"കാടൊരുക്കാം കുപ്പിക്കുള്ളിൽ"

കുപ്പിക്കുള്ളിലൊരു കാട് !

കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ മാസികയായ തളിരിന്റെ ഈ ലക്കത്തിൽ "കാടൊരുക്കാം കുപ്പിക്കുള്ളിൽ" എന്നൊരു ലേഖനമെഴുതിയിട്ടുണ്ട് .
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങളിൽ നിരന്തരമായി എൻഗേജ് ചെയ്യാറുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടി ഒരു ലേഖനം ആദ്യമായാണ് എഴുതുന്നത് .
തളിരിൽ എക്സിക്യൂട്ടീവ് എഡിറ്റർ ആയ Navaneeth Krishnan S സ്‌നേഹത്തോടെ നിർബന്ധിച്ചതിനാലാണ് കുട്ടികൾക്ക് വേണ്ടി എങ്ങനെ എഴുതാൻ ശ്രമിച്ചത് ..
മാസിക വാങ്ങാൻ സാധിക്കുന്നവർ വാങ്ങി കുട്ടികൾക്ക് കൊടുക്കാൻ മറക്കരുത് ..
ലേഖനം ചുവടെ ചേർക്കുന്നു ;
വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതുമല്ലോ ....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കുപ്പിക്കുള്ളിലൊരു കാട്
1960 ലെ ഈസ്റ്റർ ദിന ഞായറാഴ്ച. ഡേവിഡ് ലാറ്റിമർ എന്നൊരു യുവാവ് തന്റെ കൈയിലുള്ള പത്തു ഗ്യാലൻ വ്യാപ്തമുള്ള വലിയൊരു ചില്ലുകുപ്പിയിൽ അൽപ്പം കമ്പോസ്റ്റ് ഇട്ട് കുറച്ചു ചെടികൾ നട്ടു. ജലനഷ്ടം ഒഴിവാക്കാൻ ഡേവിഡ് ആ കുപ്പിയുടെ വിസ്താരം കുറഞ്ഞ കഴുത്ത് ഒരു കോർക്കുകൊണ്ട് ഭദ്രമായി അടച്ചു സൂക്ഷിച്ചു. സ്പൈഡർവോർട്ട് എന്നൊരു പൂവിടുന്ന ചെടിയാണ് അദ്ദേഹം കുപ്പിയിൽ വളർത്തിയത്. അടച്ചുമൂടിയ ആ കുപ്പി അദ്ദേഹം വർഷങ്ങളോളം തുറന്നതേയില്ല. പിന്നീട് നീണ്ട പതിമൂന്ന് വർഷത്തിന് ശേഷം 1973ലാണ് അദ്ദേഹം ആ കുപ്പി തുറന്ന് അൽപ്പം കൂടി വെള്ളം ഒഴിച്ചത്. ഒട്ടുമേ ജലനഷ്ടം സംഭവിക്കാതിരിക്കാൻ ഇത്തവണ അദ്ദേഹം വളരെ കൃത്യമായി പഴുതൊട്ടുമില്ലാതെതന്നെ കുപ്പിയുടെ മൂടി സീൽ ചെയ്തു. ഒരാളുടെയും ഇടപെടൽ ഇല്ലാതിരുന്നിട്ടും സ്പൈഡർവോർട്ട് എന്ന ചെടി വളരാതിരുന്നില്ല. അത് വളർന്നു പന്തലിച്ച് ചെറിയൊരു കാടായി മാറി. കാലം പിന്നെയും കടന്നുപോയി. കുപ്പിക്കുള്ളിൽ ചെടികൾ തളിർത്തു വളർന്നു. പുഷ്പ്പിച്ചു, വിത്തുകളിട്ടു. കുഞ്ഞു ചെടികൾ വളർന്നു. ചിലത് ചത്തുപോയി. ആ കുഞ്ഞുകാട് ഇന്ദ്രജാലംപോലെ ആരോഗ്യകരമായി നിലനിന്നു.
കാലം ഒരുപാടു കഴിഞ്ഞു.
ഡേവിഡ് ലാറ്റിമർ എന്ന യുവാവ് വൃദ്ധനായി മാറി.
