശം, ഷെല്ലുകൾക്കും മറ്റുമായുള്ള വേട്ടയാടൽ, മുട്ടയിടുന്ന സ്വൈര്യ തീരങ്ങൾ ഇല്ലാതാകുന്നത് എന്നിങ്ങനെ പല കാര്യങ്ങളാണ് കടലാമകളുടെ നാശത്തിന് വഴിവയ്ക്കുന്നത് !!
യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ കടലാമകളുടെ സംരക്ഷണത്തിനായി ഒരുപാട് പദ്ധതികൾ നടപ്പിൽ വരുത്തുന്നുണ്ട്, അബുദാബി നഗരത്തിനോട് ചേർന്നുള്ള സാദിയാത്ത് ഐലന്റിൽ തന്നെ കടലാമകൾ പതിവായി മുട്ടയിടുന്ന സംരക്ഷിത തീരമുണ്ട് !
കൂട്ടത്തിൽ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന കടലാമകളാണ് 'ഹോക്സ്ബിൽ' എന്നയിനം
Hawksbill Sea Turtle
Speciece : Eretmochelys imbricata.
നന്നേ കുഞ്ഞായിരിക്കുമ്പോളൊഴിച്ച് ബാക്കിയെല്ലാം പൂർണ്ണമായും മാംസഭുക്കാണ് ഈ ഇനം ആമകൾ ..
'ഹോക്സ്ബിൽ' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഉറപ്പുള്ള കൊക്കുപോലുള്ള 'ചുണ്ടുകൾ'കൊണ്ട് കോറലുകളും അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്പോഞ്ചുകളുമെല്ലാം കടിച്ചു പൊട്ടിച്ചെടുത്ത് കഴിക്കാൻ ഇവയ്ക്ക് കഴിയും ...
പത്തുമുപ്പതുവർഷം ജീവിച്ച് പ്രായപൂർത്തിയായാൽ മുട്ടയിടാനായി ജനിച്ചുവീണ തീരത്തു തന്നെ ഇവ എത്തിച്ചേരാറുള്ളത് കൗതുകകരമാണ് ..
അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ മുട്ടയിടുന്ന ഇനം മേൽപ്പറഞ്ഞ ഹോക്സ്ബിൽ ആമകളാണ് .. !
അബുദാബിയുടെ പടിഞ്ഞാറെ സമുദ്രതീരങ്ങളിൽ ഞങ്ങൾ കണ്ടെടുത്ത മൂന്ന് മൃത ശരീരങ്ങളും ഹോക്‌സ്ബിൽ ആമകളുടേതായിരുന്നു എന്നത് മനസ്സിൽ പെട്ടന്ന് അസ്വസ്ഥമായ സങ്കടമുണ്ടാക്കി എന്നു പറയാതെ വയ്യ. .
സിഡിന്റെ ഇഷ്ടജീവികളാണ് ആമകൾ !
എന്നെങ്കിലും സ്‌നോർക്ലിങ്ങ് ചെയ്യുമ്പോൾ കടലാമകൾ 'കൊച്ചുവർത്തമാനം' പറയാൻ വരുമെന്നും അവയ്ക്ക് വേണ്ടി പോക്കറ്റിൽ മിഠായി കരുതണം എന്നും കുഞ്ഞു സിഡ് പറയാറുണ്ട് ...
പാവം സിഡിന് സങ്കടമായിക്കാണും; എന്തുചെയ്യാൻ പറ്റും, പ്രകൃതി പാഠങ്ങൾ ഇങ്ങനെയുള്ള അസ്വാസ്ഥ്യങ്ങളും ചേർന്നതാണല്ലോ ...
ഓരോ യാത്രയിലും പഠപുസ്തകങ്ങളിലില്ലാത്ത എന്തെല്ലാം അറിവുകളും ആശയങ്ങളും മൂല്യങ്ങളുമാണ് കുഞ്ഞുങ്ങൾ പഠിച്ചെടുക്കുന്നത് !
~~~~~
എനിക്ക് Syam പരിചയപ്പെടുത്തി തന്ന ഒരു പുതിയ ചങ്ങാതിയുണ്ട്, പുള്ളിയുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് തന്നെ 'ബാദുഷ് ആമ' എന്ന പേരിലാണ് !!
ലക്ഷദ്വീപിലെ കടലാമകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ആമവിദഗ്ദനാണ് ബാദുഷ് Al Badush A ; പഞ്ചാരമണൽ ദ്വീപുകളുടെയും കോറൽ ലഗൂണുകളുടെയും ആഴമില്ലാത്ത സമുദ്രമേഖലകളിൽ ആമകളെകുറിച്ച് പഠിക്കാൻ മുങ്ങാങ്കുഴിയിട്ടുന്നതാണ് പുള്ളിയുടെ പ്രധാന ജോലി ... !!
കിടു അല്ലെ ??
റേഡിയോകോളറുകളും മറ്റ് ട്രാക്കിങ്ങ് സൂത്രവിദ്യകളും ഉപയോഗിച്ച് ബാദുഷ് ഇന്ത്യൻ തീരത്തെ കടലാമകളെ പഠിച്ചുകൊണ്ടേയിരിക്കുന്നു .... .!
