Liverworts !
അഞ്ഞൂറ് മില്യൻ വർഷങ്ങൾക്ക് മുൻപേ ലിവർവോട്ട്‌സ് ഭൂമിയിലുണ്ട് ...
ദിനോസറുകൾക്കും സപുഷ്പപി സസ്യങ്ങൾക്കും ഫേണുകൾക്കും മുൻപേ ... !!
മോസുകളും ലിവർവോട്ട്‌സും , ഹോൺവോട്സുമെല്ലാം പായലുകളിൽ (Alge) കളിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ് ...
സസ്യങ്ങളിലെ 'ഉഭയജീവികൾ' എന്ന് പറയാവുന്ന വിഭാഗമാണ് മോസും ലിവർവോട്ട്‌സും ഹോൺവോട്സും ..
വളരെ ആർദ്രമായ, ജലസാമിപ്യം എപ്പോഴും വേണ്ടുന്ന സസ്യങ്ങളാണവ ..
ഉയർന്ന സസ്യങ്ങളുടെ ഇലകളുടെ മുകൾഭാഗത്ത് ജല നഷ്ടം കുറക്കാൻ ക്യൂട്ടിക്കിൾ എന്നൊരു ആവരണമുണ്ട് ഇവയ്ക്ക് പക്ഷെ അതില്ല ..
'ഫൈവ് കിങ്ങ്ഡം ക്ളാസിഫിക്കേഷൻ ഓഫ് ലൈഫ്' ഒക്കെ പഠിച്ചിട്ടില്ലേ ?
കിങ്ങ്ഡം പ്ലാന്റെയിൽ (Kingdom Plantae) ബ്രയോഫൈറ്റ്സ് (bryophytes) എന്ന ഫൈലത്തിലാണ് നമ്മുടെ ലിവർ വോർട്ട്സും മോസുമെല്ലാം ഉൾപ്പെടുന്നത് ..
ആധുനിക സസ്യവിഭാഗങ്ങളെപ്പോലെ കൃത്യമായ വേരുകളോ ജലം ആഗിരണം ചേർത്ത് സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനുള്ള വാസ്കുലാർ ടിഷ്യൂകളോ ഇവയ്ക്കില്ല (Xylem and Phloem) ..
എന്നാൽ ആൽഗേകളിൽ നിന്ന് വ്യത്യസ്തമായി, വേരുകളോട് അല്പമൊക്കെ സാദൃശ്യമുള്ള റൈസോയിഡ്‌സ് ( rhizoids ) എന്ന 'നാരുരൂപങ്ങൾ' ബ്രയോഫൈറ്റ്സിലെ എല്ലാ സസ്യങ്ങൾക്കും ഉണ്ട്...
വെള്ളത്തിനെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള വാസ്കുലാർ ടിഷ്യൂകൾ.ഇല്ലാത്തത് കൊണ്ട് തന്നെ നിരന്തരം ആർദ്രത വേണ്ടുന്ന ഇടങ്ങളിൽ ഭൂമിയോട് വളരെ ചേർന്ന് വളരാൻ മാത്രം കഴിയുന്നവയാണ് ലിവർവോട്ടുകൾ ..
വിത്തുകളും പൂക്കളും പരിണമിച്ചുണ്ടാകുന്നതിന് മുൻമ്പേയുള്ള സസ്യവർഗങ്ങളാണിവ ..
താലസ് എന്ന പേരിൽ അറിയപ്പെടുന്ന തറയോട് ചേർന്നു വളരുന്ന ഇലപോലെയുള്ള ഭാഗത്തു നിന്ന് ചെറിയ കുടകൾ പോലെ (മില്ലീമീറ്ററുകൾ മാത്രം) ഉയർന്നു നിൽക്കുന്ന സ്പേം ഉത്പാദിപ്പിക്കുന്ന ഗമറ്റൊഫൈറ്റ് എന്ന അവയവവും - ആന്ത്രീഡിയ ( Antheridia). എഗ്ഗ് ഉത്പാദിപ്പിക്കുന്ന ഫീമെയിൽ ഗമറ്റൊഫൈറ്റ് എന്ന അവയവങ്ങളും ഇവയ്ക്ക് കാണാറുണ്ട് . എഗ്ഗ് ഉത്പാദിപ്പിക്കുന്ന ഫീമെയിൽ ഗമറ്റൊഫൈറ്റിന്റെ പേര് ആർക്കെഗോണിയ എന്നാണ് .
