ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അത്യാധുനിക രീതികൾ !

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അത്യാധുനിക രീതികൾ !

കവിതകൾക്കുമപ്പുറം ഒരു കൈത്താങ്ങ് ..
ജൂൺ അഞ്ചിന് "The Fourth"ൽ പ്രസിധീകരിച്ചു വന്ന ലേഖനം . !
'മിണ്ടാത്തൊരു കാടിന്' വേണ്ടി കവികൾ തെരുവുകൾ തോറും സമരഗീതികൾ പാടിനടന്ന എഴുപതുകളിലെ സൈലന്റ് വാലി പരിസ്ഥിതി പ്രക്ഷോപങ്ങൾ ....
നമ്മുടെ നാടിന്റെ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് ഹരിതചിന്തകൾ വേരിരക്കിയ സമര ദിനങ്ങൾ .....
പാതയോരപാട്ടുകൾ , തെരുവ് നാടകങ്ങൾ ..
ലോകമെങ്ങും അങ്ങിനെയാണ് ...
എഴുത്തുകാർക്കും കലാകാരന്മാർക്കും മനുഷ്യരോട് സംവദിക്കാൻ എളുപ്പമാണ്...
കലയും ഭാഷയും അതിശക്തമാണ് ...!
അവ ചെന്നു തയ്ക്കുന്നത് ബോധത്തിലേക്കല്ല , നേരെ വികാരങ്ങളിലേക്കാണ് ..
പതിനെട്ടാം നൂറ്റാണ്ടുമുതൽ പരിസ്ഥിതി ചിന്തകൾ ലോകരാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട് ..
എന്ത്രയെത്ര നാഷണൽ പാർക്കുകൾ !!
ക്ഷമിക്കൂ, ഈ ലേഖനം ലോകത്തിന്റെ പരിസ്ഥിതി സമരചരിത്രം പറയാനുള്ളതല്ല, മറിച്ച് ശാസ്ത്രത്തിന്റെ ചില ആധുനിക രീതികലിലൂടെ ജൈവ വൈവിധ്യ പരിപാലനത്തിന് മനുഷ്യവംശം നടത്തുന്ന പ്രോജ്വലമായ ശ്രമങ്ങളെ പരിചയപ്പെടുത്താനാണ്.
നമ്മുടെയൊക്കെ പൊതുബോധങ്ങളിൽ ആരോ ആർക്കെതിരെയോ സമരം ചെയ്ത് , ആരോ ആരെയൊക്കെയോ ശത്രുപക്ഷത്ത് നിറുത്തി, പൊരുതി വിജയിക്കേണ്ട സമരശ്രമങ്ങളാണ് ജൈവവൈവിധ്യ സംരക്ഷണം എന്നൊരു ചിന്തയാണ് നിലനിൽക്കുന്നത്. നമ്മുടെ ചിന്താരീതിയുടെ ശീലമാണ് അത്. നമുക്കൊരു വില്ലനെ വേണം
ആ കാലമൊക്കെ കഴിഞ്ഞു, പരിസ്ഥിതിയോ മനുഷ്യനോ എന്നുള്ള ചിന്തയേ അപരിഷ്‌കൃതമായിരിക്കുന്നു ....
നാം ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന സ്പീഷീസ്സും, പുല്ലും, പുൽചാടിയും, തേളും, പാമ്പും, പഴുതാരയും, പുഴയും മരവും, കിളിപ്പാട്ടുകളുമെല്ലാം ചേർന്ന വലിയൊരു വ്യവസ്ഥയാണ് പരിസ്ഥിതി.
അതുകൊണ്ട് തന്നെ ജൈവ വൈവിധ്യ സംരക്ഷണം ആവശ്യമാണോ ഇല്ലെയോ എന്ന ചിന്തക്ക് പ്രസക്തിപോലുമില്ല.
ജൈവ സംരക്ഷണത്തിന്റെ ചില ആധുനിക രീതികൾ ..
