ജീവന്റെ കല്ലുകൾ !!

ജീവന്റെ കല്ലുകൾ !!

ഞാനീ പിടിച്ചിരിക്കുന്ന കല്ലിനെ കുറിച്ചു പറയട്ടെ ???
മുൻപൊരിക്കൽ ഹൈക്കിങ്ങിനിടയിൽ കണ്ടതാണ്...
ഹജ്ജാർ പർവതനിരകളുടെ ഭാഗമായ ഈ മേഖലയിലെ കല്ലുകളുടെ നിർമിതിയിൽ കാൽസ്യം ഘടകങ്ങൾ പൊതുവെ വളരെ കൂടുതലാണ്. ഒരുകാലത്ത് കടലിന്റെ അടിത്തട്ടായിരുന്ന ഭാഗത്തെ ചളി ഭൂവൽക്കത്തിലെ ചലനങ്ങൾ മൂലം ഉയർന്ന് പൊന്തി ഉറച്ചുപോയ മലകളാണ് ഇവിടെ.
ഇവിടുത്തെ പാറകളിൽ സമുദ്രജീവികളുടെ ഫോസിലുകൾ ധാരാളം കിട്ടാറുണ്ട്.
ശതലക്ഷക്കണക്കിന് വർഷങ്ങളായി സമുദ്രജീവികളുടെ പുറം തോടുകൾ അടിഞ്ഞുറഞ്ഞുണ്ടായ കാൽസിഫറസ് പാറകൾ ഭൂമിയിൽ എമ്പാടുമുണ്ട് !
ചിത്രത്തിലെ കല്ലിന്റെ വെളുത്ത് ചാരനിറത്തിലുള്ള ഭാഗം, കാൽസ്യം അടങ്ങിയ ലൈംസ്റ്റോൺ ആണെന്നാണ് തോന്നുന്നത് . ആ ഭാഗത്തിന്റെ ടെക്സ്ചർ , കൺസിസ്റ്റൻസി , ഉറപ്പ് എല്ലാം സൂചിപ്പിക്കുന്നത് അതാണ്.
പക്ഷെ കൂടുതൽ ഉറപ്പുള്ള , അത്രമേൽ ശോഷണം സംഭവിക്കാതെ എഴുന്നു നിൽക്കുന്ന ഓറഞ്ച് ബാന്റുകൾ. അത് എന്തായാലും കാൽസ്യം നിർമിതിയല്ല ?!
എന്തായിരിക്കും അത് ?
ചുവപ്പ് രാശിയുള്ളത് കൊണ്ട് ഇരുമ്പിന്റെ സാനിധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്.
Chert ( ചെർട്ട് ) എന്നൊരിനം പാറയാകാൻ സാധ്യതയുണ്ട് എന്നാണ് ചിത്രം കണ്ടിട്ട് ചില ജിയോളജി പേജുകളിലെ വിദഗ്ധർ പറഞ്ഞത്, ഭൂവൽക്കത്തിൽ ധാരാളമായുള്ള സിലിക്കയുടെ വകഭേദമാണ് ചെർട്ട് Silicon dioxide (SiO2).
പല രീതിയിൽ ചെർട്ട് ഭൂമിയിൽ രൂപപ്പെടാറുണ്ടെങ്കിലും ഒരു പ്രത്യേകയിനം ചെർട്ടിന്റെ ഫോർമേഷനും തുടർചിന്തകളുമാണ് ഇന്നത്തെ ഈ പോസ്റ്റിന്റെ വിഷയം !!
കൂട്ടുകാരെ നിങ്ങളിൽ എത്രപേർ ഡയാറ്റംസ് എന്ന സൂക്ഷ്മ 'സസ്യങ്ങളെ' കുറിച്ച് കേട്ടിട്ടുണ്ട് ?? ഏക കോശികൾ ആയ ഈ ആൽഗേകളാണ് ഈ ഭൂമിയിലെ ഇരുപത് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നത് എന്നറിയാമോ ??