ചില സ്പീഷീസുകളിൽ താഴെ താലസിൽ തന്നെയാണ് ഫീമെയിൽ എഗ്ഗ് ഉത്പാദിപ്പിക്കുന്ന ആർക്കെഗോണിയയും മെയിൽ സ്പേം ഉത്പാദിപ്പിക്കുന്ന Antheridia യും കാണപ്പെടുന്നത് ..
ജല സാമിപ്യമുണ്ടെങ്കിൽ മാത്രമേ മെയിൽ സ്പേം സെല്ലുകൾക്ക് നീന്തി എഗ്ഗിലേക്കെത്തി പരാഗണം നടക്കാൻ സാധിക്കൂ ...
പരാഗണത്തിന് ശേഷം എഗ്ഗും സ്പേമും ചേർന്ന് സൈഗോട്ട് ഉണ്ടാവുകയും പിന്നീട് സൈഗോട്ട് meiotic division നടന്ന് സ്‌പോറുകൾ കാറ്റിലോ വെള്ളത്തിലോ പരന്ന് സസ്യത്തിന്റെ പുതിയ തലമുറകൾ ഉണ്ടാകുന്നു ...
ലൈംഗിക പ്രത്യുത്പാദനം കൂടാതെ തന്നെ അലൈംഗികമായും ലിവേർവോട്ടുകൾ പ്രജനനം നടത്താറുണ്ട് ..
താലസിൽ രൂപപ്പെടുന്ന ജെമ്മാ കപ്പ് (Gemma Cup) എന്ന ഘടനക്കകത്ത് എളുപ്പത്തിൽ അടർന്നു പോകാൻ പാകത്തിനുള്ള ചെറിയ പ്ലാന്റ് യൂണിറ്റുകൾ തനിയെ ഉണ്ടാകും ...
മഴക്കാലത്ത് നാട്ടിലേക്ക് പോകുന്നതാണ് എനിക്കേറ്റവുമിഷ്ടം ....
വൻ വൃക്ഷങ്ങളുടെ പച്ചില പടർപ്പുകളും ചൂളം വിളിക്കുന്ന ഇല്ലിക്കാടുകളും പരന്ന വയലേലകളും മാത്രമല്ല ഞാൻ കാണുന്ന ഹരിതാഭകൾ ...
മലയാളം പേരിടാൻപോലും മടിച്ച പല ലളിത സസ്യങ്ങളും പ്രിയപ്പെട്ടവയാണ് ....
ഇവിടെ അബുദാബിയിലെ അടച്ചുവച്ച ചില്ലുഭരണികളിലെ ആർദ്രതയിൽ എനിക്ക് ബ്രയോഫൈറ്റുകളിലെ പല സ്പീഷീസുകളെയും വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ....
പലവിധം മോസ്സുകളുണ്ടെങ്കിലും Liverworts ന്റെ ശേഖരം തുടങ്ങിയിട്ടേയുള്ളൂ ..
കുറച്ചു നാൾ മുൻപ് വിൽഫ്രഡ് എന്ന ചങ്ങാതി ജോർജിയയിൽ നിന്ന് എത്തിച്ചു തന്ന മോസ്സുകൾക്കുള്ളിലുണ്ടായിരുന്ന Conocephalum (snake skin liverwort ) ഇനമാണ് എന്റെ ലിവർവോട്ട്സ് ശേഖരത്തിലെ ആദ്യത്തെ അംഗം ..
ലിവർവോർട്ടുകളിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന ഇനമാണ് ഇത് ..
നമ്മുടെ നാട്ടിൽ കാണാറില്ല ..
ഭൂമിയുടെ ഉത്തരഗോളത്തിൽ കാനഡയിലും യൂറോപ്പിലെയും ഏഷ്യയിലെയും വടക്കൻ മേഖലകളിലും വ്യാപകമായി കാണപ്പെടുന്ന ഇനം .
കയ്യിലെടുത്ത് ഞെരടിയാൽ ഏതോ ഔഷധകൂട്ടിന്റേതുപോലുള്ള ആരോമാറ്റിക്ക് സുഗന്ധമുണ്ട് ...
