ചാൾസ് ഡാർവിന്റെ ഓർക്കിഡും നിശാശലഭവും !

ചാൾസ് ഡാർവിന്റെ ഓർക്കിഡും നിശാശലഭവും !

മഡഗാസ്‌ക്കർ വിചിത്രരൂപികളായ ചെടികളുടെയും ജീവികളുടെയും ആവാസമേഖലയാണ്, അഗ്രേക്കം സെസ്കുപിഡൽ ( Angraecum sesquipedale ) എന്നൊരു വൈൽഡ് ഓർക്കിഡ് അവിടുത്തെ കാടുകളിലുണ്ട്..
പതിനേഴാം നൂറ്റാണ്ടിലാണ് ഈ ഓർക്കിഡിനെ ആദ്യമായി പരിസ്ഥിതി ചരിത്രത്തിൽ രേഖപ്പെടുത്തിയതെങ്കിലും അഗ്രേക്കം സെസ്കുപിഡൽ സസ്യലോകത്തിലെ താരമായി മാറുന്നത് സാക്ഷാൽ ചാൾസ് ഡാർവിൻ ഈ സസ്യത്തിനെ കുറിച്ച് പറഞ്ഞ പ്രവചനാത്മകമായ പ്രസ്താവനയെ തുടർന്നാണ്...
35 സെന്റീമീറ്ററോളം നീണ്ട് നേർത്ത 'കുഴലിന്റെ' ( spur) ഉള്ളിലൂടെ മാത്രമേ ഏതെങ്കിലും ജീവികൾക്ക് ഈ ഓർക്കിഡ് പൂവിലെ തേൻ കുടിക്കാൻ പറ്റുകയുള്ളൂ .
പരാഗണം നടക്കണമെങ്കിൽ ഇത്രമേൽ നീളമുള്ള പ്രോബോസിസ്* (പൂമ്പാറ്റകളും മോത്തുകളും മറ്റും തേൻ കുടിക്കാൻ ഉപയോഗിക്കുന്ന ചുരുട്ടി വയ്ക്കാവുന്ന സ്ട്രോ പോലുള്ള അവയവം) ഉള്ള ഏതെങ്കിലും ഒരു മോത്ത് ഓർക്കിഡ് കാണപ്പെടുന്ന അതേ ആവാസവ്യവസ്ഥയിലുണ്ടാവും എന്ന് ചാൾസ് ഡാർവിൻ പ്രവചിച്ചു ...
അക്കാലത്ത് ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്ര ലോകത്ത് തന്നെ അത്രമേൽ സ്വീകാര്യമായിട്ടൊന്നുമില്ല.
വളരെ ഗൗരവതരമായ ശാസ്ത്രസംവാദങ്ങൾ ഈ ഓർക്കിഡിനെ കുറിച്ചും അതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത പ്രാണിയെ കുറിച്ചും നടന്നു .
സ്ട്രോ ഉപയോഗിച്ച് ജ്യൂസും മറ്റും കുടിച്ചിട്ടുള്ളവരാണ് നമ്മൾ അല്ലെ .. സ്ട്രോയുടെ നീളം കൂടുംതോറും വലിച്ചെടുക്കാനുള്ള ആയാസം കൂടുതൽ വേണം ... വിസ്‌കോസിറ്റി, ഗ്രാവിറ്റി, സ്ട്രോയുടെ വശങ്ങളിലെ ഘർഷണം എന്നിവയെല്ലാം പ്രതികൂല ഘടകങ്ങളാണ്.
പ്രൊബോസിസ് നേർത്തതായാൽ ഘർഷണത്തിന്റെയും ഗ്രാവിറ്റിയുടെയും പ്രശ്നങ്ങൾ ഒരു പരിധിവരെ മാനേജ് ചെയ്യാം പക്ഷേ കുറഞ്ഞ അളവിലേ തേൻ ലഭിക്കൂ, അപകടകരമായ പൊസിഷനിൽ പ്രാണി അധിക നേരം ചിറകടിച്ച് നിൽക്കേണ്ടിവരും . !
മോത്തുകളെ പോലെയുള്ള പ്രാണികൾക്ക് സൂക്ഷ്മമായി ഉന്നം പിടിച്ച് ഇത്രമേൽ നീളമുള്ള പ്രോബോസിസ് ഓർക്കിഡ് പൂക്കളിലെ തേൻ കുഴലുകളിലേക്ക് കൃത്യമായി ഇറക്കാനും തേൻ വലിച്ച് കുടിക്കാനും വളരെ എളുപ്പമൊന്നുമാകില്ല..
മാത്രമല്ല പറക്കുമ്പോഴും മറ്റും നിശാശലഭം നീളൻ പ്രോബോസിസ് വൃത്തിയായി ചുരുക്കി വയ്ക്കേണ്ടതുണ്ട്.
