റിൻസ് !

റിൻസ് !

ഇവിടുത്തെ തണുപ്പ്കാലം കഴിഞ്ഞതിൽ പിന്നെ റിൻസിനെ വിളിച്ചിട്ടില്ലായിരുന്നു..
കഴിഞ്ഞ വർഷം റിൻസിനോടൊപ്പം റാസ്‌അൽ ഖൈമയിൽ രണ്ടുമൂന്ന് ഹൈക്കിങ്ങിന് പോയിട്ടുണ്ട്.
സ്നേഹപൂർവം 'എട്ടായീ' എന്ന് വിളിച്ചാണ് റിൻസ് സംസാരിക്കുക .. !
പാലക്കാട് ജില്ലയിലെ ഏതോ മലഞ്ചെരുവിലാണ് വീട് ...
ബാല്യമൊക്കെ മൊത്തം മലകയറിയിറങ്ങി ആർമാദിച്ച് ജീവിച്ചതാണ് ...
"എട്ടായീ അന്ന് അതിനൊന്നും ഹൈക്കിങ്ങ് എന്നായിരുന്നില്ല പേര് "
"കന്നുകളെ കാട്ടിൽ മേയാൻ വിടും.
അവയെ തിരിച്ചിറക്കാൻ കയറുന്നതാണ് "
റിൻസ് ചെറുപ്പത്തിലേ ദുബായിലേക്ക് കയറി വന്നു , പുള്ളി ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്.
ഇന്നും ചെറുപയ്യൻ തന്നെ , വിവാഹമൊന്നും കഴിഞ്ഞിട്ടില്ല.
ഫുൾ Yo Yo ആണ് ..
പഴയ കൃഷിഭൂമികളിലെ മണ്ണിനോടും, ഭൂമിയോടും, പശ്ചിമഘട്ടത്തിലെ ശൈലശിഖരങ്ങളോടും ആത്മബന്ധമുള്ള ന്യൂജൻ !
റിൻസിനോട് ദുബായിൽ മഴപെയ്യുന്നുണ്ടോ എന്ന് ചോദിച്ചറിയാൻ വിളിച്ചതാണ്.
സമ്മറിൽ നോർതേൺ എമിറേറ്റുകളിൽ മഴലഭിച്ചാൽ അപ്രതീക്ഷിതമായി ഒന്നുരണ്ട് ഹൈക്കിങ്ങിനുള്ള സാഹചര്യം തരപ്പെടും ..
"എന്റേട്ടായീ, കാലൊക്കെ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രി ഒരു സംഭവമുണ്ടായി .."
റിൻസ് ആലങ്കാരികതകളൊന്നുമില്ലാത്ത ചുരുക്കി പറഞ്ഞ ആ സംഭവം ഇതാണ് .
ബിസിനസ്സ് ബേ മെട്രോ സ്റ്റേഷനിലിറങ്ങി 'ദുബായ് കനാൽ' ബ്രിഡ്ജിന് മുകളിലെ പെഡസ്ട്രിയൻ പാസേജിലൂടെ മറുകരയിലേക്ക് ചെന്ന് ലിഫ്റ്റിൽ ഇറങ്ങിവേണം റിൻസിന് അന്ന് ഫോട്ടോഗ്രാഫി അസൈൻമെന്റുള്ള 'ഹവേലി നൈറ്റ് ക്ലബ്ബിൽ' ജോലിക്ക് പോകാൻ..
എന്നും രാത്രിയാണ് ജോലി .
രാത്രി പതിനൊന്നുമണിക്ക് ബ്രിഡിജിന് മുകളിലൂടെ നടന്ന് ക്രോസ് ചെയ്യുമ്പോൾ ഏകദേശം 70 മീറ്റർ ദൂരെ പാലത്തിന് നടുക്ക് കൈവരികളിലേക്ക് ഉയരമുള്ള ഒരുമനുഷ്യൻ വളരെ അസ്വാഭാവികമായി ആയുന്നത് കണ്ടു.
വളരെ ഉയരമുള്ള ബ്രിഡ്ജാണ് ..
രാത്രി ഏറെ വൈകിയതിനാൽ പാലത്തിലെ നടപ്പാതയിൽ റിൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
റിൻസ് ഒച്ചവച്ച് അയാളുടെ അടുത്തേക്ക് ഓടിയപ്പോഴേക്കും അദ്ദേഹം താഴേക്ക് വീഴുന്നതാണ് കണ്ടത് ...
പുറകെ ചാടി രക്ഷിക്കാൻ താഴേക്ക് ആഞ്ഞെങ്കിലും ബ്രിഡ്ജിന്റെ ഉയരം റിൻസിന്റെ ആത്മവിശ്വാസം കെടുത്തി. 999 ൽ വിളിച്ചുകൊണ്ട് പാലത്തിന്റെ വശത്തുള്ള ലിഫ്റ്റിലൂടെ താഴേക്ക് ഇറങ്ങി ഓടി ..
താഴെ കനാലിനരികിലിരുന്നിരുന്ന ഒരു പാക്കിസ്ഥാനി യുവാവ് ഇതിനകം അയാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയിരുന്നു ...
റിൻസ് വെള്ളത്തിനടുത്തെത്തിയപ്പോൾ കണ്ടത് രണ്ടു പേരും കെട്ട്പിണഞ്ഞ് മുങ്ങിത്താഴ്ന്ന് പോകുന്നതാണ്..