2013 ൽ ബി ബി സി റേഡിയോയിൽ പ്രത്യേക ക്ഷണിതാവായി ഈ ഡേവിഡ് അപ്പൂപ്പൻ വന്നു. നീണ്ട നാല്പത് വർഷങ്ങളായിട്ടും ഒരു കുപ്പിക്കുള്ളിൽ ബാഹ്യമായ ഇടപെടലുകൾ ഒന്നുമേ ഇല്ലാതെ പുറത്തു നിന്ന് സൂര്യപ്രകാശം മാത്രം സ്വീകരിച്ചു വളരുന്ന ആ കുപ്പിക്കാടിനെക്കുറിച്ച് ആദ്യമായി ലോകം അറിയുന്നതും ചർച്ച ചെയ്യുന്നതും അപ്പോഴാണ്!
ഡേവിഡ് അപ്പൂപ്പൻ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ കുപ്പിക്കാട് ഇന്നും ആരോഗ്യത്തോടെ വളരുന്നുണ്ടാവും, ഉറപ്പ്!
കുപ്പിക്കുള്ളിൽ സ്വയം നിലനിൽക്കുന്ന ഒരു കാട്. എങ്ങിനെയാണ് ഇതു സാധിക്കുന്നത്? ഇങ്ങനെയൊരെണ്ണം നമുക്ക് ഉണ്ടാക്കാൻ കഴിയുമോ?
-- -- --
പലരുടെയും വീട്ടിൽ ചെടിത്തോട്ടങ്ങളുണ്ടാവും. ഇവയുടെ പരിപാലനത്തിന് നാം പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. സമയാസമയങ്ങളിൽ വെള്ളമൊഴിക്കണം. നിശ്ചിത ഇടവേളകളിൽ വളമിടണം. ഇടയ്ക്ക് ചെടികൾക്കിടയിലെ മണ്ണിളക്കി കൊടുക്കണം. പൂച്ചെടികളിൽ വിത്തുണ്ടായി കഴിഞ്ഞാൽ വിത്ത് പാകി മുളപ്പിച്ച് മാറ്റി നടണം. ഇങ്ങനെ കുറേ പണികൾ.
ചുരുക്കത്തിൽ ഉന്മേഷദായകമാണെങ്കിലും അത്യാവശ്യം ക്ഷമ വേണ്ടുന്ന ഒന്നാണ് ഉദ്യാനപരിപാലനം. എത്രയൊക്കെ നനച്ചാലും പരിപാലിച്ചാലും വേനൽക്കാലമാകുമ്പോൾ തോട്ടത്തിലെ വലിയൊരു വിഭാഗം ചെടിപ്പച്ചകളൊക്കെ വാടി കരിഞ്ഞുപോകും. എന്തു കഷ്ടമാണിതല്ലേ.
ഉദ്യാനകലയിൽ ഋതുഭേദങ്ങളെ കൈകാര്യം ചെയ്യുക എന്നത് പണ്ടുമുതലേയുള്ള സാങ്കേതികപ്രശ്നമായിരുന്നു. നമ്മുടെ നാട്ടിൽ ഉദ്യാനകല അത്രക്കൊന്നും വളർന്നു വികസിച്ചിരുന്നില്ല എന്നതുകൊണ്ട് വേനലിൽ അൽപ്പം ചെടികൾ കരിഞ്ഞുപോയാലും സാരമില്ല എന്നു കരുതാറായിരുന്നു പതിവ്.
നമ്മുടെ നാടുകളിൽ വേനലാണെങ്കിൽ അതിശൈത്യമുള്ള യൂറോപ്യൻ നഗരങ്ങളിൽ ശിശിരകാലമാണ് ചെടിത്തോട്ടങ്ങളിൽ നാശനഷ്ടം വരുത്താറുള്ളത്. വർഷത്തിൽ നാലും അഞ്ചും മാസം കനത്ത മഞ്ഞിന്റെ പുതപ്പിൽ ചെടിത്തോട്ടങ്ങൾ ആണ്ടുപോകും. പൂജ്യത്തിനു വളരെ താഴെ താപനിലയെത്തുമ്പോൾ പല സസ്യകോശങ്ങളിലെയും ജലാംശമെല്ലാം തണുത്തുറഞ്ഞ് ചെടികൾ നശിച്ചുപോകും. ഇതു മാത്രമല്ല പ്രശ്നം. മണ്ണിൽ ദ്രാവകരൂപത്തിലുള്ള ജലം ഉണ്ടാകില്ല. അതിനാൽ ചെടികൾക്ക് ജലം ആഗിരണം ചെയ്യാനുമാകില്ല. പോരാത്തതിന് കനത്ത മഞ്ഞുവീഴ്ച ചെടികളുടെ കൊമ്പുകളൊക്കെ ഒടിച്ചു കളയുകയും ചെയ്യും.
