അച്ഛാ ഇത് ജിയോഡാണോ ?

അച്ഛാ ഇത് ജിയോഡാണോ ?

സിഡിന് മിനറൽ ക്രിസ്റ്റലുകളോട് പൊതുവെയും ജിയോഡ് ഫോർമേഷനുകളോട് വിശേഷിച്ചും ഒരു ഒബ്സഷനുണ്ട്...
അല്ല സിഡ്‌ ,
അപ്പൊ അടുത്ത ചോദ്യം
മീറ്റിയോറൈറ്റാണോ ??
അതുമല്ല.
രണ്ടാമത് പറഞ്ഞ ഐറ്റം ഞാൻ തേടിക്കൊണ്ടിരിക്കുന്നതാണ്, സിഡിന് അതറിയാം ...
രണ്ടാൾക്കും ഇഷ്ടമുള്ളത് ഫീൽഡിൽ നിന്ന് കിട്ടാനുള്ള കൊതികൊണ്ട് സിഡ്‌ സാധ്യതകൾ കല്പിക്കുന്നതാണ്.
'Confirmation bias'
("സ്ഥിരീകരണ പക്ഷപാതം" എന്നാണ് ഈ സൂക്കേടിന്റെ മലയാളം പേര് !)
എന്തായാലും മേൽപ്പറഞ്ഞത് രണ്ടുമല്ല ഇതൊരു കോൺക്രീഷ്യൻ ആണെന്ന് ഞാൻ അവനോട് പറഞ്ഞു.
ഹൈക്കിങ്ങിന് പോകുമ്പോൾ ബാക്‌പാക്കിൽ ചെറിയൊരു ജിയോളജിക്കൽ ഹാമർ കരുതാറുണ്ട് വിശേഷിച്ചും കുഞ്ഞു സിഡ്‌ കൂടെയുള്ളപ്പോൾ. അവന് ശലഭങ്ങളെക്കാൾ ഇഷ്ട്ടം കല്ലുകളോടാണ്, ഓരോ ഹൈക്ക് കഴിയുമ്പോളും ഇവിടെ വീട്ടിലെ കല്ലുകളുടെ ശേഖരം കൂടിക്കൂടി വരികയാണ് ..
എന്താണ് കോൺക്രീഷ്യൻ (concretion) ?
സാധാരണയായി സെഡിമെന്ററി പാറകളുടെ (Sedimentary Rocks) ഉള്ളിലാണ് കോൺക്രീഷ്യൻ ഫോർമേഷൻസ് ഉണ്ടാകറുള്ളത്.
ഒരേ ഘടനയുള്ള പാറകളുടെ ഉള്ളിൽ വ്യത്യസ്തമായ മിനറൽ കോംബോസിഷനുകളോടെ കാണപ്പെടുന്ന ചെറുതും വലുതുമായ പൊതുവെ ഉരുണ്ട പന്തുപോലെയുള്ള പാറകളാണ് കോൺക്രീഷ്യൻസ്.
ഉരുണ്ടത് മാത്രമല്ലകേട്ടോ, പൊതുവെ ഉരുണ്ടത് എന്നേയുള്ളൂ ഇഡ്ഡലിയുടെ രൂപത്തിലും കൂണിന്റെ, രൂപത്തിലുമെല്ലാം അവയെ കാണപ്പെടാറുണ്ട്.
അവ പല മിനറൽ കോംമ്പിനേഷനുകളിലും കാണാറുണ്ട്, കുഞ്ഞു തരിവലിപ്പം മുതൽ രണ്ടും മൂന്നും മീറ്റർ വരെ വ്യാസത്തിലുള്ള കോൺക്രീഷ്യനുകൾ ഭൂമിയിൽ പലയിടത്തും ഉണ്ട്.
എന്നെയും സിഡിനെയും എന്നപോലെ പഴയകാലം മുതലേ മനുഷ്യരെ വ്‌സ്മയിച്ചിട്ടുള്ള 'പാറയുണ്ട'കളാണ് കോൺക്രീഷ്യനുകൾ .
എങ്ങിനെയാണ് ഇവ ഉണ്ടാകുന്നത് ??
എന്തിനാണ് കോൺക്രീഷ്യനുകളോട് പാലിയന്തോളജിസ്റ്റുകൾക്ക് പ്രത്യേകമായ ഒരു താല്പര്യം ??
കോൺക്രീഷ്യനുകൾ പൊതുവെ എന്തെങ്കിലും ഒരു ന്യൂക്ലിയസ്സിന് ചുറ്റുമാണ് ഡിയാജനിസിസ് സംഭവിച്ച് രൂപീകരിക്കപ്പെടുന്നത്.