ഭൂമിയിലെ ജൈവ ചരിത്രത്തിനോളം തന്നെ പഴക്കമുണ്ട് ഇവയ്ക്ക്,
ഒരു ലക്ഷത്തിലേറെ സ്പീഷീസുകൾ !!
ഡയാറ്റംസിന്റെ കോശഭിത്തി ഉണ്ടാക്കിയിരിക്കുന്നത് സിലിക്ക ഉപയോഗിച്ചാണ് (hydrated silicon dioxide) !!
ഈ കുഞ്ഞു ജീവി ഇന്ന് ഈ പോസ്റ്റിലെ താരമാകാൻ കാരണവും അത് തന്നെ.
ഈ ഭൂമിയിലെ ലക്ഷക്കണക്കിന് ജീവജാലങ്ങളിൽ സിലിക്കാ ആവരണമുള്ള വളരെകുറച്ച് ജീവ വിഭാഗങ്ങളേയുളൂ അതിലൊന്നാണ് ഡയാറ്റംസ് !!
ഇതെന്താണ് ഇങ്ങനെ ? സിലിക്ക സമുദ്രത്തിൽ കാൽസ്യത്തിനോളം തന്നെ സുലഭമാണ് , സിലിക്ക കാൽസ്യത്തിനെക്കാളും ഉറപ്പുള്ളതും രാസപ്രതിരോധിയും ആണ് എന്നിട്ടും എന്താണ് പരിണാമത്തിൽ, സിലിക്കാ ഷെല്ലുകളുള്ള ജീവജാലങ്ങൾ കുറവായി പോയി ??
കുറെ ചോദ്യങ്ങൾ അല്ലെ ??
ഈ ചോദ്യങ്ങളുടെ രസച്ചരടിൽ തൂങ്ങി ഉത്തരങ്ങളുടെ രാസലഹരി തേടി പ്രാചീനമായ കടൽത്തീരങ്ങളിലൂടെ ഇത്തിരി നേരം നമുക്കൊരുമിച്ചു നടന്നാലോ??
'മൈക്രോ പാലിയന്തോളജി' എന്നൊന്നുണ്ട്, അതിസൂഷ്മ ജീവജാലങ്ങളുടെ ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് അത് ..
അവരുടെ പഠനപ്രകാരം ചെർട്ട് ഫോർമേഷനുകളുടെ ഒരു കാരണം സിലിക്കാ ഷെല്ലുകളുള്ള ഡയാറ്റമുകളുടെ അടിഞ്ഞു കൂടലാണ് !
സമുദ്രജീവികളിൽ മഹാ ഭൂരിപക്ഷത്തിനും കാൽസ്യം പുറംതോടുകൾ ആണുള്ളത് . എന്തുകൊണ്ടാണ് ഇതെന്നറിയാമോ ??
കാത്സ്യത്തിന്റെ ബാഹ്യ ഷെല്ലിൽ 2 ഇലട്രോൺ മാത്രമാണുള്ളത് അതുകൊണ്ട് തന്നെ കാൽസ്യം വളരെ റിയാക്റ്റീവ് ആയ ഒരു ലോഹമാണ്. ജലത്തിനോടും ഓക്സിജനോടും കാർബണോടുമല്ലാം എളുപ്പം പ്രതിപ്രവർത്തിച്ച് സംയുക്താവസ്ഥയിലെ കാൽസ്യം ഭൂമുഖത്ത് കാണപ്പെടാറുള്ളൂ...
കടൽ ജലത്തിൽ ധാരാളമായി കാണുന്ന കാൽസ്യം ജീവികൾക്ക് ഉപാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗിരണം ചെയ്യാനും പുറംകവച നിർമ്മിതികൾക്കായി ഉപയോഗിക്കാനും സാധിക്കുന്നു എന്നത് പരിണാമകരമായി കാൽസ്യം ഷെല്ലുള്ള ജീവികൾ കൂടുതലായി ഉണ്ടാവാനുള്ള ഒരു കാരണമാണ് . ചത്തൊഴിയുന്ന കടൽ ജീവികളുടെ പുറം കവചം വീണ്ടും കടൽ വെള്ളത്തിൽ പൊടിഞ്ഞും അലിഞ്ഞും ചേരുന്നു . അത് വീണ്ടും പുതിയ ജീവൻ ഉപയോഗിക്കുന്നു. ..
