അവൾക്ക് തിരിച്ചു പോകാൻ കഴിയില്ല..
ഉക്രൈൻ പവലിയനിലേക്കുള്ള ക്യൂവിൽ നിൽക്കുമ്പോൾ മഞ്ഞയും നീലയും കലർന്ന പതാക വർണ്ണങ്ങളുടെ സ്കാർഫ് കഴുത്തിലണിഞ്ഞ എക്സിബിഷൻ സ്റ്റാഫായ പെൺകുട്ടി ഇളയുടെ കയ്യിൽ രണ്ടു റിബണുകൾ കെട്ടികൊടുത്തു !
ഒന്ന് മഞ്ഞയും , രണ്ടാമത്തേത് നീലയും.
അതിലളിതമായ ഉക്രൈൻ പതാകയുടെ നിറങ്ങൾ.
പലരും 6 മാസത്തെ എക്‌സ്‌പോ ഡ്യൂട്ടിയിൽ വരുന്നവരാണ്...
192 രാജ്യങ്ങളുടെ പവലിയനുകളാണ് ദുബായ് വേൾഡ് എക്‌സ്‌പോ 2020 നഗരിയിലുള്ളത് ..
ഇളയുടെയും സിഡിന്റെയും മുന്നിൽ വച്ച് മനഃപൂർവ്വമാണ് ഞാനിങ്ങനെ വിവിധ രാജ്യക്കാരോട് അവരവരുടെ നാടുകളെകുറിച്ച് ചോദിക്കുന്നത്.
ഇങ്ങനെയൊക്കെ ചെയ്യുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വലിയൊരു പഠന പ്രക്രിയയാണ് ... ..
വർണ്ണകാഴ്കളുടെ വിസ്മയങ്ങൾക്കപ്പുറം ലോക പ്രദർശനം കുട്ടികളുടെ മനസ്സുകളിൽ തിരിച്ചറിവുകളുടെ വിത്തുകൾ മുളപ്പിച്ചെടുകാനാകണം ...
ഉക്രൈൻ പവലിയനിലെ പെൺകുട്ടിയോട് ഞാൻ യുദ്ധത്തെ കുറിച്ചു ചോദിച്ചു ..
"It's really hard ..."
അവളുടെ ഒരൊറ്റ വാചകത്തിന് വലിയ കനമുള്ളപോലെ തോന്നി ...
ഇളയും സിഡും അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്...
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കപ്പുറം അവൾ പറഞ്ഞു
"ആദ്യമായാണ് ദുബായിലേക്ക് വന്നത്,
എക്‌പോ ഡ്യൂട്ടിക്ക് വന്നതാണ്. വരുമ്പോൾ യുദ്ധത്തിനെക്കുറിച്ച് ഒരു സൂചനപോലും ഉണ്ടായിരുന്നില്ല"
"മൂന്നാഴ്‌ചകൾക്കപ്പുറം മാർച്ച് മുപ്പത്തിയൊന്നിന് എക്‌പോ തീരും"
"തിരിച്ചു പോകാൻ കഴിയില്ല." "നാട്ടിൽ എല്ലാം താറുമാറായി, ജനം അയൽ രാജ്യങ്ങളിലേക്ക് പ്രണഭയം കൊണ്ട് ഒഴുകുകയാണ്"
എന്തു മറുപടി പറയണം എന്നറിയില്ല ..
"We are with you .. "
ക്യൂ പതിയെ മുന്നിലേക്ക് നീങ്ങുന്നുണ്ട്. .
അവൾ ഇളയുടെ മുടിയിൽ വെറുതെ ഒന്ന് തഴുകി പുഞ്ചിരിയോടെ പറഞ്ഞു ..
"We can feel love of world .."
പവലിയന്റെ ഉള്ളിൽ പതിനായിരക്കണക്കിന് സ്റ്റിക്കി നോട്ടുകൾ.. എക്‌പോയിലെ ഉക്രൈൻ പവലിയൻ കാണാൻവന്ന ജനങ്ങൾ എഴുതി ഒട്ടിച്ചു വച്ചതാണ്. കയ്യെത്താവുന്ന സ്ഥലങ്ങളിലൊക്കെ സമാധാന സന്ദേശങ്ങളും ഉക്രൈൻ ജനതക്ക് ഐക്യദാർഢ്യവും ...
ഞങ്ങൾ മൂന്ന് നാല് ദിവസങ്ങളിലായി എക്‌പോയിൽ തന്നെയാണ് ...
ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട പവലിയൻ എന്നത് എക്‌സ്‌പോ പോയി വരുന്നവരോട് ചോദിക്കുന്ന പതിവ് ചോദ്യമാണ് ..
നാലാമത്തെ ദിവസം ഉക്രൈൻ പവലിയൻ സന്ദർശിക്കുന്നത് വരെ ഏറ്റവും പ്രിയപ്പെട്ട പവലിയൻ ഏതാണെന്ന് ചോദിച്ചാൽ എനിക്ക് ആശയക്കുഴപ്പം തോന്നുമായിരുന്നു ; ഇനി അതുണ്ടാവില്ല ..
