ചിറകുള്ള കെ.കെ !!
പുത്തൻ പുതിയ ചങ്ങാതി !!!
1988 സെപ്റ്റംബർ 26ന് ജീൻമാർക്ക് ബോയ്‌വിൻ തന്റെ ചുമൽബാഗിലെ പാരഗ്ലൈഡ് വിടർത്തി, ശരീരത്തിൽ ഘടിപ്പിച്ച ഹാർണ്ണസ്സിൽ കൊരുത്ത്, മേഘങ്ങൾക്ക് മുകളിലെ അസാന്ദ്രമായ നീലാകാശത്തിലേക്ക് പറന്നത് അതുവരെ ഭൂമിയിലൊരു മനുഷ്യനും പരീക്ഷിച്ചിട്ടില്ലാത്ത സാഹസികതയെ പിൻതുടർന്നായിരുന്നു .. !
"എണ്ണായരത്തി എണ്ണൂറ്റി നാൽപ്പത്തിയൊമ്പത് മീറ്റർ".
ഈ സംഖ്യ പരിചിതമായി തോന്നുന്നുണ്ടോ ?
സാക്ഷാൽ എവറസ്റ്റ് കൊടുമുടിയുടെ ഉയരമാണത്.
അതേ Mr. Jean-Marc Boivin ചുമൽ ബാഗിൽ ഒരു പാരാഗ്ലൈഡർ ചുരുട്ടിവച്ചാണ് എവറസ്റ്റ് കീഴടക്കിയത് ...
അദ്ദേഹം സമ്മിറ്റിൽനിന്ന് സധൈര്യം പാരാഗ്ലൈഡ് ചെയ്ത് താഴേക്കിറങ്ങി , അസാധാരണമായ മനോധൈര്യവും പാരച്യൂട്ടിനെ കൃത്യമായി നിയന്ത്രിക്കാൻ സാമർത്യമുള്ള കയ്യടക്കവും വേണ്ട സാഹസികത ..!
ഇതല്ലാമുണ്ടെങ്കിലും ഏതെങ്കിലും അപ്രതീക്ഷിതമായ എയർ ടർബുലൻസ് കാര്യങ്ങളെ ദുരന്തത്തിലെത്തിച്ചേനെ ..
"സ്വാസ്ഥ്യപരിസരങ്ങളുടെ തൊട്ടപ്പുറത്തുനിന്നാണ് ശരിയായ ജീവിതം തുടങ്ങുന്നതെന്ന്" നീൽ ഡൊണാൾഡ് എന്നൊരു എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട് ..
സാഹസികത മനുഷ്യന്റെ പരിണാമ പാതകളിൽ ഉരുതിരിഞ്ഞുവന്ന ജനിതകസ്വഭാവമാണ് ...
നമ്മളെല്ലാരിലും അതുണ്ടാകും, പക്ഷെ ചിലരെ അത് കീഴ്പെടുത്തും ...
ഈ ഭൂമിയിലെ മനുഷ്യവംശത്തിനെ 'ഇനിയുമിനിയും മുന്നിലേക്ക് ! ' എന്ന് അടയാളപ്പെടുത്തുന്നത് സാഹസികതയുടെ ജനിതക സ്വഭാവങ്ങളാണ് ..
~~~~~~~~~~
പാരച്യൂട്ട് നിവർത്തി, അതിൽ ഞാന്ന് , ഓരോ പത്ത് മീറ്ററിലും ശരാശരി ഒരു മീറ്റർ എന്ന നിലയിൽ താഴേക്ക് ചരിഞ്ഞ് വീണുകൊണ്ടിരിക്കുന്ന പറക്കലാണ് പാരാഗ്ലൈഡിങ്ങ് !
ഡിസന്റിങ്ങ് പക്ഷെ എപ്പോഴും ഈ കണക്കിലല്ല സംഭവിക്കുക ..
പാരാ ഗ്ലൈഡർമാർക്ക് ഇടക്കിടെ ഉയരവും ദൂരവും ആർജിച്ച്, പറക്കൽ സമയം കൂട്ടാനുതകുന്ന ചില സൂത്രപ്പണികളറിയാം..
അന്തരീക്ഷത്തിൽ അവിടിവിടെയായി ഉയരേക്ക് ഉയർന്നുപൊങ്ങുന്ന വായുവാണ് ഉയരമാർജിക്കാൻ ഗ്ലൈഡർക്ക് സഹായകമാകുന്നത് ..