പ്രകൃതി ഒരേസമയം അതിസങ്കീർണവും അതിലോലവുമായ വ്യവസ്ഥിതിയാണ്..
അത് കൊണ്ട് തന്നെ ലോകമെമ്പാടും ജൈവ വൈവിധ്യം നേരിടുന്ന പ്രശ്‌നങ്ങളും അതി സങ്കീർണമാണ്, വളരെ പഠിച്ച് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളുണ്ടതിൽ ..
കണ്ടലും കാടും കാവും വച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമല്ല പരിസ്ഥിതിയിലുള്ളത്..
ഞാൻ ഇനി പറയാനൊരുങ്ങുന്നത് പരിസ്ഥിതി രാഷ്ട്രീയമല്ല, മറിച്ച് ആധുനിക ശാസ്ത്രം അതിസങ്കീർണമായ ചില പാരിസ്ഥിതിക പ്രശ്നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്തു, അല്ലെങ്കിൽ ചെയ്യുന്നു എന്നുള്ളതിനെക്കുറിച്ചാണ് ...
സീറ്റ് ബെൽറ്റ് മുറുക്കിക്കോളൂ
ഇനി നമുക്ക് നമുക്ക് ആവേശകരമായ ചില ജൈവവൈവിധ്യ സംരക്ഷണ ചരിത്രത്തിലേക്ക് സഞ്ചരിക്കാം.
🌿
Genetic Rescue !
( ജനിതക രക്ഷാപ്രവർത്തനം )
അമേരിക്കയിൽ 'ഫ്ലോറിഡാ പാന്തർ' എന്നൊരിനം ജീവിയുണ്ട് കാട്ടുപൂച്ചയേക്കാൾ വലിപ്പത്തിൽ പുലിയോളം പോന്ന ഒരിനം ജീവി...
ഒരുകാലത്ത് തെക്ക് കിഴക്കൻ അമേരിക്കയിൽ വ്യാപകമായി കണപ്പെട്ടിരുന്ന ഫ്ലോറിഡാ പാന്തർ പാരിസ്ഥിതിക ശോഷണവും വേട്ടയാടലും മൂലം അംഗസംഖ്യ കുറഞ്ഞ് കിഴക്കേ അമേരിക്കയിലെ വളരെ ചെറിയ ഒരു വനമേഖലയിലേക്ക് ചുരുങ്ങി ഒതുങ്ങിപോയി ....
ഈ സ്പീഷീസിന്റെ നിലനിൽപ്പിന് ഏറ്റവും അപകടകരമായത്ത് വളരെ ചുരുങ്ങിയ സ്ഥലത്ത് ഒതുങ്ങി ജീവിക്കുന്ന കുറച്ച് അംഗങ്ങൾക്കിടയിലെ തുടർച്ചയായ പ്രജനനമാണ്.
ജീൻ പൂൾ മിക്സിങ്ങ് നടന്നില്ലെങ്കിൽ വളരെ ചെറിയ ഒരു ജീൻ പൂളിലെ ഓരോ അംഗങ്ങൾക്കും സംഭവിക്കുന്ന ജനിതക വൈകല്യങ്ങൾ ( മ്യൂട്ടേഷൻ ) തുടർ തലമുറകിളിലേക്ക് പകർന്നുകൊണ്ടേയിരിക്കും...
കാലം പോകുംതോറും ജനിതക തകരാറുകൾ നിറഞ്ഞ ഒരു കൂട്ടമായി ഇങ്ങനെയുള്ള ചെറിയ ഗ്രൂപ്പ് ജീവികൾ എളുപ്പം ചത്ത്‌ തീരും.
വളരെ അപകടകരമായ അവസ്ഥയാണ് അത്.
രക്തബന്ധമുള്ളവരുമായുള്ള വിവാഹങ്ങൾ പരമാവധി ഒഴിവാക്കണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ് ..
