ലൈക്കൻസ് !

ലൈക്കൻസ് !

ബോട്ടണി പഠിപ്പിച്ചിരുന്ന ബിന്ദു ടീച്ചർ സസ്യ ചിത്രങ്ങൾ നന്നായി വരയ്ക്കുമായിരുന്നു ...
പരിസ്ഥിതിയോട് ഇഷ്ടം കൂടാൻ ടീച്ചറുടെ ക്ലാസ്സുകൾ കാരണമായിട്ടുണ്ട് ...
സ്നേഹം. നന്ദി..
പതിനൊന്നാം ക്ലാസ്സിലെ ബോട്ടണി പുസ്തകം ഏറെക്കുറെ "ക്ലാസ്സിഫിക്കേഷൻ ഓഫ് ലൈഫ്" ആണ് കവർ ചെയ്തിരുന്നത് ...
ഭൂമിയിലെ ജീവന്റെ ശാസ്ത്രീയമായ വര്ഗ്ഗീകരണം .. !
It was an excellent text book ..
ഗൗരവതരമായി സസ്യശാസ്ത്രമോ ജന്തുശാസ്ത്രമോ പഠിച്ചു തുടങ്ങാനുള്ള ഏറ്റവും നല്ല കർട്ടൻ റൈസറാണ് ജീവജാലങ്ങളുടെ വര്ഗ്ഗീകരണം ...
എല്ലാ വിഭാഗങ്ങളൊന്നും പൂർണ്ണമായി മനസ്സിലാക്കി പഠിച്ചില്ലായിരുന്നുവെങ്കിലും ജീവനിലെ ഹരിതാഭയെ ഒന്നുചേർത്ത് 'ചെടികൾ' എന്നും മറ്റു ജീവനുകളെ ഒന്നുചേർത്ത് 'ജന്തുക്കൾ' എന്നുംവിളിക്കുന്നത് നീതിയുക്തമല്ലാത്ത ലളിതവൽക്കരണമാണെന്ന് അന്നേ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു ..
ഫൈവ് കിങ്ങ്ഡം ക്ളാസിഫിക്കേഷൻ ഓഫ് ലൈഫ് എന്നതിൽ നിന്നാണ് പഠനം തുടങ്ങിയത് .. it's a decent classification to start with !
1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
2. Kingdom Protista (കിങ്ങ്ഡം പ്രോട്ടിസ്റ്റ )
3. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
4. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
5. Kingdom Animalia ( കിങ്ങ്ഡം എനിമാലിയ )
ജീവനെ ഇങ്ങനെ അഞ്ച് 'രാജവംശങ്ങളായി' തരം തിരിക്കുന്നതിന് മുൻപേ അടിസ്ഥാനപരമായ രണ്ട് സാമ്രാജ്യങ്ങളായി ( Empire ) ജീവനെ തരം തിരിച്ചിട്ടുണ്ട് !
1. Empire Prokaryota ( പ്രോക്കാരിയോട്ട് )
2. Empire Eukaryota ( യൂക്കാരിയോട്ട് )
ഇതിൽ പ്രോക്കാരിയോട്ട് എന്ന വിഭാഗത്തിൽ വരുന്നത് അതീവ ലളിതമായ ജീവികളാണ് ..
പ്രോക്കാരിയോട്ടുകൾ ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും , ഗോൾഗി ബോഡീസും എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും എന്നിങ്ങനെ മെംബ്രെയിൻ ബൗണ്ട് സെൽ ഓർഗനൽസ് ഒന്നും തന്നെ ഇല്ലാത്ത ഏക കോശ ജീവികളാണ് ..
കോശത്തിന്റെ സെൽ മെംമ്പ്രൈനകത്ത് സൈറ്റോപ്ലാസത്തിൽ ചുമ്മാ വളരെ പ്രിമിറ്റീവ് ആയ കോശഘടനയിൽ ജീനുകൾ അങ്ങിങ്ങായി. കിടക്കുന്നുണ്ടാകും ..
