പൈൻ മരക്കാടുകളിലെ ട്രംമ്പോലീൻ മെത്തകൾ.. !

പൈൻ മരക്കാടുകളിലെ ട്രംമ്പോലീൻ മെത്തകൾ .. !

ശരത്കാലത്തിന് തൊട്ടുമുൻപ് മേപ്പിൾ മരങ്ങളുടെ പാതിഇലകൾ മാത്രം സ്വർണമണിഞ്ഞ സെപ്റ്റംബറിലെ അവസാന ആഴ്‌ചകൾ സെർബിയയിലെ വെൽവെറ്റ് സീസൺ എന്നാണ് അറിയപ്പെടുന്നത് ..
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഋതുക്കൾക്കിടയിലെ സുഖകരമായ വിൻഡോ പിരീഡ് !!
തണുത്ത് തെളിഞ്ഞ വെയില്; നൂൽ മഴ; നല്ല കാറ്റ്; ചെടികളിൽ സീസണിലെ അവസാനവട്ട പൂക്കൾ വിരിഞ്ഞിരിക്കുന്നു !
വസന്തത്തിന്ന് വിഭിന്നമായി പല ചെടികളിലും പൂക്കളും ഫലങ്ങളും
ഒരുമിച്ച് കാണാം ....
മഞ്ഞുകാലം വരുന്നത് വരേയ്ക്കും ഇവിടെ പുല്ലുകൾ പൂവിടുമെന്ന് തോന്നുന്നു !
എത്രമാത്രം പൂക്കളാണ് !!
വളരെ പഠിച്ചതിന് ശേഷമാണ് സെർബിയൻ യാത്രക്ക് ഞങ്ങൾ വെൽവെറ്റ് സീസൺ തിരഞ്ഞെടുത്തത് ..
തലേന്ന് തവിട്ട്കരടികളുടെ ആവാസ കേന്ദ്രമായ താരാ നാഷണൽ പാർക്കിലൂടെ പകല് മുഴുൻ നീണ്ട ഹൈക്കിങ്ങിൽ കുട്ടികൾ വല്ലാതെ തളർന്നു പോയിരുന്നു..
പക്ഷെ തുടർച്ചയായ രണ്ടു ദിവസങ്ങൾ താരാ നാഷണൽ റിസർവിലെ ഹൈക്കിങ്ങ് പ്ലാൻ ചെയ്തിട്ടുണ്ട് ..
ഇന്നും റെസ്റ്റ് എടുക്കാൻ കഴിയില്ല; മനസ്സിനും ശരീരത്തിനും ആയാസം തരുന്ന നടത്തം തിരഞ്ഞെടുക്കണം ..
രണ്ടു ദിവസമായി കാടിന് നടുവിലുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത്; ചെസ്നട്ട് മരത്തിന്റെ ചില്ലകൾ ഹൈക്കിങ്ങ് സ്റ്റിക്കിന് സമാനമായി വെട്ടി ഒരുക്കുന്നതിനിടയിൽ വീട്ടുടമ ജോർജ്ജ് പറഞ്ഞു "കുട്ടികളെ ഇന്ന് നിങ്ങൾ പീറ്റ് ബോഗ് ഫോറസ്റ്റിൽ കൊണ്ടുപോയ്ക്കോളൂ"
മനസ്സിൽ ലഡ്ഡു പൊട്ടി !
*******
അതേ ഞാനിന്ന് നിങ്ങളോട് സെർബിയയിലെ 'പീറ്റ്‌ ബോഗ്' വനങ്ങളെ പറ്റി പറയാം .. !
ഈ പോസ്റ്റിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ കാടിലുള്ളിലെ നാച്ചുറൽ ട്രംമ്പോലീനുകൾ പോലെയാണ് പീറ്റ്‌ ബോഗ് എക്കോ സിസ്റ്റം . ഫോറസ്റ്റ് ഫ്ലോർ മുഴുവനും ആഴത്തിൽ സ്പ്രിങ്ങ് ഘടിപ്പിച്ച മെത്തകൾ പോലെയുണ്ടാകും .. !!