എന്തിന് ഇങ്ങനെ ഒരു സ്പീഷീസ് നിശാശലഭം പരിണമിച്ചുണ്ടാകണം ??
ഡാർവിൻ പറഞ്ഞത് ശരിയാണെങ്കിൽ നീണ്ട പ്രോബോസിസ് ഉള്ള ശലഭങ്ങളാണോ ? നീണ്ട തേൻ കുഴലുകളുള്ള ഓർക്കിഡുകളാണോ ആദ്യം പരിണമിച്ചുണ്ടായിരിക്കുക .. ??
ഡാർവിൻ ആത്മ വിശ്വാസത്തോടെ പ്രവചിച്ച നിശാശലഭം സാങ്കല്പികം മാത്രമാണോ ??
ശാസ്ത്ര ലോകം തർക്കം തുടർന്നു.. നിർഭാഗ്യവശാൽ 1882ൽ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ ഡാർവിൻ മരിക്കുന്നത്വരേയ്ക്കും സുവോളജിസ്റ്റുകൾക്കും നാച്ചുറൽ ഹിസ്റ്റോറിയന്മാർക്കും ഡാർവിൻ പ്രവചിച്ച പ്രാണിയെ കണ്ടെത്താനായില്ല ..
അക്കാലത്ത് ഇന്നത്തേത് പോലെ ക്യാമറാ ട്രാപ്പുകളും സെൻസറുകളുമൊന്നും ഉണ്ടായിരുന്നില്ലല്ലോ ..
ഡാർവിൻ മരിച്ച് 21 വർഷങ്ങൾക്ക് ശേഷം 1903ൽ മാത്രമാണ് Rothschild & Karl Jordan എന്നീ രണ്ട് നാച്ചുറൽ ഹിസ്റ്റോറിയൻസ് ഡാർവിൻ പ്രവചിച്ച 35 സെന്റീമീറ്റർ നീളമുള്ള 'സ്ട്രോ' പിടിപ്പിച്ച നിശാശലഭ സ്പീഷീസിനെ മഡഗാസ്കറിലെ കാടുകളിൽ കണ്ടെത്തുന്നത്.
ഡാർവിന്റെ പേപ്പർ 1862ൽ പുറത്തിറങ്ങി നാല് ദശാബ്ദങ്ങൾക്ക് ശേഷം .... !!!
"എന്റെ ഡാർവിനേ, ഇതൊക്കെ എന്ത് " എന്ന് ആൽബർട്ട് ഐൻസ്റ്റീന്റെ 'ആത്മാവ്' പറയുന്നുണ്ടാവും ..
തിയററ്റിക്കൽ ഫിസിക്സിൽ ഐൻസ്റ്റീന്റെ ചില പ്രവചനങ്ങൾ ശാസ്ത്രലോകത്തിന് തെളിയിച്ചെടുക്കാൻ ഒരുനൂറ്റാണ്ട് വേണ്ടിവന്നു എന്നോർക്കുക.
ശാസ്ത്രം അങ്ങിനെയാണ് !!
സത്യങ്ങൾ തെളിയിക്കപ്പെടുക തന്നെ ചെയ്യും ...
നമുക്ക് വീണ്ടും കാതലായ ചില ചോദ്യങ്ങളിലേക്ക് വരേണ്ടതുണ്ട് ??
പ്രാണിയാണോ ഓർക്കിഡാണോ ആദ്യം പരിണമിച്ചത് ??
ചാൾസ് ഡാർവിനും തുടർന്ന് ആൽഫ്രഡ് റസ്സൽ വാലസ് എന്ന ഡാർവിനോളംതന്നെ പ്രഗദ്ഭനായ ജൈവശാസ്ത്രജ്ഞനും ഓർക്കിഡ്ഡ്പൂക്കളിലും മോത്തിലും ഒരേ സമയം പരസ്പര്യത്തോടെ ജൈവപരിണാമം നടക്കുന്നതിനെകുറിച്ചുള്ള പരിണാമ സാഹചര്യം വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.
സസ്യത്തിനും പ്രാണിക്കും ഒരുമിച്ച് Coevolution (സഹ പരിണാമം) ആണ് സംഭവിച്ചിരിക്കുക എന്ന് ഡാർവിനും വാലസും പറഞ്ഞു .
അവർ അവതരിപ്പിച്ച സഹപരിണാമ സാഹചര്യം എങ്ങനെയാണെന്ന് നോക്കാം ...
സാദാരണ വലിപ്പമുള്ള പ്രോബോസിസ്സ് ഉള്ള ശലഭങ്ങൾ നിറഞ്ഞ ഒരു കാട്ടിലെ പൂക്കളിലെല്ലാം ഓരോ തവണ ശലഭം സഞ്ചരിക്കുമ്പോഴും പരാഗണം നടക്കണം എന്ന് യാതൊരു നിർബണ്ഡവും ഇല്ല ..
