വേഗത, സങ്കീർണചലനങ്ങളിലെ കൃത്യത, സുശക്തമായ ഭാരോദ്വഹനശേഷി എന്നിങ്ങനെ ഒരു യുദ്ധവിമാനത്തിന് വേണ്ടുന്ന കാര്യശേഷികളല്ലാമുള്ള അമേരിക്കൻ വ്യോമസേനയുടെ കരുത്താണ് "ബെൽ ബോയിങ്ങ് വി 12 ഓസ്‌പ്രേ" !
സ്വതന്ത്രമായി ദിശതിരിക്കാനാകുന്ന രണ്ട് കരുത്തുറ്റ ചോപ്പ്റ്റർ റോട്ടറുകൾ ടർബോ ജറ്റിന്റെ ഇരു ചിറകുകളിലും ലമ്പമായി ഘടിപ്പിച്ചിരിക്കുന്നതുപോലെയുള്ള സങ്കീർണ്ണ നിർമ്മിതി !!
"കാര്യമാത്രപ്രസക്തം" എന്ന ഒരൊറ്റ വാക്കിൽ വേണം യുദ്ധസാങ്കേതികതകളെ അടയാളപ്പെടുത്തേണ്ടത് ..
V-22 Osprey എല്ലാംകൊണ്ടും കാര്യമാത്രപ്രസക്തമായ അത്യാധുനികയന്ത്രമാണ് ..!
കണ്ണിൽ കാണാത്തത്ര മേലെമേലെ ദൂരെദൂരെയാകാശത്തുനിന്ന് ഒരു കല്ലുപോലെ താഴോട്ട് പതിച്ച് വിമാനവാഹിനിക്കപ്പലിലിലെ ഇച്ചിരിയോളമുള്ള പ്ലാറ്റ്ഫോമിൽ വേഗതയോടെ ലംമ്പമായി കൃത്യതയിൽ ഇറങ്ങാനും വലിയ ഭാരമെടുത്ത് റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കാനും "വി 22 ഓസ്‌പ്രെ" എന്ന 'യന്ത്രപറവയ്ക്ക്' കഴിയും !!
ഇവിടെ ഞാൻ ഒരു വാർക്രാഫറ്റ് റിവ്യൂ എഴുതാനൊന്നുമില്ല കേട്ടോ ...
"Bell Boeing V-22 Osprey" എന്ന പറക്കൽ യന്ത്രത്തിന്റെ 'ഓസ്‌പ്രെ' എന്ന നാമവിശേഷണമാണ് ഇന്നെന്റെ സബ്ജക്റ്റ് !!
ഓസ്‌പ്രേ പരുന്തു പോലെ ഒരു പക്ഷിയാണ് .. !
അമേരിക്കൻ എയർഫോർസിന്റെ അഭിമാനതാരത്തിന് ഒരു പക്ഷിയുടെ പേരുചേർക്കണമെങ്കിൽ ആ ജീവി നിസ്സാരക്കാരനാവില്ല അല്ലെ !
ശാസ്ത്രീയ നാമം : Pandion haliaetus.
ഏറെക്കുറെ പൂർണ്ണമായും (99.9%) 'ഫ്രഷ്കാച്ച്' മത്സ്യം മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ഒരേയൊരു പരുന്തിനമാണ് ഇത് ...
ജലാശയങ്ങൾക്ക് മേലെ ഗഗനദൂരങ്ങളിൽ ആരുമറിയാതെ പതിയെ ചുറ്റിപറക്കുന്ന പക്ഷിക്ക്, കീഴെ ജലാശയത്തിലെ ഏതൊരു മത്സ്യചലനങ്ങളും വളരെ എളുപ്പം മനസ്സിലാകും ..
ഇരയെ കണ്ടാൽ പിന്നെ കൃത്യമായ കോണളവിൽ കല്ലുവീഴുന്നതുപോലെ താഴേക്ക് ഒരു കുതിപ്പാണ് ...
നിശബ്ദ നിമിഷാര്ദ്ധത്തിൽ ജലപ്പരപ്പിന് തൊട്ടുമുകളിലെത്തുമ്പോൾ മാത്രം കാലുകൾ മുന്നിലേക്ക് നീട്ടുകയും, കൂർത്ത നഖമുള്ള വിരലുകൾ വിടർത്തിപിടിക്കുകയും ചെയ്യുന്ന പക്ഷി തന്നോളമുള്ള മുട്ടൻ മീനിനെ (ചിലപ്പോൾ ഒന്നിലധികം മത്സ്യങ്ങളെ!) കാൽ നഖങ്ങളിൽ ഇറുക്കി കൊരുത്തെടുത്ത് മുകളിലേക്കുയരും !
ഭാരവും കരുത്തുമുള്ള മത്സ്യങ്ങളെ പിടിച്ച് വെള്ളത്തിൽ നിന്ന് പറന്നുയരാൻ അനൽപ്പമായ ഊർജം ആവശ്യമുണ്ട് .
എന്തുവന്നാലും ഇര താഴേക്ക് കുതറി വീണുപോകാതിരിക്കാൻ പിടിക്കുന്ന ക്ഷണമാത്രയിൽ തന്നെ തന്റെ കൂർത്ത കാൽ നഖങ്ങൾ മത്സ്യത്തിന്റെ ശരീരത്തിനുള്ളിലേക്ക് പൂർണ്ണമായും ആഴ്ത്തി ഇറക്കികൊണ്ടു തന്നെയാണ് ഓസ്‌പ്രെ മുകളിലേക്ക് കുതിക്കുക !
