ഇത് ഡോൾഫിന്റെ ശരീരാസ്ഥികളാണ് !!!
കടല് പറയുന്ന കഥകള് !
കടലോരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് എന്തൊക്കെയാണ് ഓർമ്മവരാറുള്ളത് ?
പഞ്ചാരമാണല് പറ്റിയ പാദങ്ങളിലെ തിരകളുടെ മൃദു ചുംബനങ്ങൾ ?
അങ്ങുദൂരെ ആകാശവും കടലും ഒന്നുചേർന്നലിയുന്ന ചക്രവാളത്തിലെ മേഘരൂപങ്ങൾ !!
അരുണോദയങ്ങൾ ?
അസ്തമയങ്ങൾ ?
കടലിനെച്ചൊല്ലി കാല്പനിക ദൃശ്യങ്ങൾ ഒരുപാട് മനസ്സിലുണ്ടല്ലേ ....
ഇവിടെ ചൂട്കാലം മാറിയതിൽ പിന്നെ കുറച്ചു നല്ല ചങ്ങാതിമാരോടോത്ത് എല്ലാ അവധിദിവസങ്ങളിലും അബുദാബിയുടെ അപരിചിത മേഖലകളിലേക്ക് യാത്ര നടത്താറുള്ള വിശേഷങ്ങൾ ഞാനെഴുതാറില്ലേ ..
സുജിത്തും ബിജുവും ഒട്ടെല്ലായാത്രകളിലും കൂട്ടായുണ്ടാകും ..
'Explore' എന്ന ഒരൊറ്റവാക്കിൽ അതിലളിതമായി നിർചിക്കാനാകുന്ന സൗഹൃദമാണ് ഞങ്ങളുടേത് !
കോവിഡ് നിബന്ധനകൾ പ്രകാരം ഇവിടെ ഇപ്പോൾ ഒരു വാഹനത്തിൽ പരമാവധി മൂന്ന് പേർ മാത്രമേ സഞ്ചാരിക്കാൻ അനുവാദമുള്ളൂ ..
ഡ്രൈവിങ്ങ് അറിയാത്തതിനാൽ കൂടുതൽ ചങ്ങാതിമാർ കാറുമായി വരുമ്പോഴേ സിഡിനെയും ഇളയെയും കൂട്ടുകാരിയെയുമല്ലാം കൂട്ടിപോകാൻ സാധിക്കാറുള്ളൂ ..
ഇന്നലെ സുജിത്തിനോടും ബിജുവിനോടുമൊപ്പം Praveen Ravi, Mano Ranjini P R, Rabin Balakrishnan എന്നിവരും കൂടിയതുകൊണ്ട് കുട്ടികളെയും ജിൻജിയെയും ഒപ്പം കൂട്ടാൻ കഴിഞ്ഞു .
അതിരാവിലെ അബുദാബി നഗരത്തിന് 160 കിലോമീറ്റർ പടിഞ്ഞാറ് മിർഫാ ബീച്ചിലെ സ്‌നോർക്ലിങ്ങ് കഴിഞ്ഞ് വീണ്ടും പടിഞ്ഞാറ് ചില ഓഫ് റോഡ് സമുദ്ര തീരങ്ങളിൽ പോയിരുന്നു ..
കുട്ടികളോടുത്തുള്ള പര്യവേഷണ യാത്രകൾ എത്രമാത്രം മൂല്യവത്താക്കാമോ അത്രമാത്രം മേന്മയുള്ളതായിരുന്നു യാത്ര ..
സമാനമനസ്ക്കാരായ നല്ല ചങ്ങാതിമാരുള്ളതുകൊണ്ടാണ് ഇതല്ലാം സാധിക്കുന്നത് ...
പത്തഞ്ഞൂറ് കിലോമീറ്ററൊക്കെ നീളുന്ന യാത്രകളിൽ കൃത്യമായ ലക്ഷ്യങ്ങളൊന്നും ഉണ്ടാകാറില്ല ... പക്ഷെ വീണ്ടും വീണ്ടും വരാനും എന്നേക്കും ഓർത്തുവയ്ക്കാനും പ്രേരിപ്പിക്കുന്ന ചിലത് എല്ലാ യാത്രകളിലുമുണ്ടാകും ...
"നോക്കൂ, വണ്ടി ഓരത്ത് നിറുത്തൂ അപ്പുറത്തെ മണലിന് എന്താണൊരു നിറവ്യത്യാസം ?? "
"ഇതെന്താണ് അവിടെ ഒരു പ്ലാറ്റോ പോലെ സമതലത്തിൽ ഈയൊരു മേഖല മാത്രം ഉയർന്നു നിൽക്കുന്നത് ??"