ആചാരപരമായും ഭൗമ ശാസ്ത്രപരമായുമല്ലാമുള്ള കാരണങ്ങളാൽ ജീൻപൂൾ മിക്സിങ്ങ് നടക്കാതെ വരുന്നത് മനുഷ്യരിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
വയനാട്ടിലെ ചില ആദിവാസി ഗോത്രങ്ങളിൽ സിക്കിൾ സെൽ അനീമിയ എന്ന ഗുരുതര ജനിതക രോഗം പടർന്ന് പരക്കുന്നത്തിന്റെ കാരണം ഇതാണ് ..
ഫ്ലോറിഡാ പാന്തർ ഒരു ചെറിയ വനമേഖലയിലേക്ക് ഒതുങ്ങിയതോടെ
ജനിതക വ്യതിയാനങ്ങൾ നിരന്തരമായി അടുത്ത തലമുറകളിലേക്ക് പങ്കുവയ്ക്കപ്പെട്ടു .
ചരിഞ്ഞ വാലുകൾ , ഹൃദ്രോഗം , വന്ധ്യത ...
1990 ആയപ്പോഴേക്കും ഫ്ലോറിഡാ പാന്തറുകളുടെ ആകെ എണ്ണം കേവലം 20-30 ആയി മാറി , ജനിതക രോഗാതുരമായി ചത്ത്‌ തീരാറായ ഒരു സ്പീഷീസ് ..
ഫണ്ടിങ് വന്നു, ജൈവ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളും സയൻസ് ഏജൻസികളും ഈ ജീവ വർഗ്ഗത്തിന്റെ സംരക്ഷണത്തിന് എന്ത് ചെയ്യാൻ പറ്റും എന്ന് പഠിച്ചപ്പോൾ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് Genetic Rescue !
1995 ൽ ഫ്ലോറിഡാ പാന്തറുകളുളോട് ഏറ്റവും അടുത്ത ജനിതക ബന്ധമുള്ള ടെക്‌സാസ് കൂഗാർ (Texas cougars) എന്ന ജീവിയുടെ ആരോഗമുള്ള 8 പെണ്ണിണകളെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്ന് ഫ്ലോറിഡാ പാന്തർ പോപ്പുലേഷനിലേക്ക് ചേർത്തു .
പതിയെ പതിയെ ഫ്ലോറിഡാ പാന്തറുകളുടെ പുതിയ തലമുറകളിൽ ജനിതക വൈകല്യം കുറഞ്ഞു വന്നു അവയുടെ എണ്ണം കൂടി 1990ൽ അവസാനത്തെ 30 എണ്ണം എന്ന നിലയിൽ നിന്ന് 2020 ആയപ്പോഴേക്കും 230 എന്ന സംഖ്യയിലേക്ക് ഫ്ലോറിഡാ പാന്തറുകളുടെ എണ്ണം വർധിച്ചു .....
ശരിക്കും അസ്സലൊരു ജനിതക രക്ഷാപ്രവർത്തനം !!
🌿
CRISPR and Gene Editing in Biodiversity Conservation
( ക്രിസ്‌പർ ജൈവവൈവിധ്യ സംരക്ഷണത്തിൽ ജീൻ എഡിറ്റിംഗ് ! )
ഇനി അമേരിക്കൻ ചെസ്‌നട്ട് മരത്തിന്റെ (The American chestnut tree) കഥ പറയാം
വടക്കൻ അമേരിക്കയിലെ പ്രബലമായ വൃക്ഷ ഇനമായിരുന്നു അമേരിക്കൻ ചെസ് നട്ട്. അനേകമനേകം പക്ഷികൾക്കും അണ്ണാറക്കണ്ണനും , മാനുകൾക്കുമെല്ലാം ഏറ്റവും വലിയ ഭക്ഷ്യ സ്രോതസ്സായിരുന്നു ചെസ്‌നട്ട് കായകൾ ..
മനുഷ്യരുടെയും ഇഷ്ടഭക്ഷണം !!
കൂറ്റൻ ചെസ്‌നാട്ട് മരങ്ങളുടെ കാടുകളിൽ പ്രാണികളും ഉരഗങ്ങളുമെല്ലാം ചേർന്ന സങ്കീർണ്ണവും ജൈവ സമ്പന്നവുമായ ഒരു ആവാസ വ്യവസ്ഥ നില നിന്നിരുന്നു ...
