മോസ്സ് മാസ്സാണ്.. മെഗാ മാസ്സ്.. !

മോസ്സ് മാസ്സാണ് .. മെഗാ മാസ്സ് .. !
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സസ്യങ്ങളാണ് മോസ്സുകൾ ..
ഇത് വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കും ഇഷ്ടമാകും.. ഉറപ്പ് ..
എന്താണ് മോസ്സ് ?
മോസ്സ് കാണാത്ത മലയാളികളുണ്ടാകില്ല ..
മലയാളികൾ എന്നല്ല, ട്രോപ്പിക്കൽ കാലാവസ്ഥയിൽ ജനിച്ചു വളരുന്ന ഒരാള് പോലും ജീവിത പരിസരങ്ങളിൽ മോസ്സുകൾ കാണാതെ വളരാൻ സാധ്യതയില്ല ....
എന്നു കരുതി ട്രോപ്പിക്കൽ കാലാവസ്ഥയിൽ മാത്രമേ മോസ്സുകൾ വളരൂ എന്നല്ല കേട്ടോ ..
ജലസാനിധ്യമുള്ള ഒട്ടൊരുവിധം എല്ലാ പ്രദേശങ്ങളിലും മോസ്സ് വളരും ...
മരുഭൂമികളിൽ അധികം വളരില്ല, എന്നാലും അപൂർവം ചിലയിനങ്ങൾ മരുഭൂമികളിലും വളരുന്നവയുണ്ട് ..
കിണർ ചുമരിലും, മതിലിലും, മേൽക്കൂരയിലും, തെങ്ങിന്റെ കടയിലും, കയ്യാലമേലുമെല്ലാം വളരുന്ന, മലയാളിയുടെ സുപരിചിത സസ്യമായ മോസ്സിന് മലയാളഭാഷയിൽ ഒരു പേര് തേടിപ്പോയാൽ പക്ഷേ നിരാശയായിരിക്കും ഫലം ..
പൂപ്പല്, പായല് എന്നൊക്കെ പലയിടങ്ങളിൽ ഓരോ വാക്കുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകൾ തന്നെയാണ് ഫംഗസ്സിനും ആൽഗേകൾക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല എന്ന് കരുതേണ്ടിയിരിക്കുന്നു ..
ഭാഷയിൽ പദങ്ങളുണ്ടാകുന്നതും ഭാഷ വികസിക്കുന്നതും ഒരു വസ്തുവിനേയോ ആശയത്തെയോ കുറിച്ച് വ്യതിരിക്തമായ പദങ്ങൾ സംഭാഷണങ്ങളിലും എഴുത്തുകളിലും ഉൾപ്പെടുത്തേണ്ടി വരുമ്പോഴാണ് ...
സർഗ്ഗ സാഹിത്യത്തിലും സങ്കീർണമായ സാംസ്കാരിക ചർച്ചകളിലും വ്യാപൃതരായിരുന്ന കേരള ജനത പക്ഷെ ശാസ്ത്രവിഷയങ്ങളിൽ പിന്നിലായിപ്പോയി എന്നു പറയാതെ വയ്യ ...
എന്തായാലും മോസിന് മലയാളം പേരിടുകയെന്നത് എന്റെ ലക്ഷ്യമേയല്ല ..
നമുക്ക് ചുറ്റുമുള്ള 'ലളിത സസ്യങ്ങളെ' വേർതിരിച്ച് പരിചയപ്പെടുത്തി അവയോടും അവ വളരുന്ന പേലവമായ പാരിസ്ഥിതിക സാഹചര്യങ്ങളോടും എന്റെ ചങ്ങാതിമാർക്ക് ഇച്ചിരികൂടി ഇഷ്ടംകൂട്ടുവാനാണ് ഞാനിതൊക്കെ ഇങ്ങനെ വലിച്ചുനീട്ടി എഴുതുന്നത് ..
മോസ്സുകള് ഹരിതകമുള്ള ( Chlorophyll ), പ്രകാശസംശ്ലേഷണം ( Photosynthesis ) നടത്താനാകുന്ന സസ്യ സമൂഹമാണ് ...