ഭൂമിയിൽ ജീവൻ പരിണമിച്ചുണ്ടായതിൽ ഏറ്റവും പ്രാകൃതമായ ജീവ വിഭാഗങ്ങളാണ് പ്രോക്കാരിയോട്ട് സാമ്രാജ്യത്തിലെ ജീവജാലങ്ങൾ ...
വിഭജിച്ച് വേറിട്ട് രണ്ട് ജീവനായി പരക്കുന്ന അലൈംഗിക പ്രത്യുത്പാദനമാണ് ഇവയിൽ നടക്കുന്നത് .
ലളിത കോശഘടന , തുടർച്ചയായ വിഭജനം , നൈമിഷികമായ ജീവിത ചക്രം , എണ്ണത്തിൽ ഏറെയുള്ളവ എന്നീ കാരണങ്ങൾ കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ പുതു സ്‌പീഷീസുകൾ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടാകാറുണ്ട് ...
മറ്റ് ജീവ വർഗങ്ങളേക്കാളും എത്രയോ മടങ്ങ് സ്പീഷീസുകൾ ഉള്ളതുമാണ് പ്രോക്കാരിയോട്ട് കുടുംബം !
ബാക്റ്റീരിയകൾ എല്ലാം പ്രോകാരിയോട്ടുകളാണ് ...
ചില ബാക്ടീരിയങ്ങളിൽ ക്ളോറോഫിൽ ഉണ്ടാകും. അവയ്ക്ക് സൂര്യപ്രകാശം സ്വീകരിച്ച് ഭക്ഷണം 'പാകംചെയ്യാൻ' കഴിയും, ഇവയെ സൈനോ ബാക്റ്റീരിയങ്ങൾ എന്നു പറയുന്നു ..
ഇനി നമുക്ക് 5 കിങ്ങ്ഡം ക്ലാസ്സിഫിക്കേഷനിലേക്ക് തിരികെ വന്നാലോ .. ?
1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
ഭൂമിയിലെ ന്യൂക്ലിയസ്സും മൈറ്റോകോണ്ട്രിയയും സെല്ലിനുള്ളിലെ മറ്റ് 'പ്രമുഖ കുന്ത്രാമണ്ടികളൊന്നുമില്ലാത്ത' എല്ലാ ഏകകോശ ജീവികളുമുള്ള പ്രോകാരിയോട്ടുകൾ മുഴുവനും ചേർന്ന രാജ്യകുടുംബമാണ് കിങ്ങ്ഡം മൊണെറെ !
( പ്രോക്കാരിയോട്ട് സാമ്രാജ്യം തന്നെയാണ് കിങ്ങ്ഡം മൊണെറെ എന്നും പറയാം )
2. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
ഹരിതകം Chlorophyll ഉള്ള, പാചകം ചെയ്യാനാറിയുന്ന, സെല്ലുകളിൽ ന്യൂക്ലിയസ് ഉള്ള ജീവികളെ എല്ലാം ഒന്ന് ചേർന്നുള്ള രാജകുടുംബമാണ് കിങ്ങ്ഡം പ്ലാന്റെ! ഭൂമിയിൽ നമ്മൾ കാണുന്ന ഒട്ടൊരുവിധം 'ഹരിതാഭയും' പ്ലാന്റെ കിങ്ങ്ഡത്തിന്റെ ഭാഗമാണ് ..
3. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
ഹരിതകമില്ലാത്ത (No Chlorophyll) ചലിക്കാത്ത ജീവികളാണ് ഫംഗൈ രാജകുടുംബത്തിൽ ഉൾപ്പെടുന്നത് .
പാചകം ചെയ്യാൻ അറിയാത്തതിനാൽ അത് ജീവിക്കുന്ന പരിസ്ഥിതിയിൽ നിന്ന് നേരിട്ട് ഭക്ഷണം സ്വീകരിക്കുകയാണ് ചെയ്യുന്നത് .
യീസ്റ്റ് മുതൽ കൂണ് വരെ ഭൂമിയിൽ 2.2 മില്യൻ മുതൽ 3.8 മില്യൻ സ്പീഷീസ് വരെ ഫംഗൈ രാജകുടുംബാംഗങ്ങൾ ഉണ്ട് എന്നാണ് കരുതപ്പെടുന്നത് ..
