ഫേണുകൾ (Ferns)

 കാലം പതിനെട്ടാം നൂറ്റാണ്ട് ...

വിക്ടോറിയൻ സൗന്ദര്യ സങ്കല്പങ്ങളിലേക്ക് പൊടുന്നനെ ഒരിനം സസ്യം കടന്നു വന്നു ....
അക്കാലത്തെ പാശ്ചാത്യ യൂറോപ്യൻ നാഗരികതയ്ക്ക് ആ സസ്യത്തിന്റെ ശേഖരണവും വളർത്തലും ചിത്രീകരണവും സമ്മാനങ്ങളും കൗതുകമായി വളർന്നു.
എന്തിന്, സർഗസാഹിത്യത്തിൽ പോലും ആ സസ്യം വളരെ പെട്ടന്ന് ഭ്രമിതമായ ആവേശമായി മാറി !!
ചിത്രകാരന്മാരുടെ ക്യാൻവാസുകളിലെമ്പാടും ആ ചെടിയിലകളുടെ ചുരുണ്ടു വളർന്നു നിവരുന്ന സമമിതി , കരിംപച്ച ചായങ്ങളിൽ കോറി വരഞ്ഞ് നിറഞ്ഞു ... !
വിരുന്നുമുറികളിലെ പിഞ്ഞാണപാത്രങ്ങളിൽ, ക്ഷണക്കത്തുകളിൽ, ആശംസാ കാർഡുകളിൽ, ജാലക ചില്ലുകളിൽ, വിവാഹവസ്ത്രങ്ങളിൽ, പ്രണയലേഖനങ്ങളിൽ.. എല്ലായിടത്തും പ്രാചീന ജൈവ ചരിത്രമുള്ള ആ ചെടികളുടെ ചിത്രണം മാത്രം ...
മാലകളിലെ ചില്ലു ലോക്കറ്റുകൾക്കുള്ളിൽ സ്ത്രീകൾ ആ ചെടിയിലത്തുമ്പുകൾ ഒട്ടിച്ചു വച്ചു !!
വിശാലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ പ്രജകളുടെ ഗമപറച്ചിലുകളിലൂടെ അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഇരുകരകളിലെ ദേശങ്ങളിലും ആ പ്രത്യേക വിഭാഗം 'ചെടിപ്രാന്ത്' പടർന്നു വളർന്ന് വ്യാപിച്ചു !!
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തന്നെ എല്ലാ കാലാവസ്ഥയിലും ആ ചെടികളെ പരിരക്ഷിച്ചു വളർത്താൻ പാകത്തിന് ആധുനിക ടെറാറിയങ്ങളുടെ പ്രാഗ് രൂപങ്ങളായ വലിയ ചില്ലുകൂടുകൾ വിപണിയിൽ ലഭ്യമായി തുടങ്ങി ...
നതാനിയേൽ ബാഗ്‌ഷ്വോ വാർഡ് (Nathaniel Bagshaw Ward) എന്ന സസ്യ ശാസ്ത്രജ്ഞനാണ് 'വാർഡിയൻ കേയ്‌സ്' (Wardian case) എന്ന ചില്ലുകൂടുകളുടെ ഉപജ്ഞാതാവ് ..
അക്കാലഘട്ടത്തിൽ വരേണ്യവർഗ്ഗത്തിന്റെ ഉദ്യാനകലയിലെ ഏറ്റവും പ്രീയപ്പെട്ട സസ്യത്തിന്റെ അപൂർവ ഇനങ്ങളുടെ വിലകൾക്ക് പരിധിയില്ലാതായി ...
വിലയും വിപണിയും വർദ്ധിച്ചതോടെ ലോകമെമ്പാടും ആ ചെടികളുടെ ശേഖരണവും പരിസ്ഥിതി ചൂഷണവും വർധിച്ചു..
ചിലയിനങ്ങൾ വംശനാശത്തിന്റെ വക്കോളമെത്തി..
