കല്ലിനുമുണ്ടൊരു കഥ പറയാൻ ...

ഇങ്ങനെ ഒരു കല്ല് കണ്ടാൽ നിങ്ങൾ ശ്രദ്ധിക്കുമോ ?? ഈ കല്ലിന് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ ??

കഴിഞ്ഞ ദിവസം ഫുജൈറയിലെ 'സ്പെക്ട്രംവാലി' എന്ന പ്രദേശത്ത് ഹൈക്കിങ്ങിനിടയിൽ കണ്ടതാണ് !
ഇത് എന്താണിങ്ങനെ ? ഒരു കറുത്ത കല്ല് വെളുത്ത, വലിയ കല്ലിനുള്ളിൽ അകപ്പെട്ട് കിടക്കുന്നു , അവയെ പരസ്പരം ബന്ധിച്ചു കൊണ്ട് ഏതോ മിനറൽ രേഖകൾ !!!
ചിലയിനം മരപ്പണികളിൽ (CarpentersJoints) നമ്മൾ ഇങ്ങനെ കണ്ടിട്ടുണ്ടല്ലേ ??
ഭൂമിയിൽ എങ്ങിനെയാണ് ഇത്തരം "കൽക്കൂട്ടുകൾ" ഉണ്ടാകുന്നത് ??
പരിചിതമില്ലാത്ത കല്ലുകളോ ചെടികളോ പ്രാണികളോ നിങ്ങളുടെ കണ്ണിൽ പെടാറുണ്ടോ ?
ഒരു നിമിഷം ...
അതിന് നിങ്ങൾക്ക് പരിചയമുള്ള കല്ലുകളും ചെടികളും പ്രാണികളുമുണ്ടോ ??
"പരിചിതമായ ചിലതുണ്ടെങ്കിലേ അപരിചിതമായതുണ്ടെന്ന തിരിച്ചറിവും അത് എന്തെന്നറിയാനുള്ള ജിജ്ഞാസയുമുണ്ടാകൂ .."
നാലര ബില്യണോ അതിലും പുറകിലേക്കോ നീണ്ട് നീണ്ട് കിടക്കുന്ന ഭൂമിയുടെ ഉദ്വേഗജനകമായ ചരിത്രത്തെ അനാവരണം ചെയ്യുന്ന സമഗ്രമായ ഒരു ചിത്രകഥാപുസ്തകം സങ്കൽപ്പിക്കൂ ... അതിന്റെ ഏടുകൾ കീറികിടക്കുന്ന വഴിയിലൂടെ ഓരോന്ന് പെറുക്കി വായിച്ചു നടക്കുന്ന പോലെയാണ് എൻ്റെ മലനടത്തങ്ങളോരോന്നും ...
എടുക്കുന്ന ചിത്രങ്ങളും സാമ്പിളുകളും ജിയോളജിസ്റ്റുകളായ ചങ്ങാതിമാർക്ക് അയച്ചു കൊടുക്കും , കുറെ കാര്യങ്ങൾ അവർ പറഞ്ഞു തരും പിന്നെ കുറെയൊക്കെ ഇന്റർനെറ്റിൽ പരതും ..
ഇതൊക്കെ പഠിക്കാൻ എന്ത് രസമാണെന്നോ ! ഓരോ യാത്രകൾക്ക് ശേഷവും ദൃശ്യങ്ങൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരും .. അറിവിൻ്റെ ഉൾവെളിച്ചത്തോളം തൃപ്തി നൽകുന്ന വേറൊന്നില്ല ..
ഫീൽഡ് ജിയോളജിസ്റ്റുകൾ ഡിക്ടറ്റീവുകളെ പോലെയാണ് , ലഭിക്കുന്ന സൂചികകളിൽ നിന്ന് അനേകം സാധ്യതകളെ അപഗ്രഥിച്ച് ഭൗമ മേഖലയുടെ സംക്ഷിപ്ത സമയചരിത്രം കണ്ടെത്തണം ..
ഓരോ വിഷ്വൽ ക്യൂസും പ്രധാനപെട്ടതാണ് ..
നമുക്ക് ഈ കല്ലിന്റെ ചിത്രത്തിലേക്ക് വരാം ..
ഇത് കണ്ടിട്ട് എന്തൊക്കെയാണ് മനസ്സിലാകുന്നത് .. ?
