കുതിരൈ മുഖ്

കാട് പടർന്നു കയറുന്ന വളരെ വലിയൊരു ആശുപത്രി കെട്ടിടം ..

മേൽകൂരകളിൽ അനേകമനേകം ഫേണുകളും പുല്ലുകളും ...
പൊട്ടിപ്പൊളിഞ്ഞ ജനൽ പാളികൾക്കുള്ളിലൂടെ കാട്ടുമരച്ചില്ലകൾ പുറത്തേക്ക് വളരുന്നു ....
നിറങ്ങളൊക്കെ ഇളകിയടർന്നുപോയ ചുമരുകളിലേക്ക് ഏതൊക്കെയോ വള്ളിപ്പടർപ്പുകൾ പിണഞ്ഞു കയറുന്നുണ്ട് ..
ശീതീകരിച്ച രക്തം പെട്ടന്ന് സിരകളിലേക്ക് ചീറ്റിയതുപോലെ ഒരാളലുണ്ടാക്കിയ ദൃശ്യം ഞാനവിടെ കണ്ടു ... !
ആ വലിയ കെട്ടിടത്തിന്റെ ഒരു വാതിൽ, ഒരേ ഒരു വാതിൽ തുറന്നിട്ടിരിക്കുന്നു !! ആശുപത്രി കെട്ടിടത്തിന്റെ പുല്ലു പിടിച്ച മുറ്റത്ത് പൂർണ്ണമായും വെളുത്ത വസ്ത്രം ധരിച്ച ഒരു നേഴ്‌സ് പതിയെ ഉലാത്തുന്നു .. !!!
[Surreal ആയ ഈ ദൃശ്യത്തെ കുറിച്ച് ഞാൻ പോസ്റ്റിന്റെ അവസാനത്തിൽ പറയാം...]
16 വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം നിലയ്ക്കുമ്പോൾ കർണ്ണാടകയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായിരുന്നു 'കുതിരൈമുഖ്' ഹോസ്പിറ്റൽ ..
കിടത്തി ചികിത്സിക്കാൻ ആയിരത്തോളം ബെഡ്ഡുകൾ, വിവിധ സ്പെഷാലിറ്റി വിഭാഗങ്ങൾ, സർജിക്കൽ തീയേറ്ററുകൾ ...
കാടിന്റെ നടുവിൽ എന്തിനാണ് ഇങ്ങനെ വലിയൊരു ആശുപത്രി പ്രവർത്തിച്ചിരുന്നത് എന്നായിരിക്കുമല്ലേ ;
ആശുപത്രി മാത്രമല്ല, പ്രൊഫഷണൽ കോളേജ്, രണ്ട് വലിയ സ്‌കൂളുകൾ, വലിയൊരു ബസ് സ്റ്റാൻഡ്, കിഡ്സ് പാർക്ക്, ഇൻഡോർ സ്റ്റേഡിയം, പോസ്റ്റ് ഓഫീസ് ...
വർഷങ്ങൾക്ക് മുൻപ് കുതിരൈമുഖ് ഒരു വലിയ ടൗൺഷിപ്പായിരുന്നു, മുപ്പതിനായിരത്തോളം മനുഷ്യർ ജീവിച്ചിരുന്ന ഒരു പട്ടണം .. !
ഇന്ന് ലോകത്ത് ഏതെങ്കിലും ഒരു പ്രദേശത്തോട് കുതിരൈമുഖിനെ ദൃശ്യപരമായി ഉപമിക്കാമെങ്കിൽ അത് ഉക്രൈയിനിലെ ചെർണോബിൽ ആണ് ..
'കുതിരൈമുഖ് അയേൺ ഓർ കമ്പനി' എന്ന വലിയൊരു ഫാക്ടറിയിലെ തൊഴിലാളികളും കുടുംബങ്ങളുമല്ലാമാണ് കാടിന് നടുവിലെ ആ ടൗൺഷിപ്പിൽ താമസിച്ചിരുന്നത് ... !
ഇരുപത്തിയഞ്ച് വർഷങ്ങളോളം നിരന്തരമായി ഇരുമ്പയിര് ചെത്തിയെടുത്ത് പകുതിയായിപ്പോയ ഒരു വൻമലയുണ്ടവിടെ .... !
