"യൂറേഷ്യൻ റൈനെക്ക്"

ഇന്ന് അബുദാബിയിലെ കോർനിഷ് പാർക്കിൽ ഇവിടെ അത്യപൂർവമായ ഒരു പക്ഷിയെ കണ്ടു !!

"യൂറേഷ്യൻ റൈനെക്ക്"
ഹൈക്കിങ്ങിന് പോകാത്ത അവധി ദിവസങ്ങളിൽ ചുമ്മാ ഇവിടുത്തെ കോർനിഷ് പാർക്കിലൊക്കെ ചുറ്റി നടക്കാറുണ്ട്. ശലഭങ്ങളെയും പ്രാണികളെയും മറ്റും നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനും ഇഷ്ടമായതുകൊണ്ടാണ് ഞാനിങ്ങനെ നടക്കുന്നത് ..
ജനുവരി ആയതുകൊണ്ട് വെയിലുണ്ടെങ്കിലും നല്ല തണുത്ത കാറ്റ്.
ഇവിടെ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാർക്ക്ബഞ്ചുണ്ട്, അതിലിരിക്കുമ്പോൾ തൊട്ടടുത്ത മരത്തിൽ അണ്ണാറകണ്ണനെ പോലെ മരംചുറ്റി എന്തോ ഒന്ന് പാഞ്ഞു കേറി പോകുന്നത് കണ്ടു !
ഫുജൈറയിലും മറ്റും ഒന്നോ രണ്ടോ തവണ Squirrel നെ കണ്ടിട്ടുണ്ടെങ്കിലും അബുദാബി സിറ്റിയിൽ എങ്ങും കണ്ടിട്ടില്ല. ഉടനെ എഴുനേറ്റ് ആ കുഞ്ഞ് മരം മുഴുവനും സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ഞാനിതുവരെ കണ്ടിട്ടില്ലാത്ത ഈ പക്ഷിയെ കണ്ടത്. മരത്തടിയോട് ചേർന്ന് പോകുന്ന നിറവും വരകളും പുള്ളികളും ..
നിറസാദൃശ്യം കാരണം കണ്ടുപിടിക്കാൻ നന്നേ പ്രയാസപ്പെട്ടു, മാത്രമല്ല, മരകമ്പുകളിൽ ലമ്പമായല്ല മറിച്ച് തടിയോട് ചേർന്ന് തിരശ്ചീനമായാണ് പക്ഷി ഒളിച്ചിരിക്കുന്നത് !
മരങ്ങളുടെ തായ്തടികളിലൂടെ ഓടിച്ചുറ്റി കയറിപോകാൻ പൊതുവെ മരംകൊത്തികൾക്ക് മാത്രമേ കഴിയൂ.
അതേ, ഈ കുഞ്ഞൻ പക്ഷി മരംകൊത്തിയുടെ ഫാമിലിയാണ് ഈ പക്ഷിയുടെ പേര് "യൂറേഷ്യൻ റൈനെക്ക്"
Eurasian wryneck സ്പീഷീസ് : Jynx torquilla.
Wryneck എന്നാൽ 'കഴുത്ത് പിരിയൻ' എന്നോ 'കഴുത്തൊടിയൻ' എന്നൊക്കെയോ ആണ് അർത്ഥം.
പക്ഷിക്ക് ഈ പേര് കിട്ടിയതിന് പിന്നിൽ രസകരമായ ഒരു സ്വഭാവ സവിശേഷതയുണ്ട്. ആക്രമിക്കപ്പെടുന്നു എന്ന് വന്നാൽ ഇതിന് കഴുത്ത് 180° പുറകിലേക്ക് മടക്കി ഒടിച്ച് 'അഭ്യാസം' കാണിക്കാനുള്ള കഴിവുണ്ട്.