പലപ്പോഴും 160 കിലോമീറ്റർ വേഗതാപരിധിയുള്ള എക്‌സ്പ്രസ് ഹൈവേയിൽ പത്തോ ഇരുപതോ കിലോമീറ്റർ ഓടി ഒരു ഓവർ ബ്രിഡ്ജ് കണ്ടുപിടിച്ച് തിരികെ വന്നു വേണം പ്രത്യേക 'മണൽനിറമുള്ള' മേഖലയിൽ എത്തിച്ചേരാൻ. അതും ചിലപ്പോൾ അവിടെനിന്നും ഇനിയും ഇരുപത് കിലോമീറ്റർ ഓഫ്‌റോഡ് ഡ്രൈവ് ചെയ്ത് വേണമായിരിക്കും ...
എന്നിട്ടും ഏതൊരു കുഞ്ഞുക്യൂരിയോസിറ്റിയുടെ ചോദ്യങ്ങൾ ഉയരുമ്പോഴേയ്ക്കും സുജിത്തും ബിജുവും വണ്ടി തിരിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കും ...
ഏതെങ്കിലും ഒരു ക്രോസ് കണ്ട്രി റാലിയിൽ ഞങ്ങളൊരുമിച്ചു പങ്കെടുക്കുകയും നാവിഗേറ്ററായി ഞാനിരിക്കുകയും ചെയ്താൽ ആ യാത്ര ഒരിക്കലും അവസാനിക്കുകയില്ല എന്നും ശിഥില ലക്ഷ്യങ്ങളോടെ, നിയതമല്ലാത്ത പാതകളിൽ യാത്ര അനന്തമായി എങ്ങോട്ടോ നീണ്ടു നീണ്ട് പോയേനെ എന്നും ഞാൻ ചിന്തിക്കാറുണ്ട് ... !!!
ആൾതിരക്കില്ലാത്ത സമുദ്രതീരങ്ങളിൽ കുട്ടികളോടൊത്ത് നടന്നു നോക്കൂ .., നമ്മൾ ഇനിയുമറിയാത്ത കടലാഴങ്ങളുടെ വിസ്മയങ്ങൾ തീരം നമ്മളോട് പറഞ്ഞുതരും ..
കാഴ്ചകൾ ജിജ്ഞാസാഭരിതമായി പ്രോസസ് ചെയ്യാൻ പഠിച്ചെടുക്കുകയേ വേണ്ടൂ ...
അത് അത്രമാത്രം വിഷമകരമൊന്നുമല്ല കേട്ടോ, നമ്മളൊരു പ്രത്യേക രീതിയിൽ കാഴ്ച്ചകൾ കണ്ടുതുടങ്ങിയാൽ എല്ലാ കാഴ്‌ചകളിലും പ്രപഞ്ച വിജ്ഞാനത്തിന്റെ വിത്തുകൾ മുളപൊട്ടുന്നത് കാണാം ...
വൈജ്ഞാനിക ജിജ്ഞാസ ഒരു സ്വഭാവമാണ് !
നമ്മൾ ഓരോരുത്തരിലും അതുണ്ട് ...
മനുഷ്യൻ എന്ന സ്പീഷീസ് ഇങ്ങനെയൊക്കെ ആയതിനു പിന്നിൽ പ്രവർത്തിച്ച സ്വഭാവമാണ് ജിജ്ഞാസ !!
പലരിലും ജിജ്ഞാസയുടെ ജനിതകം സുഷുപ്തിയിലായിരിക്കാം; പക്ഷെ ചില 'ത്രിൽ കിക്കുകളിൽ' അവ ഉത്തേജനപ്പെടുകയും വൈജ്ഞാനിക ജിജ്ഞാസ സ്വാഭാവികസ്വഭാവമാകുകയും ചെയ്യും ...
കുഞ്ഞുങ്ങളോടൊപ്പം അടരുപാറകളിലും തീരങ്ങളിലും മലകളിലുമെല്ലാം യാത്രപോകണം ....
അങ്ങിനെയാണ് നമ്മളും കുഞ്ഞുങ്ങളും നമ്മളറിയാതെ പ്രകൃതി പാഠങ്ങൾ അറിഞ്ഞെടുക്കുന്നത് ...
ഈ ചിത്രങ്ങളിലുള്ളത് ഇന്നലെ ഒരു വിജനതീരത്ത് ഞങ്ങൾ കണ്ടെത്തിയ സ്പെസിമനാണ് ..
Bottlenose Dolphin ( കുപ്പിമൂക്കൻ !! ) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡോൾഫിൻ കുടുംബക്കാരന്റേതാണ് ഈ അസ്ഥികളും തലയോട്ടിയും .
കുപ്പിമൂക്കന്മാരിൽ തന്നെ Indo-Pacific bottlenose dolphin എന്ന ഇനമാണ് ഇത്
സ്പീഷീസ് : Tursiops aduncus
ധ്രുവപ്രദേശങ്ങളിൽ ഒഴികെയുള്ള ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഈ ഇനത്തെ പൊതുവെ കണ്ടുവരുന്നത് ..
തീരത്തുനിന്ന് മാറി ഉൾക്കടൽ ജീവിതം കൂടുതൽ ഇഷ്ടപ്പെടുന്ന ജീവികളാണിത്.
