മരുഭൂമിയിലെ റോസാപുഷ്പം !

ഒരു മണൽതരിയിൽ ഒരു ലോകം കാണണം..

ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗം..
കൈവെള്ളയിൽ അനന്തതയെ ഒതുക്കി പിടിക്കണം.
ഒരു മണിക്കൂറിൽ അനാദിയായ കാലത്തിനെ ഉൾച്ചേർത്തണം ...
കവി വില്യം ബ്ലേക്കിന്റെ "നിഷ്കളങ്ക നിമിത്തങ്ങൾ" എന്ന കവിതയിലെ വരികളാണിത്.
എന്റെ കൈവെള്ളയിലിരിക്കുന്ന ഈ കുഞ്ഞു വസ്തുവിനെ ജിയോളജിസ്റ്റുകൾ വിളിക്കുന്ന ഓമനപ്പേര് 'Desert Rose' എന്നാണ് ..
മരുഭൂമിയിലെ റോസാപുഷ്പം !
ചിത്രത്തിലുള്ളത് ഒരു പീക്കിരി , പിറുണാസ് സ്പെസിമനാണ്.
വലിയ 'ഇതളുകളൊ'ക്കെയായി ശരിക്കും ഒരു റോസാപുഷ്പത്തിന്റെ വലിപ്പത്തിലുള്ള സ്പെസിമനുകളൊക്കെ പലപ്പോഴും ഞാനീ മരുഭൂമിയിൽ കണ്ടിട്ടുണ്ട് .
അതുകൊണ്ട് തന്നെ എന്റെ.കയ്യിലിരിക്കുന്ന ഈ കുഞ്ഞിനെ തൽക്കാലം നിങ്ങളുടെ സമാധാനത്തിന് ഡെസർട്ട് റോസിന്റെ 'മൊട്ട്' എന്ന് വിളിച്ചോളൂ..
Desert Rose ശരിക്കും ഒരു പൂവാണെങ്കിൽ എന്റെ കയ്യിലിരിക്കുന്നത് അതിന്റെ പൂമൊട്ട് തന്നെയാണ്...
എന്റെ വായനക്കാരിൽ ഖത്തറിൽ ഉള്ളവരുണ്ടോ? National Museum of Qatar നിർമ്മിച്ചിരിക്കുന്നത് തന്നെ ഒരു വലിയ ഡെസർട്ട് റോസിന്റെ മാതൃകയിലാണ് ..
ഇനി പോകുമ്പോൾ ശ്രദ്ധിക്കണം , ചിത്രം കൈവശമുള്ളവർ ഇവിടെ ചേർത്താൽ മറ്റുള്ളവർക്കും കാണാം.
എന്താണ് ഡെസർട്ട് റോസ് ??
വരണ്ട മരുഭൂമി പ്രദേശങ്ങളിൽ മണലിനുള്ളിൽ പതിയെ പതിയെ രൂപപ്പെടുന്ന ജിപ്സം പരലുകളാണ് ഇവ , വല്ലപ്പോഴും.കിട്ടുന്ന മഴയിൽ മണൽമരുഭൂമിയിലെ ജിപ്സം വെള്ളത്തിൽ അലിഞ്ഞ് ഇച്ചിരി താഴ്ന്ന വിതാങ്ങളിലേക്ക് മണലിലൂടെ ഒലിച്ചിറങ്ങും ...
പല പല സംവത്സരങ്ങൾ ..
പല പല ചെറുമഴകൾ .
ഒഴുകി ഒഴുകിയെത്തി വറ്റി വറ്റി മണലിനുള്ളിലെ ചില 'ഒളിയിടങ്ങളിൽ'
ജിപ്സം അതിസാന്ദ്രീകരിക്കും...