പാമ്പുകളോട് സമാനമായ നിറങ്ങളും വരകളും ഉള്ളതിനാൽ ഇതിന്റെ കഴുത്തും തലയും ചേർത്ത കഴുത്തൊടിയൻ അഭ്യാസം വേട്ടക്കാരെ ഒരുനിമിഷത്തേക്ക് തെറ്റിദ്ധരിപ്പിക്കാനും പേടിപ്പിക്കാനുമൊക്കെ പറ്റും .. ഈ വിരുതന് ആ നിമിഷാർധത്തിൽ രക്ഷപ്പെടാം.
ഇതേ സവിശേഷതകൊണ്ട് തന്നെ നമ്മുടെ വെള്ളിമൂങ്ങയെ പോലെ പഴയ കാലത്ത് മന്ത്രവാദത്തിനും മറ്റും ( witchcraft ) ഈ പാവം പക്ഷിയെ ഉപയോഗിച്ചിരുന്നെത്രെ!
മരം കൊത്തി ഫാമിലിയിൽ ( Piciformes) വരുന്ന ആളായിട്ട് കൂടി മരംകൊത്തികളുടെ പൊതുവായുള്ള രൂപ സവിശേഷതകൾ ഒന്നുമില്ലാത്ത കുഞ്ഞൻ പക്ഷിയാണ് ഇത്, മരംകൊത്തി പക്ഷികളുടേതുപോലെ മരത്തടി വലുതായി കൊത്തി മുറിക്കാനും കഴിവില്ല. പൊതുവെ മണ്ണിലും മരച്ചില്ലകളിലും ചാടി ചാടി നടന്ന് എറുമ്പുകളെയും മാറ്റ് കുഞ്ഞു പ്രാണികളെയും പിടിച്ച് തിന്നാണ് ഇവ ജീവിക്കുന്നത് ..
മറ്റ് പക്ഷികൾ ഉപേക്ഷിച്ച മരപ്പൊത്തുകളുടെ ഉള്ളിൽ ആരും കാണാത്തവിധം ഏഴ് മുതൽ പത്ത് വരെ മുട്ടകൾ ഇടും .
പടിഞ്ഞാറൻ ആഫ്രിക്കയുടെ വടക്കേ തുഞ്ചത്ത് മൊറാക്കോയും അൾജീറിയയും ചേർന്ന ചെറിയ ഭൂമേഖലയിലെ 'റെസിഡന്റ്ബേഡ്‌' ആണ് ഈ പക്ഷി എങ്കിലും വേനലിൽ വടക്കൻ യൂറോപ്പിലെയും ഏഷ്യയിലെയും വിശാലമായ ഭൂമേഖലകളിൽ ദേശാടനം നടത്തുകയും അവിടുന്ന് തണുപ്പ് കാലത്ത് സെൻട്രൽ ആഫ്രിക്കയിലും ഇന്ത്യയും മറ്റ്‌ ഈസ്റ്റേൺ ട്രോപ്പിക്കൽ രാജ്യങ്ങളിലും വന്ന് ഈ പക്ഷി കാലം കഴിച്ചു കൂട്ടും.
അതുകൊണ്ട് തന്നെ പക്ഷിനിരീക്ഷകരുടെ പ്രിയതാരമാണ് ഈ കിളി .
സ്പീഷീസ് ഐഡി പറഞ്ഞുറപ്പിച്ചതിനും അത്യാവേശത്തോടെ പ്രോത്സാഹനം തന്നതിനും സ്നേഹിതൻ ബിനീഷ് റൂബാസിനോട് സ്നേഹം അറിയിക്കുന്നു.
അറേബ്യൻ ഗൾഫിനോട് ചേർന്ന മേഖലയിൽ ഈ പക്ഷി അത്യപൂർവ്വമാണ്.
വളരെ വളരെ അപൂർവം ..
എന്തായാലും വിക്കിയിൽ യൂറേഷ്യൻ റൈനെക്കിന്റെ ടെറിട്ടോറിയൽ മാപ്പിൽ യുണൈറ്റഡ് അറബ് എമിറേറ്റുകൂടി ഉൾപ്പെടുതേണ്ടത് അത്യാവശ്യമാണ്.
ചിത്രങ്ങൾ കഥപറയട്ടെ.
സ്നേഹപൂർവം
കിരൺ കണ്ണൻ



Link to Facebook Post
Posted on Jan 22, 2024


അഭിപ്രായങ്ങള്‍