കാടിന് നടുവിലെവിടെയോ മൂന്ന് ഹെലിക്കോപ്ടറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാവുന്ന വലിയൊരു ഹെലിപ്പാഡ്, ഗസ്റ്റ്ഹൗസുകൾ, മലചെത്തിയെടുത്ത ഇരുമ്പയിരിനെ തരികളാക്കി മാറ്റി അകലെ മംഗലാപുരത്തെ അയേൺഓർ പല്ലറ്റ് ഫാക്ടറിയിൽ എത്തിക്കാനുള്ള പൈപ്പ് ലൈനുകൾ ...
കാട്ടിൽ നിറയെ കോട്ടേഴ്‌സുകളാണ്. എവിടെ നോക്കിയാലും മരങ്ങൾക്കിടയിലൂടെ കാട് വിഴുങ്ങുന്ന കെട്ടിടങ്ങൾ കാണാം ....
വലുതും ചെറുതുമായ അനേകം കെട്ടിടങ്ങൾ ...
നഗരങ്ങൾ കാടുകളെ വിഴുങ്ങുന്നത് കണ്ടു ശീലിച്ച നമ്മുടെ കണ്ണുകൾക്ക് കാട് ഒരു നഗരത്തെ മൊത്തമായി വിഴുങ്ങുന്നത് കാണുക കൗതുകം തന്നെയാകും..
കുതിരൈമുഖ് ഒരു എക്കോളജിക്കൽ ഹോട്ട്സ്പോട്ടാണ്. മലകളിലെ വളരെ ഉയർന്ന വിതാനങ്ങളിൽ വന്മരങ്ങൾ വളരില്ല, ആളുയരത്തിൽ വളരുന്ന ഫേണുകളും പുല്ലും പൂച്ചടികളും പരവതാനി വിരിച്ച മലകൾ ...
മലകളിലെ ചുളിവുകളിലും മടക്കുകളിലും മേൽമണ്ണ്അധികം ഒലിച്ചു പോയിട്ടുണ്ടാവാത്ത ഇടങ്ങളിൽ പാച്ചുകളായി നിബിഡ വനങ്ങൾ രൂപപ്പെട്ടിട്ടുണ്ടാകും.
ചോലക്കാടുകൾ ( Shola Forest )
എന്നാണ് ജൈവ വൈവിധ്യം നിറഞ്ഞ ഇത്തരം കാടുകൾക്ക് പേര് ...
ചോലക്കാടുകളിലെ മരങ്ങളിൽ പലതരം വൈൽഡ് ഓർക്കിഡുകളും ഒട്ടനവധി എപിഫൈറ്റുകളും പറ്റിച്ചേർന്ന് വളരുന്നുണ്ടാവും ....
അവിടെ ഫെയറികളുടെ ഉദ്യാനം പോലെ മോസ്സുകളും, കൂണുകളും, ലൈക്കനുകളും അനേകം പൂക്കളും ശലഭങ്ങളുമുണ്ടാകും ... !
പശ്‌ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഒട്ടുമിക്കവയും ചോല കാടുകളിൽ ഉറവയിടുന്നവയാണ്...
തുങ്ക, ഭദ്ര, നേത്രാവദി എന്നീ മൂന്ന് നദികൾ ഉത്ഭവിക്കുന്നത് കുതിരൈ മുഖ് റേഞ്ചിലെ ചോലക്കാടുകളിൽ നിന്നാണ് ..
പശ്ചിമഘട്ടത്തിലെ എക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ !
~~~~~~~~~~~~~~~~~
1913ൽ മൈസൂർ സ്വദേശിയായ ജിയോളജിസ്റ്റ് സമ്പത്ത്ലെയങ്കാർ ഭദ്ര നദിക്കരയിലൂടെ വനഭൂമികയിലെ മിനറൽ സാനിദ്ധ്യം തിരഞ്ഞ് നടക്കുന്നതിനിടയിലാണ് മേഖലയിലെ ഇരുമ്പയിരിന്റെ നിക്ഷേപം കണ്ടെത്തുന്നത് .
വനയാത്രക്കിടെ അദ്ദേഹം തന്റെ കുതിരലാടത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്ന ഇരുമ്പയിരിന്റെ ശകലങ്ങൾ ശ്രദ്ധിക്കുകയും നദിയെ പിന്തുടർന്ന് കുതിരൈമുഖ് മലകളിൽ മാഗ്നറ്റൈറ്റിന്റെ വൻ ശേഖരം കണ്ടെത്തുകയും ചെയ്തു.
ഖനിയുടെ ചരിത്രം അവിടെനിന്നാണ് ആരംഭിക്കുന്നത് .. .