ഉയർന്ന മലയരികുകളിലൂടെ, മുകളിലേക്ക് എപ്പോഴും ഒരു വായുസഞ്ചാരമുണ്ടാകും Ridge Lift എന്നാണ് ഇതിന് പേര് ..
ഇനിയൊന്നാണ് തെർമൽ സോറിങ്ങ്.
ഭൂമിയുടെ പ്രതലത്തിലെ പ്രത്യേക നിറങ്ങളോ പദാർത്ഥങ്ങളോ കാരണം അതിനുമുകളിൽ വായു കൂടുതലോ കുറവോ ചൂട് പിടിക്കാൻ കാരണമാകാറുണ്ട് ...
ചൂടായ വായു ഒരു സിലിണ്ടർപോലെ മുകളിലേക്കുയരും ..
അന്തരീക്ഷത്തിൽ എമ്പാടും ഇത്തരം മേൽ ചുഴികളും വായു കീഴേക്കൊഴുകുന്ന കീഴ് ചുഴികളുമുണ്ട് ..
പരുന്തുകളും മറ്റും വിടർത്തിയ ചിറകുകളോടെ നിശ്ചലമായി മുകളിലേക്ക് ഉയരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ??
തെർമൽ ലിഫ്റ്റിങ്ങ് ആണ് അവയെ അതിന് സഹായിക്കുന്നത് ..
പരിചിതരായ പാരാ ഗ്ലൈഡർമാർക്ക് ഇത്തരത്തിലുള്ള തെർമൽ അപ്പ്ലിഫ്റ്റുകൾ എളുപ്പം മനസ്സിലാക്കി ഉയരം നേടിയെടുക്കാൻ സാധിക്കും ...
ഞാനിതല്ലാം എഴുതിയത് കൃഷ്ണകുമാറിന്റെ കഥ ഓർത്തുകൊണ്ടാണ് .
കഴിഞ്ഞ ദിവസത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെട്ട് എനിക്കൊപ്പം മരുഭൂയിയിലെ ക്യാമ്പിങ്ങിന് കൂടിയ പുതിയ ചങ്ങാതിയാണ് കൃഷ്ണ കുമാർ ( കെ.കെ ) .
കൃഷ്‌ണകുമാർ പറക്കാനിഷ്ടപ്പെടുന്ന മനുഷ്യനാണ് !! സാഹസികൻ !!
പുള്ളിക്ക് പാരാ ഗ്ലൈഡിങ്ങറിയാം പറക്കാൻ സ്വന്തമായി പാരാഗ്ലൈഡറോക്കെ വാങ്ങിയിട്ടുമുണ്ട് ..
ഷാർജയിലെ മലേഖ ഫോസിൽ റോക്കുകളുടെ അങ്ങേയറ്റത്ത് പാരാ ഗ്ലൈഡർമാര്ക്ക് പ്രിയതരമായ ഒരിടമുണ്ട്, 'ജബൽ ഫയ' ! കെ കെ പതിവായി തന്റെ ജർമൻ ട്രൈനറോടോപ്പം അവിടെയാണ് പാരാഗ്ലൈഡിങ്ങ് ചെയ്യാറുണ്ടായിരുന്നത് ..
രണ്ടുമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അഡ്വാൻസ്ഡ് ട്രൈനിംഗിന്റെ ഭാഗമായി തന്റെ ഗൈഡും കുറച്ചു ഗ്ലൈഡർമാരുമായി കൃഷ്ണകുമാർ കിർഗിസ്ഥാനിലേക്ക് പോയി ..
തലസ്ഥാനമായ ബിഷ്കേക്കിലെ ഒരു ക്ലിഫിലാണ് ട്രൈനിങ്ങ്, എട്ട് ദിവസങ്ങളിലായി വിവിധ ഉയരങ്ങളിൽനിന്ന് ഒരു ദിവസം പത്തുമുതൽ ഇരുപതുവരെ ജമ്പുകൾ !!
ഏഴാമത്തെ ദിവസം കൃഷ്ണകുമാർ ചാടിയപ്പോൾ വിചാരിച്ചത്ര ലിഫ്റ്റ് കിട്ടിയില്ല .. സ്ട്രിങ്ങിൽ കുരുങ്ങിയ ഒരു ചെടിക്കമ്പാണ് പ്രശ്നമായത് ..
കൃഷ്ണകുമാർ ഗ്ലൈഡ് ചെയ്യുന്നതിന് മുൻപിലായി ഒരു ഹൈടെൻഷൻ പവർ ലൈൻ പോകുന്നതുകണ്ടപ്പോൾ കൃഷ്ണകുമാറിന് രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത്.
