മനോഹരൻ മാഷ് ..
നമ്മളെയല്ലാം സ്‌കൂളുകളിൽ മാതൃഭാഷ പഠിപ്പിച്ചത് എങ്ങിനെയാണ് ??
അമ്മിഞ്ഞപ്പാലിനൊപ്പം വിവിധങ്ങളായ താളങ്ങളിലും ശൈലികളിലും നമ്മള് പോലുമറിയാതെ നമ്മള് ഭാഷ പഠിച്ചെടുത്തല്ലേ ??
പരത്തി പറയുന്നവർ, വാക്കുകൾ പിശുക്കി അതിസൂഷ്മമായ അർത്ഥ തലങ്ങൾ കുറച്ചു വാക്കുകളിൽ കുത്തിനിറയ്ക്കുന്നവർ, ഭാഷയിലേക്ക് ശബ്ദസൗകുമാര്യവും താളവും ചാലിക്കുന്നവർ....
നമ്മളോട് സംസാരിക്കുന്നവരുടെ രീതിക്കനുസരിച്ച് നമ്മുട ഭാഷയും പലയിടങ്ങളിൽ പലതായിമാറി ...
അനൗപചാരികമായും ഔപചാരികമായും ബഹുമാനത്തോടെയും കരുണയോടെയും രോഷത്തോടെയുമെല്ലാം പലയിടങ്ങളിൽ ആവശ്യത്തിനനുസരിച്ച് നമ്മള്പോലുമറിയാതെ നമ്മുടെ ഭാഷയും ഭാഷണവും മാറി മറിഞ്ഞു ...
ഭാഷ അനായാസവും നൈസർഗികവുമായി നമ്മുടെയൊക്കെ മനസ്സുകളിലേക്ക് അലിഞ്ഞു ചേർന്നു ...
നമ്മളിൽ ചിലർക്കെങ്കിലും എവിടെയോ വച്ച് ഭാഷയോട് അനിഷ്ടവും പരിഭവവും തോന്നിയിട്ടുണ്ടാകുമല്ലേ ??
എനിക്കുണ്ടായിട്ടുണ്ട് ..
ഉപമയും ഉൽപ്രേക്ഷയും ലഘുവും ഗുരുവും വൃത്തങ്ങളും വ്യാകരണങ്ങളുമെല്ലാം കൊണ്ട് സങ്കീർണമാക്കി ഭാഷാപഠനം ആലോസരമാക്കിയ പാഠ്യപദ്ധതിയിലാണ് ഞാനൊക്കെ പഠിച്ചു വളർന്നത് ...
നിർഭാഗ്യവശാൽ സ്വന്തമായി രണ്ടുവരി എഴുതാനോ കൂട്ടുകാരോട് എഴുന്നേറ്റ് നിന്ന് സ്വന്തം ആശയങ്ങൾ തുറന്ന് സംസാരിക്കാനോ കഴിയാത്തവിധം സങ്കീർണ്ണവും വരണ്ടതുമാണ് എന്റെ ഭാഷ എന്ന അന്തര്ബോധം സൃഷ്ടിക്കാനെ പഠപുസ്തകങ്ങളിലെ ഭാഷാപഠനം കൊണ്ട് സാധിച്ചിരുന്നുള്ളൂ എന്നത് സങ്കടകരമായ സത്യമായിരുന്നു.
ഗണിതവും ശാസ്ത്രവും ഇംഗ്ളീഷുമെല്ലാം കഴിഞ്ഞു കിട്ടുന്ന മിച്ചസമയങ്ങളിൽ മലയാള ഭാഷാധ്യാപകർ ആർക്കോവേണ്ടിയെന്നോണം മടുപ്പുതോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ക്ളാസ് മുറികളിലേക്ക് കയറിവന്നു ...
കാണാപാഠം പഠിച്ച് പദ്യം ചൊല്ലാൻ പറഞ്ഞു ...
എത്രമേൽ ഇഷ്ടത്തോടെ വായിച്ചിട്ടുള്ള കവിതകൾ വൃത്തവും വ്യാകരണവും വെട്ടി ചികഞ്ഞ് അനാകർഷകങ്ങളായി മാറി.
മാർക്ക് വാങ്ങാനുള്ള വേറൊരു വിഷയം മാത്രമായി ഭാഷയും ..
ഞാനൊന്നും എഴുതിയില്ല, ചിത്രകഥകൾക്കപ്പുറം സാഹിത്യരചനകള് വായിക്കാനുള്ള ഇഷ്ടമൊന്നുമുണ്ടായില്ല ...
നീണ്ട എട്ട് വര്ഷങ്ങളിലിലെ ഭാഷാപഠനത്തിനപ്പുറം ഒൻപതാം ക്ലാസിലെ മലയാളം പീരീഡുകളിലിലാണ് ഭാഷാപഠനം അത്യുത്സാഹത്തിന്റെ വിസ്മയമാണെന്നറിഞ്ഞത് .... !!
ഒൻപതാം ക്ലാസ് C .
ഹൈസ്കൂളിന്റെ മെയിൻ ബ്ലോക്കിനോട് ചേർന്നുള്ള വെളിച്ചം ഏറെയൊന്നും കയറാത്ത കുടുസ്സായ പഴയ സ്‌കൂൾമുറിയായിരുന്നു ഞങ്ങളുടേത് ...
മനോഹരൻ മാഷ് .. !