യൂക്കാരിയോട്ട് (Eukaryota) സാമ്രാജ്യത്തിലെ പ്ലാന്റെ എന്ന 'രാജകുടുംബത്തിലാണ്' മോസ്സുകൾ ഉൾപ്പെടുന്നത് ( Kingdom Plante ) .
യൂക്കാരിയോട്ടുകൾ എന്നാൽ കോശങ്ങളിൽ ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും , ഗോൾഗി ബോഡീസും എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും എന്നിങ്ങനെ മെംബ്രെയിൻ ബൗണ്ട് സെൽ ഓർഗനൽസ് എല്ലാം തന്നെയുള്ള ജൈവ സാമ്രാജ്യമാണ് .
ഇനി അതിനുള്ളിലെ പ്ലാന്റെ കിങ്ങ്ഡത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ് ??
ചലന ശേഷി വളരെ കുറവോ, ഒട്ടുമേ ഇല്ലാത്തതുമോ ആയ, ഹരിതകമുള്ള, കോശഭിത്തിയുള്ള സെല്ലുകളോട് കൂടിയ , പ്രകാശസംശ്ലേഷണം നടത്തി 'പാചകം' ചെയ്യാനാകുന്ന 'ജൈവ വിഭാഗമാണ്' കിങ്ങ്ഡം പ്ലാന്റെ !
ഇവിടെ ഒരു പ്രശ്നമുണ്ട് ..
ഒരു മൊട്ടുസൂചി മുനയെക്കാൾ ചെറിയ ആൽഗേ തൊട്ട് പതിനെണ്ണായിരം സ്ക്വയർ മീറ്ററോളം വിസ്തൃതിയിൽ നിഴല് വിരിച്ച് , 3,772 താങ്ങുവേരുകളിൽ ഉറച്ച് എഴുന്നേറ്റു നിന്ന് വിരിഞ്ഞു വളരുന്ന 'ആചാര്യ ജഗദീഷ് ചദ്രബോസ് ബൊട്ടാണിക്കൽ ഗാർഡനിലെ' ഗ്രേറ്റ് ബാനിയൻ ട്രീ വരെ കിങ്ങ്ഡം പ്ലാന്റേയിലെ അംഗങ്ങളാണ് ..
നമുക്കപ്പോൾ പ്ലാന്റേ രാജ്യകുടുംബത്തിനെ വീണ്ടും ഒന്ന് തരം തിരിച്ചു നോക്കിയാലോ ??
( Subclassification ) ..
ജൈവശാസ്ത്രം വളരേ സങ്കീർണ്ണമായ പ്രഹേളികയാണെന്നൊന്നും കരുതല്ലേ പൊന്നേ, ജീവന്റെ എന്തെങ്കിലും ഒരു വിഭാഗത്തെ കുറിച്ച് പഠിക്കുമ്പോൾ ആ ജൈവ വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ളത്ര തരം തിരിവുകൾ ( Classifications ) മനസ്സിലാക്കിയാൽ പിന്നെ കാര്യങ്ങൾ വളരെ എളുപ്പമാണ് .
ഒരേ വിഭാഗത്തിലുള്ള ജീവികൾക്ക് ചില പൊതു സ്വഭാവം ഉണ്ടാകും, അത് തിരിച്ചറിഞ്ഞാൽ പിന്നെ ജീവികളെയും സസ്യങ്ങളെയുമെല്ലാം കാണുമ്പോൾ വളരെ എളുപ്പത്തിൽ ഇവ ഏത് വിഭാഗമാണെന്ന് പറയാം ..
കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാം .. !
സസ്യ രാജ്യകുടുംബത്തിനെ ( Kingdom Plante ) നമുക്ക് അഞ്ച് ഡിവിഷനുകളായി തരം തിരിക്കാം ..