1) നടുക്കുള്ള കറുത്ത ഭാഗം
2) പുറമെ ഇളംനിറത്തിലുള്ള ഭാഗം
3) അവ തമ്മിൽ അടർന്ന് പോകാതിരിക്കാണെന്നവണ്ണം കുറുകെ യോചിപ്പിച്ചുകൊണ്ടുള്ള വെളുത്ത ജോയിന്റുകൾ.
ഇവയിൽ ഏതിനായിരിക്കണം പ്രായം കൂടുതൽ ? ഇവ എന്താണിങ്ങനെ ??
മനസ്സിൽ കുറച്ച് ഊഹങ്ങൾ സ്വരുകൂട്ടി വച്ചിട്ട് തുടർന്ന് വായിക്കുക.
ഏറ്റവും നടുക്ക് കാണുന്ന കറുത്ത കല്ലിനാണ് ഏറ്റവും പ്രായക്കൂടുതൽ.
ഏതോ പുരാതനകാലത്ത് ജലമൊഴുക്കി കൊണ്ടുവന്ന കല്ലാകണം അത്....
അധികദൂരമൊന്നും ഒഴുകിയിട്ടില്ല ,
അതിന്റെ അരിക്കുകൾ വക്രതയൊന്നുമില്ലാതെ പരുഷമാണ് , നോക്കൂ ... !
ദശാബ്ദങ്ങളുടെ മഴയിലൂടെയോ കാറ്റിലൂടെയോ ഒഴുകിയെത്തിയ കുഞ്ഞു മണൽതരികളും മണ്ണും കറുത്ത പാറകഷ്ണത്തിന്റെ ചുറ്റിലും അടിഞ്ഞുകൂടി..
മർദ്ദം , ചെറിയ രാസവ്യത്യാസങ്ങൾ, താപം എന്നിങ്ങനെ പലഘടകങ്ങളും പാറകഷ്‌ണത്തെ ചുറ്റിലുമുള്ള വെളുത്ത മണ്ണിനോട് ഒട്ടിച്ചു ചേർത്തു. അത് മൊത്തം ഒരു വലിയ പാറയായി മാറി 'ഡിയാജനിസിസ്' എന്നാണ് വ്യത്യസ്ത ഘടകങ്ങൾ ഊറിഒഴുകിയെത്തി അടിഞ്ഞു ചേർന്ന് ഒരു പാറ (sedimentary rock ) രൂപപ്പെടുന്ന ആദ്യഘട്ടത്തിന്റെ പേര്.
അത്യാവശ്യം ഉറപ്പുള്ള അടുക്കുപാറകൾ (sedimentary rock ) ഇങ്ങനെ ഡിയാജനിസിസ് മൂലം രൂപപ്പെടാറുണ്ട്...
കാലം ഇനിയും മുന്നോട്ടു പോകുമ്പോൾ അന്തരീക്ഷത്തിലെയും ചുറ്റുപാടുമുള്ള രാസപദാർത്ഥങ്ങളുടെയുമെല്ലാം സാനിധ്യം കൊണ്ട് പാറകളിൽ അടിസ്ഥാനപരമായ നിർമാണ ഘടകങ്ങളും സ്വഭാവങ്ങളും മാറിമാറിയുന്ന പ്രക്രിയകൾ സംഭവിക്കും. മെറ്റമോർഫോസിസ് എന്നാണ് ഇതിന് പറയുക .. പാറയുടെ ഘടനയും കരുത്തും എന്തിന് സാദ്രതപോലും മാറിമാറിയുന്ന സുദീർഘമായ ഭൗതിക , രാസ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇങ്ങനെ മെറ്റമോർഫോസിസ് സംഭവിച്ച സെഡിമെന്ററി പാറകളെ പൊതുവെ "മെറ്റാസെഡിമെന്ററി റോക്‌സ്" എന്നാണ് പറയുക . ..
പലയിനം നിർമാണവസ്തുക്കൾ പല സാദ്രതയിൽ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിച്ചേർത്ത് ഉണ്ടായ പാറയാണല്ലോ നമ്മുടെ ചിത്രത്തിലുള്ളത്...
കാലം ഒരുപാട് കഴിഞ്ഞു , വേനലും വർഷവും തണുപ്പും !!
തണുക്കുമ്പോഴും ചൂടാക്കുമ്പോഴും വികാസവും സങ്കോചവും ഒരുമിച്ചാവില്ല.
