ഓർമ്മകള് ..
രണ്ടായിരത്തി എട്ടിലെ ലോക സാമ്പത്തിക മാന്ദ്യത്തിനും കുറെ മുൻപ്..
ബുർജ് ദുബായ് മണ്ണിൽ നിന്ന് കിളിർത്ത് വളർന്ന് തുടങ്ങുന്ന കാലം...
ദുബായിലെ വർക്ക് എൻവയോണ്മെന്റ് ഹൽദിറാമിന്റെ ആൾ ഇൻ വൺ മിക്‌സ്ചറ് പോലെ വേറെ ഒരു ലെവലാണ് ...
മധുരവും പുളിപ്പും എരിവുമൊക്കെയുള്ള അടാർ ബാച്ചിലർ ലൈഫ് ..
ദുബായ് ഇങ്ങനെ വികസിച്ച് വീർത്ത് പെരുത്ത് ജിംഗ ജിംഗ ന്ന് നിൽക്കുന്നു ..
മെട്രോ തുടങ്ങിയിട്ടില്ല, വാഹനങ്ങൾക്ക് ക്രീക്കിനെ മുറിച്ചു കടക്കാൻ ആകെ മൊത്തം രണ്ട് പാലവും ഷിന്റഗയിലെ ടണലും മാത്രം. റോഡിലെങ്ങും ടോളില്ല ..
ഒരു രക്ഷയുമില്ലാത്ത ട്രാഫിക്ക് ജാം .
സ്റ്റാഫ് ബസ്സ് ഗർഹൂദ് ബ്രിഡ്ജിന്റെ കടയ്ക്കൽ ട്രാഫിക്ക് ജാമിൽ പെട്ടാൽ പുറത്ത് പോയി ബർഗർ കഴിച്ച് വന്നാലും പത്ത് മീറ്റർ അപ്പുറത്ത് മ്മടെ ബസ്സ് കിടപ്പുണ്ടാകും ..
അന്ന് ബ്ലഡി മല്ലൂസ് അധികമൊന്നും ചങ്ങാതിമാരായില്ല ..
ഫിലിപൈൻസിൽ നിന്നുള്ള സഹപ്രവർത്തകരാണ് പ്രധാന കൂട്ട് .
ദിവസവും രാവിലെയും വൈകീട്ടും പതിനഞ്ച് സീറ്റർ ബസ്സില് ഒന്നൊന്നര മണിക്കൂറ് വീതം കത്തിയടിച്ച് സ്നേഹിച്ച് മത്തടിച്ചുള്ള യാത്രയാണ്.
വൈകീട്ട് ചിലപ്പോ ചങ്ങാതിമാരോടൊപ്പം വഴിയിലിറങ്ങി നടക്കും, ബർദുബായ് ഓൾഡ് ടൗണിന്റെ അരികിൽ അനേകം ഇടവഴികൾ നിറഞ്ഞ പഴയ നിർമിതികളുടെ ഒരിടമുണ്ട്.
അതിലെ കെട്ടിടങ്ങളിൽ നിറയെ ആർട്ട് ഗാലറികളാണ് ....
ആർട്ട് ഗാലറികൾക്കിടയിലെ വിന്റേജ് കാപ്പികടകളിൽ മിക്കവാറും ദിവസം ഏതെങ്കിലും ക്ലാസിക്ക് സിനിമകൾ ചുമരിലേക്ക് പ്രോജക്റ്റ് പ്ലെ ചെയ്യുന്നുണ്ടാകും..
നമ്മളിങ്ങനെ ചങ്ങാതിമാരോടൊപ്പം ബീൻബാഗിൽ ഇരുട്ടത്ത് കിടന്ന് സിനിമയൊക്കെ കണ്ടിട്ടേ റൂമിലേക്ക് പോകൂ ..
പെൺകൈകൾ വിരല് കോർത്തുപിടിച്ചിരുന്ന് അച്ചടക്കത്തോടെ സിനിമ കാണാൻ പഠിച്ചത് അവിടെ നിന്നാണ് .