പണ്ട് പെരുമഴയത്ത് കാട്ടുചോലകളിലെ നീന്തലോർമകളുടെ ആത്മവിശ്വാസത്തിൽ ക്യാമറാബാഗ് കരയിൽവച്ച് റിൻസ് പുറകേ ചാടി ..
മുങ്ങിച്ചാകുന്ന മനുഷ്യരുടെ ഭയചകിതമായ കൈകൾക്ക് പിടികൊടുക്കാതെ ഒരാളുടെ ടീ ഷർട്ടിൽ പിടിച്ച് രണ്ടുപേരെയും വേർപെടുത്തി ..
രക്ഷിക്കാൻ ചാടിയ പാക്കിസ്ഥാനി യുവാവ് സ്വാതന്ത്രനായതോടെ പതിയെ റിൻസിനെ പിടിച്ച് നീന്തി കയറാൻ ശ്രമിച്ചു ...
രണ്ടുപേരെയും ഒരുവിധം കരയോട് അടുപ്പിച്ചപ്പോഴേക്കും താഴെ കടൽകനാലിലുള്ള കോറലുകളിൽ തട്ടി കാൽപാദമെല്ലാം പൊളിഞ്ഞു കീറി.
ആഴമുള്ള ശ്വാസമെടുക്കാൻ തോന്നുന്നുണ്ട് സാവകാശം.കിട്ടുന്നില്ല റിൻസിന്റെ കൈകാലുകളൊക്കെ കുഴഞ്ഞു തുടങ്ങി ..
കനാലിന്റെ അരിക്കുകളിൽ ടൈലുകൾ പതിച്ച് ചരിച്ച് ഭിത്തി പണിതിട്ടുണ്ട് .
കരയോട് അരികിൽ എത്തിയിട്ടും കയറാൻ പറ്റുന്നില്ല ..
ടീ ഷർട്ടിലെ പിടുത്തം വിട്ടാൽ അവർ രണ്ടുപേരും മരിച്ചു പോകും അത് വയ്യ ..
ഭാഗ്യത്തിന് ആരോ ഇട്ടുകൊടുത്ത കയറിൽ പിടിച്ച് ഒരുവിധമെങ്ങിനെയോ മുകളിലെത്തിയപ്പോഴേക്കും ആംബുലൻസും പോലീസും എത്തിയിരുന്നു ...
മെഡിക്കൽ ടീം സി പി ആർ കൊടുത്തപ്പോൾ ഭാഗ്യത്തിന് ആ മനുഷ്യന്റെ ശ്വാസം തിരിച്ചു കിട്ടി ....
കുറച്ചു നാൾ മുൻപ് Rakesh Unnikrishnanന്റെ 'ആർദ്രമാനസം - അപരിചിതരോടുള്ള അനുഭാവം" എന്നൊരു സയൻസ് പ്രസന്റേഷൻ കണ്ടിരുന്നു ...
തിരിച്ചൊന്നും ലഭിക്കില്ല എന്നിരിക്കിലും വലിയ അപായസാധ്യതകളെ കണക്കാക്കാതെ അപരന്റെ രക്ഷയ്ക്കിറങ്ങുന്ന സ്വഭാവം മനുഷ്യനുൾപ്പെടെയുള്ള ജീവികളിൽ ജനിതക സ്മൃതികളിലൂടെ പരിണാമപരമായി തന്നെ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് എന്നും ..
ജനിച്ചതിന് ശേഷമുള്ള സോഷ്യൽ ലേണിങ്ങിനെക്കാൾ ജനിതക ചോദനകളാണ് മനുഷ്യരെ കൊണ്ട് ഇങ്ങനെ നൻമ ചെയ്യിക്കുന്നത് എന്നുമാണ് രാകേഷ് ആ പ്രസന്റേഷനിൽ പറഞ്ഞത് ...
ഞാനും ഇത് വായിക്കുന്ന നമ്മലല്ലാരും കൂടി ലളിതമായ ഒരു ചിന്താ പരീക്ഷണം നടത്തിനോക്കിയാലോ ..
സമാനമായ ഒരു സാഹചര്യത്തിൽ നമ്മൾ എന്തായിരിക്കും ചെയ്യുക ??
ഒരു കാര്യം ഉറപ്പാണ് ജനിതകമാണെങ്കിലും സോഷ്യൽ ലേണിംഗ് ആണെങ്കിലും ഓരോ മനുഷ്യരിലും 'ആർദ്രമാനസം' വ്യത്യാസപ്പെട്ടിരിക്കും ...
എന്തായാലും ഈ ഭൂമിയിൽ നമ്മള്, ഈ മനുഷ്യ സമൂഹം ; വലിയ പരിക്കുകളില്ലാതെ ഇങ്ങനെ പുലരുന്നതിന് റിൻസിനെപ്പോലെ കുറെ ആർദ്രമാനസരുടെ പരിശ്രമങ്ങൾ കൂടിയാണ് കാരണം ...
നിങ്ങളുടെ ഓർമ്മകളിൽ ഇത്തരം രക്ഷപ്പെടുത്തലുകളുണ്ടോ ?
കമന്റിൽ ചേർക്കൂ ...
റിൻസും അവൻ രക്ഷിച്ച രണ്ട് ജീവബിന്ദുക്കളും കൂടി ചേർന്നതാണ് നമ്മുടെ ഭൂമി ....
നമുക്കെങ്ങനെ ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാനാണ് ??
റിൻസ് , നന്ദി.. സ്നേഹം ..
കിരൺ എട്ടായി
Link to Facebook Post
Posted on Jul 7, 2022

അഭിപ്രായങ്ങള്‍