കടലൊച്ചുകൾ

കടൽതീര നടത്തങ്ങളിൽ എന്നെങ്കിലും നിങ്ങൾക്ക് ഇതുപോലുള്ള 'ചിപ്പികൾ' കിട്ടിയിട്ടുണ്ടോ ??

ഈ കഴിഞ്ഞ ദിവസം അബുദാബി സാദിയാത്ത് നാഷണൽ മറൈൻ പാർക്കിന്റെ ഭാഗമായുള്ള വെള്ളമണൽ തീരങ്ങളിൽ കടലാമകൾ മുട്ടയിട്ടിട്ടുണ്ടോ എന്ന് നോക്കാൻ നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിലെ ചങ്ങാതിമാരോടൊപ്പം പോയിരുന്നു...
ഹോക്‌സ്ബിൽ കടലാമകൾ (hawksbill turtle) മുട്ടയിടുന്ന തീരമാണ് ഇത്..
മനോഹരമായ തീരം, വെളുത്ത പൂഴിമണൽ, തിരയടിക്കുന്ന ഭാഗങ്ങളിൽ പോലും മണൽ നനഞ്ഞ് പതിയില്ല..
നടന്നു നീങ്ങുമ്പോൾ കാലുകൾ മണലിൽ ആഴ്ന്ന് പോകും ..
വെളുത്ത മണലിന്റെ തീരത്ത് അറേബ്യൻ ഗൾഫിലെ മരതകപ്പച്ച തിരമാലകൾ പൊട്ടിത്തെറിഞ്ഞ് കയറുന്നു... !
അത്യാവശ്യം തിരയൊക്കെയുള്ള തീരമാണ്...
സാദിയാത്ത് റൊട്ടാന, ജുമൈറ സാദിയാത്ത്, സെയിന്റ് റീജസ്, റിക്‌സോസ് സാദിയാത്ത് എന്നിങ്ങനെയുള്ള അത്യാഢംബര സമുദ്രതീര റിസോട്ടുകളുടെ മനോഹരമായ കടൽ തീരമാണിത്...
റിസോട്ടുകൾക്ക് മുൻപേ കടലാമകൾ മുട്ടയിട്ടു തുടങ്ങിയ തീരം ...
ഇത് ഇവിടെ ആമകൾ മുട്ടയിടുന്ന സീസണാണ്.. അതിരാവിലെ നാലഞ്ച് കിലോമീറ്റർ വരുന്ന ബീച്ചിൽ പുതിയതായി ആമകളുടെ ട്രാക്ക് ഉണ്ടോ എന്ന് നോക്കണം , പുതിയ നെസ്റ്റ് ഉണ്ടെങ്കിൽ അത് മാർക്ക് ചെയ്ത് ബ്ലോക്ക് ചെയ്തിടണം, മുട്ടയിട്ട ദിവസം മാർക്ക് ചെയ്ത് വിരിയുന്ന ദിവസങ്ങൾ കണക്കാക്കി റിസോട്ടിലെ വെളിച്ചത്തിൽ വഴിതെറ്റിപോകുന്ന കുഞ്ഞുങ്ങളെ കടലിലേക്ക് തിരിച്ചു വിടണം...
മറൈൻ നാഷണൽ പാർക്കിന്റെ ഭാഗമായതിനാൽ തന്നെ എൻവിയോൺമെന്റൽ ഏജൻസിയും റിസോട്ടുകളും ഇതിനെല്ലാം ക്രമീകരണം ചെയ്തിട്ടുണ്ട്...
എങ്കിലും വർഷത്തിൽ കുറെ ദിവസങ്ങളിൽ നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പ്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലെ പ്രവർത്തകരെ വോളണ്ടിയറിങ്ങിന് ക്ഷണിക്കാറുണ്ട്...
റിസോട്ടുകളുടെയും സർക്കാരിന്റെയും പബ്ലിക്ക് റിലേഷൻസ് പരിപാടിയുടെ ഭാഗമാണ്...
കടൽ തീര നടത്തങ്ങൾ എനിക്കിഷ്ടമാണ്....
പുതിയ ടർട്ടിൽ നെസ്റ്റുകൾ ഒന്നും കണ്ടില്ലെങ്കിലും ചില സ്പെസിമനുകൾ വല്ലാതെ ശ്രദ്ധ ആകർഷിച്ചു.
നമുക്ക് തൽക്കാലം ഞാൻ കണ്ട ഈ കടൽ ചിപ്പികളിലേക്ക് വരാം.
ഒരു കടലൊച്ചിന്റെ പുറംതോടിൽ പലതരം ചിപ്പികളുടെ കഷ്ണങ്ങളും കല്ലുകളും വൃത്തിയായി ഒട്ടിച്ചേർന്ന് അലങ്കരിച്ചിരിക്കുന്ന ഷെൽ !!
ഇങ്ങനെ ഒന്നുമാത്രമായിരുന്നു കണ്ടത് എങ്കിൽ ആരോ ഒട്ടിച്ചു വച്ചതാണെന്നോ ഏതോ ഭ്രൂച്ചിൽ നിന്നോ ഹെയർക്ലിപ്പിൽ നിന്നോ അടർന്നു പോയതാണെന്നോ ഞാൻ കരുതിയേനെ....
പക്ഷെ ഇതുപോലെ ഒന്നല്ല, കടൽ തീരത്ത് പല ഇടങ്ങളിലായി കുറെ എണ്ണം.. !