( എന്റെ ടെറാറിയങ്ങളിൽ മിക്കവാറും മുട്ടൻ പണിതരാറുള്ളത് ഇവരാണ്.. പ്രത്യേക എൻസൈമുകൾ പുറപ്പെടുവിച്ച് ചെടികളെ അസ്സലായി ചീയിപ്പിക്കാനും ഒറ്റ രാത്രികൊണ്ട് ടെറാറിയം മുഴുവൻ വെളുത്ത മഞ്ഞു വീണ മട്ടിൽ കവർ ചെയ്യാനും ചില ഫംഗസുകൾക്ക് പറ്റും )
എന്നാലും ഇടക്ക് കുടിക്കുന്ന ബിയറിന്റെയും രാവിലെ കഴിക്കുന്ന ദോശയുടെയും പേരിൽ ഫംഗൈരാജകുടുംബത്തോട് ഞാൻ തൽക്കാലം ക്ഷമിച്ചിരിക്കുന്നു.
ഈ പോസ്റ്റ്, ലൈക്കനുകളെ കുറിച്ചായതിനാൽ തൽക്കാലം ഞാൻ Kingdom Protista , Kingdom Animalia എന്നിവയെ കുറിച്ച് കൂടുതൽ എഴുതുന്നില്ല..
പ്ലാന്റെ രാജ്യകുടുംബത്തിലെ സബ് ക്ലാസ്സിഫിക്കേഷനുകളും പിന്നീട് ഈ സീരീസിലെ വേറെ പോസ്റ്റുകളിൽ അവസരംപോലെ എഴുതാം ...
നമുക്ക് തൽക്കാലം പ്ലസ്ടൂലെ ബിന്ദു ടീച്ചറുടെ ക്ലാസിലേക്ക് പോകാം ...
ടീച്ചർ ഓരോരോ ജീവികളുടെ പേര് പറഞ്ഞ് അവരൊക്കെ ഏത് കിങ്ങ്ഡത്തിൽ വരും എന്ന് തരം തിരിക്കാൻ ആവശ്യപ്പെടുകയാണ് ..
പൂപ്പല്, പായല്, പൂത്താങ്കീരി, കരിമ്പന, കടുവ, കാട്ട് മുയല്, പഴുതാര, കൂണ്, തേനീച്ച, സ്രാവ്, പാമ്പ്, പെരുച്ചാഴി, മൂവാണ്ടൻ മാവ്, മാക്രി ....
വലിയ തെറ്റൊന്നുമില്ലാതെ കുട്ടികൾക്ക് തരം തിരിച്ച് പറയാൻ കഴിയുന്നുണ്ട് ...
ലൈക്കൻ (lichen) .. .. ..
ക്ലാസിൽ ഒരു നിശബ്ദത !
"എന്തൂട്ടാ ലൈക്കൻ ?"
"തെങ്ങിന്റെ തടിയിലും, പാറമേലുമൊക്കെ പറ്റിച്ചേർന്ന് വളരുന്ന വെളുത്ത ആ സാനം കണ്ടിട്ടില്ലേ ?"
ടീച്ചർ ലൈക്കന്റെ ചിത്രം ഉയർത്തി കാണിച്ചു.. "ആ ഞങ്ങക്കറിയാം വീണ് മുട്ടുകാല് പൊട്ടുമ്പോ മുറിവിൽ ഇത് ചുരണ്ടിയെടുത്ത് പുരട്ടാറുണ്ട് !"
തൃശൂര് ഇരിഞ്ഞാലക്കുട ഭാഗത്തൊക്കെ പൊതുവെ പ്രതലത്തിൽ നിന്ന് ചുരണ്ടി എടുക്കാൻ പോലും ബുദ്ധിമുട്ടുള്ള ക്രസ്റ്റോസ് ( crustose ) ലൈക്കനുകളാണ് ഉള്ളത് ...
ഇത് പൂപ്പലല്ലേ ടീച്ചറെ ? ..
കിങ്ങ്ഡം ഫംഗൈ എന്താ സംശയം !