കൂട്ടം കൂടാനും പരസ്പരം ആശയവിനിമയം നടത്തി സഹകരിച്ച് ഇരതേടാനും മനുഷ്യരുമായി ചങ്ങാത്തത്തിലാവാനും കഴിയുന്ന 'ബുദ്ധിജീവികളാണ്' ഡോൾഫിനുകൾ..
മറ്റു മത്സ്യങ്ങളെപോലെ ചെകിളപൂവുകളിലൂടെ ജലത്തിലലിഞ്ഞ ഓക്സിജൻ സ്വീകരിക്കുകയല്ല മറിച്ച് മൂക്കിലൂടെ നേരിട്ട് അന്തരീക്ഷ വായു ശ്വസിക്കുകയാണ് ഇവ ചെയ്യുക ...
മിനിറ്റിൽ രണ്ടോ മൂന്നോ തവണ ശ്വസിക്കാൻ മുകളിൽ വരുന്ന ഇവയ്ക്ക് വേണമെങ്കിൽ ഇരുപതുമിനിറ്റോളം ശ്വാസം പിടിച്ച് ജലത്തിനടിയിൽ കഴിയാനും സാധിക്കും ..
യു എ ഇ യുടെ പലഭാഗങ്ങളിലും കരയ്ക്ക് ഒരുപാട് ദൂരെ ഡോൾഫിനുകൾ ചാടിമറിയുന്നത് കണ്ടിട്ടുണ്ട്.. ഇന്നലെപോലും മിർഫാ ബീച്ചിൽ വച്ച് അങ്ങുദൂരെ കടലിൽ ഇവ ചാടി തുള്ളുന്നത് കണ്ടിരുന്നു !!
ഒരു ബോൺ സ്പെസിമൻ കണ്ടപ്പോഴേയ്ക്കും അത് ഡോൾഫിന്റെ ആണ് എന്ന് ഉറപ്പിക്കാൻ മാത്രം വൈദഗ്ദ്യമുള്ള ആളൊന്നുമല്ല ഞാൻ. പക്ഷെ, വ്യത്യാസപ്പെട്ട ഒരു സ്പെസിമൻ കണ്ടെത്തിയാൽ അത് എന്തിന്റേതാണ് എന്ന് തുടർ പഠിക്കാനുള്ള ഒരു മനസ്സുണ്ടാവുക എന്നതാണ് പ്രധാനം ..
അപൂർണ്ണമായ അറിവുകൾ മനസ്സിലുണ്ടാക്കുന്ന അസ്വസ്ഥതകൾ !
സ്പെസിമനുകൾ, ഫോസിലുകൾ, പാറകൾ, ഷഡ്പദങ്ങൾ എന്നിയയെ തിരിച്ചറിയാനും മനസ്സിലാക്കാനും വേണ്ടിയുള്ള കുറച്ചേറെ ഫെയ്‌സ് ബുക്ക് പേജുകളിൽ ഞാൻ അംഗമാണ് ..
അതിൽ Bone Identification എന്നപേരിലുള്ള ഒരു നല്ല പ്രൈവറ്റ് സയൻസ് ഗ്രൂപ്പിൽ ഇന്നലെ ചിത്രങ്ങൾ പങ്കുവച്ചു രാവിലെയായപ്പോഴേക്കും ഏകദേശം അമ്പതിലേറെപ്പേർ ഏകപക്ഷീയമായി അസ്ഥികളും തലയോട്ടിയും ബോട്ടിൽ നോസ് ഡോൾഫിന്റേതാണെന്ന് സ്ഥിരീകരിച്ചു ... !
അറിവ് കണ്ടെത്തുന്ന രീതികൾ ഞാൻ സിഡിനോടും ഇളയോടും പറയാറുണ്ട് ..
സത്യത്തിൽ അറിവുകളെക്കാൾ പ്രാധാന്യം അതല്ലാം എങ്ങിനെ കണ്ടെത്തുന്നു എന്നതിലാണ് ...
ജിപ്സം കല്ലുകൾ ഇനി ഇവിടെ കണ്ടാലും തിറിച്ചറിയാം എന്നതുപോലെ കുപ്പിമൂക്കൻ ഡോൾഫിനുകളുടെ എല്ലുകൾ ഇനിയെവിടെ കണ്ടാലും ഞങ്ങൾക്ക് തിരിച്ചറിയാം ....
ഇന്നലെ കണ്ടത് ഡോൾഫിനുകളുടെ എല്ലുകൾ മാത്രമല്ല ...
തുടർപോസ്റ്റുകളിൽ അവയെക്കുറിച്ചെഴുതാം ...
മനസ്സുകൊണ്ടെങ്കിലും ഞങ്ങളോടൊപ്പം യാത്രചെയ്യുന്ന സ്നേഹിതരോട് ഒരുപാട് സ്നേഹം !!


.jpg)








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