പാറയിൽ ധാരാളം വിള്ളലുകൾ വന്നു . പാറമേൽക്കൂടെ ധാരാളം ജലമൊഴുക്കി ...
ഒരുപക്ഷേ കുറേക്കാലം നീരൊഴുക്കുള്ള മണ്ണിനടിയിൽ കിടന്നിട്ടുണ്ടാവണം .
ഈ കുറേകാലം എന്നൊക്കെ പറയുന്നത് ദശാബ്ദങ്ങളൊക്കെയാണ് കേട്ടോ. പാറയിലെ ഓരോ കുഞ്ഞു വിള്ളലുകളിലേക്കും മിനറലുകൾ ഒലിച്ചിറങ്ങി, അവ അടിഞ്ഞു കൂടി.
താപം , മർദ്ദം , കാലം , രസതന്ത്രം ..
വീണ്ടും മെറ്റമോർഫോസിസ് !!
വിള്ളലുകളിൽ ഊറിനിറഞ്ഞ് അടിഞ്ഞുകൂടിയ മിനറലുകളും
പാറയുടെ ഭാഗമായി മാറി ...
വെയിൻസ് (Veins) എന്നാണ് പാറകളിലെ ഇത്തരം 'കുറിമാനങ്ങൾക്ക്' പറയുന്ന പേര് ..
പാറകളിൽ സർവ്വസാധാരണമാണ് ഇത്തരം വെയിനുകൾ
ഒരുപക്ഷേ നമ്മളാരും ശ്രദ്ധിക്കാതെ കാൽ ചവിട്ടി കടന്നുപോയ പാറക്കല്ലിന്റെ ഏറ്റവും ശരിയെന്ന് തോന്നുന്ന സംക്ഷിപ്ത ചരിത്രമാണ് മേൽപ്പറഞ്ഞത്.
ഒരുപാറ , മൂന്ന് സ്ഥലകാലങ്ങളുടെ കഥപറയുന്നു !!
കേവലം ഒരു ദൃശ്യം പകരുന്ന വിഷ്വൽ ക്യൂസ് മാത്രം ഉപയോഗിച്ചുള്ള പ്രാഥമിക അനുമാനം മാത്രമാണിത്.
പാറയുടെ സാമ്പിൾ എടുത്ത് ഗ്രൈൻസ് ക്രിസ്റ്റലേഷൻ മൈക്രോസ്കോപ്പിൽ നോക്കി , സ്‌പെട്രോമീറ്റർ ഉപയോഗിച്ചും മറ്റും നിർമ്മാണ വസ്തുക്കളുടെ രാസഘടന പഠിച്ചൊക്കെ നോക്കിയാൽ ഒരുപക്ഷേ മേൽപ്പറഞ്ഞ കഥാചിത്രത്തിൽ നിന്ന് വേറിട്ട ചില അപാരമായ ട്വിസ്റ്റുകളും കണ്ടെത്താനായേക്കും.
ജിജ്ഞാസയുള്ള മനുഷ്യരായിരിക്കുക .
ഓരോ കല്ലിനും ഓരോ ഭൗമ ചരിത്രം പറയാനുണ്ടാവും...
നാളെയെന്നോ ഒരു ചാരുകസേരയിലിരുന്ന് എനിക്കിതല്ലാം ഓർക്കണം ...
എങ്കിലും കേവലമായ 'നൊസ്റ്റാൾജിക്ക് ഡെപ്പോസിറ്ററി' യേക്കാൾ മൂല്യമുള്ളതാക്കണം ഈ ഓർമ്മകൾ എന്ന നിബന്ധനയുള്ളതുകൊണ്ടുകൂടിയാണ് ഞാൻ നടന്നുപോയ വഴികളിലെ കല്ലുകളുടെയും പ്രാണികളുടെയും ചെടികളുടെയുമെല്ലാം കഥകൾ നിങ്ങളോട് പറയുന്നത്.
"പകരാനല്ലെങ്കിൽ പഠിച്ചിട്ടെന്ത് കാര്യം ??"
ചങ്ങാതിമാരേ ,
ഈ കൽകൂട്ടിന്റെ ചരിത്രം കൂടുതൽ പേരിലെത്താൻ സഹായിക്കുമല്ലോ.
സ്നേഹപൂർവം : കിരൺ കണ്ണൻ
Anjalee Radhakrishnan , Thanks for all your support and guidance in Geology !
Link to Facebook Post
Posted on Feb 20, 2024


അഭിപ്രായങ്ങള്‍