Divisions of Kingdom Plante :
1. താലോഫൈറ്റ (Thallophyta) - പ്ലാന്റെ സാമ്രാജ്യത്തിലെ എഴുന്നേറ്റ് നിൽക്കാത്ത 'അവികസിതമായ' വിഭാഗം . പ്രധാനമായും ഒന്നിൽ കൂടുതൽ കോശങ്ങളുള്ള ആൽഗേ ഇനങ്ങൾ ( ഭൂരിഭാഗവും ജലത്തിൽ വളരുന്നവയാണ് )
2. ബ്രയോഫയ്റ്റ്‌സ് (Bryophyta) വാസ്കുലാർ ടിഷ്യൂ (Xylem and Phloem) ഇല്ലാത്ത , പക്ഷേ ഏതാനും ഇഞ്ചുകൾ വരെയൊക്കെ എഴുനേറ്റ് വളരുന്ന ലൈംഗിക പ്രത്യുത്പാദനം നടത്താൻ കഴിവുള്ള വിഭാഗം - ലിവർവോർട്ടുകൾ ഹോൺ വോർട്ടുകൾ മോസ്സുകൾ.. ( ഈ കുറിപ്പിൽ ഞാൻ പരിചയപ്പെടുത്തുന്നത് ബ്രയോഫൈറ്റ് ഡിവിഷനിലെ മോസ്സുകളെയാണ് ).
ബ്രോയോഫൈറ്റ്സ് വരെയുള്ള ഡിവിഷനുകളിലെ സസ്യങ്ങൾക്ക് അതിജീവനത്തിന് ജല സാനിദ്ധ്യം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ സസ്യങ്ങളിലെ 'ഉഭയജീവികൾ' എന്ന പേരിലാണ് ആദ്യ രണ്ട് ഡിവിഷനുകളും അറിയപ്പെടുന്നത് .
3. ടെറിഡോ ഫൈറ്റ്സ് (Pteridophyta) കുറച്ചു കൂടെ വികസിച്ച സസ്യങ്ങൾ , ഇവയ്ക്ക് വാട്ടർ ട്രാൻസ്‌പോട്ടേഷനു വേണ്ടിയുള്ള വാസ്കുലാർ ടിഷ്യൂകൾ, വേരുകൾ , എന്നിവയല്ലാമുണ്ട് അതുകൊണ്ടു തന്നെ ജലസാമിപ്യത്തിന് കുറച്ചുകൂടെ അകലേക്ക് മാറി വളരാനൊക്കെ പറ്റും . അതുകൊണ്ട് തന്നെ സസ്യങ്ങളിലെ ഉഭയജീവികൾ എന്ന വിശേഷണം ടെറിഡോഫൈറ്റ്സ് ഡിവിഷൻ മുതലങ്ങോട്ട് നഷ്ടമാവുകയും ചെയ്യും . പ്രധാനമായും ഫേണുകൾ ( പന്നൽ ചെടികൾ ) ആണ് ഈ വിഭാഗത്തിൽ വരുന്നത്.
5. ജിംനോ സ്പേമുകൾ (Gymnosperms.) പൂവിടാത്ത പക്ഷെ വികസിതമായ വിത്തുകൾ ഉത്പാദിപ്പിക്കാവുന്ന സസ്യ വിഭാഗം, ഇവിടെ മുതൽ വൻ വൃക്ഷങ്ങളൊക്കെയുണ്ട് ഉദാഹരണം പൈൻ മരങ്ങൾ , സൈപ്രസ് മരങ്ങൾ.
6. ആഞ്ചിയോസ്‌പേംസ് (Angiosperms) സസ്യ പരിണാമത്തിന്റെ ഏറ്റവും ഇങ്ങേയറ്റത്തുള്ള സപുഷ്പ്പികളായ സസ്യങ്ങൾ . പല സസ്യങ്ങളുടെയും സൂഷ്മമായ പൂവുകൾ നമ്മൾ കാണാറില്ല എങ്കിലും സസ്യസാമ്രാജ്യത്തിലെ 90% അംഗങ്ങളും സപുഷ്പികളാണ് (Angiosperms) .
ഇന്നത്തെ താരം എന്തായാലും ബ്രയോഫൈറ്റുകളാണ് .