വളരെ 'കൃത്രിമമായി' പരിസ്ഥിതിയിൽ നടക്കുന്ന ഒരു പ്രതിഭാസം എന്ന് മനസ്സിൽ ഉറച്ചു ... എന്തായാലും മൂന്ന് ഷെല്ലുകൾ കയ്യിൽ ശേഖരിച്ചു കൊണ്ടുവന്നു .. കൂടുതൽ വായിക്കാം എന്നും ഉറച്ചു .
"Shell-Collecting Shells" എന്ന കൗതുകകരമായ വിളിപ്പേരുള്ള സെനോഫൊറീഡേ (Xenophoridae) എന്ന ഫാമിലിയിലെ കടലൊച്ചുകളുടെ പുറം തോടുകളാണ് എനിക്ക് കിട്ടിയത് !!
കളക്ടേഴ്‌സ് ഐറ്റം ആണ്. ഇത്തരം ഷെല്ലുകളുടെ കോംപ്ലക്സിറ്റി കൂടുംതോറും കടൽ ചിപ്പി ശേഖരിക്കുന്നവരുടെ ഇടയിൽ വലിയ ഡിമാൻഡ് ആണ് !!
എന്തുകൊണ്ടാണ് ഇവയെ ഷെൽ കളക്റ്റിംഗ് ഷെല്ലുകൾ എന്ന് വിളിക്കുന്നത് എന്നറിയാമോ ??
ഞാനും നിങ്ങളും നമ്മുടെ പഴയ തലമുറകളുമെല്ലാം കടൽ ചിപ്പി ശേഖരിച്ച് തുടങ്ങുന്നതിന് മുൻപേ തന്നെ ഇക്കൂട്ടർ ചിപ്പികൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
മറ്റൊരു ജൈവപരിണാമ വിസ്മയം !
കടലിന്റെ അടിത്തട്ടിൽ ചെളിമണലിൽ ചേർന്ന് വളരുന്ന ഇവ ഒളിച്ചിരിപ്പ് സൂത്രമായാണ് (Camouflage)മറ്റു ചിപ്പിയുടെ ശകലങ്ങളും കല്ലുകളുമെല്ലാം തങ്ങളുടെ ഷെല്ലുകളിൽ ഇങ്ങനെ ഒട്ടിച്ചു വയ്ക്കുന്നത്.
ഈ ഇനം കടലൊച്ചുകൾ അവയുടെ പാദവും പ്രോബോസിസും ഉപയോഗിച്ച് സൂക്ഷ്മമായി, ചത്തുപോയകടൽ ചിപ്പി തൊണ്ടുകൾ എടുത്ത് തങ്ങളുടെ പുറം തോടിന് മേലെ സൂഷ്മമായി ഒട്ടിച്ചു വയ്ക്കും! ഷെല്ലുകളിലേക്ക് ഒട്ടിച്ചേരാൻ അവയുടെ ശരീരത്തിൽ നിന്നുള്ള ചില കാൽസ്യം സെക്രീഷനുകളും ഉപയോഗിക്കാറുണ്ട്.
ശ്രമകരമായി രണ്ടു മണിക്കൂറെങ്കിലും എടുക്കുന്ന പ്രക്രിയ ആണ് ഇതുപോലുള്ള ഓരോ കഷ്ണവും സ്വന്ത ശരീരത്തിൽ ഒട്ടിച്ചു വയ്ക്കുക എന്നത് ! ചിപ്പികളുടെ എല്ലാം കൂർത്ത ഭാഗങ്ങൾ ആണ് ശരീരത്തിൽ ചേർത്ത് ഒട്ടിക്കുക. മറ്റു ജീവികൾ കാണുമ്പോൾ കുറെ ചത്ത ഷെല്ലുകളുടെ കൂട്ടമായി തെറ്റിദ്ധരിക്കാനാണ് ഇത്.
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ഞാൻ എടുത്ത ചിത്രങ്ങൾ കൂടാതെ ഇന്റർനെറ്റിൽ തിരഞ്ഞാൽ അതിസങ്കീർണ്ണമായ കുറെ ചിത്രങ്ങൾ കിട്ടും !!
കൂട്ടുകാരേ, നിങ്ങളിനി കടൽ തീരത്ത് നടക്കുമ്പോൾ എന്നെ ഓർക്കാമോ ??
കടലിന് ഒരുപാട് കഥകൾ പറയാനുണ്ട്...
തീരത്തടിഞ്ഞ ചിപ്പികളും കല്ലുകളുമെല്ലാം ഇതിഹാസങ്ങളുടെ 'നാനോ ടീസറുകൾ' മാത്രമാണ്.
തീരത്ത് ഞവണിയും ശംഖും ചിപ്പിയും വെള്ളാരം കല്ലും പെറുക്കി നടക്കുന്ന കുട്ടികളിൽ ചിലർ പെട്ടന്ന് ദൂരെ കടലിലേക്ക് നോക്കി നിശ്ശബ്ദരാകുന്നത് കണ്ടിട്ടുണ്ടോ ???
ചോദ്യങ്ങളുടെ തിരമാലകളാണ്
അവരുടെ ആഴമുള്ള ക്ഷണിക നിശബ്ദതകൾക്ക് കാരണം...
ചോദ്യങ്ങളും ജിജ്ഞാസകളും ഇല്ലാതായാൽ പിന്നെ ഞാനില്ല ..
നമ്മളാരുമില്ല .....
സ്നേഹപൂർവം : കിരൺ കണ്ണൻ




Link to Facebook Post
Posted on Jun 3, 2023


അഭിപ്രായങ്ങള്‍