ഫാറൂക്ക് കോളേജിൽ...

ഞാനെഴുതാറുള്ള സസ്യശാസ്ത്രസംബന്ധിയായ ലേഖനങ്ങളുടെ പുറകിലെല്ലാം ഫാറൂക്ക് കോളേജിലെ ബോട്ടണി അധ്യാപിക നസി ടീച്ചറുടെ സഹായമുണ്ടാകാറുണ്ട്. പ്രൊഫഷൻ പാഷനായി കരുതുന്ന ബൊട്ടാണിസ്റ്റ് ആണ് നസി ..

ഇന്നലെ ആദ്യമായാണ് നസി ടീച്ചറെ കാണുന്നത്, പറഞ്ഞുറപ്പിക്കാതെ തീർത്തും അപ്രതീക്ഷിതമായി കോളേജിൽ ചെന്ന് നസിയെ ഞെട്ടിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ശരിക്കും ഞെട്ടിപ്പോയത് ഞാനാണ്.
ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ആദ്യമായി കണ്ടതിന്റെ സന്തോഷപെരുമഴയ്ക്കപ്പുറം അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഒരുക്കി നസി ശരിക്കും എന്നെ വിറപ്പിച്ചു കളഞ്ഞു .
ഡിപ്പാർട്ടമെന്റ് ഹെഡ്, ഡോക്ടർ കിഷോർ മാഷിനെ ഒന്ന് പരിജയപ്പെടണം, KFRAയിലൊക്കെ കുറെ കാലം ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്, കാടും ജൈവ വൈവിദ്ധ്യവുമൊക്കെ നന്നായി അറിയാം എന്നൊക്കെ പറഞ്ഞു ..
"കിരണും ലക്ഷ്മിയും എന്റൊപ്പം വരൂ സാർ മുകളിൽ കുട്ടികളുടെ ടാക്സോണമി പ്രാക്ടിക്കൽ ക്ളാസ്സിലാണ്" എന്നു പറഞ്ഞ് കൈ പിടിച്ചു വലിച്ചുകൊണ്ട് പോയി...
സജീവമായ ഒരു കോളേജ് ദിനം, കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രത്തിനോളം തന്നെ പഴക്കമുള്ള പ്രൗഡമായ ക്യാമ്പസ് .. !
ഇത്തിരി സങ്കോചത്തോടെ കോണിപ്പടികൾ കയറി ഞങ്ങൾ മുകളിൽ എത്തിയപ്പോഴേക്കും നസി ഓടിക്കയറി ടാക്സോണമി ക്ലാസിൽ കയറി ഡോക്ടർ കിഷോറിനോട് എന്തോ പറഞ്ഞു കഴിഞ്ഞിരുന്നു...
ക്ലാസ് മുറിക്ക് പുറത്ത് വരാന്തയിൽ വച്ച് മാഷിനെ പരിചയപ്പെട്ട് മടങ്ങാം എന്നാണ് കരുതിയിരുന്നത് ; എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപേ ഞങ്ങളെ ക്ളാസ്മുറിയിലേക്ക് വിളിച്ചു ... ഫൈനൽ ഇയർ സസ്യ ശാസ്ത്ര ബിരുദ വിദ്യാർഥികൾ ആണ് .
കുട്ടികളുടെ മേശമേലല്ലാം നിറയെ പൂവുകൾ, തെച്ചി, ചെമ്പരുത്തി ..... ആൻജിയോസ്പേമുകളുടെ ഫ്‌ളവർ ടാക്സോണമി സെഷൻ നടക്കുന്നതുകൊണ്ടാണ് നിറയെ പൂവുകൾ !!!
പ്ലസ്‌ടു പഠിക്കുന്ന കാലത്തെ ബിന്ദു ടീച്ചറുടെ പഴയ ബോട്ടണി ക്ലാസ് ഓർമ്മ വന്നു... ഹൈബിസ്ക്കസ് റോസാ സൈനൻസിസ് ( ചെമ്പരുത്തി), ഇക്‌സോറ കൊക്‌സിനിയ ( തെച്ചി )... !! ഇനി ഏതൊക്കെ പൂക്കളാണ് !!
പേരുകൾ ഒന്നും ഓർമ്മയില്ല, പേരുകളും, അക്കങ്ങളുമെല്ലാം ഓർമ്മയിൽ നിൽക്കാത്ത ലേണിംഗ് ഡിസബിലിറ്റി ഉള്ള ആളാണ് ഞാൻ !
ആ ക്ഷണിക നിമിഷങ്ങളിൽ ഏതോ പാട്ടിന്റെ വരികൾ മനസ്സിൽ നിറഞ്ഞു..
"ഒരു നൂറു പൂവുകൾ അതുപൂത്ത വാടികൾ ഒടുവിലൊരു പൂക്കാലമീ ലോകം ... " ആരുടെ കവിതയാണ് ???
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപേ ക്ലാസ് മുറിയിലെ ജിജ്ഞാസയുള്ള അനേകം കണ്ണുകൾക്കും കാതുകൾക്കും മുൻപിൽ ഡോക്ടർ കിഷോർ എന്നെ പരിചയപ്പെടുത്തുകയാണ്, അബുദാബിയിൽ ഞാൻ കണ്ടുപിടിച്ച ശലഭത്തെ കുറിച്ച് , ഞാനുണ്ടാക്കുന്ന ബയോസ്ഫിയറുകളെ കുറിച്ച് .. ,