ദീർഘകാല മൈനിങ് കരാറിന്റെ കാലാവധി കഴിഞ്ഞതിനാൽ സുപ്രീം കോടതി മൈനിങ്ങ് നിറുത്താൻ ഉത്തരവിടുകയും 2005 ഡിസംബറിൽ കമ്പനി മൈനിങ്ങ് നിറുത്തുകയുമായിരുന്നു ..
കുതിരൈമുഖ് പ്രദേശം ഇന്ന് ഇന്ത്യയിലെ തന്നെ വലിയൊരു നാഷണൽ പാർക്കിന്റെ ഭാഗമാണ് ....
പരിസ്ഥിതിപ്രവർത്തകരുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശ വാസികളുടെയും കമ്പനിയുടെയുമെല്ലാം പല പല നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് കുതിരൈമുഖ് പട്ടണത്തെ നാഷണൽ പാർക്കിലെ ഷോല കാടുകൾക്ക് 'വിഴുങ്ങാൻ' കൊടുത്തത് ...
പ്രദേശവാസിയായിരുന്ന ഫോറസ്റ്റ് ഗൈഡ് മുൻപ് കമ്പനിയിലെ തൊഴിലാളിയായിരുന്നു, ഘട്ടം ഘട്ടമായി തൊഴിലാളികൾ ഒഴിഞ്ഞുപോയി കാലിയാകുന്ന കോട്ടേഴ്‌സുകളും അവസാന ഷിഫ്റ്റിലെ സയറനുമെല്ലാം അദ്ദേഹത്തിന് ഇപ്പോഴും നല്ല ഓർമ്മയുണ്ട് ..
നാഷണൽ പാർക്കിന്റെ ഭാഗമായ കുറിഞ്ഞാൽ പീക്കിലേക്ക് ഞങ്ങൾക്കൊപ്പം കൂട്ടുവന്നപ്പോൾ അദ്ദേഹം മലമുകളിലെ പഴയ വയർലസ് സ്റ്റേഷൻ കാണിച്ചുതന്നു ...
മൊബൈലുകളുടെ കാലത്തിനും മുൻപ് പ്രദേശത്തേക്ക് റേഡിയോ സിഗ്നലുകൾ എത്തിക്കാൻ ആ കാലത്ത് കുറിഞ്ഞാൽ മലമുകളിലും കുതിരൈമുഖ് പീക്കിലും രണ്ട് വയർലസ് സ്റേഷനുകളാണ് ഉണ്ടായിരുന്നത്. ..
കാടിന് നടുവിൽ പീഠം പോലൊരു ഭാഗത്തെ ഹെലിപാഡിൽ നിന്ന് നോക്കിയാൽ ഇരുമ്പയിരെടുത്ത് പാതിമുറിഞ്ഞുപോയ മലയിലേക്ക് കാടരിച്ചു കയറുന്നത് കാണാം ....
മാഗ്നറ്റൈറ്റ് (Fe3O4), ഹെമറ്റൈറ്റ് (Fe2O3) എന്നിങ്ങനെയുള്ള രണ്ടിനം ഇരുമ്പയിരുകളാണ് ഇൻന്ത്യയിൽ പൊതുവെ കാണപ്പെടുന്നത് .
കുതിരൈ മുഖ് റേഞ്ചിലേത് മാഗ്നറ്റൈറ്റ് എന്ന ഇരുമ്പയിരാണ് ..
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാന്തത്താൽ നന്നായി ആകർഷിക്കപ്പെടുന്നവയാണ് മാഗ്നറ്റൈറ്റ്.
മൈനിങ് നടത്തിയെടുക്കുന്ന പാറയും മണ്ണുമെല്ലാം പൊട്ടിച്ച് പൊടിച്ച് കാന്തികതയുള്ള കൺവയർ ബെൽറ്റുകളിലൂടെ കടത്തിവിട്ടിട്ടൊക്കെയാണ് ശുദ്ധമായ ഇരുമ്പയിര് വേർതിരിച്ചെടുക്കുന്നത് ...
ധാരാളം ഊർജവും ജലവുമെല്ലാം വേണ്ടുന്ന പ്രക്രിയയാണ് ഇത് ...
കുതിരൈ മുഖ് റേഞ്ചിൽ പഴയ ഇരുമ്പയിര് ഫാക്ടറി നിന്നിടത്തുനിന്നും ഏതാനും കിലോമീറ്റർ മാറി വലിയൊരു അണക്കെട്ടുണ്ട് 'ലക്കിയ ഡാം' (Lakya Dam) എന്നാണ് അണക്കെട്ടിന്റെ പേര് ..