എന്തെങ്കിലും ഒരു കുഞ്ഞു ന്യൂക്ലിയസ്സിന് ചുറ്റിലും അതൊരു പക്ഷെ ഒരു മണൽ തരിയോ , ജിപ്സം പരൽ തന്നെയോ ആവാം... ന്യൂക്ലിയസ്സിന് ചുറ്റും പതുക്കെ ഇതളുകൾ പോലെ ജിപ്സം പരലുകൾ പറ്റി ചേർന്ന് പറ്റി ചേർന്ന് മണലിലെ 'റോസാ പുഷ്പ'ങ്ങളുണ്ടാകുന്നു !!
ഈ ചിത്രത്തിൽ എന്റെ കയ്യിലിരിക്കുന്നത് ഒരു കുഞ്ഞു മൊട്ടുമാത്രമാണ്. അതിനുമേലെ ഇതളുകൾ വളരണം...
ഒരുപാട് വര്ഷങ്ങളെടുത്ത് പതിയെ .
ചിലതെല്ലാം ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും ...
മണലിനുള്ളിലെ ഒളിയിടങ്ങളിൽ വിരിയുന്ന , പെയ്തുവറ്റിയ മഴയോർമ്മപൂവുകൾ !!!
ലോകത്ത് മരുഭൂമികൾ ഉള്ള ഇടങ്ങളിൽ എല്ലായിടത്തും ഡെസർട്ട് റോസ് കാണാം.
പല വലിപ്പങ്ങളിൽ നിയതമല്ലാത്ത പല രൂപങ്ങളിൽ ....
പണ്ടൊരിക്കൽ ടുണീഷ്യൻ മരുഭൂമിയിൽ നിന്ന് ലഭിച്ച ഡെസർട്ട് റോസിന് ആയിരത്തി ഇരുന്നൂറ് കിലോഗ്രാം ഭാരമുണ്ടായിരുന്നു എന്നോർക്കുക.... !
ഇതിന് മുൻപ് ഈ ചിത്രത്തിൽ ചേർത്തിരിക്കുന്നതിനെക്കാൾ വലിയ ഡെസർട്ട് റോസ് സ്പെസിമനുകൾ എനിക്ക് കിട്ടിയിട്ടുണ്ട്, അവയുടെ ചിത്രങ്ങൾ ഈ പോസ്റ്റിൽ ചേർക്കുന്നില്ല ..
മുൻപ് പലപ്പോഴും മുഖപുസ്തകത്തിൽ ഞാനവയുടെ ചിത്രങ്ങൾ ഇട്ടിട്ടുണ്ട്.
ഈ പോസ്റ്റിന് ഈ കുഞ്ഞു പൂമൊട്ടിന്റെ ചിത്രം മതിയല്ലേ ... ??
ഇന്റർനെറ്റിൽ പരതിയാൽ ഡെസർട്ട് റോസ് സ്പെസിമനുകളുടെ വൈവിധ്യമായ ഒരുപാടൊരുപാട് ചിത്രങ്ങൾ കിട്ടും.
പ്രിയരേ ...
നമ്മുടെ ലോകം ഒരു
ചിത്ര കഥാപുസ്തകം പോലെയാണ്.....
മണല് മാത്രമല്ലാതെ മരുഭൂമി കാണണം,
തിരയെണ്ണാൻ മാത്രമല്ലാതെ കടല് കാണണം, കാട് കാണാൻ പോകുമ്പോ കാടിനെ കേൾക്കണം, കല്ല് പെറുക്കണം..
വഴിനടത്തങ്ങളിൽ കണ്ട ക്ലാവ് പിടിച്ച നാണയത്തുട്ടിന്റെ കാലം തിരക്കണം.
സ്വയം കഥകൾ പറയണം .
നിരന്തരം കഥകൾ പറയുന്നൊരു ചങ്ങാതിയുണ്ടെങ്കിൽ നിങ്ങൾക്കെങ്ങിനെ തനിച്ചാകാനാകും ....
In our humbleness, we witness
time's majestic grace ....
സ്നേഹപൂർവം. കിരൺ കണ്ണൻ
Link to Facebook Post
Posted on May 22, 2024

അഭിപ്രായങ്ങള്‍