ഒന്ന് : കൈകളിലെ ഗൈഡിങ്ങ് ലൈനുകൾ ആഞ്ഞ് വലിച്ച് ഗ്ലൈഡറിന്റെ രൂപവും വിസ്താരവും ക്രമപ്പെടുത്തി 'ബ്രെക്ക്' അപ്ലെ ചെയ്യുക ..
രണ്ട് : എമർജൻസി സെക്കണ്ടറി പാരച്യൂട്ട് ഡിപ്ലോയ് ചെയ്തത് നേരെ താഴേക്ക് സാവധാനം ലാൻഡ് ചെയ്യുക .
കെ കെ ബ്രെകിങ്ങ് ഓപ്‌ഷൻ ആണ് തിരഞ്ഞെടുത്തത് ..
അപ്രതീക്ഷിതമായി പാരച്യൂട്ട് ചുരുങ്ങി കൃഷ്ണകുമാർ 600 അടിയോളം കീഴെ ക്ലിഫിന്റെ ഓരത്തേക്ക് കുത്തനെ വീണു ...
മരണം ഉറപ്പിച്ച നിമിഷങ്ങൾ ...
പെട്ടന്ന് ബ്രെക്ക് ലൈൻ കയ്യിൽ നിന്ന് സ്വാതന്ത്രമായതോടെ ഗ്ലൈഡറിന് കുറച്ചൊക്കെ സ്‌ട്രക്ക്ച്ചർ തിരിച്ചു കിട്ടി എങ്കിലും ആ വീഴ്ചയിൽ കൃഷ്‌ണകുമാറിന്റെ സ്പൈനൽ ബോണിന്റെ ഒരു സെഗ്മെന്റ് മൊത്തമായി തകർന്നു പോയി ..
ടെക്നിക്കൽ റെസ്ക്യൂവിനപ്പുറം എയർ ആംബുലൻസിൽ കിർഗിസ്ഥാനിൽ നിന്ന് ദുബായിലേക്ക് കൊണ്ടുവന്നു ..
ജീവൻ രക്ഷപെട്ടു ..
പന്ത്രണ്ടു മണിക്കൂർ ശസ്ത്രക്രിയയിൽ സ്പൈനൽ ബോൺ സെഗ്മെന്റിനെ സ്റ്റീലുകൊണ്ട് പാച്ച് ചെയ്തു ..
ഒരുവർഷത്തെ പൂർണ്ണ വിശ്രമം
കൃഷ്ണകുമാർ തോൽക്കാൻ ഒരുക്കമില്ലായിരുന്നു ..
അബുദാബിയിലെ അൽ ബാഹിയാ ബീച്ചിൽ കൈറ്റ് സർഫിങ്ങ് നടത്തുന്നതാണ് കെ കെയുടെ പുതിയ ഹോബി ..
സർഫിങ്ങ് ബോഡും കൈറ്റും സ്വന്തമായുണ്ട് ...
"വരൂ കിരൺ, കൈറ്റ് സർഫിങ്ങ് ഞാൻ പഠിപ്പിച്ചു തരാം" എന്ന സ്നേഹത്തോടെയുള്ള ക്ഷണം എങ്ങിനെ നിഷേധിക്കാനാണ് ?
എന്തായാലും പുതിയ ചങ്ങാതി കൊള്ളാം പുള്ളി മാസ്സാണ് മെഗാ മാസ്സ് ...
ഹൈക്കിങ്ങ് ട്രയലുകളിലും മരുഭൂമിയിലും മലകളിലുമെല്ലാം കണ്ടെത്തുന്ന പുതിയ സൗഹൃദങ്ങൾ എന്ത് രസമാണല്ലേ !
കൃഷ്ണകുമാറിനോടൊപ്പം ഒരു വലിയ യാത്രപോണം ...
കൃഷ്ണകുമാർ കിർഗിസ്ഥാൻ ട്രൈനിങ്ങിൽ അപകടത്തിൽ പെടുന്നതിന്റെ വിദൂര ദൃശ്യം ഇതോടൊപ്പം അദ്ദേഹത്തിന്റെ അനുമതിയോടെ ഞാൻ ചേർക്കുന്നുണ്ട് .
ക്ളോസപ്പ് വീഡിയോ ചേർക്കുന്നില്ല ..
അദ്ദേഹം എന്നെങ്കിലും ഇതേക്കുറിച്ച് എഴുതുമ്പോൾ ഇതല്ലാം ചേർക്കട്ടെ ..


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