കുറിഞ്ഞാൽ പീക്ക് ഹൈക്കിങ്ങ് ട്രയൽ തുടങ്ങുന്നിടത്തേക്ക് ജീപ്പിൽ പോകുന്ന വഴിയാണ് ഡാമിന്റെ പ്രൗഢമായ വലിയ ഭിത്തി കുറെ ദൂരെ കണ്ടത് ..
"ആ അണക്കെട്ട് കാണാൻ സാധിക്കുമോ ?" എന്ന് ചോദിച്ചപ്പോൾ ഗൈഡ് .. "അൽപ്പംക്ഷമിക്കൂ,.നമ്മൾ ഹൈക്ക് ചെയ്ത് കുറിഞ്ഞാൽ മലയുടെ തുഞ്ചത്തെത്തുമ്പോൾ ഞാൻ അവിടെനിന്ന് അണക്കെട്ട് കാണിച്ചു തരാം" എന്ന് പറഞ്ഞു. നേരിട്ട് ഡാമിന്റെ മുകളിൽ പോയി ക്യാച്മെന്റ് ഏരിയ കാണാനുള്ള അനുവാദമില്ലത്രേ ... !!
കഷ്ടം, ഇവിടെ ഈ കാട്ടിൽ എല്ലാം നിഗൂഢമാണല്ലോ എന്നോർത്തു ...
കുറിഞ്ഞാൽ പീക്ക് ഹൈക്കിങ്ങ് 10 കിലോമീറ്ററാണ്. 5 കിലോമീറ്റർ സമ്മിറ്റിലേക്കും 5 കിലോമീറ്റർ തിരിച്ചും ...
കുറിഞ്ഞാൽ മലമുകളിൽ പായൽപ്പച്ചപ്പ് മേൽക്കൂരയിട്ട പഴയ വയർലസ്സ്സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ ആകാശത്തേക്ക് എഴുനേറ്റ് നിൽക്കുന്ന ഒരു കരിമ്പാറകെട്ടാണ് ...
അരികിലൂടെ കയറാൻ ഒരു വഴിപ്പാട് കാണുന്നുണ്ട്. സൂക്ഷിച്ച് കയറണം ..
മുകളിലെത്തിയാൽ തണുത്ത കാറ്റും താഴെനിന്ന് കൊടുമുടിയിലേക്ക് കയറിവരുന്ന കോടയുമെല്ലാം കാണാം ..
ശ്രീജ, ഹൈക്കിങ്ങ് ബാഗ് തുറന്ന് ഫ്ലാസ്ക്കിലെ ചായ എടുത്തു നീട്ടി !!!
ഒരുപാട് തവണ പലരുടെയും കൂടെ ഹൈക്കിങ്ങ് ചെയ്തിട്ടുണ്ടെങ്കിലും ചൂടുചായ ഫ്ലാസ്ക്കിലാക്കി മലകയറുന്ന ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ .. !
Sreeja Velayudhan ഒരു ചായ ഫാനാണ് ..
മലയുടെ ചെങ്കുത്തായ വശത്തേക്ക് വലിയൊരു പരുന്ത് ക്രോസ്ലാൻഡിങ്ങ് ചെയ്യുന്നത് കണ്ടു ..
പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചിലുകൾ ..
പരുന്തുകളും കഴുകന്മാരുമൊക്കെ ഇങ്ങനെ ചെങ്കുത്തായ മലകളുടെ ക്ലിഫുകളിലാണ് കൂട് കൂട്ടുക, കൂട് കാണാൻ വയ്യ, വളരെ അപകടകരമായ വശത്താണ്. എത്തിനോക്കാൻ സാധിക്കില്ല ..
പീക്കിൽ എത്തിയപ്പോൾ ഞാൻ ഗൈഡിനോട് ആദ്യം ചോദിച്ചത് ലക്കിയ ഡാം കാണിച്ചു തരാമോ എന്നാണ് .....
അദ്ദേഹം വിരല് ചൂണ്ടിയ ഇടത്തേക്ക് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി ...
നമ്മൾ സാധാരണ കാണുന്ന അണക്കെട്ടുകളുടെ ക്യാച്ച്മെന്റ് ഏരിയയിലെ വെള്ളത്തിന് പകരം ഇവിടെ കാടിന് നടുവിൽ ഒന്നോ രണ്ടോ സ്ക്വയർ കിലോമീറ്ററുകളോളം വെളുത്ത നിറത്തിൽ എന്തോ പരന്ന് കിടക്കുന്നു ..