പീറ്റ് എക്കോസിസ്റ്റം ഉണ്ടായിവരാൻ ലക്ഷക്കണക്കിന് വർഷങ്ങളെടുക്കും ..
ഐസ് ഏജിന് ശേഷം ഗ്ലേഷ്യർ ഉരുകി തീർന്ന കുഴികളിൽ വെജിറ്റേഷൻ വന്ന് അടിഞ്ഞ് പതിയെ ഉണ്ടായിവരുന്ന മോസ് എക്കോസിസ്റ്റങ്ങളെ ആണ് പൊതുവെ പീറ്റ്‌ ബോഗുകൾ എന്ന് പറയാറുള്ളത് .
യൂറോപ്പിൽ എമ്പാടും പീറ്റ്‌ ബോഗുകൾ ഉണ്ട് ..
പണ്ട് ഐറിഷ് യാത്രയിൽ തട്ടു തട്ടായി ഇഷ്ടികപോലെ പീറ്റ്‌ ബോഗ് വെട്ടിയെടുക്കുന്ന കർഷകരെ ഞാൻ കണ്ടിട്ടുണ്ട്..
ഇന്ധനമായും വളമായും ഉപയോഗിക്കാനാണ് ഇങ്ങനെ ബോഗ് , ഇഷ്ടികൾ പോലെ മുറിച്ചെടുക്കുന്നത് ..
'ടർഫ് കട്ടിങ്ങ്' എന്നാണ് ഇത്തരം തൊഴിലുകളെ പറയുന്ന പേര് .
പീറ്റ്‌ ബോഗ് ഹാർവെസ്റ്റിങ്ങ് വലിയൊരു പാരിസ്ഥിതിക പ്രശ്നമായി വളർന്നു വരികയാണ് .
സംവത്സരങ്ങൾ കൊണ്ട് ഖരരൂപത്തിൽ മണ്ണിനടിയിൽ സൂക്ഷിച്ച ഹൈഡ്രോ കാർബണുകൾ കത്തിയും പുകഞ്ഞും ചീഞ്ഞുമല്ലാം അന്തരീക്ഷത്തിലേക്ക് തിരികെ പരക്കും ...
പീറ്റ്‌ ബോഗുകളിലെ സവിശേഷമായ ജൈവവ്യവസ്ഥ താറുമാറാകും..
അയിർ ലാൻഡ് 2020 ൽ പീറ്റ്‌ ബോഗ് ഹാർവസ്റ്റിങ്ങ് നിറുത്താനുള്ള നയം പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ന് ശേഷം ഒരൊറ്റ പീസ് ടർഫ് പോലും അയിർലാന്റിന്റെ മണ്ണിൽ നിന്ന് മുറിച്ചെടുക്കാതിരിക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് നീങ്ങുന്നത് ..
വെജിറ്റേഷൻ അഴുകാത്ത ഹൈഡ്രോ കാർബൺ ഡെപ്പോസിറ്ററിയാണ് പീറ്റ്‌ ബോഗുകൾ ..
*** *** ***
സെർബിയൻ ബോഗ് ലാൻഡിന് ഒരുപാട് പ്രത്യേകതകളുണ്ട് ...
മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സവിശേഷ ജൈവസ്ഥലികൾ ഉയർന്ന പ്രദേശത്തെ പൈൻ മരകാടുകൾക്കിടയിലാണ് .. !
ഐസ് ഏജിന് ശേഷമുള്ള ഗ്ലേഷ്യർ മെൽറ്റിങ്ങ് കഴിഞ്ഞപ്പോൾ ഉണ്ടായ കുഴികളിലേക്ക് പലതരത്തിലുള്ള ഓർഗാനിക്ക് സെഡിമെന്റ്‌സ് നിറഞ്ഞു .. അതിന് ശേഷം പീറ്റ്‌ ബോഗ് സിസ്റ്റങ്ങളുടെ താരമായ സ്പാഗ്നം മോസ് പടർന്നു വളർന്നു !!