മത്സ്യത്തിന്റെ വലിപ്പവും ഭാരവും കരുത്തും തെറ്റായി 'മനസ്സിലാക്കുന്ന' അപൂർവമായ അവസരങ്ങളിൽ ഇരയോടൊപ്പം മുങ്ങി താഴ്ന്ന് ഓസ്‌പ്രെ ചത്തുപോയ സന്ദർഭങ്ങളും ശാസ്ത്രലോകം രേഖപ്പെടുത്തിയിട്ടുണ്ട് !!
( കൊന്നാലും ഞാൻ കാൽനഖങ്ങൾ തുറക്കൂല്ല ടാ പട്ടീ ... എന്നത് പോലൊരു സിനിമാ രംഗം ഓർമ്മിക്കുന്നത് നന്നായിരിക്കും )
- വേഗത
- കരുത്ത്
- കൃത്യത
- നിശ്ചയദാര്ഢ്യം
- രൂപകൽപ്പന
ഓസ്‌പ്രെ എന്ന പക്ഷിയെ അഞ്ചു വാക്കുകളിൽ ഇങ്ങനെ വരച്ചിടാമെന്നു തോന്നുന്നു! സദാസമയവും ജലാശയങ്ങൾക്ക് മുകളിലോ സമീപത്തോ മാത്രം കണ്ടുവരുന്ന ഈ പക്ഷി കൂടുണ്ടാക്കുന്നതും സാധാരണ ഉയർന്ന സ്ഥലങ്ങളിലാണ് ...
അബുദാബി എൻവയോണ്മെന്റ് ഏജൻസി 2007 ൽ നടത്തിയ സമഗ്ര സർവേയിൽ ഓസ്‌പ്രെയുടെ 61 ബ്രീഡിങ്ങ് പെയറുകൾ ആണ് അബുദാബിയിലെ വിവിധ തീരങ്ങളിലായി കണ്ടെത്തിയത് ..
ഇവ അടക്കം 138 പൂർണ്ണ വളർച്ചയെത്തിയ ഓസ്‌പ്രെ പക്ഷികളെ മേഖലയിൽ മൊത്തത്തിൽ തിരിച്ചറിഞ്ഞു ..
ലോകമാകെയുള്ള സ്ഥിതിവിവരകണക്കുകളിൽ പക്ഷിയുടെ പോപ്പുലേഷൻ പ്രശ്‌നരഹിതമാണ് എങ്കിലും അബുദാബി മേഖലയിൽ പക്ഷിയുടെ എണ്ണം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടത്തിനാൽ അന്ന് മുതൽ ഇന്നുവരെ സർക്കാറിന്റെ പരിസ്ഥിതി മന്ത്രാലയം ഈ പക്ഷികളുടെ സംരക്ഷണത്തിനായി പരിപൂർണ്ണമായ ശ്രദ്ധ കൊടുത്തിരിക്കുകയാണ് ..
അബുദാബിയുടെ ചുറ്റിലുമുള്ള കടൽ മേഖലകളിലും ചെറു ദ്വീപുകളിലും പക്ഷിക്ക് കൂടുവയ്ക്കാനും മുട്ടയിടാനും അവസരങ്ങൾ ഒരുക്കുക എന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് ..
അബുദാബിയിലെ ദ്വീപുകളിലും വിജന തീരങ്ങളിലും കടൽതീരത്ത് കടലിൽ കുറെ ഉള്ളിലേക്ക് മാറി ലംബമായി ചില പോസ്റ്റുകളും പ്ലാറ്റ്ഫോമുകളും ഉണ്ടാക്കി വച്ചിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം ..
ഓസ്പ്രേക്ക് കൂടുവയ്ക്കാനുള്ള നിർമിതികളാണ് അവ !!
ഈ കുറിപ്പിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ ഈ ആഴ്ചയിലെ യാത്രയിൽ സുജിത്ത് പകർത്തിയതാണ് ..
കടലിനു സമാന്തരമായുള്ള ഓഫ്‌റോഡ് ഡ്രൈവിൽ കടലിൽ അഞ്ഞൂറ് മീറ്റർ ദൂരെ വെള്ളത്തിൽ എഴുന്നു നിൽക്കുന്ന ഒരൊറ്റ തൂണിലെ പക്ഷിയെയും പക്ഷികൂടിനെയും കണ്ട് "വണ്ടി നിറുത്തൂ" എന്ന് ഞാനും, "അതൊരു ഓസ്‌പ്രേ കിളിക്കൂടാണ്" എന്നു ബിജുവും ആവേശത്തോടെ പറയുകയും പെട്ടന്ന് വണ്ടി നിറുത്തതി പീരങ്കിയോളമുള്ള തന്റെ 500MM ലെൻസുമെടുത്ത് ചിത്രം പിടിക്കാനൊരുങ്ങി ചാടിയിറങ്ങുന്ന സുജിത്തുമെല്ലാം ചേരുന്ന 'ഈ മെഗാ മാസ്സ് ഫ്രണ്ട്ഷിപ്പ് കൊംമ്പോ' ഞങ്ങൾ ശരിക്കും ആഘോഷിക്കുന്നുണ്ട് !!
കോവിഡ് 'പോസിറ്റിവിറ്റി' !
ഞങ്ങളോടൊപ്പം 'കാഴ്ച്ചകൾ കണ്ടുനടക്കുന്ന' പ്രിയ സ്നേഹിതർക്ക് മനം നിറയെ സ്നേഹം ..
കിരൺ കണ്ണൻ
( പറയാൻ വിട്ടുപോയി ; ഓസ്‌പ്രെ നമ്മുടെ നാട്ടിലുമുണ്ട് !! 'താലിപ്പരുന്ത്' എന്നാണ് പേര് )
Link to Facebook Post
Posted on Nov 9, 2020





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