ഞാനടക്കമുള്ള കുട്ടികൾ ഉറക്കെ പറഞ്ഞു ..
എന്നാൽ അല്ല ട്ടാ .. ലൈക്കനുകൾ രണ്ട് രാജ്യ കുടുംബത്തിലെ അംഗങ്ങൾ ചേർന്നുള്ള ഒരു വിചിത്ര ജീവനാണ് ഫംഗസ്സുകളും അവയ്ക്കുള്ളിൽ വളരുന്ന ഹരിതകമുള്ള ആൽഗേകളും ചേർന്ന 'ജീവനാണ്' ലൈക്കനുകൾ ! കുട്ടികളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു!
ഫംഗസ് തടവറയിലെ ആൽഗെ സൂര്യപ്രകാശവും പോഷകങ്ങളും ഉപയോഗിച്ച് പാചകം ചെയ്യും അതിനെ പൊതിഞ്ഞ ഫംഗസ് പ്രത്യേക എൻസൈമുകൾ ഉപയോഗിച്ച് പരിസരത്തുള്ള ഓർഗാനിക്ക് മാറ്ററിനെ ഒക്കെ അഴുകിച്ച് പോഷകങ്ങൾ നിർമ്മിക്കും ..
കൊള്ളാല്ലോ !!
ടീച്ചർ ഞങ്ങളെ ഫംഗൈ & ആൽഗേ മിക്സ് ലൈക്കനുകളെ കുറിച്ച് പഠിപ്പിച്ചതിന് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാണ് ചിലയിനം ലൈക്കനുകളിൽ സൈനോബാക്റ്റീരിയ എന്ന മൂന്നാമത്തെ പങ്കാളി കൂടിയുണ്ടെന്ന് കണ്ടെത്തിയത് !!
ടീച്ചർ ലൈക്കനുകളെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്ന കാലത്ത് ഫംഗൈ , ആൽഗേ , സൈനോ ബാക്റ്റീരിയ 'ത്രീസം' റിലേഷനിലുള്ള അൾട്രാ ഹൈബ്രിഡ് ലൈക്കൻ സ്പീഷീസുകളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലായിരുന്നു .. !!!
"ഹൗ പവർ ഫുൾ" അല്ലെ ?
കിങ്ങ്ഡം മൊണെറെയിലെ സൈനോ ബാക്റ്റീരിയ, കിങ്ങ്ഡം പ്ലാന്റെയിലെ ആൽഗേ , കിങ്ങ്ഡം ഫംഗൈയിലെ ഫംഗസ്സുകൾ !!
മൂന്ന് രാജ്യകുടുംബങ്ങളുടെ പാരസ്പര്യം !
ചുമ്മാ സിംബയോട്ടിക്ക്റിലേഷൻ എന്നൊക്കെ പറഞ്ഞാലൊന്നും പോരാ. ലോകത്ത് ഇന്നേവരെ തരം തിരിച്ചിട്ടുള്ള 20,000 ലൈക്കൻ സ്പീഷീസുകളും വളരെ സ്പെസിഫിക്ക് ആയ ആൽഗേ ഫംഗൈ മിക്സാണ് ..
പ്രജനനവും വളർച്ചയുമെല്ലാം ഒരുമിച്ച് ..
രണ്ട് ജീവനുകളാണ് എന്നു തരം തിരിക്കാൻ തന്നെ പ്രയാസം ...
ലൈക്കനുകളിലെ സൈനോ ബാക്റ്റീരിയ അന്തരീക്ഷവായുവിൽ നിന്ന് നൈട്രജൻ ഫിക്സേഷൻ നടത്തി അത് ഫംഗസ്സിനും ആൽഗേക്കുമുള്ള വളമാക്കി മാറ്റും ...
ഫംഗൈ തൊട്ടടുത്തുള്ള ഓർഗാനിക്ക് മാറ്ററല്ലാം അത് പുറപ്പെടുവിക്കുന്ന എന്സൈമുകൾ ഉപയോഗിച്ച് ചീയിച്ച് വളർച്ചക്ക് വേണ്ടി ഉപയോഗിക്കുന്നു ....