പത്ത് മുന്നൂറു ടെറേറിയങ്ങൾ ഞാനിതുവരെ ഉണ്ടാക്കിയിട്ടുണ്ട് ..
പതുവേ ഞാനുണ്ടാക്കുന്ന ബയോസ്ഫിയറുകൾക്ക്
ഘടനാപരമായ അടുക്കും ചിട്ടയുമോ സമ്പ്രദായിക 'ഭംഗി'യോ ഉണ്ടാകാറില്ല..
സൂഷ്മ ജീവികളും സസ്യങ്ങളും ചേർന്നുള്ള പാരസ്പര്യമാണ് ഞാൻ ഓരോ ചില്ലുഭരണിയിലും സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കാറുള്ളത് ...
'കാടുപിടിച്ച' ടെറേറിയങ്ങളാണ് എനിക്കേറ്റവും ഇഷ്ടം ...
കുറേകൂടിയൊക്കെ വ്യത്യസ്തമായ ബ്രയോഫൈറ്റ്സ് ശേഖരിക്കണമെന്നുണ്ട് ..
എവിടുന്നെങ്കിലും യാത്ര ചെയ്തു വരുന്നവരൊക്കെ ഒരു നുള്ള് മോസും ലിവർവോട്ട്സും ഫേണുമെല്ലാം കൊണ്ടുവന്നു തരാൻ ശ്രമിക്കണേ ..
ഇവിടെയാകുമ്പോൾ പലരാജ്യങ്ങളിലെ സസ്യങ്ങൾ സംഘടിപ്പിക്കാൻ താരതമ്യേനെ എളുപ്പമാണ്.
ഇനി തൊടിയിലേക്ക് ഹരിതാഭ കാണാനിറങ്ങുമ്പോൾ കാൽകീഴിലെ ലളിത സസ്യങ്ങളെ കൂടി നിരീക്ഷിക്കാനും ആസ്വദിക്കാനും കൂടി ശ്രമിക്കുമല്ലോ ....
ഇവിടെ രാവിലെ വീടിനുള്ളിൽ എന്റെ കുപ്പിക്കാടുകളോരോന്നും നോക്കികാണാൻ എന്ത് രസമാണെന്നോ !!!
രാത്രിയുടെ തണുപ്പിൽ ചില്ലുകളിലൊക്കെ ജലബാഷ്പം സാന്ദ്രീകരിച്ച് താഴേയ്ക്കൊഴുകുന്നുണ്ടാകും .. !!
ഇലകളൊക്കെ നനഞ്ഞ് ....
ഏറ്റവും താഴെ മോസ്സിന്റെ പച്ചപ്പരപ്പിൽ അനേകം സൂഷ്മമായ സ്പടിക ഗോളങ്ങൾപോലെ കുഞ്ഞു കുഞ്ഞു വെള്ളത്തുള്ളികൾ ....
ഇലത്തുമ്പുകൾ നനഞ്ഞ് താഴ്ന്നിരിക്കും !!
മഴനഞ്ഞ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതങ്ങൾ ... !!
രാവിലെ പതിനെട്ടാമത്തെ നിലയിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ സ്വർണ്ണവെയിലിൽ വലിയൊരു നഗരമേഖലയുടെ ആകാഴകാഴ്ച്ച കിട്ടുമെങ്കിലും എനിക്കിഷ്ടം ചില്ല് കുപ്പികൾക്കകത്തെ മഴക്കാടുകൾ കാണാനാണ് ....
സൂഷ്‌മസസ്യങ്ങൾ ഭൂമിയിലെ ജൈവപരിണാമത്തിന്റെ കഥകൾ പറഞ്ഞു തരും .. ..
ഇത് വായിച്ചവർ തൊടിയിൽ ആദ്യം കാണുന്ന ഒരു ബ്രയോഫൈറ്റിന്റെ ചിത്രമെങ്കിലും മൊബൈലിൽ എടുത്ത് ഇവിടെ കമന്റ് ആയി ഇടാമോ ?
സ്നേഹപൂർവം : കിരൺ കണ്ണൻ
( എന്റെ ബോട്ടാണിസ്റ്റ് ചങ്ങാതിമാരായ Nasee ടീച്ചർക്കും Lakshmi ക്കും ഒരുപാട് സ്നേഹം )
Link to Facebook Post
Posted on Jun 20, 2022








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