ദ്രവ്യത്തിന്റെ നൈരന്തര്യം !! ജീവന്റെയും !
കടലുപ്പിൽ കാൽസ്യം കാര്ബണേറ്റ് ഏറെ കുറെ സ്ഥൈര്യമുള്ളതാണ് . അതുകൊണ്ട് തന്നെ കടൽ ജീവികളുടെ പുറം തോട് പെട്ടെന്നൊന്നും ദ്രവിച്ച് അവയ്ക്ക് അപകടമുണ്ടാകില്ല.
പക്ഷെ കടൽ വെള്ളത്തിൽ കാർബൺഡയോക്സൈഡിന്റെ അളവ് കൂടിയാൽ ജലത്തിന്റെ അസിഡിറ്റി വർധിക്കുകയും കടൽ ജീവികളുടെ കാൽഷ്യസ് കവചങ്ങളുടെ ഉറപ്പിനെ ബാധിക്കുകയും ചെയ്യും.
കാർബണേറ്റ് കോമ്പൻസേഷൻ ഡെപ്ത്ത് (CCD) എന്ന ഒരു പരിധിയെ കുറിച്ചറിയാമോ ? കടലിൽ നാലായിരം മുതൽ അയ്യായിരം മീറ്റർ വരെ ആഴത്തിന് കീഴെ കാൽസ്യം കാര്ബണേറ്റ് സംയുക്തങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാൻ കഴിയില്ല അവ കടൽ ജലത്തിൽ അലിഞ്ഞു പോകും അതുകൊണ്ട് തന്നെ കാൽസ്യ കവചമുള്ള കടൽ ജീവികൾ ഭൂരിഭാഗവും ഈ കടലാഴത്തിന് മുകളിലാണുള്ളത്.
CCD ക്ക് താഴെയുള്ള ജീവികളിൽ കാൽസ്യം കവചത്തിന് പകരം, സിലിക്കേറ്റ്, മറ്റുപല സംയുക്തങ്ങൾ ഒക്കെയാണ് കവച്ച നിർമ്മിതിക്ക് ഉപയോഗപ്പെടുത്തുന്നത്.
ഇനി സിലിക്കാ കവചങ്ങൾ ഉള്ള ജീവികളുടെ വൈവിധ്യം കുറയാൻ
എന്തേ കാരണം എന്ന് നോക്കിയാലോ ??
സിലിക്ക അത്രമേൽ റിയാക്റ്റീവ് ഒന്നുമല്ല അതുകൊണ്ട് ജലത്തിൽ അലിഞ്ഞോ ലവണ രൂപത്തിലോ സിലിക്ക കാര്യമായി ലഭ്യവുമല്ല, കടൽ മണലിൽ ഒക്കെ ധാരാളമായി ലഭ്യമാണ് എങ്കിലും ജീവികൾക്ക് എളുപ്പത്തിൽ ഷെൽ നിർമ്മിതിക്ക് ഉപയോഗപ്പെടുത്താവുന്ന രാസസംയുക്തമല്ല എന്ന് സാരം.
എന്തായാലും ഡയാറ്റംസ് സിലിക്കാ കവചങ്ങൾ ഉണ്ടാക്കുകയും അവയുടെ സെഡിമെന്റേഷൻ ചെർട്ട് പോലുള്ള സിലിക്കാ പാറകളുടെ നിർമ്മിതിക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.
ചങ്ങാതീ, തിരകളിൽ കാല് നനച്ച് , കടൽകരയിലൂടെ ചിപ്പികൾ പെറുക്കി ,
മിണ്ടി മിണ്ടി നമ്മൾ ഒത്തിരി ദൂരം പോയി...