ഭൂമിയിൽ സൈനോബാക്റ്റീരിയങ്ങൾക്കും ആൽഗേകൾക്കും ഫംഗസ്സിനുമെല്ലാം ശേഷം പരിണമിച്ചുണ്ടായവയാണ് ബ്രയോഫൈറ്റ് എന്ന പ്ലാന്റ് ഡിവിഷൻ ..
ബ്രയോഫൈറ്റ് ഡിവിഷനിൽ തന്നെയുള്ള ലിവർവേർട്ടുകളുടേയും ഹോൺവേർട്ടുകളുടേയും പരിണാമത്തിനു ശേഷം അൽപ്പം കൂടി മെച്ചപ്പെട്ട പ്ലാന്റ് ഡിസൈനാണ് മോസ്സുകൾ എന്നു പറയാം ...
മോസ്സുകളിൽ വേരുകളോട് സാദൃശ്ച്യമുള്ള റൈസോയിഡ്‌സ് ഉണ്ട് ..
റൈസോയിഡ്‌സ് ജലവും ന്യൂറ്റിയന്റുകളും മണ്ണിൽ നിന്ന് ആഗ്രിരണം ചെയ്യുമെങ്കിലും അത് സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനുള്ള സൈലം ടിഷ്യൂകളോ ഇലകൾ ഉത്പാദിപ്പിക്കുന്ന ഫോട്ടോഅസിമിലേറ്റ്സ് (photoassimilates) സസ്യ ശരീരമാകമാനം എത്തിക്കാനുള്ള ഫ്ലോയം ടിഷ്യൂകളോ ലളിത സസ്യമായ മോസ്സുകൾക്ക് ഇല്ല ..
അതുകൊണ്ടു തന്നെ മോസ്സുകൾക്ക് സബ്സ്‌ട്രൈറ്റിൽ നിന്ന് അധികം ഉയർന്ന് വളരാൻ സാധിക്കില്ല ...
മോസ്സ് ജലാംശവും ന്യൂട്രിയൻസും സ്വീകരിക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ കൂടിയുമാണ് ...
പക്ഷെ മോസ്സുകൾ ഒഴികെയുള്ള ഉയർന്ന ശ്രേണിയിലെ സസ്യങ്ങളിൽ ജലം മേലോട്ട് ഉയർത്തുന്നതിന് പ്രധാനമായും മൂന്ന് ബലങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത് .
(1) ട്രാൻസ്പിരേഷൻ പുൾ (Transpiration) ഇലകൾ വഴിയുള്ള ജല നഷ്ടത്തിന്റെ ഫലമായി സൈലം ടിഷ്യൂകളിലേക്ക് വേരുകളിലൂടെയുള്ള ജലതന്മാത്രകളുടെ ആഗിരണം .
(2) ജല തന്മാത്രകളെ സൈലം ടിഷ്യൂകളിലേക്ക് ഒട്ടിച്ചേർക്കൽ (Adhesion). (3) ജലതന്മാത്രകളുടെ ഒട്ടിച്ചേരൽ (Cohesion).
മണ്ണിൽ നിന്ന് ഏതാനും ഇഞ്ചുകൾ വരെയൊക്കെ വളർന്ന് ഇലകളോട് അല്പമൊക്കെ സാമ്യമുള്ള ഘടനയൊക്കെയായി വളരുന്ന മോസ്സുകൾക്ക് വാസ്കുലാർ ടിഷ്യൂകൾ ഇല്ലാത്തതിനാൽ ജലം പിടിച്ചു നിറുത്താനും ആഗിരണം ചെയ്യാനും അതിന്റെ ഉപരിതല ഘടനയാണ് സഹായിക്കുന്നത് ..
സസ്യശരീരം കൂടിച്ചേർന്ന് നിൽകുമ്പോൾ അനേകം സൂഷ്മമായ ക്യാപ്പിലറി ഫോമേഷൻസ് ഉണ്ടാകുന്നു ...
ഏതാണ്ട് നമ്മുടെ സ്പോഞ്ച് പോലെ ! വെള്ളത്തിനെ വലിച്ചെടുക്കാനും ശേഖരിച്ചു വയ്ക്കാനും മോസ്സുകൾക്ക് കഴിയും ...