ഈ പ്രാന്തിന് ചരിത്രത്തിൽ ഒരു വിളിപ്പേരുണ്ടായിരുന്നു..;
ടെറിഡോമാനിയ !(Pteridomania)
ഞാനിന്ന് ഈ കുറിപ്പിൽ പറയാനൊരുങ്ങുന്നത് ഏകദേശം അര നൂറ്റാണ്ടോളം കാലം പശ്ചിമദേശങ്ങളിലെ മനുഷ്യരുടെയാകമാനം മനം കവർന്ന ഫേണുകളെക്കുറിച്ചാണ് !! ഫേണുകൾ പ്ലാന്റെ 'രാജകുടുംബത്തിലെ'
ടെറിഡോഫൈറ്റ്സ് (Pteridophyta) എന്ന ഡിവിഷനിൽ ഉൾപ്പെടുന്ന സസ്യങ്ങളാണ് .
മോസ്സുകളെപോലെയല്ല, ഫേണുകൾക്ക് മലയാളത്തിൽ വിളിപ്പേരുണ്ട് 'പന്നൽ ചെടികൾ' !!
അധികമാരും ഉപയോഗിച്ച് കാണാറില്ലെങ്കിലും 'പന്നലി'നേക്കാൾ മനോഹരമായ വേറൊരു മലയാളം വാക്ക് കൂടിയുണ്ട് ഫേണുകൾക്ക് ..
ചിത്രപുല്ലുകൾ !!!
ഒരുപക്ഷേ പഴയ വിക്ടോറിയൻ ടെറിഡോമാനിയാ കാലഘട്ടത്തിലെ സർവസാധാരണമായിരുന്ന ചിത്രണങ്ങളുടെ കൊളോണിയൽ ഓർമ്മകളായിരിക്കണം ഫേണുകൾക്ക് 'ചിത്രപ്പുല്ല്' എന്ന മലയാള നാമം സമ്മാനിച്ചത് !!
സത്യം പറഞ്ഞാൽ ഫേണുകളെ വരയ്ക്കാൻ വളരെ എളുപ്പമാണ്; സമമിതിയിലകൾ (symmetrical), ചുരുണ്ടുവളരുന്ന തളിരുകൾ, ജുറാസിക്ക് കാലഘട്ടത്തിലെ പ്രാചീനസസ്യഭംഗികൾ !!
മോസ്സുകളൊക്കെ ഉൾപ്പെടുന്ന ബ്രയോഫൈറ്റുകളിൽ നിന്ന് ഫേണുകളുടെ 'ടെറിഡോഫൈറ്റ്' ഡിവിഷനിലേക്ക് പരിണമിച്ചപ്പോൾ പ്ലാന്റെ രാജകുടുംബത്തിന് ഘടനാപരമായ വലിയൊരു ആനുകൂലനം ലഭിച്ചു ..
സൈലം(Xylem) & ഫ്ലോയം(Phloem) എന്ന പേരിൽ അറിയപ്പെടുന്ന ചില പ്രത്യേക കോശജാലങ്ങളാണ് അത് ..
ഇതിൽ സൈലംകോശങ്ങൾ മണ്ണിൽ നിന്ന് ജലവും ലവണങ്ങളും മൂലകങ്ങളും വലിച്ചെടുത്ത് ചെടിയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നു ..
ഫ്ലോയം കോശങ്ങൾ ഇലകൾ സൂര്യപ്രകാശത്തിൽ ഹരിതകമുപയോഗിച്ച് നിർമ്മിച്ച 'ഭക്ഷണം' (ഫോട്ടോഅസിമിലേറ്റ്സ്) ചെടിയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു !!
മനുഷ്യ ശരീരത്തിലെ ധമനികളേയും സിരകളേയും തൽക്കാലം സൈലം ഫ്ലോയം കലകളോട് കൃത്യതയില്ലാതെ താരതമ്യപ്പെടുത്താമെന്ന് തോന്നുന്നു ..
ചെടിയുടെ ശരീരത്തിലേക്ക് വെള്ളം വലിച്ചെടുക്കാമെന്നായതോടെ മുൻപത്തെ ഡിവിഷനുകളിൽ 'റൈസോയിഡ്‌സ്' എന്ന് വിളിച്ചിരുന്ന നാരുകളെ ഫേണുകളിൽ മുതൽക്കങ്ങോട്ട് 'വേരുകൾ' എന്നു വിളിച്ചു തുടങ്ങി ....
ശരീരത്തിന്റെ മുകളിലേക്ക് വെള്ളം എത്തിക്കാൻ സൈലം കോശങ്ങൾക്ക് കഴിയുമെന്നായതോടെ ഫേണുകൾക്ക് മോസ്സുകളെക്കാൾ വളരെ ഉയരത്തിൽ വളരാനും ജല സ്രോതസ്സുകളിൽ നിന്ന് അകന്നു മാറി വളർന്ന് നിറയാനും സാധ്യമായി ... !