കട്ടി കണ്ണട, അൽപ്പം നീട്ടി വളർത്തിയ തലമുടി, ശബ്ദ ഗാംഭീര്യം...
അതുവരെയുള്ള ഭാഷാധ്യാപകരിൽ നിന്നും ദ്ര്യശ്യപരമായി തന്നെ വേറിട്ട് നിന്ന ഉയരമുള്ളൊരു മനുഷ്യൻ !!
മാഷ് വരികളോ വരികൾക്കിടയിലെ വ്യാകരണമോ പഠിപ്പിച്ചില്ല ...
മാഷ് പറഞ്ഞത് സമകാലികരായ എഴുത്തുകാരുടെ സർഗ്ഗജീവിതങ്ങളെ കുറിച്ചാണ് ...
മാഷ് പഠപുസ്തകങ്ങളിലില്ലാത്ത കഥകൾ പറഞ്ഞു, സിലബസ്സിലില്ലാത്ത പുസ്തകങ്ങൾ പരിചയപ്പെടുത്തി ..
കടമ്മനിട്ടയുടെ കുറത്തിയും വയലാറിന്റെ വിപ്ലവഗീതികളും ഉറക്കെ ചൊല്ലി ..
പത്തിരുപത് കുട്ടികളുടെ സർഗഭാവനകൾ പടപടാ ചിറകടിച്ച് കുഞ്ഞു ജനൽ വാതിലുകളിലൂടെ മാനത്തേക്ക് പറന്നു !!
ഓരോരുത്തരും വിസ്മയത്തുമ്പതായിരുന്നു ...
മാതൃഭൂമിയുടെ ബാലപംക്തിയിലേക്ക് രചനകളയക്കാൻ ഞങ്ങളോട് മാഷ് പറഞ്ഞു ....
'കെട്ടിയിട്ട പശുവിനെ പോലെ വ്യാകരണനിയമങ്ങളിൽ വട്ടം ചുറ്റേണ്ടതല്ല ഭാഷ' എന്നും സമ്പ്രദായികനിയമങ്ങളുടെ വ്യാകരണചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിനോടൊപ്പം ..
ഒരുപക്ഷേ സമൂഹത്തിന് മുന്നേ സഞ്ചരിക്കേണ്ടതാണ് ഭാഷ എന്ന് മാഷ് പറഞ്ഞു ...
കാല്പനികമായ ആസ്വാദനതലങ്ങൾക്കപ്പുറം ഭാഷയുടെ പ്രഥമമായ കർത്തവ്യം ആശയവിനിമായമാണെന്ന് മാഷ് ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു ...
"നമുക്ക് സമൂഹത്തിനോട് മിണ്ടാനും പറയാനും വിലപേശാനും താക്കീത് നൽകാനും പ്രതീക്ഷ പകരാനുമല്ലാമുള്ളതാണ് ഭാഷ .... "
എന്റെ സഹപാഠിയായ ജിംസൺ, മനോഹരൻമാഷേ കുറിച്ച് ഓർത്തെടുത്ത് പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ ...
ജീവിതത്തിലാദ്യമായി മലയാള ഭാഷക്ക് ഒരു സ്‌പെഷൽ ക്ലാസ് വച്ചത് മനോഹരൻ മാഷാണ് ...
"ഈ ശനിയാഴ്ച ഞാനൊരു സ്‌പെഷൽ ക്ലാസ് വയ്ക്കുന്നു താല്പര്യമുള്ളവർ മാത്രം വന്നാൽ മതി ഇത് പാഠപുസ്തകങ്ങളിൽ ഉള്ളതല്ല പരീക്ഷക്ക് വരികയും ഇല്ലേ "
കുട്ടികളുടെ കാതും കണ്ണും വിസ്മയതുമ്പത്ത് തുടിച്ച് നിൽക്കുന്നു..
മാഷ് തുടർന്നു..
"നിങ്ങളിൽ എത്രപേർക്ക് ഡോക്ടർ സുകുമാർ അഴീക്കോടിനെ അറിയും എന്നെനിക്കറിയില്ല.., അദ്ദേഹത്തിന്റെ 'പ്രസംഗ കല' എന്ന പുസ്തകത്തെ കുറിച്ച് പറയാനാണ് ശനിയാഴ്ച്ചയിലെ സ്‌പെഷൽ ക്ലാസ്" ..
"കുട്ടികളേ, ഭാഷ പീടികയിൽ നിന്ന് സാമാനം വാങ്ങാനും, പ്രണയ ലേഖനം എഴുതാനും, കാല്പനിക സാഹിത്യമെഴുതാനും മാത്രമുള്ളതല്ല ... "
"അത് സമൂഹത്തിനോട് സംവദിക്കാൻ കൂടിയുള്ളതാണ് ... "
"നിങ്ങളുടെയൊക്കെ നവചിന്തകളുടെ വിത്തുകൾ സമൂഹത്തിന്റെ വിലനിലങ്ങളിൽ വിതച്ച് വളർത്തണം ...
ഭാഷ അപാരമായ സാധ്യതയാണ് ..."
മാഷ് പറഞ്ഞു നിറുത്തി...
കുറെ കുട്ടികളുടെ മനസ്സിൽ മാഷ്, ക്ലാസ് മുറിയുടെ മേൽക്കൂരയ്ക്കും മുകളിലേക്ക് മേഘങ്ങളിലേക്ക് വളർന്നു വലുതായി ...
ഇന്ന് മാഷുടെ ഓർമ്മ ദിവസമാണ്
പ്രണാമം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