മഞ്ഞും മഴയുമൊന്നും കൊള്ളാതെ വളർത്തിയാൽ കുറെ ചെടികളെയൊക്കെ സംരക്ഷിക്കാനാകും എന്നു പണ്ടു മുതൽ നാം തിരിച്ചിറിഞ്ഞിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ കാലത്ത് പരിസ്ഥിതിയിലെ മാറ്റങ്ങളിൽനിന്ന് ചെടികളെയും വിളകളെയും സംരക്ഷിച്ചു വളർത്താനുള്ള 'ഗാർഡൻ റൂമുകൾ' പരീക്ഷിച്ചിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. നമ്മളിപ്പോൾ കേൾക്കുന്ന പോളീഹൗസുകൾ ഇത്തരത്തിൽ കൃത്രിമമായ പാരിസ്ഥിതികമുറികൾ സൃഷ്ടിച്ച് ചെടികളും പച്ചക്കറികളുമെല്ലാം വളർത്തുന്ന സാങ്കേതിക വിദ്യയാണ്. നമ്മുടെ നാട്ടിൽ ഓർക്കിഡുകളും ആന്തൂറിയവുമൊക്കെ വളർത്താനാണ് ആദ്യകാലത്ത് പോളീഹൗസുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോൾ പലവിധ ഹ്രസ്വകാല കൃഷികൾക്കും പോളീ ഹൗസുകൾ ഉപയോഗിക്കുന്നുണ്ട്. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറവാണിതിൽ. അന്തരീക്ഷത്തിലെ ആർദ്രതയെ നിലനിർത്താനും കഴിയും. പരാദജീവികളെ നിയന്ത്രിക്കാനും എളുപ്പമാണ്. മാത്രമല്ല കാറ്റും മഴയും മഞ്ഞും മൂലം ചില്ലകളും ഇലകളും ചെടികളുമെല്ലാം വീണൊടിഞ്ഞ് നാശമാകുന്നതും ഒഴിവാക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും വളം, ഇടക്കുള്ള നനയ്ക്കൽ, മാറ്റി നടൽ എന്നിവയൊക്കെ പോളീ ഹൗസുകളിലും ആവശ്യമുണ്ട്. അതായത് പരിപാലനത്തിന് ആളുവേണം എന്നു ചുരുക്കം.
നമ്മുടെ ഭൂമിയിലെ എല്ലാ ചെടികളെയും ഇങ്ങനെ നോക്കി പരിപാലിച്ചിട്ടാണോ നിലനിന്നു പോരുന്നത്?
നിങ്ങളിൽ ആരെങ്കിലും കാടുകളിൽ ഹൈക്കിങിനു പോയിട്ടുണ്ടോ? അങ്ങനെ കാടുകയറാൻ പോയവർ നമ്മുടെ പശ്ചിമഘട്ടത്തിലെ കാടുകളെക്കുറിച്ച് വാതോരാതെ പറഞ്ഞു കൊതിപ്പിച്ചിട്ടുമുണ്ടാവും. മൗഗ്ലിയെയും ടാർസനെയുമൊക്കെപോലെ കാടുകളിൽ കറങ്ങി നടക്കാൻ നമ്മളിൽ പലർക്കും കൊതി തോന്നിയിട്ടുണ്ടാവുകയും ചെയ്യും. കാട് എന്തു രസമാണെന്നോ !
അവിടെ മഴനനഞ്ഞു നിൽക്കുന്ന ചെടികളെ കാണാൻ വലിയ ഭംഗിയാണ്. ഇലകൾക്കൊക്കെ തിളങ്ങുന്ന നനവുണ്ടാകും. ഇലത്തുമ്പുകളിൽനിന്ന് വെള്ളം ഇറ്റുവീഴും. മരച്ചില്ലകളിലും പാറകളിലും പായലും മോസും പച്ചപ്പുതപ്പു വിരിക്കും! ആരാണ് കാടിനു വളമിടുന്നത്? ആരാണ് കാട്ടുമരങ്ങളുടെ വിത്ത് മുളപ്പിച്ചു മാറ്റിനടുന്നത്? ആരാണ് കാടു നനയ്ക്കുന്നത് ?