സെർബിയൻ ഹൈലാൻഡ്സിൽ നിറയെ പൈൻ മരങ്ങളാണ്.
ധാരാളം പരാഗരേണുക്കളുണ്ടാകുന്ന 'പുഷ്‌പങ്ങളാണ്' പൈൻ കോണുകൾ !
ശരാശരി ഒരു മരത്തിൽ രണ്ട് കിലോഗ്രാം Pollen വരെയൊക്കെ ഓരോ സീസണിലും ഉണ്ടാകും .. കേരളത്തിലെ പശ്ചിമഘട്ടത്തിനെ അപേക്ഷിച്ച് മരങ്ങൾ എണ്ണത്തിൽ വളരെ കൂടുതലുള്ള കാടുകളാണ് ആൽപിയൻ കോണിഫറസ് ഫോറസ്റ്റുകൾ ( സൂചികാഗ്ര മരകാടുകൾ ) എന്നു പറഞ്ഞാൽ വിശ്വസിക്കാമോ ??
കേരളത്തിലെ മഴക്കാടുകൾക്ക് സങ്കീർണ്ണമായ ഘടനയാനുള്ളത് ..
പല വിതാനത്തിലുള്ള അടിക്കാടുകൾ..
വിരിഞ്ഞ് പരന്ന് വളരുന്ന വൃക്ഷങ്ങൾ ..
മഴക്കാടുകളിലെ മരങ്ങളുടെ കനോപ്പി വളരെ വലുതാണ് ~ മരങ്ങൾ 'വിരിഞ്ഞു' വളരും
പക്ഷെ സെർബിയയിലെ പൈൻമരക്കാടുകൾ അങ്ങിനെയല്ല മഴക്കാടുകളിലെ മരങ്ങൾ പോലെ വശങ്ങളിലേക്കുള്ള ശിഖിരങ്ങൾ അധികമില്ലാത്ത പൈൻ മരങ്ങൾ കൃത്യമായ ചെറിയ അകലങ്ങളിൽ കനത്ത തായ്തടിയോട് കൂടി റോക്കറ്റ് പോലെ മുകളിലേക്ക് മാത്രം വളരുന്നു !
ഒരു ചെറിയ ഇടത്ത്തന്നെ അനേകം വലിയ മരങ്ങൾക്ക് വളരാൻ സാധിക്കും .. അൻപതിനായിരം മുതൽ ഒരുലക്ഷം പൈൻ മരങ്ങൾ വരെ ഒരു സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് സുഗമമായി വളരും..
പൈൻ കാടുകളുടെ പരാഗണകാലത്ത് മഞ്ഞ പൊടിക്കാറ്റ് പോലെയാണ് പോളൻ അന്തരീക്ഷത്തിൽ വ്യാപിക്കുക ..
പ്രദേശത്തെ ജനൽ ചില്ലുകളും കാറിന്റെ വിൻഡ് ഷീൽഡുമെല്ലാം മഞ്ഞ'പൊടി'കൊണ്ട് നിറയും ..
പോളൻ ഇറിറ്റന്റ് ആണ് ; ആസ്മയുള്ളവർക്ക് അസ്വസ്ഥതകൾ കൂടും ..
ഇതൊക്കെ ആണെങ്കിലും പൈൻ പോളൻ ഒരുപാട് വൈറ്റമിൻസും പ്രോട്ടീനുമൊക്കെ ഉള്ള 'സൂപ്പർ ഫുഡ്' ആണെന്ന് വിപണി അവകാശപ്പെടുന്നു ..
പല രൂപങ്ങളിലുള്ള ഫുഡ് സപ്ലിമെന്റ് ആയി ഇപ്പോൾ പോളൻ വിൽക്കപ്പെടുന്നുണ്ട്.