ദേര സൈഡിലാണ് മിക്കവരുടെയും റൂമുകൾ, 50 ഫിൽസ് കൊടുത്താൽ അബ്ര എന്ന മര ബോട്ടുകളിൽ കാറ്റുകൊണ്ട് കടൽകാക്കകളുടെ കിളിചിലപ്പും കേട്ട് പോകാം ..
പോപ്പ്ക്കോണോ കടലയോ കയ്യിലുണ്ടെങ്കിൽ എറിഞ്ഞിട്ടു കൊടുത്താൽ നൂറു കണക്കിന് കടൽ കാക്കകൾ ബോട്ടിനെ വളയും...
വൈകുന്നേരങ്ങളിൽ ഇരു കരകളിൽ നിന്നുള്ള വെളിച്ചങ്ങൾ വരയ്ക്കുന്ന അമൂർത്തമായ ജല ചിത്രങ്ങൾ വല്ലാത്ത കാഴ്ച്ച തന്നെയാണ് ....
ഇന്നും ദുബായ് അബ്ര പരിസരങ്ങൾ അങ്ങിനെ തന്നെയാണെന്ന് തോന്നുന്നു...
ലോകത്ത് ഏറ്റവും വേഗതയിൽ നിർമ്മിതികളും മാറ്റങ്ങളും സംഭവിക്കുന്ന മഹാ നഗരത്തിലെ മാറ്റം വരാത്ത ഒരിടം ... !
ക്രീക്കിന്റെ ഒരു വശത്ത് ഇറാനിലേക്കും മറ്റും ചരക്ക് കൊണ്ടു പോകുന്ന മരഉരുക്കൾ തീരത്ത് കെട്ടിയിട്ടിട്ടുണ്ടാകും ചരക്ക് ചാക്കുകളിൽ നിന്ന് ധാന്യം കല്ല് പാകിയ നിലത്ത് പൊഴിഞ്ഞു വീണിരിക്കും...
അവിടെല്ലാം നിറയെ പ്രാവുകളാണ് ...
കോലാപ്പൂരി ചെരിപ്പുകൾ വിൽക്കുന്ന ഒരു കട, പാക്കിസ്ഥാനിൽ നിന്നുള്ള പരുത്തി തുണികളുടെ കടകൾ ....
സൂര്യഘടികാരങ്ങൾ മുതൽ ഫോസിലുകൾ വരെ വിൽക്കുന്ന പുരാവസ്തു ശാലകൾ ..
ഷിന്റഗാ തുരങ്കത്തിന് സമാന്തരമായി കടലിനടിയിലൂടെ മനുഷ്യർക്ക് നടന്നുപോകാൻ മാത്രം കഴിയുന്ന വേറൊരു ചെറു തുരങ്കമുണ്ടെന്ന് അന്ന് ഞങ്ങൾ ചങ്ങാതിമാർ ഒരുമിച്ചാണ്
കണ്ടു പിടിച്ചത് .... !
ഇപ്പോഴും ആ തുരങ്കതിലൂടെ നടന്നു പോകാൻ അനുവാദമുണ്ടോ ആവോ ??
അബ്രയിൽ 'കടൽപുഴ' മുറിച്ചു കടക്കുമ്പോഴും , രാത്രി റേഡിയോവിയിൽ ശാലു ഫൈസലിന്റെ മൃദു സ്വരത്തിലുള്ള ഗ്രാമഫോൺ എന്ന സംഗീത പരിപാടി കേൾക്കുമ്പോഴുമാണ് ഏറ്റവും അധികം ജിൻജിയെ ഓർമ്മവരാറുള്ളത് .. !
പ്രണയം നീറിപ്പുകയുന്നൊരു ഉൾച്ചൂട് .....
കൂട്ടുകാർ ഓരോരുത്തർക്കും ഓരോരോ ഓർമ്മകളൊക്കെയുണ്ടാകും ...
നമ്മളതല്ലാം പരസ്പരം പറയും ..പങ്കുവയ്ക്കും ..
ഭാഷയും ദേശവും വികാരങ്ങളുടെ പങ്കുവയ്പുകൾക്ക് തടസ്സമാകുന്നതെങ്ങിനെ....