സസ്യങ്ങളുടെ ജീവ ചരിത്രത്തിൽ വളരെ വ്യതിരിക്തമായ ഒരു നാഴികകല്ലാണ് വാസ്കുലാർ കോശസമൂഹങ്ങളുടെ പരിണാമം (സൈലം/ഫ്ലോയം) !
ഇതിനോടൊപ്പം തന്നെ പ്രജനനത്തിന് ജലം എന്ന മാധ്യമം ആവശ്യമില്ലാത്ത രീതിയിലുള്ള പരിണാമവും സംഭവിച്ചു ..
ബ്രയോഫൈറ്റുകളിലെ മോസ്സുകളിലും ലിവർവോർട്ടുകളിലുമെല്ലാം ആന്ത്രീഡിയത്തിൽ നിന്ന് പുരുഷബീജങ്ങൾക്ക് നീന്തി ആർക്കിഗോണിത്തിൽ ഉത്പാദിപ്പിക്കുന്ന സ്ത്രൈണ അണ്ഡകോശങ്ങളിൽ എത്തിച്ചേരാൻ ജലം അത്യാവശ്യമായിരുന്നു , എന്നാൽ പലയിനം ഫേണുകളിലും കാറ്റാണ് പ്രധാനമായും ഈ ധർമ്മങ്ങളൊക്കെ നിർവഹിക്കാൻ സഹായിക്കുന്നത് ..
എന്നു കരുതി കരയിൽ മാത്രമാണ് ഫേണുകൾ ഉണ്ടാവൂ എന്ന് തെറ്റിദ്ധരിക്കരുത് ..
കേവലം മൂന്ന് മാസം കൊണ്ട് അറുപത്തിയഞ്ച് സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള ജലപ്പരപ്പിൽ വളർന്ന് നിറഞ്ഞ് അവിടുത്തെ പാരിസ്ഥിതിക സന്തുലനത്തെ ആകമാനം താറുമാറാക്കാൻ കഴിയുന്ന സാൽവീനിയ ഓറിക്കുലേറ്റാ (ആഫ്രിക്കൻ പായൽ) എന്ന ജല സസ്യം നമുക്കെല്ലാം പരിചിതമാണ്.
അതേ , വേമ്പനാട്ട് കായലിലും കേരളത്തിന്റെ കോൾ നിലങ്ങളിലും ഒഴുക്കില്ലാത്ത പുഴകളിലും കുളങ്ങളിലുമെല്ലാം അതിശല്യക്കാരനായി വളരുന്ന സാക്ഷാൽ 'ആഫ്രിക്കൻ പായൽ' ഒരിനം ഫേൺ ആണെന്നറിയാമോ ?!
പേരിൽ ആഫ്രിക്കൻ എന്നൊക്കെ ഉണ്ടെങ്കിലും ഈ കക്ഷിയുടെ ജന്മ ദേശം ലാറ്റിൻ അമേരിക്കയിലെ ബ്രസീൽ ആണെന്നാണ് കരുതപ്പെടുന്നത് ..
ഫേണുകള് ഭൂമിയിൽ പരിണമിച്ചുണ്ടായിട്ട് നാനൂറ് ദശലക്ഷം വർഷങ്ങളെങ്കിലുമായിട്ടുണ്ട്. ഒട്ടുമിക്ക കരജീവികൾക്ക് മുൻപും ഫേണുകൾ ഭൂമിയിലുണ്ട് ..
ജുറാസിക്ക് കാലഘട്ടത്തിലെ സസ്യഭോജികളായ ദിനോസറുകളുടെ പ്രധാന ഭക്ഷണം തന്നെ ഫേണുകളായിരുന്നു എന്നറിയാമോ ??
ദിനോസറുകൾക്ക് തിന്നാൻ പുല്ലൊന്നും (മോണോക്കോട്ട് ചെടികൾ) ആ കാലഘട്ടത്തിൽ ഭൂമിയിൽ പരിണമിച്ചുണ്ടായിരുന്നില്ല !!
ഇന്നും മനുഷ്യനടക്കം പലയിനം ജീവികളുടെയും പ്രിയ ഭക്ഷണമാണ് പന്നൽ ചെടിയിനങ്ങൾ !
