പുണ്യം ചെയ്ത ഫോസിലുകൾ !

പുണ്യം ചെയ്ത ഫോസിലുകൾ !

ചെറുപ്പത്തില് സ്‌കൂളിലെ ശാസ്ത്ര പാഠങ്ങൾ പഠിച്ചപ്പോൾ ഏതൊക്കെയോ വിദൂരമായ നാടുകളിൽ ഗവേഷകർ കുഴിച്ചെടുക്കുന്ന അപൂർവ നിധികളായാണ് നമ്മൾ ഫോസിലുകളെ മനസ്സിലാക്കിയിട്ടുള്ളത് അല്ലെ ??
മ്മടെ നാട്ടിലെന്തോ ഫോസിലുകളും ഉൽക്കാ ശിലകളുമൊന്നും കിട്ടില്ല എന്ന് ഞാനൊക്കെ നിഷ്കളങ്കമായ നിസ്സഹായതയോടെ വിശ്വസിച്ചു പോയിരുന്നു ..
എന്തൊക്കെയായാലും എന്നെങ്കിലുമൊരിക്കൽ ഒരു ഫോസിലെങ്കിലും കയ്യിലെടുക്കണമെന്നും സ്വന്തമായി ശേഖരിക്കണമെന്നും എന്റെ കുഞ്ഞുമനസ്സില് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ...
ജുറാസിക്ക് പാർക്ക് സിനിമയൊക്കെ കണ്ടപ്പോൾ ആ ആഗ്രഹം ഇത്തിരി കൂടെ തീഷ്ണമായി ...
മ്മടെ നാട്ടിലുള്ളോർക്ക് ഭൂമിക്കടിയിൽ നിന്ന് കിട്ടാവുന്നതിൽ ഏറ്റവും മോഹിപ്പിക്കുന്ന പ്രതീക്ഷകൾ പണ്ടെന്നോ നാട്ട് രാജാക്കന്മാർ കുഴിച്ചിട്ട നിധികുംഭങ്ങളും സ്വർണ്ണനാണയങ്ങളുമാണ് ..
എങ്ങാനും വല്ല ഫോസില് കിട്ടിയാലും അതൊന്നും വലിയ വാർത്തയാകാറില്ല ..
നിധികിട്ടിയാലോ ; ആ വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ച് നാടുമുഴുവൻ പരക്കും ...
നിർഭാഗ്യവശാൽ നിധികളുടെ പുരാവസ്തു മൂല്യത്തെക്കാൾ അതിലെ സ്വർണ്ണ നാണയങ്ങളുടെ തൂക്കമൊപ്പിച്ചുള്ള മൂല്യമാണ് നമ്മുടെ സമൂഹത്തിന് ചർച്ച ചെയ്യാൻ പ്രിയതരമായിട്ടുള്ളത് ...
കഴിഞ്ഞ പത്ത് മുന്നൂറ് വർഷത്തെ എന്തെങ്കിലും പുരാവസ്തു രേഖകളെ തങ്ങളുടെ കക്ഷിരാഷ്ട്രീയത്തിനും ഐഡിയോളജിക്കും വേണ്ടി എങ്ങിനെയല്ലാം ചെറിപിക്ക് ചെയ്ത് അവതരിപ്പിക്കാം എന്നതാണ് നിർഭാഗ്യവശാൽ പല ചരിത്രകാരന്മാരും നമ്മുടെ സമൂഹവും ചെയ്തുവരുന്നത് ...
പുരാവസ്തുക്കൾ അവിടെ നിൽക്കട്ടെ നമുക്ക് തൽക്കാലം ഫോസിലുകളിലേക്ക് തിരിച്ചു വരാം ...
ഫോസിലുകൾ കാണാതെ, ഫോസിലുകൾ തൊട്ടുനോക്കാനാകാതെ, ഫോസിലുകളില്ലാത്ത നാട്ടിൽ ജനിച്ചുപോയ ഒരു ഹതഭാഗ്യനാണ് ഞാനെന്ന് എന്റെ ബാല്യത്തിൽ മുഴുവൻ വിശ്വസിച്ചു പോയിരുന്നു ...
പക്ഷെ സത്യമതല്ല, നമ്മുടെ നാട്ടിലും ഒരുപാട് ഫോസിലുകളുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അതിന് മ്യൂസിയങ്ങളിലൊന്നും പോകേണ്ട കിണറുകൾ കുഴിക്കുമ്പോഴും ചാല് കീറുമ്പോഴുമെല്ലാം ആ ഭാഗത്തൊക്കെ പ്രാഞ്ചിപ്രാഞ്ചി നടന്നാൽ മതി ...
കേരള കോസ്റ്റൽ സമതലങ്ങളിൽ വ്യാപകമായ സബ് ഫോസിൽ മരങ്ങളുടെ അവശിഷ്ടങ്ങളെ കുറിച്ചെഴുതിയ എന്റെ പഴയൊരു പോസ്റ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗികമായ ഫെയ്‌സ് ബുക്ക് പേജിൽ ഷെയർ ചെയ്തത് ഓർക്കുമല്ലോ ..