സ്പാഗ്നം മോസ്സാണ് ജലശേഖരണ ശേഷിയിലെ നമ്പർ വൺ ..
തണുപ്പുള്ള പ്രദേശങ്ങളിലാണ് സ്പാഗ്നം മോസ്സ് സാധാരണ കാണപ്പെടുന്നത് ...
ജിംനോസ്പേം മരങ്ങളൊക്കെ നിറഞ്ഞ മേഖലകളിൽ പൈൻ മരങ്ങളുടെ പരാഗരേണുക്കൾ സീസണിൽ മേഖലയിലാകെ അസിഡിക്ക് ആയ ഒരു പോളൻ മെത്ത വിരിക്കും, സ്പാഗ്നം മോസ്സുകൾ അവയ്ക്ക് മുകളിൽ വളരും ...
ആയിരക്കണക്കിന് വർഷങ്ങൾ മേൽക്കുമേൽ വളർന്ന് ഉപരിതല ഭൂമിയാകെ വലിയൊരു സ്പോഞ്ചുപോലെയാകും ...
നമ്മുടെ നാട്ടിലെ ചെങ്കൽ (Laterite Stone) മേഖലയേക്കാൾ വെള്ളം ആഗിരണം ചെയ്ത് പിടിച്ച് വയ്ക്കാൻ കഴിവുള്ളതാണ് ഇത്തരം പീറ്റ് ബോഗുകൾ ...
ഭൂമിക്കടിയിൽ പല അടരുകളായി ചീഞ്ഞുപോകാത്ത ഇത്തരം മോസ്സ് ലെയറുകളെ 'ടർഫ്' എന്നാണ് പറയുക ..
ഒന്നാന്തരം വളമാണ് ഇത് ..
നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ വളത്തിനും ഇന്ധനമായും പീറ്റ് ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നുണ്ട് ...
ഈ തൊഴിലിന് ടർഫ് കട്ടിങ്ങ് എന്നു പറയും ..
പക്ഷെ നമുക്കല്ലാവർക്കും അറിയുന്നതുപോലെ മോസ്സുകൾ ഉള്ള ഇടങ്ങളൊക്കെ വളരെ ലോലമായ പരിസ്ഥിതി മേഖലകളാണ്. കരുതലില്ലെങ്കിൽ ആയിരമായിരം വർഷങ്ങളുടെ ജൈവനിധി ശേഖരങ്ങൾ എളുപ്പം ഇല്ലാതാകും ..
മാത്രമല്ല , പുനഃസൃഷ്ടിക്കാനാകാത്തവിധം പ്രകൃതി നശിച്ചു പോകും ..
ലോലമായ പരിസ്ഥിതി മേഖലകൾ എന്നുദ്ദേശിച്ചത് മോസ്സുകളും പലയിനം ശലഭങ്ങളും ചെറിയ സപുഷ്പി സസ്യങ്ങളും അനേകം ചെറു ജീവികളും പ്രാണികളുമെല്ലാം നിറഞ്ഞ പാരിസ്ഥിതിക പാരസ്പര്യത്തിന്റെ ഇടങ്ങൾ എന്നതാണ്.
മോസ്സ് ഉൾപ്പെടെയുള്ള ജൈവ മേഖലകൾ അതിലോലമാണെങ്കിലും പലയിനം മോസ്സുകളും വിശേഷിച്ച് സ്പാഗ്നം മോസ്സുകൾ അതിജീവനത്തിൽ വളരെ കരുത്തരാണ് ...
ശൈത്യകാലത്ത് മൈനസ് പത്ത് ഡിഗ്രീയൊക്കെ അന്തരീക്ഷ താപനില പോകുമ്പോഴും 'ഫ്രീസ്ഡെത്ത്' സംഭവിക്കാതെ ഉള്ളിന്റെ ഉള്ളിൽ അടുത്ത വസന്തത്തിലേക്ക് വളരാൻ ജീവനുള്ള കുറച്ച് ഭാഗങ്ങളെങ്കിലും മോസ്സുകൾ കരുതിവച്ചിരിക്കും ..