നമ്മുടെ നാട്ടിൽ കന്നുകാലികൾക്ക് വളരെയേറെ ഇഷ്ടമുള്ള ഒരിനം ഫേൺ കർഷകർക്കെല്ലാം പരിചിതമായിരിക്കും, 'അസോള' എന്നാണ് വെള്ളത്തിൽ വളരുന്ന അതിന്റെ പേര് ..
സംഗീതോപകരണമായ വയലിന്റെ തലപ്പിനെപ്പോലെ ചുരുണ്ട തളിരിലകളുണ്ടാകുന്ന 'ഫിഡിൽ ഹെഡ് ഫേണുകൾ' ലോകമാകമാനമുള്ള ജനങ്ങളുടെ പ്രിയ ഭക്ഷണ വിഭവമാണ് ...
മറ്റു സസ്യവിഭാഗങ്ങളെ അപേക്ഷിച്ച് ഫേണുകളുടെ ജനിതക വൈവിധ്യം കുറവാണ്, ഏകദേശം പന്ത്രണ്ടായിരം സ്പീഷീസിലുള്ള ഫേണുകൾ മാത്രമാണ് ഇന്ന് ഭൂമിയിലുള്ളത്, ഇതിൽ തന്നെ പലതും വംശനാശത്തിന്റെ വക്കിലാണ് ...
20 മീറ്റർ വരെയൊക്കെ ഉയരം വയ്ക്കുന്ന പന്നൽ മരങ്ങളുണ്ട് ( Tree Fern - Cyathea Australis ) .
- Xerophyte - വരണ്ട മരുപ്രദേശങ്ങളിൽ വളരുന്നവ.
- Hydrophyte - ജലത്തിൽ വളരുന്നവ.
- Epiphyte - മരങ്ങളിൽ വളരുന്നവ.
എന്നിങ്ങന്നെ വിവിധ പരിതസ്ഥിതികളിൽ വളരുന്ന ടെറിഡോഫൈറ്റുകളുണ്ട് - നമുക്ക് ചുറ്റിലും നിന്ന് ഇവയെ തിരിച്ചറിഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു നോക്കൂ .
ഭൂമിയിലെ സകല ജീവനുകളിലും വച്ച് ഏറ്റവും അധികം ക്രോമസോം നമ്പറുള്ള ( ആയിരത്തി നാനൂറ്റി നാല്പത് ക്രോമസോമുകൾ ) ഓഫിയോഗ്ലോസം ( Ophioglossum ) ഒരു ഫേൺ ആണ്, ഇതിനെ നമ്മുടെ നാട്ടിലും കാണാറുണ്ട് .
നമ്മൾ മനുഷ്യരുടെ കോശങ്ങളിൽ കേവലം 46 ക്രോമസോമുകളെ ഉള്ളൂ എന്നറിയുക .
വേരുകളില്ലാതെ സസ്യങ്ങളുടെ ഉയർന്ന ശാഖകളിലെല്ലാം ഉടക്കി വളർന്ന് അന്തരീക്ഷത്തിലെ ജലാംശം ഉപയോഗിച്ചു വളരുന്നയിനം പല പന്നൽ സ്പീഷീസുകളും ഉണ്ട് !
തിരി പോലെ മണ്ണിൽ നിന്ന് നാരുകളായി ഉയർന്നു വളരുന്ന Whisk Fern ( Psilotum ) ഫേണുകളിലെ ജീവിക്കുന്ന ഫോസിലുകളായാണ് കണക്കാക്കപ്പെടുന്നത്. ബ്രയോഫൈറ്റുകളിൽ നിന്ന് ടെറിഡോഫൈറ്റുകളിലേക്കുള്ള പരിണാമസ്ഥലിയിയിലെ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രാചീന സസ്യം .. !
വാസ്കുലാർ കോശകലകൾ ഉണ്ടെങ്കിലും മറ്റുള്ള ടെറിഡോഫൈറ്റുകളെക്കാൾ പ്രാചീനമായ രീതിയിലാണ് സൈലം, ഫ്ലോയം കോശവ്യൂഹങ്ങൾ ഈ ചെടിയിൽ ക്രമീകരിച്ചിരിക്കുന്നത് ..
