നമ്മുടെ ജീവകാല ത്തു തന്നെ മനുഷ്യർ ചൊവ്വാഗ്രഹത്തിൽ റിസർച്ച് ബയോസ്ഫിയറുകൾ നിർമ്മിക്കും ...
വ്യക്തിപരമായി ഇതിനെ അമൂല്യമായൊരു ശാസ്ത്ര ചരിത്രരേഖയായാണ് ഞാൻ കാണുന്നത്...
എന്റെ സ്വകാര്യ ചരിത്രശേഖരങ്ങളിലെ അമൂല്യമായ ഒന്ന് ..
സ്നേഹപൂർവം : കിരൺ കണ്ണൻ
********
സങ്കീർണ്ണ ജ്യാമിതീയ ചിത്രങ്ങൾ പോലെയുള്ള ഹൈവേ ഇന്റർചേഞ്ചുകളിൽ വാഹനങ്ങൾ ഇരമ്പിപ്പായുന്നതിനും, ശൂന്യതയിൽനിന്ന് നൂറ് നൂറ് നിലകളുള്ള അമ്പരചുംബികൾ മുളച്ചുയരുന്നതിനും, അറേബ്യൻ ഉൾക്കടലിന്റെ മരതകപച്ചയിൽ പടുകൂറ്റൻ കപ്പലുകൾ ജലരേഖകൾ വരച്ചൊഴുകുന്നതിനും, ഏറെയേറെ മുൻമ്പ്, ഈ നാട്ടിൽ കുറേ മനുഷ്യർ ജീവിച്ചിരുന്നു ....
നാഗരികതയുടെ ഇലട്രിക്ക് വെളിച്ചങ്ങളോ ചാന്ദ്രപ്രകാശമോ ഇല്ലാത്ത കറുത്ത രാത്രികളിൽ മണലോളങ്ങളിൽ ആകാശത്തെ നക്ഷത്രതിളക്കങ്ങൾ നോക്കി വിസ്മയിച്ച എത്രയെത്ര കുഞ്ഞുങ്ങളുണ്ടായിരുന്നിരികണം ... !!!
നിങ്ങളാരെങ്കിലും നഗരപ്രകാശങ്ങളില്ലാത്ത മരുഭൂമിയിലെ ആകാശം കണ്ടിട്ടുണ്ടോ ??
മരുഭൂമിയി രാത്രികളിലെ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമെല്ലാം എന്തു തെളിച്ചമാണെന്നറിയുമോ !!!
പുരാതന അറേബ്യ ജ്യോതിശാസ്ത്രത്തിന്റെ കളിതട്ടായിരുന്നു ...
എത്രയെത്ര വാന നിരീക്ഷകർ ... !!
അതിസങ്കീർണമായ ഗഗോളജ്യോമിതികൾ ഉരുത്തിരിഞ്ഞ വൈജ്ഞാന ഭൂമിക !!
നക്ഷത്രങ്ങൾക്ക് അൾഡിബ്രാൻ, അൾറ്റയിർ, ഡെനെബ് എന്നൊക്കെയുള്ള പേരുകൾ വന്നത് അറേബ്യൻ ജ്യോതിശാസ്ത്രത്തിന്റെ സുവർണ്ണ കാലത്തിന്റെ സ്മൃതി നിക്ഷേപങ്ങളായാണ് ..
പ്രൗഢഗംഭീരമായി ഒരു രാജ്യം തങ്ങളുടെ ജനതയുടെ വിജ്ഞാനിക ദാഹത്തിൽ നിക്ഷേപം നടത്തുന്നതാണ് നമ്മൾ കാണുന്നത് ...
ഈ കഴിഞ്ഞ ജൂലൈ 19 - 2020 യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ "ഹോപ്പ്" എന്നൊരു പേടകം ഭൂമിയിൽ നിന്ന് അൻപത്തി നാലുമില്യൻ മുതൽ നൂറ്റി തൊണ്ണൂറ്റിരണ്ട് മില്യൻ വരെയുള്ള സൗരയൂഥമേഖലകളിൽ സഞ്ചരിക്കുന്ന ചൊവ്വാഗ്രഹത്തെ ലക്ഷ്യമാക്കി കുതിച്ചുയർന്നു ...
ഇന്നുവരെയുള്ള മാർഷിയൻ ദൗത്യങ്ങളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഭൂമിയിൽ നിന്ന് ചൊവ്വാഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിച്ചേർന്ന പ്രോബുകളിലൊന്നാണ് ഹോപ് !!