ഉക്രൈൻ പവലിയൻ ഉണ്ടാക്കിയെടുത്തിരിക്കുന്നത് നമ്മൾ ഓരോരുത്തരും ചേർന്നാണ് ... !
ആയിരമായിരം തുണ്ടുകടലാസുകളിൽ എത്രയെത്ര കയ്യക്ഷരങ്ങൾ !!
എത്രയെത്ര ഭാഷകൾ !!
എത്രയെത്ര ദേശങ്ങളിൽ നിന്നുള്ളവർ .. !!!
അവരെല്ലാം ആത്മാർഥമായാണ് പവലിയന്റെ ചുമരുകളിലും കൈവരികളിലും സാധ്യമായ എല്ലായിടത്തും സമാധാന സന്ദേശങ്ങൾ എഴുതിയിരിക്കുന്നത് ....
വെറും വാക്കുകൾകൊണ്ട് എന്തു കാര്യം എന്നു തോന്നുന്നുണ്ടോ ??
വേൾഡ് എക്‌പോ പോലെ ഒരു വേദിയിൽ ഒരു രാജ്യത്തിന്റെ ചുവരുകളിലൊട്ടിച്ച ഈ കടലാസ് തുണ്ടുകൾ ലോകത്തിനോട് ഇനിയൊരു യുദ്ധം വേണ്ട എന്ന് ആർത്ത് പറയുകയാണ് ...
എക്‌പോ കഴിഞ്ഞാലും തിരിച്ചുപോകാനാകാത്ത പവലിയനിലെ ആ മനുഷ്യർക്ക് കരുത്തും കരുതലുമാണ് ആ കടലാസുതുണ്ടുകൾ ...
ഇത് ചരിത്രമാണ് ..
ഉക്രൈൻ പവലിയന് അധികമൊന്നും ദൂരെയല്ലാതെയാണ് റഷ്യയുടെ പ്രൗഢഗംഭീരമായ എക്‌പോ പവലിയൻ സ്ഥിതി ചെയ്യുന്നത്...
റഷ്യൻ പവലിയന്റെ വിസ്മയിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ളേകളിലൊന്നിൽ ബഹിരാകാശ സഞ്ചാരിയായ സെർഗേ ക്രിക്കലെവിന്റെ ചിത്രം കണ്ടിരുന്നു..
1991 മെയ് മാസം പതിനെട്ടാം തീയതി സോവിയറ്റ് യൂണിയന്റെ ആസ്ട്രോനട്ട് സെർഗേ ക്രിക്കെലവ് മിർ ബഹിരാകാശ നിലയത്തിൽ ജോലിക്ക് പോയതാണ് .
അദ്ദേഹം സ്പെയിസിലായിരിക്കെ സോവിയറ്റ് യൂണിയൻ എന്ന തന്റെ രാജ്യം തകർന്നില്ലാതായി.
(December 26, 1991)
തിരികെയിറങ്ങാൻ തന്റെ രാജ്യമോ ഗവൺമെന്റോ ഇല്ലാത്ത അവസ്ഥയിൽ അദ്ദേഹം സ്‌പേസ് സ്റ്റേഷനിൽ 311 ദിവസം താമസിച്ചു ..
ഒടുവിൽ 1992 മാർച്ച് മാസം സോവിയറ്റ് ആയിരുന്ന സെർഗേ ക്രിക്കെലവ് റഷ്യൻ പൗരനായി ഭൂമിയിൽ തിരിച്ചിറക്കി ...
ലോകത്തിലെ ഏറ്റവും അവസാനത്തെ സോവിയറ്റ് എന്ന് അദ്ദേഹത്തിന് വിളിപ്പേര് വന്നു ...
ജിയോപൊളിറ്റിക്‌സ് പ്രമുഖരായ മനുഷ്യരുടെ ജീവിതങ്ങളിൽ ഇടപെടുന്നതെല്ലാം ചരിത്ര രേഖകളാണ് ....
ചരിത്രത്തിൽ ഇല്ലാത്ത മനുഷ്യരുണ്ട് ...
അനേകമനേകം .
ജനിച്ച് ജീവിച്ച് ചത്ത് തുലഞ്ഞ് പോകുന്ന സാധാരണ മനുഷ്യർ ....
യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് അവരെയൊക്കെയാണ് ...
അവർ നമ്മളാണ്..., പ്രാണികൾ...
കൈകുഞ്ഞുങ്ങളെ അതിർത്തിയിലെ മുള്ളുവേലികൾക്ക് അപ്പുറത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കേണ്ടി വന്നവർ ...
ജങ്കാറുകളിൽ കരയെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ കടലുകടക്കുന്നവർ ..
വിമാന ചിറകുകളിൽ തൂങ്ങി പറന്നുപോകാൻ ശ്രമിച്ചവർ ...
മതം കലാപം പെരുപ്പിച്ച കാലത്ത് സ്വാതന്ത്രം കിട്ടിയ തന്റെ രാജ്യമേതെന്നറിയാതെ റയിൽവേ ബോഗികളിൽ അങ്ങോട്ടുമിങ്ങോട്ടും പലായനം ചെയ്തവർ .....
ഇനിയൊരു ഒരു യുദ്ധം വേണ്ട ...




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