ഒരിച്ചിരി സൂര്യപ്രകാശം ലഭിച്ചാൽ ലൈക്കനുകളിലെ ആൽഗേ പങ്കാളി പാചകവും തുടങ്ങും ..
പിരിച്ചുമാറ്റാനാകാത്ത പാരസ്പര്യം ..
ഓരോ ഇനം ലൈക്കനുകളും ഓരോ സ്പീഷീസുകളാണ് ...
കേവലമായ സിംബയോട്ടിക്ക് റിലേഷൻഷിപ്പിലുള്ള ജീവനികളെ ചേർത്ത് ഒരൊറ്റ സ്പീഷേസിന്റെ പേര് പറയാറില്ല എന്നു നമുക്ക് അറിയാമല്ലോ ??
ഉദാഹരണത്തിന് മനുഷ്യന്റെ ദഹന നാളത്തിൽ ധാരാളമായി കാണപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളിൽ ഒന്നിന്റെ സ്പീഷീസ് നാമമാണ് 'Bifidobacterium adolescentis' മനുഷ്യന് സ്വന്തമായി വേറൊരു സ്പീഷീസ് നാമവും ഉണ്ട് Homo sapiens. പാരസ്പര്യത്തോടെ ജീവിക്കുന്ന മനുഷ്യനെയും അവന്റെ ഉള്ളിൽ ജീവിക്കുന്ന ചങ്ങാതി ബാക്റ്റീരിയയെയും ചേർന്ന് ഒരൊറ്റ സ്‌പീഷീസ് നാമം കൊടുക്കാത്തത് എന്തായിരിക്കും ??
ഇവ രണ്ടും രണ്ടു ജീവികളാണ് എന്നതാണ് കാരണം ..
ലൈക്കൺ ഒരു ജീവിയാണ് .
വൈവിധ്യമുള്ള ജൈവ ഘടകങ്ങൾ ചേർന്ന ഒരു ഒരൊറ്റജീവി ...
ഓരോ സ്പീഷീസ് ലൈക്കനുകൾക്കും അവയുടേതായ രൂപവും സ്വഭാവവും ഘടനയുമുണ്ട് !!
മുൻപ് പറഞ്ഞതുപോലെ എന്റെ നാടായ ഇരിഞ്ഞാലാക്കുടയില് Crustose lichen എന്ന ഇനത്തിൽപെട്ട ചുരണ്ടിപ്പോലും എടുക്കാൻ ബുദ്ധിമുട്ടുള്ള ലൈക്കനുകളെയാണ് ഞാൻ കണ്ടിട്ടുള്ളത് ...
കഴിഞ്ഞ വർഷം സെർബിയയിലെ ഒരു പൈൻ ഫോറസ്റ്റിന് ഉള്ളിലൂടെ ഒരു പകൽ മുഴുവനും ഹൈക്ക് ചെയ്തിരുന്നു ..
സ്പാഗ്നം മോസും പൈൻ സ്പോറും കാലങ്ങളായി വീണടിഞ്ഞ് ട്രാംപോലിൻ സർഫെസ് പോലെ തുള്ളിക്കളിക്കുന്ന വിശാലമായ ആ പീറ്റ്ഫോറസ്റ്റിനെകുറിച്ച് ഞാൻ മുൻപ് വേറൊരു പോസ്റ്റിൽ എഴുതിയിരുന്നു ... നിങ്ങളിൽ ചിലരെങ്കിലും അത് വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു ..
ശരിക്കും ലൈക്കനുകളുടെ വൈവിധ്യം കണ്ട് കിളി പോയത് അന്നാണ് !!!
പാളികളായി എഴുന്നേറ്റു വളരുന്ന എളുപ്പത്തിൽ അടർത്തിയെടുക്കാവുന്ന ലൈക്കൻ ഇനങ്ങളെ പൊതുവെ ഫോളിയോസ് ലൈക്കനുകൾ ( foliose lichens) എന്നു പറയും ..