ചോലക്കാടുകളുടെ കരിമ്പച്ചക്ക് നടുവിൽ അതി വിചിത്രമായ ഒരു വെളുത്ത പാച്ച് !!
ലക്കിയ ഡാം പണിതത് കുതിരൈ മുഖ് അയേൺ ഓർ കമ്പനിയാണ് ....
ലക്കിയ ഒരു 'ടൈലിങ്ങ്' ഡാമാണ് ...
അതായത് വലിയ ഖനിയിൽ നിന്ന് അയേൺ ഓർ ശുചീകരിച്ച് ബാക്കിയാകുന്ന സോയിൽ കണ്ടന്റ് പൈപ്പ്ലൈനിലൂടെ ഒഴുക്കി കളയുന്ന ഇടം ....
എന്തോ വെളുത്ത പദാർത്ഥം!! ഒരു പുല്ല് പോലും വളർന്നിട്ടില്ലാത്ത കിലോമീറ്ററുകൾ വിസ്തൃതിയുള്ള ടൈലിങ്ങ് ഏരിയ !
ദശാബ്ദങ്ങളുടെ മൈനിങ്ങ് വനമേഖലക്ക് സമ്മാനിച്ച വന്ധ്യ ഭൂമിക !
ടൈലിങ്ങ് സ്ലറി പൊതുവെ അപകടകരമായ മൈനിംഗ് അവശിഷ്ടമാണ്, ദശലക്ഷക്കണക്കിന് ക്യൂബിക്ക്മീറ്റർ മണ്ണ് കുഴിച്ചെടുത്ത് പരിചിതമായ ഘടകങ്ങൾ വേർതിരിച്ച് മാറ്റിയ ഖനനാവശിഷ്ടത്തിൽ റേഡിയോആക്റ്റീവായ പദാർഥങ്ങളുടെയൊക്കെ സാന്ദ്രീകരണം നടന്നിട്ടുണ്ടാകാം ...
അപകടകരമായ എർത്ത്കെമിക്കലുകൾ ഉണ്ടാകാം. ലക്കിയഡാമിൽ നിന്ന് ജലം ഊറി ഭദ്ര നദിയിൽ എത്തിച്ചേരരുത് .
അയേൺഓർ കമ്പനിയുടെ ഓപ്പറേഷൻ പൂർണ്ണമായും നിർത്തിയെങ്കിലും നിലവിൽ കുറെ സാങ്കേതികപ്രവർത്തകരും തൊഴിലാളികളും അവിടെ തുടരുന്നുണ്ട്. ലക്കിയ ഡാമിലെ സെഡിമെന്റ്‌സ് ഗ്രൗണ്ട് വാട്ടറിലേക്ക് കിനിഞ്ഞിറങ്ങാതിരിക്കാനും ഭദ്ര നദിയിൽ എത്തിച്ചേരാതിരിക്കാനുമുള്ള എഞ്ചിനീയറിങ്ങ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് അവർ ..
മുപ്പതിനായിരം മനുഷ്യർ വസിച്ചിരുന്ന നഗരത്തിനുള്ളിലൂടെ ഒഴുകിയിരുന്ന കാലത്ത് ഭദ്രനദിയിൽ മത്സ്യങ്ങൾ ഏറെയൊന്നും ഉണ്ടായിരുന്നില്ല ..
നഗരാവശിഷ്ടങ്ങൾ ഒഴുകിയെത്തിയിരുന്ന പുഴ ..
ഇന്ന് പക്ഷേ അതല്ല അവസ്ഥ ..
പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് താഴേക്ക് നോക്കിയാൽ എന്നോളം വലിപ്പമുള്ള ധാരാളം മീനുകൾ .. !
ചെറിയ വെള്ളക്കെട്ടുകളിലെല്ലാം നിറയെ മീനുകൾ.. ഇത്രമേൽ വലിപ്പം വച്ച് വളരുന്ന മത്സ്യങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ ഞാൻ ആദ്യമായാണ് കാണുന്നത് ..
നാഷണൽപാർക്ക് ആയതിനാൽ പുഴയിൽ മീൻ പിടിക്കാൻ അനുവാദമില്ല ...
കുതിരൈമുഖ് സമ്മിറ്റിലേക്കുള്ള ഹൈക്കിങ്ങിനിടയിൽ കാടിന് നടുക്ക് ചില സമതല പ്രദേശങ്ങൾ കണ്ടു ..