സ്പോഞ്ചുപോലെ അനേകം എയർഗാപ്പ് ഉള്ള മോസ്സുകളുടെ കൂട്ടത്തിന് വലിയ താപപ്രതിരോധശേഷിയാണ് ഉള്ളത് ..
തണുപ്പ് കാലത്ത് മോസ്സുകളുടെ പുതപ്പിലൊളിച്ച് രക്ഷപ്പെടുന്ന സസ്യങ്ങളുടെ ഉപരിതല വേരുകളും അനേകം പ്രാണികളുമുണ്ട് ...
ഒന്നാം ലോക മഹായുദ്ധകാലം ..
എല്ലാറ്റിനും ക്ഷാമം ..
പരുത്തി കിട്ടാനില്ല ..
അന്ന് ഉണക്കിയെടുത്ത സ്പാഗ്നം മോസ്സ് ഉപയോഗിച്ചുള്ള ബാന്റേജുകൾ വിവിധ സൈന്യങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു ..
ജലം ആഗിരണം ചെയ്യാനുള്ള ശേഷി ,
ചില ആന്റി ബാക്റ്റീരിയൽ ശേഷികൾ എന്നിവയൊക്കെയാണ് സ്പാഗ്നം മോസ്സുകളെ 'സൈനിക പ്രിയമാക്കിയത്' !!
ഇന്ന് പക്ഷെ ഉദ്യാനകലയിലാണ് വ്യാപകമായി സ്പാഗ്നം മോസ്സ് ഉപയോഗിക്കുന്നത് , ഓർക്കിഡുകൾക്കും മറ്റും വളരാനുള്ള ഒന്നാന്തരം സബ്സ്ട്രേറ്റാണ് സ്പാഗ്നം മോസ്സ് ..
ഇവിടുത്തെ വിപണി ശ്രദ്ധിക്കുമ്പോൾ ഞാൻ കണ്ട കൗതുകകരമായ ഒരു കാര്യം യൂറോപ്പിൽ നിന്ന് വരുന്ന സ്പാഗ്നം മോസ്സ് പാക്കറ്റിലും , പീറ്റ് സബ്സ്ട്രേറ്റിലും സോഴ്സിങ്ങിൽ വൈൽഡ് മോസ്സ് അല്ല എന്നും ഫാം ചെയ്ത് എടുത്തതാണ് എന്നും കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട് .
അതേസമയം കിഴക്കൻ ഏഷ്യയിൽ നിന്ന് വരുന്ന മോസ്സ് പാക്കറ്റുകളിൽ അത് കാണാറില്ല ...
ലിവർവോർട്ടുകളെക്കാൾ അൽപ്പം ഉയർന്നു വളരാൻ മോസ്സുകൾക്ക് കഴിവുണ്ട് .. തണ്ടുപോലെ ഉയർന്നു നിൽക്കുന്ന, വശങ്ങളിൽ ഇലകളോട് പ്രാഗ് സാദൃശ്യത്തിലുള്ള സൂഷ്മ വളർച്ചകൾ കാണാം ..
ജല സാനിധ്യം മോസ്സുകളുടെ വളർച്ചക്ക് അത്യാവശ്യമാണ്, വികസിത സസ്യങ്ങളിലേത്പോലെ ഇലകൾക്ക് മുകളിൽ ക്യൂട്ടിക്കിളിന്റെ തിളങ്ങുന്ന ആവരണമില്ലാത്ത സസ്യങ്ങളാണ് ബ്രയോഫൈറ്റ്‌സിൽ ഉള്ളത് അതുകൊണ്ട് തന്നെ ജല നഷ്ടം കൂടുതലായിരിക്കും. പക്ഷെ ഈ ഘടനയുടെ ഒരു ഗുണം സസ്യത്തിന്റെ ഏത് ഭാഗത്തിലൂടെ വേണമെങ്കിലും ജലം ആഗിരണം ചെയ്യാനാകും എന്നതാണ് .