ഇതൊന്നും പ്രത്യേകിച്ചാരും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ. കാരണം നമ്മുടെ ഭൂമി ഒരു ബയോസ്ഫിയറാണ്. അന്തരീക്ഷം എന്ന സുതാര്യമായ മൂടിയുള്ള വലിയ ബയോസ്‌ഫിയർ .. !
ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശവും വല്ലപ്പോഴും വീഴുന്ന ഉൽക്കകളും ഒഴിച്ച് ഈ ഭൂമിയിലുള്ളതല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണ്.
ചത്തു വീഴുന്ന ചെടികളും ജീവികളും തന്നെ ചെടികൾക്കുള്ള വളമായി മാറും. സമുദ്രത്തിലെ ജലം ബാഷ്പമായി ഉയർന്ന് സാന്ദ്രീകരിച്ച് മഴയായി പെയ്യും. ആ മഴ ഒഴുകിച്ചേർന്നു പുഴയാകും. പുഴയോരത്തു കാടുകളുണ്ടാവും. എക്കൽനിറഞ്ഞ ഡെൽറ്റകളും ചതുപ്പുകളും ഉണ്ടാവും. എന്നിട്ടോ, ആ പുഴയൊടുവിൽ കടലിൽ ചേരും… പിന്നേം ആവിയായി മഴയായി… നിരന്തരമായ ജല ചക്രം...
ആമസോൺപോലുള്ള ഇമ്മിണി വല്യ കാടുകളിൽ കാട്ടുമരങ്ങൾ വലിച്ചെടുക്കുന്ന വെള്ളത്തിലെ ഒരംശം ഇലകളിൽ കൂടെ നീരാവിയായി പുറത്ത് വന്ന് മഴമേഘങ്ങളായി പെയ്യാറുണ്ട് ...
മരം പെയ്യിക്കുന്ന മഴകൾ !!
ഭൂമിയിൽ ഹരിതകമുള്ള സസ്യങ്ങളും കടലുകളിലെ ആൾഗകളും സൈനോ ബാക്റ്റീരിയകളുമെല്ലാം അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈഓക്സൈഡ് സ്വീകരിച്ച് സസ്യശരീരമുണ്ടാക്കും. മാത്രമല്ല അവ ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഭൂമിയാകുന്ന ബയോസ്ഫിയറിൽ അനേകം ജീവികളുടെ പാരസ്പര്യമാണ് ഈ ജീവനുകളെയെല്ലാം ഇങ്ങനെതന്നെ നിലനിർത്തുന്നത്.
ചുരുക്കത്തിൽ ജീവനുള്ളതും ഇല്ലാത്തതുമായ ഒട്ടനവധി ഘടകങ്ങളുടെ വളരെ പേലവമായ സന്തുലിതാവസ്ഥയുടെ പേരാണ് ഭൂമി. A Complete Biosphere!
നമ്മുടെ വീടിനുള്ളിൽ ഭൂമിയുടെ ഒരു മിനിയേച്ചർ ഉണ്ടാക്കി നോക്കിയാലോ ??
പുറത്ത് നിന്ന് സൂര്യപ്രകാശം മാത്രം സ്വീകരിക്കുന്ന പൂർണ്ണമായും അടഞ്ഞ, ഇടയ്ക്കിടെ വെള്ളം നനയ്ക്കേണ്ടാത്ത, വളം ഇടേണ്ടാത്ത, കള പറിക്കേണ്ടാത്ത, കീടനാശിനി പ്രയോഗിക്കേണ്ടാത്ത, മണ്ണിളക്കി കൊടുക്കേണ്ടാത്ത, സ്വയം സംരക്ഷിക്കുന്ന ഒരു കുഞ്ഞുകാട് !
ക്ലോസ്ഡ് ബയോസ്ഫിയർ അഥവാ ക്ലോസ്ഡ് ടെറേറിയം എന്നാണ് ഇത്തരം നിർമ്മിതികളുടെ പേര്. ഇതിനു നമുക്ക് ആദ്യം വേണ്ടത് സാമാന്യം വലിപ്പമുള്ള സുതാര്യമായ വായു കടക്കാതെ അടച്ചു വയ്ക്കാൻ പറ്റുന്ന വലിയ ചില്ലുഭരണിയാണ്. ( കടകളിലെ മിഠായി ഭരണിപോലെ എന്തെങ്കിലും )
പിന്നെ വേണ്ടത് കുറച്ച് കുഞ്ഞു ചരൽക്കല്ലുകളും ചെറുതായി പൊട്ടിച്ച ചിരട്ടക്കരിയും എളുപ്പത്തിൽ ദ്രവിക്കാത്ത അരിപ്പത്തുണിയുടെ കഷണവും അതീവ ജലസാന്നിധ്യത്തിൽ വളരുന്ന അധികം ഉയരം വയ്ക്കാത്ത കുഞ്ഞുചെടികളും വള്ളികളും മോസും ഫേണുകളും.