നാഷണൽ പാർക്കിന്റെ ഭാഗമാകുന്നതിന് മുൻപ് കാട്ടിൽ താമസിച്ചിരുന്നവരുടെ നെൽവയലുകൾ ആയിരുന്നു അവ.
മലയുടെ ഒരുപാട് മുകളിൽ നാലും അഞ്ചും വീടുകൾ ചേർന്ന് ഷോലക്കാടുകളുടെ ഓരത്ത് ഇതുപോലെ കുഞ്ഞു കുഞ്ഞു സെറ്റിൽമെന്റ്‌സ് ഉണ്ടായിരുന്നത്രെ.
അതിലളിതമായിരുന്ന വീടുകളുടെ ചുമരുകളെല്ലാം ദ്രവിച്ചു പോയി.
താഴെ കുതിരൈമുഖ് കമ്പനിയുടെ ടൗൺഷിപ്പിലേത് പോലെ കാടിനോട് അധികമൊന്നും പൊരുതി നിൽക്കാതെ മണ്ണടിഞ്ഞുപോയ വനവാസികളായ മനുഷ്യരുടെ കുഞ്ഞു വീടുകൾ ഇരുന്ന ഇടങ്ങളിലൂടെയൊക്കെയാണ് കുതിരൈമുഖ് ഹൈക്കിങ്ങ് ട്രയൽ കടന്ന്പോകുന്നത് ..
കാടോരങ്ങളിൽ റോസാചെടികൾ, ചിലയിനം ചെമ്പരുത്തികൾ ...
സീനിയാ പൂവുകൾ !!
മനുഷ്യഗ്രാമത്തിന്റെ ഓർമ്മകൾ ഒളിച്ചുവയ്ക്കാനാകാത്ത കാട് ....
പഴയ മൈനിങ്ങ് ഓർമ്മകളിൽ ഗൈഡ് ഉറക്കെ ആത്മഗതം ചെയ്തു...
"പത്തിരുന്നൂറു വര്ഷങ്ങൾക്കുള്ളിൽ ഇവിടെ മൈനിങ്ങ് വീണ്ടും തുടങ്ങും, മനുഷ്യർക്ക് ഇനിയും ഇരുമ്പ് വേണം .... "
ഞാൻ മനസ്സിലോർത്തത് "ഇരുന്നൂറ് വർഷങ്ങളുടെ മൈനിങ്ങ്ബ്രേക്കിനെ കുറിച്ച് തന്നെയാണ് .. എന്തോ എനിക്ക് അതത്ര മോശം കാര്യമായിതോന്നിയില്ല ....
ഓരോ കാര്യങ്ങളിലും പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകുമല്ലോ...
ഞാനിത് ഇങ്ങനെ ഇവിടെ കുറിയ്ക്കാതിരുന്നാൽ എങ്ങിനെ എന്റെ അഭിപ്രായം നിങ്ങളെ അറിയിക്കാനാകും ??
ഇതിൽ കമന്റിടാതെ നിങ്ങൾക്ക് എന്നോട് എങ്ങിനെ സംവദിക്കാനാകും ?
അപരിചിതരായ മനുഷ്യർ പരസ്പരം സ്നേഹ സംവാദം നടത്തുന്ന കിനാശ്ശേരികൾ പുലരട്ടെ ..
എല്ലാർക്കും പുതുവത്സരാശംസകൾ ...
സ്നേഹപൂർവം : കിരൺ കണ്ണൻ
വിട്ടുപോയത് :
കുതിരൈ മുഖ് ഫോറസ് ഓഫീസ് , മൈനിങ്ങ് കമ്പനിയുടെ ലക്കിയ ഡാം മെയിന്റനൻസ് പ്രോജക്ടിലും മറ്റുമായി ജോലി ചെയ്യുന്ന കുറെ ആളുകൾക്ക് വൈദ്യ സഹായത്തിനായി ആഴ്ചയിൽ മൂന്ന് ദിവസം ഒരു ഡോക്ടറുടെ സേവനവും മറ്റുള്ള ദിവസങ്ങളിലേക്ക് നേഴ്സിങ്ങ് സഹായവും നിലനിറുത്തിയിട്ടുണ്ട് കാടിന് നടുവിൽ ഉപേക്ഷിക്കപ്പെട്ട ആ വലിയ ആശുപതികേട്ടിടത്തിലെ ഒരേ ഒരു മുറിയുടെ മിസ്റ്ററി ഇതാണ് !




















Link to Facebook Post
Posted on Jan 1, 2023

അഭിപ്രായങ്ങള്‍