അതുകൊണ്ട് തന്നെ ടെറിഡോഫൈറ്റ് ഡിവിഷനിലാണെങ്കിലും ഫേൺ എന്നല്ല 'ഫേണിനെപ്പോലെ' എന്നാണ് ഈ സസ്യത്തെ വിശേഷിപ്പിക്കാറുള്ളത് ..
കേരളത്തിലും ഈ സസ്യം കാണപ്പെടുന്നുണ്ട്.
ഇങ്ങനെ പരിണാമത്തിന്റെ പാതിവഴിയിലുള്ള ധാരാളം സസ്യങ്ങളും ജീവികളുമുണ്ട് .
വർഗീകരണങ്ങളെല്ലാം മനുഷ്യൻ മനുഷ്യന്റെ പഠന സൗകര്യത്തിന് വേണ്ടി നിർവചിച്ച് ഉണ്ടാക്കിയെടുത്തതാണെന്നും പരിണാമം എന്നത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജൈവനൈരന്തര്യമാണെന്നും മനസ്സിലാക്കിയാൽതന്നെ ഇത്തരം ആശയക്കുഴപ്പങ്ങൾ ലഘൂകരിക്കപ്പെടും ..
പൊതുവെ ഫേണുകളുടെ ജീവചക്രം പറയുമ്പോഴാല്ലാം എനിക്ക് ഓർമ്മവരാറുള്ളത് ചിത്രശലഭങ്ങളുടെ പ്രജനനചരിതമാണ് ...
തലിരിലകളിൽ ശലഭം മുട്ടയിട്ട് വിരിഞ്ഞ് ശലഭങ്ങളോട് ഒരു സാദൃശ്ച്യവുമില്ലാത്ത ഇലതീനി 'പുഴുക്കളായി' വളർന്ന് പിന്നീട് പ്യൂപ്പയായി ഒരു പ്രഭാതത്തിൽ വർണ്ണ ചിറകുകൾ വീശി പറന്നു പോകുന്ന ശലഭജീവിതം എന്ത് കൗതുകമാണല്ലേ !!
നമ്മളിൽ അധികമാർക്കും അറിയാത്തൊരു രഹസ്യജീവിതം ഫേണുകൾക്കും ഉണ്ട് ..
ഇനിയങ്ങോട്ട് ശ്രദ്ധയോടെ വായിക്കണേ..
ലൈംഗിക പ്രത്യുത്പാദനത്തിൽ ഫേണുകളുടെ ഇലക്കീഴിൽ വളരുന്ന സ്പോർ ബാഗുകൾ പൊട്ടി ദശലക്ഷകണക്കിന് ജീവബിന്ദുക്കൾ (Spores) കാറ്റിലും വെള്ളത്തിലുമൊക്കെ പരന്ന് , അനുകൂലമായ പ്രതലത്തിലേക്ക് വീണ്, പറ്റി ചേർന്ന്, ഒരു കുഞ്ഞു ശരീരമുണ്ടാകും .. പലപ്പോഴും മോസ്സ് അല്ലെങ്കിൽ.ലിവർവോർട്ട് എന്നൊക്കെ തെറ്റിദ്ധരിക്കാവുന്ന രീതിയിലുള്ള ഒരു പിറുണാസ് ചെടി .. നമ്മള് ആ പീക്കിരി ചെടികളെ കാണുന്നുപോലും ഉണ്ടാകില്ല 'ഗാമറ്റൊഫൈറ്റ്' എന്നാണ് ഇത്രരത്തിലുള്ള കുഞ്ഞൻ ചെടികളെ പറയുന്ന പേര് ..
ഈ കുഞ്ഞൻ ചെടിയിലെ ആർക്കിഗോണിയം എന്നഘടനയിൽ അണ്‌ഡം ഉത്പാദിപ്പിക്കപ്പെടുകയും ആന്ത്രീഡിയം എന്ന ഘടനയിൽ പുരുഷബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും ..
അനുകൂലമായ സാഹചര്യങ്ങളുണ്ടായി ബീജസങ്കലനം നടന്നില്ലെങ്കിൽ ഈ കുഞ്ഞു ചെടികൾ അങ്ങിനെ തന്നെ നശിച്ചു പോകും ..
