ഒറ്റമരക്കാട് !
ദക്ഷിണ കർണാടകയില്, പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന സ്വർണ്ണ എന്നൊരു നദിയും, നദിയൊഴുകുന്ന വഴിയില് കർക്കള എന്നൊരു ദേശവുമുണ്ട് ...
അവിടെയെത്തുമ്പോഴേക്കും മലതീരും, ആഴമില്ലാത്ത കല്ലുകളിൽ പുഴ പരന്ന്, ചിതറി.. ദുർഗ എന്നൊരു വെള്ളച്ചാട്ടമുണ്ടാക്കുന്നുണ്ട് !!
അനേകം പാറകൾ നിറഞ്ഞ പുഴയുടെ മധ്യഭാഗത്ത് .... !
കാട് പുഴയ്ക്ക് സമ്മാനിച്ചതല്ലാം ശേഖരിച്ച് വളർത്തുന്ന ഒറ്റമരക്കാട് !!!!
തെളിഞ്ഞൊഴുകുന്ന തണുത്ത വെള്ളത്തിൽ മുട്ടോളം നനഞ്ഞും കല്ലുകളിൽ ചവിട്ടി ചാടിയുമെല്ലാമാണ് മരത്തിനടുത്ത് എത്തിയത്...
പലകാലങ്ങളിലായി പുഴയിൽ ഒഴുകിവന്ന വിത്തുകളും സ്‌പോറുകളും ചെടിതുണ്ടുകളുമെല്ലാം പറ്റിപ്പിടിച്ച് വളരുന്ന മനോഹരമായ മരം ....
പലയിനം വൈൽഡ് ഓർക്കിഡ്ഡുകൾ, വള്ളിപടർപ്പുകൾ, ഫേണുകൾ, വൈൽഡ് ബിഗോണിയ, ബാൽസം, കാട്ട് തെച്ചി, ഡ്രസീനിയ പോലൊരു ചെടി, മോസ്സുകൾ, ലൈക്കനുകൾ, മുളച്ചുവളരുന്ന ഒന്നുരണ്ട് തേങ്ങകൾ!! ഉറുമ്പുകൾ, ചിലന്തികൾ, ശലഭങ്ങൾ !!
"ഒരേ പുഴയിലേക്ക് ഒരേ മനുഷ്യന് ഒന്നിൽ കൂടുതൽ തവണ കാലെടുത്തു വയ്ക്കാനാവില്ല എന്ന് അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനായ ഹെറാക്ലീറ്റസ് പറഞ്ഞിട്ടുണ്ട് ...
“No man ever steps in the same river twice. For it’s not the same river and he’s not the same man.”
ഒരുനിമിഷം കാലുകുത്തുന്ന പുഴയല്ല അടുത്ത നിമിഷത്തിലെ പുഴ ..!
പുഴ സമയം പോലെ ഒന്നാണ് ...
ഒരു നിമിഷത്തിലെ മനുഷ്യനല്ല തൊട്ടടുത്ത നിമിഷത്തിലെ മനുഷ്യൻ..
പുഴയും മനുഷ്യനും മാറിപ്പോകും. നമ്മളല്ലാരും മാറിക്കൊണ്ടിരിക്കുകയാണ് ..
നാളുകൾക്കപ്പുറം സമയത്തിനാൽ കുറേക്കൂടി നവീകരിക്കപ്പെട്ട പുതിയൊരു ഞാൻ ഒരിക്കൽക്കൂടി സ്വർണ്ണം എന്ന പുഴവഴിയിലെ ദുർഗ എന്ന വെള്ളച്ചാട്ടത്തി നടുത്തേക്ക് വരും ..!
ഞാൻ ഇന്നോളം കണ്ടതിൽ വച്ച് ഏറ്റവും ഫിലോസഫിക്കലായ ആ മരത്തിൽ ഒട്ടിപ്പിടിച്ചു മുളച്ചു വളരുന്ന പുതിയൊരു വിത്ത്, മരത്തിനെ മറച്ചു വളർന്നിരിക്കുന്നുണ്ടാവാം ..
ഞാൻ കണ്ട മരം മരിച്ച്, പകരം അവിടെത്തന്നെ വേറൊരുമരം ഒറ്റമരക്കാട് സൃഷ്ടിച്ചിട്ടുണ്ടാകാം .....
ഞാനന്ന് കാലുതൊട്ട തണുത്ത പുഴയും, ഞാൻ കണ്ടു വിസ്മയിച്ച അത്ഭുതമരവും ഞാൻപോലും മാറും ....!
എന്നെപ്പോലൊരാൾ, ഞാൻ കണ്ടപോലൊരു മരത്തിനെ കാണാൻ, ഞാനിറങ്ങിയപ്പോലൊരു തണുത്ത പുഴയിലൂടെ നാളെയെന്നോ നടക്കും ...
ഞാനും പുഴയും മരവും മാറിയതറിയാതെ..
നോക്കൂ, സ്വർണ്ണനദിയും, ദുർഗാ വെള്ള ചാട്ടവും, ഒറ്റമരക്കാടും ഞാൻ വീണ്ടും കണ്ടു എന്ന് സന്തോഷം പറയും.
ഇത് എന്റെ മരമാണ് ...
സ്നേഹപൂർവം : കിരൺ കണ്ണൻ
"സ്വപ്നങ്ങളിൽ വിശ്വസിക്കൂ അനശ്വരതയിലേക്കുള്ള വാതിൽ അവയിൽ ഒളിച്ചിരിക്കുന്നു"












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