പലപ്പോഴും ഗോളാകൃതിയിൽ കാണുന്നതുകൊണ്ടു തന്നെ കോൺക്രീഷ്യനുകളെ ദിനോസർ മുട്ടകളുടെ ഫോസിലുകളായി തെറ്റിദ്ധരിക്കാറുണ്ട് !
ഞാൻ ഇനി പറയാനൊരുങ്ങുന്നത് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സംക്ഷിപ്ത്ത ചരിത്രമാണ്...
ഒരേപോലെ(Uniform) ഭൗതിക/രാസഘടനയുള്ള ( Physical & Chemical Properties ) അടുക്കിൽ എന്തെങ്കിലും വ്യത്യസ്തമായ ഒരു പദാർത്ഥം പെട്ടുപോകുന്നതിൽ നിന്നാണ് തുടക്കം.
അത് ഒരു ഇലയോ, പ്രാണിയോ, ഷെല്ലോ ഏതെങ്കികും ജീവിയുടെ ശരീരമോ, വേറിട്ട ഒരു കല്ലോ എന്തും ആകാം ..
വ്യത്യസ്ത സാദ്രതയിൽ, വ്യത്യസ്ത കെമിക്കൽ ഫോമുലേഷനിൽ, വ്യത്യസ്ത പോറോസിറ്റിയിൽ ട്രാപ്പ് ചെയ്യപ്പെടുന്ന ന്യൂക്ലിയസ്, അത് എന്തു തന്നെ ആയാലും അതിനു ചുറ്റിലും പതിയെ പതിയെ ഒരു മിനറൽ ഡെപ്പോസിഷൻ നടക്കും .
പതിയെ ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് കോൺക്രീഷ്യൻ വളർന്ന് വലുതാവും.
ഫോസിൽ ഹണ്ടേഴ്സിന് കോൺക്രീഷ്യനുകളുടെ കേന്ദ്രഭാഗത്ത് നിന്ന് പലപ്പോഴും പലതരം ഫോസിലുകൾ കിട്ടാറുണ്ട്, അമ്നോയ്ഡ്, ഇലകൾ, ഞണ്ടുകൾ അങ്ങിനെ പല പല ഫോസിലുകൾ ... !
കോൺക്രീഷ്യനുകൾ പൊട്ടിച്ച് അതിനുള്ളിൽ ഫോസിലുകൾ കണ്ടെത്തുന്ന അനേകം റീലുകളും വീഡിയോകളും ഇന്റർനെറ്റിൽ സാധാരണമാണ്.
എല്ലാ ഫോസിലുകളും കോൺക്രീഷ്യനുകളുടെ ഉള്ളിലാണെന്നോ എല്ലാ കോൺക്രീഷ്യനുകൾക്ക് ഉള്ളിലും ഫോസിലുകൾ ഉണ്ടാവുമെന്നോ ഇതിന് അർത്ഥമില്ല ..
എന്തായാലും ഞാനും സിഡും പൊട്ടിച്ചു നോക്കിയ കോൺക്രീഷ്യനകത്ത് ഫോസിലുകളൊന്നും കണ്ടില്ല. ..
എന്നാലും ഹൈക്കിങ്ങിനിടക്ക് ഇങ്ങനെ ഓരോ കല്ലൊക്കെ തട്ടി പൊട്ടിച്ചു നോക്കി നടക്കാൻ രസമല്ലേ ....
ഞാൻ മുൻപ് പലവട്ടം എഴുതിയിട്ടുള്ളപോലെ നമ്മൾ എല്ലാവരും ഒരിടത്തേക്ക് യാത്രപോയാലും നമ്മൾ എത്തുന്ന ഇടം ഒന്നായിരിക്കില്ല ...
നമ്മൾ കാണുന്ന കാഴ്ച്ചകൾ ഒന്നായിരിക്കില്ല, എന്തിന് നമ്മുടെ വഴികളും യാത്രകളും പോലും ഒന്നായിരിക്കില്ല...
നമ്മുടെ വേഗതകളും വ്യത്യാസപ്പെട്ടിരിക്കും ...
ചിലർക്ക് ലക്ഷ്യമാണ് യാത്ര എങ്കിൽ മറ്റ് ചിലർക്ക് യാത്ര തന്നെയാണ് ലക്ഷ്യം.