ബീജസങ്കലനം നടന്നാൽ ബീജവും അണ്‌ഡവും ചേർന്ന് സിക്താണ്ഡം (Zygote ) രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിൽ നിന്ന് ഭ്രൂണം(Embryo) ഉണ്ടാകുകയും ഉടനെ കുഞ്ഞൻ ചെടിയുടെ ഓരത്ത് നിന്ന് ഇത്തിരികൂടെ നല്ല വേരുകൾ താഴെക്കിറങ്ങുകയും അതിനാടകീയമായി വലിയൊരു ചെടി മുളച്ച് ഉയരുകയും ചെയ്യും ..
നമ്മളെപ്പോഴും കാണാറുള്ള ഫെണുകൾ ഇവയാണ് .. രണ്ടാമതും 'പ്രായപൂർത്തി' ആകുമ്പോൾ ഇലകളുടെ കീഴെ ദശലക്ഷക്കണക്കിന് സ്പോറുകൾ ഉണ്ടാകും ഒരു ചെറിയ കാറ്റ് വീശുമ്പോൾ അവയെല്ലാം വളരെ വളരെ ദൂരങ്ങളിലേക്ക് പറന്നുപോയി വീഴും ....
വീണ്ടും ബീജസംങ്കലനത്തിന് വേണ്ടി ഇത്തിരിക്കുഞ്ഞൻ ഗാമറ്റൊഫൈറ്റുകൾ മുളയ്ക്കും .... !!
അവയിൽ നിന്ന് വീണ്ടും നമ്മളീക്കാണുന്ന ഫേണുകളെന്ന സ്പോറോഫൈറ്റുകൾ മുളച്ച്പൊങ്ങും ... !!!
ഫേണുകളിൽ അലൈംഗികപ്രത്യുത്പാദനവും (asexual reproduction) സാധാരണമാണ് ..
ഉദാഹരണത്തിന് ഉദ്യാനസസ്യങ്ങളിലെ പ്രിയതാരമായ സ്വേഡ് ഫെണുകള് ചെടിച്ചട്ടിയിൽ തിങ്ങിവളരുമ്പോൾ താഴേയ്ക്ക് നൂലുപോലെയൊരു റൈസോമിനെ വളർത്തിയിടും അതിന്റെ തുഞ്ച് നിലത്ത് മണ്ണിൽ തൊടുമ്പോൾ അവിടെ വേരുപിടിച്ച് പുതിയ ചെടിയുണ്ടാകും .. അവിടുന്ന് വീണ്ടും റൈസോമുകൾ അകലേക്ക് വളർന്ന് മണ്ണിൽ തൊടും അവിടെ വീണ്ടും പുതിയ ചെടിയുണ്ടാകും .. അങ്ങിനെ പുതു തലമുറകൾ അങ്ങോട്ട് 'നടന്ന് നടന്ന്' അകന്നു പോകും ....
പുതിയ തലമുറയെ അകലേക്ക് 'ഓടിപ്പായിക്കാൻ' സഹായിക്കുന്നതുകൊണ്ടാവാം ഇതിലെ റൈസോമുകളെ റണ്ണേഴ്‌സ് എന്നും പറയാറുണ്ട് !
പ്രകൃതിയിൽ എന്തെന്ത് വിസ്മയങ്ങളാണല്ലേ !
അനവധിയായ ചിത്രപുല്ലുകൾ നിറഞ്ഞു വളരുന്ന നാട്ടിലെ ചരൽകല്ലുവഴികൾ..
കിണർവട്ടങ്ങളിലെ കാടുകൾ !
കുഞ്ഞുകയ്യിൽ പതിപ്പിച്ച ഇലയടയാളങ്ങൾ...
ഫേണുകൾ നമ്മുടെയല്ലാം പണ്ടോർമ്മകളിലെ പ്രിയസസ്യങ്ങളാണ് ... !
സ്നേഹപൂർവം
കിരൺ കണ്ണൻ
ചിത്രങ്ങൾ :
Lakshmi Prajath & Nasee C P
മാതൃഭൂമിയിൽ ഈ ലേഖനം ചിത്രങ്ങളോടൊപ്പം പൂർണ്ണമായി വായിക്കാം
ലിങ്ക് കമന്റിൽ ചേർക്കുന്നു


ലീവിങ്‌ ഫോസിൽ എന്നറിയപ്പെടുന്ന Psilotum......







Link to Facebook Post
Link to Mathrubhumi News
Posted on Jul 20, 2022

അഭിപ്രായങ്ങള്‍