കേവലം 204 ദിവസങ്ങളിൽ ഹോപ് മിഷൻ താണ്ടിയത് 480 മില്യൻ കിലോമീറ്ററുകൾ .. !!
ആസ്ട്രോണമിക്കൽ സ്‌പേസിലെ യാത്രകൾക്ക് തിരഞ്ഞെടുക്കേണ്ടുന്ന സഞ്ചാരപഥങ്ങൾ വളരെ സങ്കീർണ്ണമാണ് ..
നമ്മളൊക്കെ ചെറിയ ക്ലാസുകളിൽ വെള്ളക്കടലാസിലെ ദ്വിമാന പ്രതലത്തിൽ വരച്ചിരുന്ന ദീര്ഘവൃതാകൃതിയിലുള്ള ഭ്രമണപഥങ്ങൾ എത്രയോ ലളിതവൽക്കരിച്ചതാണെന്നോ ..
ഒരു ഗ്രഹത്തിൽ നിന്ന് വേറൊന്നിലേയ്ക്കാകുമ്പോൾ മിഷൻ ലോഞ്ച് ഡേറ്റ്, ട്രജക്ടറി കറക്ഷൻ എല്ലാം കിറുകൃത്യമായിരിക്കണം ..
2021 ഫെബ്രുവരി ഒൻപതിന് ചൊവ്വാഗ്രഹത്തിന്റെ ഗുരുത്വപരിധിയിൽ എത്തിയപ്പോൾ മണിക്കൂറിൽ 120,000 കിലോമീറ്റർ വേഗതയായിരുന്നത് കേവലം ഇരുപത്തിയേഴ് മിനുട്ടിൽ ആറ് ഡെൽറ്റാ വി ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് മണിക്കൂറിൽ പതിനെണ്ണായിരം കിലോമീറ്റർ ആക്കി ചുരുക്കണമായിരുന്നു ..
ചുവന്ന ഗ്രഹത്തിന് ഏറ്റവും അടുത്ത് ഇരുപതിനായിരവും അകലെ നാല്പത്തിമൂവായിരവും കിലോമീറ്ററുകൾ വരുന്ന ദീർഘവൃത്താകൃതിയിലാണ് ഹോപ്പ് പ്രോബ് ചൊവ്വാഗ്രഹത്തെ ഇനിയുള്ള രണ്ട് ഭൗമവർഷങ്ങൾ പരിക്രമണം ചെയ്‌ത് പഠനങ്ങൾ നടത്താനൊരുങ്ങുന്നത് ... !
ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അപ്പോഴപ്പോഴുള്ള വിവരങ്ങൾ ജനങ്ങൾക്ക് നല്കികൊണ്ടിരുന്നു..
യുണൈറ്റഡ് അറബ് എമിറേറ്റിലെ എല്ലാ പ്രധാന സിനിമാശാലകളിലും സൗജന്യമായി ലൈവ് മിഷൻ അപ്‌ഡേറ്റ് പൊതുജനങ്ങൾക്ക് വേണ്ടി പ്രദർശിപ്പിച്ചു ...
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദൗത്യവിജയത്തിന്റെ ആഘോഷപ്രകാശഘോഷങ്ങളിൽ 'പൊട്ടിചിതറാൻ' ഒരുങ്ങിനിന്നു ....
പ്രോബിന്റെ മൊത്തം ഭാരമായ ആയിരത്തി മുന്നൂറ്റിയമ്പത് കിലോഗ്രാമിൽ എണ്ണൂറ് കിലോഗ്രാമും ഹൈഡ്രസീൻ ഇന്ധനമാണ്...
2021 ഫെബ്രുവരി 9 ലെ അവസാന 27 മിനുട്ട് ത്രസ്റ്റർ ഫയറിങ്ങിൽ ഏറെക്കുറെ പൂർണ്ണമായി തന്നെ ഈ ഇന്ധനം മുഴുവൻ കത്തിത്തീരും, ബാക്കിയാവുക അഞ്ഞൂറ്റിയമ്പത് കിലോഗ്രാമുള്ള ഹോപ്പ് പ്രോബും അതിലെ പരീക്ഷണ നിരീക്ഷണ ഉപകരണങ്ങളും !