ശലഭങ്ങൾ പൊതുവേ എത്രയും തിടുക്കപ്പെട്ട് പൂന്തേൻ ഭക്ഷിച്ച് അടുത്ത പൂവിലേക്ക് പറക്കാൻ ശ്രമിക്കും പലപ്പോഴും ലാന്റിങ്ങ് പോലും ഉണ്ടാകണമെന്നില്ല. കുറഞ്ഞ സമയം കൂടുതൽ പൂക്കൾ കൂടുതൽ ഭക്ഷണം എന്നതായിരിക്കും ശലഭങ്ങളുടെ പ്രയോറിറ്റി..
ഇതുമൂലം തന്നെ പൂക്കളിലെ തേൻകുഴലിന് നീളം കുറഞ്ഞാൽ ശലഭത്തിന് പൂവിൽ മുഖം മുട്ടിക്കാതെ തന്നെ തേൻ കുടിച്ച് മടങ്ങാൻ പറ്റും....
കൃത്യമായി പരാഗണം നടന്നില്ലെങ്കിൽ പുതിയ തലമുറ സസ്യങ്ങൾ ഉണ്ടാകുന്നതിന്റെ തോത് കുറയുകയും ക്രമേണ സ്പീഷീസ് തന്നെ ഇല്ലാതാവുകയും ചെയ്തേക്കാം..
ജനിതക വ്യതിയാനം സംഭവിച്ച ചില സസ്യങ്ങളിലെ തേൻകുഴൽ (Spur) നീളം കൂടിയതാണെങ്കിൽ ശലഭം മാക്സിമം അതിന്റെ തല പൂവിലേക്ക് അമർത്തിയാൽ മാത്രമേ പ്രോബോസിസ് കൊണ്ട് തേൻ വലിച്ചെടുക്കാനാകൂ. അതോടൊപ്പം പൂമ്പൊടി ശലഭത്തിന്റെ മുഖത്ത് പറ്റിപിടിക്കും അടുത്ത ചെടിയിലും പൂവിലുമെത്തുമ്പോൾ കൃത്യമായി പരാഗണം നടക്കുകയും ചെയ്യും. ക്രമേണ നീളം കൂടിയ തേൻകുഴൽ ഒരു ജൈവ പരിണാമത്തിലെ അനുകൂലനവും നീളം കുറഞ്ഞത് പ്രതികൂലവുമാകുന്നു.
ഫലം നീളം കൂടിയ തേൻ കുഴലുകൾ എന്ന ജനറ്റിക്ക് ട്രെയ്റ്റ് കൂടുതൽ അതിജീവന സാധ്യത നേടിയെടുക്കുന്നു . അത്തരം പൂക്കൾ ഉള്ള ചെടികളുടെ എണ്ണം കാട്ടിൽ കൂടുന്നു...
ഇതിനോടൊപ്പം വേറൊന്ന് കൂടി സംഭവിക്കുന്നു, നീളം കൂടിയ തേൻകുഴലുകളുള്ള പൂക്കൾക്ക് മേധാവിത്വമുള്ള പരിസ്ഥിതിയിൽ ചെറിയ പ്രൊബോസിസ് ഉള്ള ശലഭങ്ങളുടെ കാര്യം കട്ടപുകയാവുന്നു.
നേരത്തെ പൂക്കൾക്ക് സംഭവിച്ചത് നിശാശലഭങ്ങളിൽ ഒരു കൂട്ടർക്കും സംഭവിക്കുന്നു.
ഭക്ഷണം എന്ന അത്യാവശ്യമുള്ളതുകൊണ്ട് നീളം കൂടിയ പ്രോബോസിസ് എന്ന ജനറ്റിക്ക് ട്രെയ്റ്റ് ഉള്ള ശലഭങ്ങളുടെ എണ്ണം കൂടുന്നു ....
നേരത്തെ സൂചിപ്പിച്ചത് പോലെ പ്രബോസിസ് ഇങ്ങനെ വല്ലാതെ വലുതായാലും ശലഭത്തിന് കുറെ കുഴപ്പങ്ങളും നേരിടേണ്ടി വരും.
ലോജിസ്റ്റിക്സ്, ഒളിച്ചിരുപ്പ്, പറക്കാനുള്ള ഊർജം എല്ലാം പ്രശ്നമാണ്.
എന്തായാലും ശലഭവും ഓർക്കിഡും പരസ്പരമായ ആവശ്യങ്ങളോടെ വളർന്ന് വലുതായി ഒരു സമതുലതാവസ്ഥയിൽ എത്തി നിന്നു എന്ന് വേണം കരുതാൻ.