1991 ലെ മൗണ്ട് പിനട്യൂബോ അഗ്നിപർവതസ്ഫോടനത്തെ തുടർന്ന് ആസ്മാ അറ്റാക്കിൽ സഹോദരിയുടെ ജീവൻ നഷ്ടപ്പെട്ട കഥ മെറിവിക്ക് കണ്ണീരോടെ എന്നോട് പറഞ്ഞത് ഒരു ദിവസം ക്രീക്കിന്റെ ഓരത്തിരുന്നാണ് .
പാവം ..
അഗ്നിപർവതങ്ങൾ എനിക്കെന്നും അതിശയവും ഇഷ്ടവുമായിരുന്നു ...
മൗണ്ട് പിനട്യൂബോയെ കുറിച്ച് അവളോട് എന്തൊക്കെയോ ചോദിക്കാൻ ആഞ്ഞതാണ്... സ്വയം വിലക്കി ...
ചെറുബോട്ടുകളുണ്ടാക്കുന്ന ഓളതുള്ളലിൽ വലിയൊരു മത്സ്യം ഒഴുകി നടക്കുന്നു .. ഏതോ ബോട്ടിന്റെ പ്രോപ്പല്ലർ തട്ടി പരിക്ക് പറ്റിയതാണ് , ചത്തിട്ടൊന്നുമില്ല ...
ദുബായ് ക്രീക്കിൽ തന്നെയാണ് ഞാനാദ്യമായി ജെല്ലീഫിഷുകളെ കാണുന്നത് ...
പിന്നീടൊരിക്കൽ ഇരുട്ടിൽ നീല വെളിച്ചമുള്ള ഒരു കടൽ ജീവി ജലപ്പരപ്പിന് താഴെക്കൂടി ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട് .. ..
മിക്കവാറും ഈ ജീവികളൊക്കെ വഴിതെറ്റി കടലിൽ നിന്ന് കയറിവന്നതാവും .....
വെള്ളിയാഴ്‌ചകളിൽ ഞങ്ങളല്ലാരും കൂടെ ജുമേറ ബീച്ചിൽ പോകും ..
മാംസവും മീനുമെല്ലാം ഫാർ ഈസ്റ്റേൺ ശൈലിയിൽ പിനോയ് സുഹൃത്തുക്കൾ മാരിനേറ്റ് ചെയ്ത് കണ്ടുവന്നിട്ടുണ്ടാകും ..
പുഴുങ്ങിയ മുട്ട ഉപ്പ് മണലിൽ ആഴ്‌ചകളോളം കുഴിച്ചിട്ട് ഉണ്ടാക്കിയെടുക്കുന്ന 'സോൾട്ടഡ് എഗ്ഗ്' ഫ്രഷ് തക്കാളിയോടൊപ്പം കുനുകുനാ കൊത്തിയരിഞ്ഞിട്ടതിന്റെ സ്വാദ് !
രുചിഭേദങ്ങൾ പരിചയപ്പെട്ടതും മറ്റുള്ളവരുടെ ഭക്ഷണ ശീലങ്ങളെ ബഹുമാനിക്കാൻ പഠിച്ചതും ദുബായിലെ പഴയ കൂട്ടുകാരിൽ നിന്നാണ്....
അന്നൊക്കെ ബിക്കിനിധരിച്ച കൂട്ടുകാരികളെ നീന്തല് പഠിപ്പിക്കലായിരുന്നു പ്രധാന വിനോദം വടിവൊത്ത യുവ ശരീരങ്ങൾ പരസ്പരം ആർത്തുല്ലസിച്ച് തൊട്ടറിഞ്ഞ തീരങ്ങൾ ..
നീന്തലറിയാത്തവർ പരസ്പരം നീന്തല് പഠിപ്പിച്ച കടല് .....
ഈ കുറിപ്പ് തൽക്കാലം ഇവിടെ നിറുത്താം
അതാ എനിക്ക് നല്ലത് എന്ന് തോന്നുന്നു ..
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Jan 23, 2022
Posted on Jan 23, 2022

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