എവിടെയെങ്കിലും എന്തെങ്കിലും കണക്ക് പാളിയാൽ ഇരുപത് കോടി ഡോളറിന്റെ മിഷൻ പരാജയപ്പെടും !!!
എൺപത് ശതമാനവും സ്ത്രീപങ്കാളിത്തമുള്ള ശരാശരി ഇരുപത്തിയേഴ് വയസ്സിൽ താഴെയുള്ള എമരാത്തി യുവതയുടെ മിഷൻ ടീം
2020 ഫെബ്രുവരി 9ന് കൃത്യതയോടെ പ്രോബിലെ ത്രസ്‌റ്ററുകൾക്ക് 'തീപിടിച്ചു' ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ പ്രതി മണിക്കൂറിൽ നിന്ന് കേവലം പതിനെണ്ണായിരം കിലോമീറ്റർ പ്രതി മണിക്കൂറിലേക്ക് പ്രോബിന്റെ വേഗത കേവലം ഇരുപത്തിയെഴുമിനിറ്റിനുള്ളിൽ ചുരുങ്ങി! ഇനേർഷ്യൽ ജി ഫോഴ്സ് ഉപകരണങ്ങളെ കേടുവരുത്തിയില്ല ..
ചൊവാഗ്രഹത്തിന്റെ ഗുരുത്വമേഖലയിൽ ഹോപ്പ് കൃത്യമായി 'കൊരുത്തിട്ടു' ദുബായ് ബുർജ് ഖലീഫയിൽ വിജയഘോഷത്തിന്റെ അരുണ വർണ്ണങ്ങൾ തെളിഞ്ഞു !!!
വരുന്ന രണ്ട് ഭൗമവർഷങ്ങൾ ചൊവ്വയെ ചുറ്റിത്തിരിയുന്ന പ്രോബ് ചുവന്ന ഗ്രഹത്തിലെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹമാണെന്ന് പറയാം ..
ഹോപ്പ് മിഷൻ ശേഖരിക്കുന്ന സയൻസ് ഡാറ്റാ ലോകമെമ്പാടുമുള്ള 200 യൂണിവേഴ്സിറ്റികളിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ലഭ്യമാക്കും ... !
ഒരു ചെറിയ രാജ്യം മനുഷ്യരാശിയുടെ ശാസ്ത്ര ചരിത്രതത്തിൽ ആത്മാഭിമാനത്തോടെ അവരുടെ പേരെഴുതിവയ്ക്കുകയാണ് .. !
യു എ ഇ യുവതയുടെ വൈജ്ഞാനിക തൃഷണകളിൽ നിക്ഷേപം നടത്തുന്നു .. !
എന്നോടൊപ്പം മകൾ ഇളയും മകൻ സിഡും ചേർന്നാണ് ഹോപ്പ് മിഷൻ ലൈവ് സ്ട്രീമിങ്ങ് കണ്ടത് ...
ഇവർ വളർന്നു വലുതാകുമ്പോഴേയ്ക്കും ചൊവ്വാഗ്രഹത്തിൽ ആദ്യത്തെ പെർമനന്റ് റിസേർച്ച് ബയോസ്ഫിയർ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകാം ...
സിഡും ഇളയും വീട്ടിലുണ്ടാക്കാറുള്ള ക്ലോസ്ഡ് ടെറാറിയങ്ങളെപോലെ മനുഷ്യർക്ക് ജീവിച്ച് പഠിക്കാവുന്ന ചൊവ്വാഗ്രഹത്തിലെ ബയോസ്ഫിയറുകൾ ...
ഗ്രഹാന്തരയാത്രകളിലെ ഇടത്താവളങ്ങൾ .. !!
സാധ്യതകൾ അനന്തമാണ് .. !
ഇന്ന് ഈ നിമിഷം ഈ രാജ്യത്തിന്റെ ഭാഗമായി ഉദ്വേഗഭരിതമായ ഈ വിജയം കാണാൻ സാധിച്ചതിലും ചരിത്ര നിമിഷത്തിന്റെ സ്മരണികയായ ഈ വരികൾ ഇവിടെ കുറിക്കാൻ സാധിച്ചതിലും ഞാൻ ഏറെ സന്തോഷവാനാണ് ...
ഇനിയുമിനിയും വൈജ്ഞാനിക വിജയഗാഥകൾ കേൾക്കാനുള്ള നാടാണിത് ..
ഹോപ്പ് ~ അൽ അമൽ ~ പ്രതീക്ഷ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