കൃത്യമായി 35 സെന്റീമീറ്റർ തന്നെയാണ് നിശാശലഭത്തിന്റെ പ്രോബോസിസിന്റെ നീളവും !!
പ്രോബോസിസ് അല്പം നീളം കുറഞ്ഞാൽ തേൻ കിട്ടില്ല . നീളം കൂടിയാലോ പരാഗണവും നടക്കില്ല..
ജൈവ പരിണാമക്ലാസ്സുകളിൽ കോ-ഇവല്യൂഷനെ കുറിച്ച് പറയാറുള്ള ടെക്സ്റ്റ്ബുക്ക് ഉദാഹരണമാണ് ഇത്.
പക്ഷെ ഓർക്കിഡിന്റെയും മോത്തിന്റെയും സഹപരിണാമ സാധ്യതയിലേക്ക് മൂന്നാമതൊരാൾ കടന്ന് വരുന്നത് 1997 ൽ Lutz Thilo Wasserthal എന്ന സുവോളജിസ്റ്റ് അവതരിപ്പിച്ച ഇവല്യൂഷണറി പാത്ത് വേയിലൂടെയാണ് !
ജംപിങ്ങ് സ്പൈഡർ എന്ന വേട്ടക്കാരനാണ് ഈ മൂന്നാമത്തെ ആൾ ..
പോളിനേറ്റർ ഷിഫ്റ്റ് മോഡൽ (Pollinator shift model) എന്ന ഈ സാധ്യതാ പാത്ത് വേ പ്രകാരം, പൂക്കളിൽ ഒളിച്ചിരുന്ന് ചാടിപ്പിടിച്ച് ശലഭങ്ങളെ വേട്ടയാടുന്ന ഒരിനം ജമ്പിങ്ങ്സ്പൈഡറുകളിൽനിന്ന് രക്ഷനേടാൻ നീളമുള്ളപ്രോബോസിസ് എന്ന ജനിതക സവിശേഷത അനുകൂലനമാണ്. ഇത്തരം ജനിതക സവിശേഷതയുള്ള ശലഭങ്ങൾ കൂടുതൽ അതിജീവിക്കുകയും ക്രമേണ വംശശുദ്ധിയോടെ ഒരു സ്പീഷീസായി പരിണമിച്ചുണ്ടാവുകയും ചെയ്തു അതോടൊപ്പം നീളം കുറഞ്ഞ പ്രോബോസിസ് ഉള്ള മോത്തുകളുടെ എണ്ണം കുറഞ്ഞു. ഇങ്ങനെയായപ്പോൾ
ചെറിയ തേൻകുഴലുകളുള്ള പൂക്കളിൽ പരാഗണം നടക്കാതെ വന്നു ..
ഫലം, നീളം കൂടിയ തേൻ കുഴലുള്ള ജനിതക സവിശേഷതക്ക് കൂടുതൽ അതിജീവന സാധ്യത ഉണ്ടായി ..
ഓർക്കിഡുകളിൽ നീളം കൂടിയ തേൻകുഴലുകൾ എന്ന ജനിതക 'വൈകൃതം' അനുകൂലനമായി ഭവിക്കുകയും അങ്ങിനെയുള്ള ചെടികൾ ക്രമേണ ഒരു സ്പീഷീസ് ആയി പരിണമിക്കുകയും ചെയ്തു ..
ഡാർവിന്റെ 1862 ലെ റിസർച് പേപ്പറിൽ പ്രവചിച്ച ശലഭത്തെ കണ്ടെത്താൻ നാല്പത് വർഷങ്ങൾ, 129 വർഷങ്ങൾക്കിപ്പുറം ഡാർവിൻ അവതരിപ്പിച്ച Coevolution എന്ന ആശയത്തിന്റെ തിരുത്ത് ...
ചാൾസ് ഡാർവിൻ എന്ന പ്രതിഭ അവതരിപ്പിച്ച പരിണാമ സിദ്ധാന്ധം എന്ന അടിസ്ഥാന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നിന്ന് കൊണ്ട് തന്നെയാണ് ഈ ശാസ്ത്രസംവാദങ്ങളും കണ്ടെത്തലുകളുമെല്ലാം നടക്കുന്നത് എന്ന് നമ്മൾ മറന്ന് പോകരുത് ...
ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം ...
നമ്മൾ ഇന്ന് കാണുന്ന ഓരോ ജീവിവർഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവർത്തിച്ചിട്ടുണ്ട് ..
ഭൂമിയിലെമ്പാടും ജീവന്റെ ദൃശ്യവിസ്മയങ്ങളാണ് ..
കണ്ണുകൾ തുറന്നിരിക്കുക ..
സ്നേഹപൂർവം : കിരൺ കണ്ണൻ


Link to Facebook Post
Link to Essence Global
Posted on Apr 18, 2023

അഭിപ്രായങ്ങള്‍