ഞാനും ലക്ഷ്മിയും ചേർന്ന് ചെയ്യുന്ന 'ഗ്രാസ്ബ്ലൂ' എന്ന സിറ്റിസൺ സയൻസ് പ്രോജക്ടിന്റെ കുറിച്ച് .....
ഇനി കിരൺ നിങ്ങളോട് സംസാരിക്കും എന്ന് പറഞ്ഞ് മാഷ് സംസാരം നിറുത്തി..
ഞാൻ ഒന്നും പറയാൻ ഒരുങ്ങി വന്നതേ അല്ലായിരുന്നു ...
സ്റ്റേജ് ഫിയർ എന്താണെന്ന് ഞാനറിഞ്ഞ മൂന്ന് നിമിഷങ്ങളുടെ അപാരമായ നിശബ്ദത..
എന്തിനെ കുറിച്ച് പറയും ??
പതിഞ്ഞ സ്വരത്തിലാണ് ഞാൻ സംസാരിച്ചത്, പുറകിലിരിക്കുന്ന കുട്ടികൾക്ക് കേൾക്കുന്നുണ്ടായിരുന്നോ എന്നു പോലും ഉറപ്പില്ല ...
എനിക്ക് എന്നും ഏറ്റവും ആത്മവിശ്വാസം തോന്നിയിട്ടുള്ള , ഞാൻ എന്ന വ്യക്തി എന്തായിരിക്കണം എന്ന് ഞാൻ എന്നോട് തന്നെ എന്നും ഓർമ്മിപ്പിക്കാറുള്ള , എന്റെ ലൈഫ് ഫിലോസഫിയോളം പ്രിയപ്പെട്ട ഒരു വാചകം പറഞ്ഞാണ് തുടങ്ങിയത് ...
"ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51A(h) പ്രകാരം ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണ് .. !"
കുറച്ചു നേരം കുട്ടികളോട് സംസാരിച്ചു..
ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ടീച്ചർ ക്യാംപസ്സ് ചുറ്റിനടന്നു കാണിച്ചു ..
ബോട്ടണി ബ്ലോക്കിൽ സ്റ്റാഫ് റൂമിനപ്പുറത്ത് ഹെർബേറിയം കളക്ഷനുകളും പ്ലാന്റ് മ്യൂസിയവുമൊക്കെയാണ് ...
ഇമ്പ്രഷൻ ഫോസിലുകളും പെട്രിഫൈഡ് വുഡ്ഡും, പലയിനം വിത്തുകളും മറ്റുമുണ്ട് അവിടെ ....
വരാന്തക്ക് പുറത്തും കാമ്പസിൽ പലയിടത്തും ചരൽ മണ്ണിൽ ഓഫിയോഗ്ലോസം എന്ന ഫേൺ വളരുന്നത് നസി കാണിച്ചു തന്നു .. Ophioglossum ലോകത്തിൽ ഏറ്റവും അധികം ക്രോമോസോമുകളുള്ള സസ്യമാണ് 1,260 ക്രോമസോമുകൾ !! കെമിസ്ട്രി ബ്ലോക്കിന്റെ ഒരുവശം ചരൽ മണ്ണ് നിറഞ്ഞ വിശാലമായ മൈതാനമാണ് , ഏറെക്കുറെ പ്ലാറ്റോ പോലെ സമീപ പ്രദേശങ്ങളിൽ നിന്ന് ഉയർന്ന ഒരു വിതാനത്തിലാണ് മൈതാനവും അപ്പുറത്തെ കെമിസ്ട്രി ബ്ലോക്കും , നിരനിരയായി അരണമരങ്ങൾ എഴുന്നു നിൽക്കുന്ന ഒരു വഴിയുണ്ട് അവിടെ നിരന്തരമായി പടിഞ്ഞാറൻ കാറ്റ് വീശുന്ന ഫാറൂക്ക് കോളേജിന്റെ പ്രിയതരമായ നടപ്പാത..
അരണമരങ്ങളുടെ ഇലകളിൽ 'വിറവാലൻ' എന്ന പേരുള്ള Tailed jay ശലഭങ്ങൾ മുട്ടയിട്ടു വച്ചിരിക്കുന്നതും കണിക്കൊന്ന മരങ്ങളുടെ ഇലകൾ നിറയെ എമിഗ്രേന്റ് എന്ന മഞ്ഞ ശാലഭങ്ങളുടെ മുട്ടകളും ലക്ഷ്മി കാണിച്ചു തന്നു .
ഇന്ത്യൻ ബദാം മരങ്ങളിൽ ഓക്ക് ബ്ലൂ ശലഭ ലാർവകൾ ഉറുമ്പുകളോട് ചങ്ങാത്തം കൂടുന്നു ..
കാമ്പസിൽ നിറയെ ശലഭങ്ങളുണ്ട് .. അടുത്ത വരവിന് ബയോഡൈവേഴ്സിറ്റി ഡാറ്റാ റെക്കോർഡിങ്ങ് ചെയ്യാൻ ഞങ്ങളുടെ 'ഗ്രാസ് ബ്ലൂ സെഷൻ' അവിടെ ചെയ്യണം , ടെറേറിയം വർക്ക്ഷോപ്പും ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.
പിരിയാൻ നേരം ക്യാമ്പസ്സിന് സമീപത്തെ മനോജേട്ടന്റെ House of Flavours റെസ്റ്റോറന്റിൽ നിന്ന് വാഴയിലയിൽ വിളമ്പിയ നല്ല തലശേരി ദം ബിരിയാണി വാങ്ങി തന്നാണ് നസി ടീച്ചർ ഞങ്ങളെ യാത്ര അയച്ചത് ...
ഈ അവധിക്കാലത്തെ ഒരു നല്ല ദിനം കൂടെ കോഴിഞ്ഞുപോയി ...
സന്തോഷം ....






Link to Facebook Post
Posted on Aug 3, 2023

അഭിപ്രായങ്ങള്‍