~~~
ഇനിനമുക്ക് സിഡ്‌ ചോദിച്ച ജിയോഡ് എന്താണെന്ന് നോക്കാം ??
കോൺക്രീഷ്യൻ ന്യൂക്ലിയസ്സിൽ നിന്ന് പുറത്തേക്ക് വളരുന്നു എങ്കിൽ ജിയോഡ് പുറം തോടിൽ നിന്ന് അകത്തേക്കാണ് വളരുന്നത്. !!!
പാറകളിലും മറ്റും ഉണ്ടാവുന്ന ശൂന്യസ്ഥലങ്ങളിലേക്ക് (voids) മിനറൽ ക്രിസ്റ്റലുകൾ വളരുന്നതാണ് ജിയോഡ്‌സ് ...
ആകർഷകമായ പലവിധത്തിലുള്ള ക്രിസ്റ്റലുകൾ !
ജിയോഡുകൾ പൊട്ടിച്ചാൽ അവയുടെ ഉൾവശം വളരെ മനോഹരമായിരിക്കും , ലഭ്യമായ ധാധുക്കളുടെ സാന്നിധ്യം അനുസരിച്ച് മനോഹരമായ ക്രിസ്റ്റലുകൾ ജിയോഡുകൾക്കുള്ളിൽ രൂപപ്പെടാറുണ്ട് !
ആഭരണ നിർമാണത്തിനും മറ്റുമായി ജിയോഡ് മൈനിങ് സാധാരണമാണ് . Amethyst , Citrine , Quartz , Celestite , Calcite , Agate , Pyrite എന്നിങ്ങനെയുള്ള ക്രിസ്റ്റലുകൾ നിറഞ്ഞ പലവിധത്തിലുമുള്ള ജിയോഡുകൾ ഉണ്ട് ..
ചെറിയ ബെയറിങ്ങ് ബോളിന്റെ വലിപ്പം മുതൽ വളരെ വലിയ ജിയോഡുകൾ വരെയുണ്ട്.
അമേരിക്കയിൽ ഓഹിയോവിലുള്ള Put-in-Bay ക്രിസ്റ്റൽ ഗുഹ തന്നെ ഒരു ജിയോഡ് ആണ്..
അതായത് സന്ദർശകർ പ്രവേശിക്കുന്നതേ ജിയോഡിന്റെ ഉള്ളിലേക്കാണ്!
ഹൈക്കിങ്ങ് കേവലമായ ഒരു കായിക വനോദമല്ല, നടക്കുന്ന മണ്ണും പാറകളും, വഴിയിലെ പുല്ലും, പ്രാണികളും, ശാലഭങ്ങളും, പക്ഷികളുമെല്ലാം കൂടി നമുക്ക് ഭൂമിയുടെ കഥ പറഞ്ഞുതരും..
ഓരോ അറിവിനൊപ്പവും യാത്രയിലെ കാഴ്ചകളുടെ ആഴം കൂടും ....
ആത്മഹർഷവും , ജിജ്ഞാസയും..
യാത്രകൾ വേറെ ലെവലാകും ..
എനിക്കെന്റെ യാത്രകളോട് ഏറ്റവുമധികം റിലേറ്റ് ചെയ്തിട്ടുള്ള ഒരു കോട്ടുണ്ട്
അമേരിക്കൻ ജിയോളജിസ്റ്റും പാലിയോബോട്ടാണിസ്റ്റുമായ എസ്റ്റല്ല ലിയോപോഡിന്റെ വാക്കുകളാണ് അവ.
"Exploration is not just about going to new places; it is about seeing the same places with new eyes."
എസ്റ്റല്ല ഈ കഴിഞ്ഞ ഫെബ്രുവരി 25ന് അവരുടെ തൊണ്ണൂറ്റിഏഴാം വയസ്സിൽ വാർധക്യം മൂലം മരണപ്പെട്ടു.
യാത്ര ചെയ്ത വഴികളിലൂടെ നിങ്ങളുടെ അറിവുകൾ ചേർത്തു വച്ച് കൗതുകത്തോടെ ഒരുയാത്രകൂടി നടത്തിനോക്കൂ...
കഴിയുമെങ്കിൽ ഒരു കുഞ്ഞിന്റെ കൈവിരൽ പിടിച്ച്.
You will feel the difference.
ഇത് അനുഭവത്തിൽനിന്നുള്ള എന്റെ വാഗ്ദാനമാണ്.
സ്നേഹപൂർവം
കിരൺ കണ്ണൻ


Posted on Mar 13, 2024

അഭിപ്രായങ്ങള്‍