Skull Tower ! ( നീഷിലെ തലയോട്ടികളുടെ ഗോപുരം)

 Skull Tower !

( നീഷിലെ തലയോട്ടികളുടെ ഗോപുരം)
സെർബിയയുടെ ചരിത്രം പടയോട്ടങ്ങളുടേതാണ് ..
സെൻട്രൽ യൂറോപ്പിനും തെക്കുകിഴക്കൻ യൂറോപ്പിനുമിടയിലെ വഴിത്താരയിൽ കിടക്കുന്ന പ്രദേശമാണ് ഇന്നത്തെ സെർബിയ ..
പതിനെട്ട് റോമൻ ചക്രവർത്തിമാർ, അതിന് ശേഷം ലോകത്ത് ക്രിസ്ത്യൻ റിലീജ്യസ്‌ അഡ്മിനിസ്‌ട്രേഷന്റെ തുടക്കം കുറിച്ച സാക്ഷാൽ കോൺസ്റ്റന്റീൻ , പല പല ബാൽകൺ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങൾ ഹിറ്റ്ലർ,
കമ്യൂണിസ്റ്റ് റഷ്യ ...
ഭൂഖണ്ഡങ്ങൾക്കിടയിലെ പടയോട്ടങ്ങളുടെ തന്ത്രപ്രധാനമായ വഴിത്താരയിൽ കിടക്കുന്ന ഭൂപ്രദേശങ്ങൾക്കല്ലാം എന്നും വിധിച്ചിട്ടുള്ളത് ഇതൊക്കെ തന്നെയാണ്
യുദ്ധങ്ങൾക്ക് പുറകേ യുദ്ധങ്ങൾ, അധിനിവേശങ്ങൾ, വിപ്ലവങ്ങൾ, കോട്ട കൊത്തളങ്ങൾ, കൊട്ടാരങ്ങൾ, ചോരച്ചാലുകൾ, രക്തസാക്ഷികൾ ..
മുറിവുണങ്ങാത്ത സ്മൃതികൾ ...
കിഴക്കൻ സെർബിയയിലെ നീഷ് പ്രവശ്യയിൽ ഓട്ടൊമൻ സാമ്രാജ്യകേന്ദ്രമായ തുർക്കിയിലേക്കുള്ള പ്രധാന പാതക്ക് സമീപത്തായി 1809 ൽ സ്ഥാപിച്ച കുപ്രസിദ്ധവും ഭീതിതവുമായ ഗോപുരമാണ് സ്കൾ ടവർ !
റോമൻ ചക്രവർത്തിമാർക്ക് ശേഷം, ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് എമ്പയർ ആയ കോകൺസ്റ്റാൻന്റീൻ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുത്തതിന് ശേഷം നീണ്ട അഞ്ച് നൂറ്റാണ്ടുകൾ സാക്ഷാൽ ഓട്ടൊമൻ ചക്രവർത്തിമാരുടെ കൈപ്പിടിയിലിലായിരുന്നു സെർബിയ ...
ഓട്ടൊമൻ പടയോട്ടങ്ങളുടെ സാമ്പത്തിക ഭാരവും അസ്വാതന്ത്രങ്ങളും പേറി അടിമപട്ടാളക്കാരായി നിലകൊണ്ട പാവം ജനത ...
പ്രവിശ്വയുടെ ചരിത്രം മുഴുവനും കീഴ്പ്പെടുത്തലുകളുടേതായിരുന്നു, ഒരിക്കൽ കീഴ്പെടുത്തിയ ചക്രവർത്തിമാരിൽ നിന്ന് വീണ്ടും വീണ്ടും പുതിയവരുടെ കീഴ്‌പെടുത്തൽ ...
ഒരു രാഷ്ട്രം എന്ന നിലയിലും എന്റെ നാട് എന്ന നിലയിലും ചരിത്രത്തിലെ സെർബിയയിലെ ആദ്യത്തെ പ്രക്ഷോപം നടക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലതാണ് ..
'സ്റ്റീവൻ സെൻഡലിക്' (Stevan Sinđelić) എന്ന വിപ്ലവകാരിയുടെ നേതൃത്വത്തിൽ സെർബിയൻ ജനത അക്കാലത്തെ ലോക ശക്തിയായ ഓട്ടൊമൻ ചക്രവർത്തിമാർക്കെതിരെ പല പല പോരാട്ടങ്ങൾ നടത്തി ..
കിഴക്കൻ സെർബിയയിലെ നീഷ് പ്രവിശ്യയിൽ 1809 ൽ നടന്ന കൊടിയ പോരാട്ടത്തിൽ സെർബിയൻ വിപ്ലവകാരികൾ കീഴ്പ്പെടും എന്നുറപ്പായപ്പോൾ സ്റ്റീവനും അനുയായികളും വെടി മരുന്നുകൾക്ക് തീയിട്ട് സ്വയം അഗ്നിക്കിരയായി ..
ഓട്ടോമൻ സൈന്യത്തിന്റെ കയ്യിൽ ജീവനോടെ അകപ്പെട്ടാൽ മരണം ഇതിനേക്കാൾ ഭീതിതമാകും എന്ന ബോധ്യത്തിനാലാണ് അവർ സ്വയം മരണത്തെ പുൽകിയത് ..
ഒട്ടനവധിപേർ ഇരുവശത്തും മരിച്ചു വീണ മഹായുദ്ധമായിരുന്നു അത്.