പ്രധാനമായും കാറ്റിനെ ആശ്രയിച്ച് പരാഗണം നടത്തുന്ന പൈൻ മരകാടുകൾ ആവശ്യമുള്ളത്തിലും അനേകം ഇരട്ടി പരാഗരേണുക്കളെയാണ് അന്തരീക്ഷത്തിലേക്ക് പറത്തി വിടുന്നത് ..
പതിയെ വെള്ളത്തിലും മറ്റും ഒലിച്ച് പോളൻ മേൽപ്പറഞ്ഞ താഴ്ന്ന പ്രദേശങ്ങളിലേക്ക് അടിഞ്ഞു കൂടുന്നു ...
പതിനായിരക്കണക്കിന് വർഷങ്ങൾ ... !!
ഗ്ലേഷ്യർ പിറ്റുകൾ എല്ലാം പരാഗരേണുക്കൾ കൊണ്ട് നിറയുന്നു ..
സ്പോഞ്ചുപോലുള്ള സ്പാഗ്നം മോസ് ഓക്സിജനുമായി ബന്ധപ്പെടാത്ത സ്ഥിരതയുള്ള വാട്ടർ ലെയർ നില നിറുത്തുന്നു .
പൈൻ പോളൻ അസിഡിക്ക് ആണ് ..
പൈൻ ഫോറസിലെ പീറ്റ്‌ ബോഗുകളിലെത്തുന്ന ഓർഗാനിക്ക് മാറ്റർ ഒട്ടുമേ അഴുകുന്നില്ല ..
ഒരു പ്രദേശത്ത് ഏറ്റവുമധികം മോസ്സ് ഇനങ്ങൾ കണ്ടിട്ടുള്ളത് അവിടെയാണ് ..
ടിങ്കർബെൽ 'Tinker Bell' മൂവികളിലേത് പോലുള ശരിക്കുമൊരു ഫെയറി മെഡോ ... !!
പലയിനം മോസുകൾ, ലൈക്കനുകൾ, അനവധി അനവധി കൂണുകൾ, കുഞ്ഞുപുല്ലുകളിലെ നിറപ്പകിട്ടാർന്ന പൂക്കൾ, പ്രാണിപിടിയൻ ചെടികൾ, ശലഭങ്ങൾ തുമ്പികൾ ...
ഓരോ കാൽവെപ്പിലും ഭൂമി മീറ്ററുകൾ താഴെ നിന്നേ തുള്ളിതുടിക്കുന്നത് നമ്മുടെ കാലുകളിൽ അനുഭവപ്പെടും .. !
അനേകം സംവത്സരങ്ങളിൽ പൊഴിഞ്ഞുവീണ പൂക്കളും ഇലകളും പൈൻ മരങ്ങളുടെ പരാഗരേണുക്കളും, അനവധി തലമുറകളിൽ വളർന്ന് താണുപോയ സ്പാഗ്നം മോസ് പാളികളും !!
പലയിനം മോസുകൾ പീറ്റ്‌ ബെഡിൽ നിന്ന് പൈൻ മരങ്ങളിലേക്ക് വളർന്നു കയറുന്നു... , മരചില്ലികളിൽ അസാധാരണ വലിപ്പമുള്ള ലൈക്കനുകൾ .. , വൈൽഡ് ഓർക്കിഡുകൾ... !
സ്പാനിഷ് മോസിനോട് സമായനമായ ചില എയർപ്ലാന്റുകൾ ..
ചില കാഴ്ചകളിലും അനുഭവങ്ങളിലും നമ്മുടെ മനസ്സ് ഭ്രമിതമായിപ്പോകും ..
സെർബിയൻ നാഷണൽ റിസർവ്ഫോറസ്റ്റിലെ പീറ്റ്‌ ബോഗ് മെഡോസ് അങ്ങിനെ ഒരനുഭവമാണ് ...