നമുക്ക് ഇനി കരയിലേക്ക് ഇച്ചിരി നടന്നാലോ ?
ജീവൻ ഭൂമിയിൽ ഉപേക്ഷിച്ച അടയാളപ്പാറകൾ തിരഞ്ഞ്..
നിന്നോടൊരുമിച്ച് ശാസ്ത്രകഥകളിങ്ങനെപറഞ്ഞ് കൈകോർത്ത് നടക്കാൻ എന്ത് രസമാണ്...
നമുക്ക് മുന്നേ , ഒരുപാടൊരുപാട് കാലം മുന്നേ ഈ ഭൂമിയിലുണ്ടല്ലോ ജീവന്റെ പെരുംങ്കളിയാട്ടം നടന്നിട്ടുണ്ട് !
ജനിച്ച് ചത്തൊടുങ്ങിയ ജീവനുകളെല്ലാം തന്നെ ഭൂമിയിൽ കുറെ 'ഓർമ്മയടരുകൾ' സമ്മാനിച്ചിട്ടുണ്ട്.
മാർബിൾ, ലൈം സ്റ്റോൺ, ചെർട്ട്, കൽക്കരി, പീറ്റ്, ഓയിൽ ഷെയ്‌ൽ, ചോക്ക് ...
കരയിലും ബാഹ്യാവരണങ്ങളുള ജീവിവർഗങ്ങൾ ഉണ്ടല്ലേ...
എന്തേ അവയുടെ ഉറപ്പുള്ള ബാഹ്യാവരണങ്ങളൊന്നും പാറകളുടെ നിർമിതിയിൽ പങ്ക് ചേർന്നില്ല ???
ഷഡ്പദങ്ങളിൽ പലതും കൊടിക്കണക്കിനായി പെരുകി ഒരുമിച്ച് ജീവിച്ച ജീവികളാണ്. 541 മില്യൻ വർഷങ്ങൾക്ക് മുൻപേ ജീവര്ഗങ്ങളുടെ പെരുപ്പത്തിന്റെ മഹാവിസ്ഫോടനം നടന്ന കാമ്പ്രിയൻ എക്‌പ്ലോഷൻ കാലത്ത് ഫൈലം ആർത്രോപോഡ്ലെ കവച ജീവികൾ ആണ് ഭൂമിയിലെ ലൈഫ് മാസിന്റെ പ്രധാനികൾ ആയിരുന്നത്. എന്നിട്ടും അവയുടെ കവചങ്ങൾ ഓർമ്മപ്പാറകളായി മാറിയില്ലെന്നെ. അതെന്താണെന്നറിയാമോ ??
കൈറ്റിൻ (Chitin) എന്ന പദാർത്ഥവും കുറെ പ്രോട്ടീൻ പൊളിമറുകളും ചേർന്നാണ് കാരജീവികളുടെ ഭൂരിപക്ഷം കവചങ്ങളും ഉണ്ടാക്കിയിരിക്കുന്നത്..
( കാൽസ്യവുമല്ല സിലിക്കയും അല്ല ) കൈറ്റിനും പ്രോട്ടീനുകളും പെട്ടന്ന് വിഘടിച്ച് അവയുടെ ഭൗതിക രാസ സ്വഭാവത്തിൽ നിന്ന് മാറി വേറെ രാസവസ്തുക്കളാവും ...
അതുകൊണ്ട് തന്നെ കാൽസ്യം പാറകളെയോ സിലിക്കേറ്റ് ചെർട്ടിനെപോലെയോ
ഭൂവൽക്കത്തിൽ ജീവന്റെ അടയാളപാറകൾ നിർമ്മിക്കാൻ ഫൈലം. ആർത്രോപോഡ്സിലെ ജീവികൾക്ക് കഴിയാതെ പോയി ..
സ്നേഹപൂർവം
കിരൺ കണ്ണൻ

Link to Facebook Post
Posted on May 21, 2024

അഭിപ്രായങ്ങള്‍