പൈൻ മരങ്ങളിൽ ധാരാളം വളർന്നു വളരുന്ന ഇവ കാറ്റിൽ വേർപെട്ട് ഇലകൾ പോലെ പൊഴിഞ്ഞു വീണ് ചിലയിടങ്ങളിൽ കാട്ടിടവഴികളിൽ മെത്തവിരിച്ചതുപോലെ കാണപ്പെട്ടു.... !!
ഇനി ഒരിനം ലൈക്കനുകൾ ഫ്രൂട്ടിക്കോസ് ലൈക്കനുകളാണ് ( Fruticose lichen ) ലൈക്കനുകളിൽ സബ്‌സ്ട്രാറ്റത്തിൽ നിന്ന് ഏറ്റവും വിട്ട് വളർന്നു വലുതാകുന്ന ലൈക്കനുകളാണ് ഇത് ..
മരച്ചില്ലകളിൽ നീണ്ട , നരച്ച ഹരിത രോമങ്ങൾ പോലെ തൂങ്ങിയാടി നിൽക്കും .. !!!
'റൈൻ ഡിയർ ലൈക്കനുകൾ' എന്ന പേരിൽ അറിയപ്പെടുന്ന ലൈക്കനുകൾ പോലുമുണ്ട് ..
റൈൻഡിയറുകളുടെ ഏറ്റവും വലിയ ഫുഡ്ഡ് സോഴ്സ് ആണ് ഈ ഇനം ലൈക്കനുകൾ ..
പശു പുല്ലു തിന്നുമ്പോൾ റൈൻഡിയറുകൾ ലൈക്കനുകളെങ്കിലും തിന്നണ്ടേ ??
അന്തരീക്ഷമലിനീകരണം പല ലൈക്കൻ സ്പീഷീസുകൾക്കും നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട് ..
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കാർബൺമോണോക്സൈഡ് എമിഷനുകളൊന്നും ലൈക്കനുകൾക്ക് താങ്ങാൻ സാധിക്കില്ല ..
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന . അന്നെ പ്രിങ്കിൾ (Anne Pringle) എന്ന ഗവേഷക കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്ത് പലയിടങ്ങളിലുമുള്ള സെമിത്തേരികളിലെ സ്മാരകശിലകളിൽ ലൈക്കനുകളുടെ വളർച്ച പഠിക്കുകയും രേഖപ്പെടുത്തുകയുമാണ് ... !
അവർ നിരീക്ഷിച്ചപ്പോൾ ഇന്ത്യയിലെ ഡൽഹി പോലെയുള്ള ഇടങ്ങളിലെ നഗരമേഖലകളിൽ ഒരൊറ്റ ഇനം ലൈക്കനുകൾ പോലും കാണുന്നില്ല എന്നത് അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു !!
ലൈക്കനുകളെ പൊതുവെ പൊലൂഷൻ ഇന്റിക്കേറ്റെഴ്‌സ് എന്നു വിളിക്കാറുണ്ട് !
ഇനി നിങ്ങൾ എവിടേയ്ക്കെങ്കിലും യാത്രപോകുമ്പോൾ അന്തരീക്ഷ മലിനീകരണവും ലൈക്കനുകളുടെ അസാന്നിധ്യവും തമ്മിലുള്ള പരസ്പരബന്ധം നിരീക്ഷിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ ..
പല സ്പീഷീസ് ലൈക്കനുകളും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട് ..
ഫോളിയോസ് ലൈക്കനുകളും ഫ്രൂട്ടിക്കോസ് ലൈക്കനുകളും പക്ഷികൾ കൂട് കൂട്ടാനും ഉപയോഗിക്കും !!!!
ഇന്നിതുവരെ ലൈക്കനുകളെ എനിക്ക് ടെറാറിയത്തിൽ വളർത്തി വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല..
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ..
ടെറാറിയത്തിനുള്ളിൽ ഫംഗസ്സുകളെപോലെയോ ആൽഗേയെപോലെയോ ആക്രാന്തം കാണിച്ച് വളർന്ന് നിറഞ്ഞു മറ്റ് ചെടികളെ നശിപ്പിക്കാനൊന്നും ലൈക്കനുകൾക്ക് താൽപര്യമില്ല ..