പീറ്റ്‌ ബോഗുകളിലെ അധികമായ അസിഡിറ്റിയും മണ്ണിലെ ഓക്സിജന്റെ അഭാവവും മൂലം ജൈവവസ്തുക്കളുടെ സ്വാഭാവികമായ ബാക്റ്റീരിയൽ വിഘടനവും നടക്കുന്നില്ലാത്തത് കൊണ്ട്തന്നെ യാതൊരു ദുർഗന്ധമോ അഴുകലോ ഇവിടെ അനുഭവപ്പെടില്ല ...
ചതുപ്പിലേത് പോലെ ജൈവാവാശിഷ്ടങ്ങൾ അഴുകാത്തത് കാരണം ഏറ്റവും പൂർണ്ണമായ ജൈവ ഫോസിലുകൾ പലതും ലഭിക്കുന്ന മേഖലകളാണ് ലോകമെമ്പാടുമുള്ള പീറ്റ്‌ ബോഗുകൾ ..
ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജീവികളുടെയും മനുഷ്യന്റെയും ഒട്ടുമേ കേടാകാതെ മൃതദേശങ്ങൾ യൂറോപ്പിന്റെ പലയിടങ്ങളിലായുള്ള പീറ്റ്‌ ബോഗുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇതുവരെ കണ്ടെടുത്ത ബോഗ് ബോഡീസിൽ ഭൂരിഭാഗവും കൊല ചെയ്യപ്പെട്ട മനുഷ്യരുടേതാണെന്നതിന് കാരണം ദുരൂഹമായി തുടരുന്നു .
ബോഗ് ബോഡീസ് എന്നാണ് ഇത്തരം ഭൂപ്രദേശങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കേടാകാത്ത മനുഷ്യ ഫോസിലുകളെ പൊതുവെ വിളിക്കുന്ന പേര് ..
8000 വർഷം മുൻപ് വരെയുള്ള കേട്പറ്റാത്ത ചില മൃത ശരീരങ്ങൾ പീറ്റ്‌ ബോഗുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് ...
സ്പാഗ്നം മോസും പൈൻ ഇലകളുടെ ശകലങ്ങളും പരാഗരേണുക്കളുംകൊണ്ട് ആഴമേറിയ സ്പ്രിങ്ങ് മെത്തപോലെയാണ് ഇവിടുത്തെ നിലം ...
ഒരു ടെറാറിയം മേക്കർക്ക് ആദ്യ ദർശനത്തിൽ തന്നെ അത്യാവേശത്താൽ മോഹാലസ്യപെട്ട് വീണുപോകാൻ മാത്രം മായികമായ എക്കോ സിസ്റ്റം ..
ഇളയും സിഡും കാണാറുള്ള ഫെയറി കാർട്ടൂണുകളിലാണ് ഞാനിത്തരം മായിക കാഴ്ച്ചകൾ കണ്ടിട്ടുള്ളത് ... !
നമ്മളിൽ പലരും യാത്ര ചെയ്യുന്നവരാണ്. ഒരേഇടങ്ങളിൽ ഒരേസമയത്ത് നമ്മൾ കണ്ടുമുട്ടാറുണ്ട്.
പക്ഷെ നമ്മുടെ കണ്ണിന് മുന്നിലെ ദൃശ്യങ്ങൾ ഒന്നാണെങ്കിലും കാഴ്ചകൾ ഒന്നായിരിക്കില്ല ...
ഓരോരുത്തർക്കും അവരവരുടെ കാഴ്ചകളുണ്ട് ...
സെർബിയൻ യാത്രാവിവരണത്തിലെ രണ്ടാമത്തെ പോസ്റ്റാണിത് ...
തുടരും ..
സ്നേഹപൂർവം കിരൺ കണ്ണൻ








Link to Facebook Post
Posted on Oct 6, 2021

അഭിപ്രായങ്ങള്‍