യുകെയിലെ എക്‌സിറ്റർ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ പഠനങ്ങളിൽ നിന്ന് അനുമാനിക്കുന്നത് 500 മില്യൻ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ ഭൂരിഭാഗം കരപ്രദേശങ്ങളും മോസ്സുകൾ ഉൾപ്പെട്ട ബ്രയോഫയ്റ്റ്‌സ് കവർചെയ്തതുകൊണ്ട് അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിൽ ഒരു വലിയ ശതമാനവും ഹൈഡ്രോ കാർബൺ ആയി മാറി എന്നും അതുമൂലം അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് പ്രതിഭാസം കുറയുകയും ഭൂമിയിലെ കാലാവസ്ഥ തണുത്തു വരികയും അത് ഒരു ഐസ് ഏജിന് കാരണമായി എന്നുമാണ് .
ഭൂമിയിൽ ഇന്നും പലയിടത്തും 500 മില്യൻ വർഷങ്ങൾക്ക് മുൻപേ സംഭവിച്ച ഐസ് എജിന് മുമ്പേയുള്ള പീറ്റ് ഡെപ്പോസിറ്റ് ലഭ്യമാണ് !!
അയിർലാൻഡ് 2020 ൽ പീറ്റ്‌ ബോഗ് ഹാർവസ്റ്റിങ്ങ് നിറുത്താനുള്ള നയം പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ന് ശേഷം ഒരൊറ്റ പീസ് ടർഫ് പോലും അയിർലാന്റിന്റെ മണ്ണിൽ നിന്ന് മുറിച്ചെടുക്കാതിരിക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് നീങ്ങുന്നത് ..
വെജിറ്റേഷൻ അഴുകാത്ത ഹൈഡ്രോ കാർബൺ ഡെപ്പോസിറ്ററിയാണ് പീറ്റ്‌ ബോഗുകൾ ..
പീറ്റ്‌ ബോഗുകളിലെ അധികമായ അസിഡിറ്റിയും മണ്ണിലെ ഓക്സിജന്റെ അഭാവവും മൂലം ജൈവവസ്തുക്കളുടെ സ്വാഭാവികമായ ബാക്റ്റീരിയൽ വിഘടനം നടക്കുന്നില്ലാത്തത് കൊണ്ട്തന്നെ യാതൊരു ദുർഗന്ധമോ അഴുകലോ ഇവിടെ അനുഭവപ്പെടില്ല ...
ചതുപ്പിലേത് പോലെ ജൈവാവശിഷ്ടങ്ങൾ അഴുകാത്തത് കാരണം ഏറ്റവും പൂർണ്ണമായ ജൈവ ഫോസിലുകൾ പലതും ലഭിക്കുന്ന മേഖലകളാണ് ലോകമെമ്പാടുമുള്ള പീറ്റ്‌ ബോഗുകൾ ..
ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജീവികളുടെയും മനുഷ്യന്റെയും ഒട്ടുമേ കേടാകാത്ത മൃതദേശങ്ങൾ യൂറോപ്പിന്റെ പലയിടങ്ങളിലായുള്ള പീറ്റ്‌ ബോഗുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മോസ്സുകളിൽ അലൈംഗികവും ( Vegetative Reproduction ) ലൈംഗികവുമായ ( Sexual Reproduction ) പ്രജനനം നടക്കാറുണ്ട്.
മോസ്സുകളിലെ ലൈംഗിക പ്രത്യുത്പാദനത്തിന് ജലസാനിധ്യം അത്യാവശ്യമാണ്.
ആന്ത്രീഡിയം എന്ന പുരുഷ പ്രത്യുത്പാദന ഘടനയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്തെറോസോയ്ഡ്‌സ് (antherozoids) ജലത്തിലൂടെ ഒഴുകി (അൽപ്പം നീന്തിയും) ആർക്കിഗോണിയം എന്ന സ്ത്രീ പ്രത്യുത്പാദന ഘടനയിൽ ഉത്പാദിപ്പിക്കപ്പെടുന്ന എഗ്ഗിനോട് ചേർന്നുണ്ടാകുന്ന സൈഗോട്ട്, സ്പോറോഫൈറ്റ് എന്ന സസ്യ ഘടന ഉണ്ടാക്കുകയും അതിനുള്ളിൽ അനേകം സ്‌പോറുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു; പാകമാകുമ്പോൾ സ്പോരോ ഫൈറ്റ് പൊട്ടി സ്പോറുകൾ ചുറ്റിലും പരന്ന് 'വീണ് മുളയ്ക്കുന്നു' ...