സെർബിയൻ വിപ്ലവകാരികളുടെ ജഢങ്ങളിൽ നിന്ന് തലയറുത്ത് സ്റ്റഫ് ചെയ്ത് തലയോട്ടികളെല്ലാം കൂടി പ്രവിശ്യയിലെ ഓട്ടോമൻ ഗവർണർ ഹുർഷിദ് പാഷ ഓട്ടോമൻ ചക്രവർത്തിയായ സുൽത്താൻ മഹ്മൂദ് രണ്ടാമന് 'സമ്മാനമായി' കൊടുത്തയച്ചു..
സെർബിയൻ വിപ്ലവകാരികൾ ചെറുതൊന്നുമല്ലാത്ത പ്രഹരമാണ് ലോകം ഭയക്കുന്ന ഓട്ടോമൻ സാമ്രാജ്യത്തിന് നൽകിയിരുന്നത് ...
സന്തോഷവാനായ ചക്രവർത്തി തിരിച്ച് നീഷിലേക്ക് തന്നെ തലയോട്ടികൾ കൊടുത്തുവിട്ടു .
പ്രവിശ്യയിലെ ഓട്ടോമൻ ഗവർണർ നീഷിൻ നിന്ന് ബൽഗ്രെഡ് വഴി ഓട്ടോമൻ സാമ്രാജ്യ തലസ്ഥാനമായുള്ള ഇസ്‌താംബൂളിലേക്കുള്ള പ്രധാന വഴിയരികിൽ വിപ്ലവകാരികളുടെ തലയോട്ടികൾ കൊണ്ട് ഒരു ഗോപുരം പണിയാൻ ഉത്തരവിട്ടു...
ആയിരത്തോളം വിപ്ലവകാരികളുടെ തലയോട്ടികൾ ഒട്ടിച്ചു വച്ച 15 അടിയുള്ള മുന്നറിയിപ്പ് ഗോപുരം ... !!
ഇനി ഒരിക്കലും സെർബിയൻ അപ്പ്റൈസിങ്ങ് സംഭവികാതിരിക്കാൻ താക്കീതോടെയുള്ള ഓർമ്മപ്പെടുത്തലായാണ് മരണത്തിന്റെ ഗോപുരം പണി കഴിപ്പിച്ചത്. .
അതിന് ചുറ്റിലും മാംസം അഴുകിപ്പോയ കൺതുളകളിലെ ഇരുട്ടിൽ നിന്ന് രക്തസാക്ഷികൾ ഓട്ടോമൻ സാമ്രാജ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സമര വീര്യമാണ് ജനതയിലേക്ക് പകർന്നത്...
ഭീഷണിപ്പെടുത്താൻ നിർമ്മിച്ച തലയോട്ടികളുടെ ഗോപുരം സ്വാഭിമാനത്തിന്റെയും ദേശീയ ബോധത്തിന്റെയും പ്രകോപിപ്പിക്കുന്ന ബിംബമായി മാറിയത് പെട്ടന്നായിരുന്നു ...
വിപ്ലവം കത്തിപടർന്നു, അഞ്ച് നൂറ്റാണ്ട് നീണ്ടു നിന്ന ഓട്ടോമൻ സാമ്രാജ്യം ഏതാനും ദശകങ്ങൾക്കകം സെർബിയയുടെ മണ്ണിൽ നിന്ന് പിൻവാങ്ങി.
തലയോട്ടികളുടെ ഗോപുരത്തിന്റെ ഏറ്റവും മുകളിൽ സെർബിയൻ വീരനായകൻ സ്റ്റീവൻ സെൻഡലിക്കിന്റെ തലയോട്ടിയാണ് വച്ചിരുന്നത് ...
നൂറ്റാണ്ടുകൾക്കിടയിൽ ഒരുപാട് തലയോട്ടികൾ പൊഴിഞ്ഞ് വീണ് നഷ്ടപ്പെട്ടു.
പൊഴിഞ്ഞു പോയ ഇടങ്ങളിൽ തലയോട്ടികൾ ഒട്ടിപ്പിടിച്ചിരുന്നതിന്റെ കുഴികൾ .....
ഒരു ദേശത്തിന്റെയും ചരിത്രം പൂർണ്ണമായി പറയാനാകില്ല , ഇവിടെ നിന്നെങ്കിലും പറഞ്ഞു തുടങ്ങി എവിടെയെങ്കിലും അവസാനിപ്പിക്കാൻ മാത്രമേ കഴിയൂ ....
ഒഴുകുന്ന പുഴപോലെയുള്ള നൈരന്തര്യമാണ് ചരിത്രം..
അതിനോട് പകപോക്കാൻ കഴിയില്ല ...
ചരിത്രം പഠിക്കാനുള്ളതാണ് .. ഉൾക്കൊള്ളാനുള്ളത് ...
ചുണ്ണാമ്പും മണലും ചേർന്ന ഭിത്തികളിൽ ഒട്ടിച്ചു വച്ച സെർബിയൻ രക്തസാക്ഷികളുടെ തലയോട്ടികൾ നോക്കൂ ...
കണ്ണുകളുടെ സ്ഥാനത്തെ ഇരുണ്ട കുഴികളിലേക്ക്...
ചോരച്ചാലുകളൊഴുകിയ പഴയൊരു സ്വാതന്ത്രസമരത്തിന്റെ കാഴ്ചകൾ കാണാം ....
ചരിത്രം മറക്കാനുള്ളതല്ല ..
സെർബിയൻ കാഴ്ചകൾ തുടരും
സ്നേഹപൂർവം : കിരൺ കണ്ണൻ










Link to Facebook Post
Posted on Oct 12, 2021

അഭിപ്രായങ്ങള്‍