നിർമ്മിതി :
ആദ്യം കുപ്പിയിൽ ഒരുപാളി കുഞ്ഞു ചരൽക്കല്ലുകൾ വിരിക്കുക. അതിനു മീതെ അരിപ്പത്തുണി ഇടണം. അതിനു മുകളിൽ ചിരട്ടക്കരി ചെറുതായി പൊട്ടിച്ചതിന്റെ ഒരുപാളി. പിന്നേം അരിപ്പത്തുണി. അതിനു മുകളിൽ ജലം വാർന്നിറങ്ങാവുന്ന ഇത്തിരി മണ്ണും ചകിരിച്ചോറും മണലും ചേർന്ന മിശ്രിതം.
ഇതല്ലാം ചേരുമ്പോഴും കുപ്പിയുടെ അഞ്ചിൽ ഒരു ഭാഗമേ നിറയാൻ പാടുള്ളൂ കേട്ടോ.
ഇതിനു മുകളിൽ മോസ്സിന്റെ പച്ചപ്പരവതാനി വിരിച്ച് ചെടികളും നട്ട് ഒന്നോ രണ്ടോ ഭംഗിയുള്ള കല്ലുകളുംവച്ച് ഒരു കാടിന്റെ മാതൃകയിൽ ഭംഗിയാക്കി എടുക്കാം. ക്ലോസ്ഡ് ടെറേറിയത്തിൽ വളർത്താവുന്ന ചെടികളുടെ സമഗ്രമായ ലിസ്റ്റ് ഇന്റർനെറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ പരീക്ഷിച്ച് കണ്ടെത്താവുന്നതുമാണ്.
ഇനി ഒരു സ്പ്രെയർ കൊണ്ട് ചെടികളിലും ചില്ല് ഭരണിയുടെ വശങ്ങളിലും പറ്റിയ മണ്ണൊക്കെ കഴുകി ക്കളയാം. അത്ര വെള്ളം മതി. വെള്ളം അധികമാകാതെ നോക്കണം. അഥവാ വെള്ളം ഇച്ചിരി കൂടുതലായാൽപ്പോലും ഏറ്റവും താഴെയുള്ള ചരൽക്കല്ലിന്റെ പാളിയെക്കാൾ ഉയരെ വരാൻ പാടില്ല . (ഡ്രൈനേജ് ലെയർ എന്നാണ് ഇതിന് പേര് )
കുപ്പി വായുപോലും കടക്കാതെ ഭദ്രമായി അടച്ച് ജനലരികിൽ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വയ്ക്കുക. ആ സിസ്റ്റം സന്തുലനത്തിലെത്തിയാൽ, നിങ്ങൾ മറന്നു പോയാലും വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും.
എന്നും അതിൽ 'മഴപെയ്യും'. ചെടിയിലകൾ നനഞ്ഞിരിക്കും. ഇടക്ക് ഇലകൾ പൊഴിയും. സൂഷ്മജീവികൾ അതു ഭക്ഷിക്കും. പുതിയ ഇലകൾ വരും. പുറത്തുനിന്നും സൂര്യപ്രകാശം മാത്രം സ്വീകരിക്കുന്ന ഒരു ബയോസ്ഫിയർ ..
നിങ്ങൾക്ക് സ്വന്തമായി ഒരു നിത്യഹരിത വനം! സ്വന്തമായി മേശപ്പുറത്ത് ഒരു കാടുണ്ടാക്കുന്നത് നിസ്സാര കാര്യമാണോ? ഒന്നു പരീക്ഷിക്കൂ ആദ്യമൊക്കെ ചെടികൾ ചീഞ്ഞുപോയേക്കാം, പരീക്ഷണം പരാജയപ്പെട്ടേക്കാം. പക്ഷേ തുടർച്ചയായി പരിശ്രമിക്കണം. വിജയിക്കുംവരെ!
സ്നേഹപൂർവം : കിരൺ കണ്ണൻ


Link to Facebook Post
Posted on Aug 4, 2022


അഭിപ്രായങ്ങള്‍