കുഞ്ഞിലേ കിണറ്റിൻ കരയിലെ മോസിലുണ്ടാകുന്ന 'കൊളുത്തുകൾ'കൊണ്ട് വലിച്ച് ചങ്ങാതിമാരോടൊപ്പം യുദ്ധം കൂടിയിട്ടില്ലേ ?
അവയെല്ലാം മോസ്സുകളുടെ സ്പോറോ ഫൈറ്റുകൾ ആണ് ..
അവയ്ക്കുള്ളിലാണ് മോസ്സുകളുടെ സ്പോറുകൾ ഉണ്ടാകുന്നത് !
ഇത്രയൊക്കെ വായിച്ചപ്പോൾ നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും മോസ്സുകളെ കുറിച്ചുള്ള പ്രിയതരമായ ചില കുഞ്ഞോർമ്മകൾ വന്നിട്ടുണ്ടാകുമല്ലേ ??
എനിക്ക് മോസ്സുകളെ ചേർന്നുള്ള അഞ്ച് ബാല്യകാല സ്മൃതികളാണുള്ളത് ..
- മഴക്കാലത്ത്‌ ഒരിക്കൽ വെട്ടുകല്ലിൽ പറ്റി പിടിച്ച മോസിന്റെ പതുപതുത്ത പ്രതലത്തിൽ കുഞ്ഞു കവിൾ അമർത്തി നോക്കിയത്.
- കിണറിന്റെ കൈവരിയിൽ വളരുന്ന മോസിലെ കൊളുത്തുകൾക്കൊണ്ട് അനിയത്തിയോടൊപ്പം യുദ്ധം ചെയ്തത്.
- മോസ്സിന്റെ ജീവൻ തുടിക്കുന്ന പച്ചമണം.
- മഴക്കാലത്ത് മോസ്സിന്റെ മുകളിലൂടെ ഇഴഞ്ഞു പോകുന്ന ചുവപ്പും കറുപ്പും നിറമുള്ള തെരട്ടയെപ്പോലൊരു സുന്ദരിപ്പുഴു .
- മോസ്സ് അടർത്തി മാറ്റുമ്പോൾ താഴെ കാണാറുള്ള പീക്കിരി ഞാഞ്ഞൂലുകൾ ..
നിങ്ങളുടെ 'മോസ്സോർമ്മകൾ' എന്തൊക്കെയാണ് ??
എനിക്ക് ഇവിടെ എന്റെ വീട്ടില് ചില്ലുകുപ്പികളിൽ വളരുന്ന കുറച്ചു 'ബയോസ്ഫിയറുകളുണ്ട്' ..
മോസ്സുകളും ഫേണുകലുമല്ലാമുള്ള കുഞ്ഞു കുപ്പിക്കാടുകൾ !
ഞാനിടക്ക് അവയുടെ മൂടി തുറന്ന് മോസിന്റെ ജൈവഗന്ധം ശ്വസിച്ചു നോക്കാറുണ്ട് .. !!
നമ്മുടെയൊക്കെ ജീവിതങ്ങൾ എത്ര തിരക്ക് പിടിച്ചതാണല്ലേ , പരിസ്ഥിതിയുടെ സൂഷ്മതകൾ കാണാൻ എവിടെയാണ് നേരം ....
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് ടസ്സർ എന്ന കവിയുടെ രണ്ട് വരികൾ ..
"The stone that is rolling, can gather no moss"
സ്നേഹപൂർവം : കിരൺ കണ്ണൻ




Link to Facebook Post
Link to Mathrubhumi News
Posted on Jul 13, 2022

അഭിപ്രായങ്ങള്‍