'അത്യാവശ്യം സ്വയം ഫുഡ്ഡ് പാചകം ചെയ്ത് കഴിക്കാനൊക്കെ താല്പര്യമുള്ള മോഡേൺ ഫാമിലിയാണ് ലൈക്കനുകളുടേത് !'
'നഗ്നഭൂമികളിൽ' ആദ്യത്തെ അധിനിവേശം നടത്തുന്ന കൂട്ടരാണ് ലൈക്കനുകൾ.. ഒട്ടുമേ ന്യൂട്രീഷ്യസ് അല്ലാത്ത മേഖലകളിലെ കല്ലുകളിലൊക്കെ പറ്റി പിടിച്ച് വളരുന്ന ഇവ, പതിയെ പതിയെ കല്ലുകളുടെ ഉപരിതലമൊക്കെ പൊടിച്ച് 'മണ്ണുണ്ടാക്കുന്നു' ...
ലൈക്കനുകൾക്ക് ശേഷം പതിയെ മോസും ഫേണുകളും ചെറിയ ചെടികളുമൊക്കെ വളർന്നു തുടങ്ങും ...
ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ ലൈക്കനോളജി (Lichenology) എന്നു പറയും ...
ഭൗമേതരമായ ഗ്രഹങ്ങളിൽ ബയോബബിളുകൾക്ക് പുറത്ത് വന്യതയിൽ ഒരുപക്ഷേ ആദ്യം വളർത്താൻ ശ്രമിക്കുന്ന ജീവനുകൾ ലൈക്കനുകളാകാം ....
ലൈക്കനുകളെ കുറിച്ച് ഇത്രമേൽ നീളമുള്ള ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ ഇതിനുമുൻമ്പ് ആരും എഴുതികണ്ടിട്ടില്ല ...
നിങ്ങളുടെയൊക്കെ തിരക്കുപിടിച്ച നിമിഷങ്ങളെ ഞാൻ ബഹുമാനിക്കുന്നു. സമയമുള്ളവർ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി ട്ടാ ...
ചിലതൊക്കെ ഓർക്കാനും മറക്കാതിരിക്കാനും കൂടിയാണ് ഇങ്ങനെ എഴുതി നിറയ്ക്കുന്നത് ...
നീ സമൂഹത്തിന് വേണ്ടി എന്തു ചെയ്തു എന്ന് സ്വയം ചോദിക്കുമ്പോൾ ..
ഭൂമിയിലെ ജീവനെക്കുറിച്ച് എഴുതി എന്ന് സ്വയം സമാശ്വസപ്പിക്കാനും ..
ഭൂമിയിലെ ജീവൻ എന്ന ഈ സീരീസിൽ കുറച്ചുകൂടി ലേഖനങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്നുണ്ട് ....
ഇതുമുഴുവൻ വായിച്ചവർ കൂടുതൽ ചങ്ങാതിമാരും കുട്ടികളും വായിക്കണം എന്നാഗ്രഹിക്കുന്നെങ്കിൽ ഷെയർ ചെയ്തോളൂ ...
വായിച്ചവർ ലൈക്കനുകളെ കുറിച്ചോ എഴുത്തിനെ കുറിച്ചോ നിങ്ങൾക്ക് ഇഷ്ടമായ കാര്യങ്ങൾ കമന്റിൽ കുറിക്കാൻ മറക്കരുതേ. .
തുടരും ..
സ്നേഹപൂർവം : കിരൺ കണ്ണൻ
( സ്നേഹിത , ഫാറൂക്ക് കോളേജിലെ ബോട്ടണി പ്രൊഫസറായ Nasee C P ഈ പോസ്റ്റിന് വേണ്ടി എന്റെ കുറച്ചു സംശയങ്ങൾ നിവൃത്തിച്ച് തന്നിട്ടുണ്ട് , ഒപ്പം നസി എടുത്ത കുറച്ചു ലൈക്കൻ ചിത്രങ്ങളും .. സ്നേഹം ... )


















Link to Facebook Post
Posted on Jun 25, 2022

അഭിപ്രായങ്ങള്‍