തൃശൂർ ജില്ലയിലെ കോൾനിലങ്ങളിലൊക്കെ കാര്ബണേറ്റഡ് ആയ വൻ വൃക്ഷങ്ങളുടെ സബ്ഫോസിൽ സാമ്പിളുകൾ ധാരാളമുണ്ട് ...
നാലായിരം മുതൽ പതിനാലായിരം വർഷങ്ങൾ വരെ പഴക്കമുള്ളവയാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന സബ് ഫോസിൽ സ്പെസിമനുകൾ .
ഫോസിലുകളെ ഫോസിലുകളായി അവയുടെ ശാസ്ത്ര ചരിത്ര മൂല്യം ഉൾക്കൊണ്ട് മനസ്സിലാക്കാനൊന്നും അന്ന് എനിക്കോ എന്റെ സമൂഹത്തിനോ വിദ്യാലയങ്ങൾക്കോ എന്തിന് മാധ്യമങ്ങൾക്ക് പോലുമോ കഴിഞ്ഞിരുന്നില്ല എന്നതാണ് സങ്കടം ...
സബ് ഫോസിൽ സാമ്പിളുകളിൽ സസ്യങ്ങളുടെ ജീവഘടകങ്ങൾ പൂർണ്ണമായും നഷ്ടപെട്ടിട്ടുണ്ടാകില്ല ചില ഡി എൻ എ പഠനങ്ങളൊക്കെ ഇതു വച്ച് നടത്താം എന്നത് ഇത്തരം ഫോസിലുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു ..
പാടത്തൊക്കെ ചാല് കീറുമ്പോൾ കിട്ടുന്ന മരത്തടികളെ ഞങ്ങടെ നാട്ടില് മരപ്പൂതൽ , കണ്ടാമരം എന്നൊക്കെ പേരിട്ട് വിളിച്ചു ..
അതു കത്തിക്കുമ്പോ ഒരു പൊട്ട ചൂരാണ് , അതുകൊണ്ട് കൊതുകിനെ തുരത്താം എന്ന് ഞങ്ങടെ പൂർവികർ കണ്ടു പിടിച്ചു.
എന്റെ നാട്ടുകാർ അങ്ങിനെ തന്നെ അത് 'ഉപയോഗിക്കുകയും' ചെയ്ത്തു
"കൊതുകിനെ തുരത്താൻ പുകയ്ക്കുന്ന പൊട്ട ചൂരുള്ള ചളിമരം " ലോകത്ത് ഒരു ഫോസിലിനും ഈ ഗതി വന്നിട്ടുണ്ടാകില്ല
നാട്ടിൽ സുലഭമായിരുന്ന ഫോസിലുകൾ ഒരു സ്‌കൂളും വിദ്യാർഥികളെ പരിചയപ്പെടുത്തിയില്ല ..
സോ സാഡ് ...
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ കാണുന്ന കൂറ്റൻ മരതടികൾ കണ്ടോ; ഞാൻ നേരത്തെ പറഞ്ഞ സബ് ഫോസിലൈസ് വുഡ് ആണ് ..
ഭാഗ്യം ചെയ്ത ഈ ഫോസിലുകൾ 'ജനിച്ചത്' ചെക്ക് റിപ്പബ്ലിക്കിലാണ് ..
6500 വർഷത്തോളം പഴക്കമുള്ള ഓക്ക് മരത്തിന്റെ തായ് തടികളാണ് ഇവ ; സഹസ്രാബ്ദങ്ങൾ ഓക്സിജന്റെ സാനിധ്യമില്ലാത്ത മണ്ണിനടിയിൽ കിടന്ന് സബ് ഫോസിലുകളായതാണ് ...
ഈ ചിത്രത്തിലെ സാമ്പിളുകൾ ഓരോന്നിനും നാലുമീറ്ററൊക്കെ ഉയരമുണ്ട് ...
ദുബായ് വേൾഡ് എക്‌സ്‌പോയിൽ Czech Republic ന്റെ പവലിയാണ് മുന്നിൽ അന്തസ്സായി പ്രദർശനത്തിന് നിൽക്കാൻ കപ്പല് കയറിവന്ന വി ഐ പി ഫോസിലുകൾ ....
പാവം എന്റെ നാട്ടില് കൊതുകിനെ തുരത്താൻ പുകഞ്ഞു തീർന്ന കണ്ടാമരങ്ങളേ , നിങ്ങളിതറിഞ്ഞുവോ ..... ?
"I am Elizabeth Philpot," I declard, "and I collect fossil fish."
ഞാനീ പോസ്റ്റ് ആയിരത്തി എഴുനൂറിന്റെ അവസാനകാലത്ത് ലണ്ടനിൽ ജീവിച്ചിരുന്ന Mary Anning എന്ന Elizabeth Philpot ന്റെ സ്മൃതികൾക്ക് സമർപ്പിക്കുന്നു
സ്നേഹപൂർവ്വം : കിരൺ കണ്ണൻ



Link to Facebook Post
Posted on Mar 17, 2022

അഭിപ്രായങ്ങള്‍