"കിരൺ, കടലിനടിയിൽ ഇന്നോളം കണ്ട കാഴ്‌ചകളിൽ എനിക്ക് ഏറ്റവും പ്രിയതരമായത് കോറലുകൾകിടയിലോ കല്ലുകൾക്കിടയിലോ ശരീരം കൊരുത്തതിട്ട് സുഖമായുറങ്ങുന്ന ആമകളുടെ ദൃശ്യമാണ്" ബാദുഷ് ഇതുപറയുമ്പോൾ എന്റെ മനസ്സിലും അരുമായായ ആ ദൃശ്യം ഒരു ചലനചിത്രമെന്നോണം തെളിഞ്ഞുവന്നു !!
കൈകൾകൊണ്ട് അവയുടെ ചുണ്ടിൽ തൊട്ടാൽ പോലും ഉണരാതെ സുഖകരമായ കുഞ്ഞുറക്കങ്ങൾ !!
രണ്ടുമൂന്ന് മണിക്കുറുകൾക്കപ്പുറം ശ്വാസമെടുക്കാൻ അവയ്ക്ക് ജലോപരിതലത്തിൽ വരേണ്ടതുണ്ട് ..
കുഞ്ഞനാമകൾ കൈകൾ രണ്ടും ഷെല്ലിന്റെ പുറകിലേക്ക് മലർത്തി മടക്കി വച്ച് ശരീരത്തിന്റെ പ്ലവത ( buoyancy ) പ്രത്യേക രീതിയിൽ തരപ്പെടുത്തി മൂക്കുംതലയും എപ്പോഴും ജലത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന മട്ടിലാണ് 'കിടന്നുറങ്ങാറുള്ളതത്രെ' !!
എന്തായാലും അടുത്തൊന്നും ബാദുഷിന് എന്റെ ചോദ്യങ്ങളിൽ നിന്ന് സ്വതന്ത്രനാകാനാകില്ല എന്നു തോന്നുന്നു ...
ഇന്ത്യയിലേക്കുള്ള അടുത്ത യാത്രയിൽ ബാദുഷിനോടൊപ്പം ലക്ഷദ്വീപിലെ പവിഴമേഖലകളിൽ സ്‌നോർക്കിൾ ചെയ്യണം ...
ബാദുഷിന്റെ ക്ഷണം ഒരു ഭാഗ്യമായാണ് കരുതുന്നത് !!
~~~~
കഴിഞ്ഞ പോസ്റ്റിലെഴുതിയ ഡോൾഫിന്റെ ശരീരാസ്ഥികൾ കണ്ട തീരത്തു തന്നെയാണ് രണ്ട് ആമകളുടെ മൃതശരീരം കണ്ടെത്തിയത് ...
സിഡിന് അവനേക്കാളും വലിയ ആമകളുണ്ടെന്നത് പുതിയ അറിവായിരുന്നു .... !
വേറൊരിടേത്ത് കണ്ടലുകളുടെ ഇടയിൽ രണ്ടു കൈപ്പത്തികൾ ചേർത്തുവച്ച വലിപ്പത്തിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾ പോലെയുള്ള ശൽക്കങ്ങൾ എന്താണെന്ന് ആദ്യം മനസ്സിലായില്ല !!
പിന്നീടാണ് തൊട്ടപ്പുറത്ത് ഹോക്‌സ്ബിൽ ആമയുടെ ശരീരം കണ്ടത് ...
കടലാമകൾ സമുദ്രത്തിലെ പരിസ്ഥിതി സന്തുലനത്തിന് അത്യാവശ്യമാണ് ...
പ്രകൃതിയിലെ ഓരോ ജീവിയും തന്റേതിടങ്ങളിൽ പ്രധാനിയാണ് ...
നമ്മളുടെ ജീവിതപരിസരങ്ങൾ നമ്മുടേത് മാത്രമല്ല എന്നറിയുന്ന പ്രകൃതിപാഠം മറന്നുപോകാതിരിക്കണം ....
കരുതലുള്ള കാൽ വ്യ്പ്പുകളുമായി പ്രകൃതിയിലേക്കിറങ്ങുക; ഒച്ചവയ്ക്കാതിരിക്കുക ....
കണ്ണും മനസ്സും നിറയ്ക്കുന്ന വിസ്മയങ്ങൾകാണാം .. !
ഒരിക്കലും മറക്കാത്ത പാഠങ്ങൾ പഠിക്കാം .. !
ഈ പോസ്റ്റിലെ ചിത്രങ്ങളിലൊന്നിൽ പീക്കിരി സിഡ് കണ്ടലുകൾക്കിടയിലൂടെ നിരീക്ഷിച്ച് നടക്കുന്നത് നോക്കൂ, എഴുന്നു നിൽക്കുന്ന ഒരൊറ്റ വേരിന്പോലും കേട് പറ്റാതിരിക്കാനുള്ള കരുതൽ അവന്റെ ഓരോ കുഞ്ഞു കാൽവെയ്പ്പിലുമുണ്ട് !
മനുഷ്യനിൽ നൈസർഗികമായുള്ളത് നന്മ തന്നെയാണ് ...
കടലോര കാഴ്ചകൾ അവസാനിക്കുന്നില്ല; തുടരാം ..
ഞങ്ങളുടെ യാത്രകളിൽ മനംകൊണ്ടെകിലും ഒപ്പം കൂടുക











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