1904ൽ ന്യൂയോർക്കിലെ ഒരു കാഴ്ചബംഗ്ളാവിൽ പന്തലിച്ചു നിന്നിരുന്ന ചെസ് നട്ട് മരത്തിൽ ആദ്യമായി ഒരു കുമിൾ രോഗം ശ്രദ്ധയിൽ പെട്ടു.
മരം ഉണങ്ങി പോയി.
ചെസ്‌നട്ട് ബ്ലൈറ്റ് (Chestnut blight) എന്ന ഒരിനം ഫംഗസ് ആയിരുന്നു രോഗ കാരണം പ്രശ്നം അവിടം കൊണ്ടൊന്നും നിന്നില്ല അമേരിക്കയിൽ ആകമാനമുള്ള ചെസ്‌നട്ട് മരങ്ങളിൽ ഈ കുമിൾ രോഗം പടർന്ന് പിടിച്ചു .....
മരങ്ങളുടെ കൂട്ടാനാശം ....
ഇരുപതാം നൂറ്റാണ്ടിന്റെ പാതിയായപ്പോഴേക്കും അമേരിക്കയിൽ മാത്രം നാല് ബില്യൻ ചെസ്‌നട്ട് മരങ്ങളെങ്കിലും ഉണങ്ങി തീർന്നു.
ഞാനീ പറയുന്നത് മൊത്തം കാടുകൾ നിന്ന നിൽപ്പിൽ ഉണങ്ങിവീണ ഭീതിന്തമായ ചരിത്രമാണ്. (ഇത് വായിക്കുന്ന നിങ്ങളിൽ ചിലർക്കെങ്കിലും കുപ്രസിദ്ധമായ ഐറിഷ് പൊട്ടാറ്റോ ഫാമിൻ ഓർമ്മ വന്നിരിക്കാം അല്ലെ ?? ഇതുപോലൊരു കുമിൾ രോഗം നിമിത്തം ഉരുളകിഴങ്ങുകൃഷി പാടേ നശിച്ചതിനാൽ ഒരു മില്യൻ മനുഷ്യരാണ് ഐറിഷ് ഗ്രാമങ്ങളിൽ പട്ടിണി കിടന്ന് മരിച്ചത്)
ബയോളജിസ്റ്റുകൾ ചെസ്‌നട്ട് കാടുകൾ സംരക്ഷിക്കാൻ പല മാർഗങ്ങളും നോക്കി..
ഒരു നൂറ്റാണ്ട് കാലം നീണ്ടുനിന്ന ശാസ്ത്രമഹാ യുദ്ധം .. !!
കുമിളിനെ പ്രതിരോധിക്കാൻ പല രീതികൾ പരീക്ഷിച്ചു, കൂട്ടത്തിൽ നേരത്തെ പറഞ്ഞ ഫ്ലോറിഡാ പാന്തറുകളുടെ രക്ഷയായ ജനറ്റിക്ക് റെസ്ക്യൂ മാർഗങ്ങൾ പോലും !
കുമിൾ ബാധിക്കാതെ ഒരിനം ചെസ്നട്ട് മരങ്ങളുമായി ക്രോസ് പോളിനേഷൻ നടത്തി ഹൈബ്രിഡ് മരങ്ങളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല പുതിയ മരങ്ങളെയും അപകടകാരിയായ കുമിൾ ബാധിച്ചു. ജൈവ സാങ്കേതിക വിദ്യകൾ ഈ നീണ്ട കാലം കൊണ്ട് വളരെയേറെ മെച്ചപ്പെട്ടു.
ജീവവർഗങ്ങളുടെ ജനിതക സീക്വന്സിങ്ങ് കൃത്യമായി ശാസ്ത്ര സമൂഹം പഠിച്ചെടുത്തു .
ഒരു പ്രത്യേക ജീനിന്റെ ഒരു പ്രത്യേക സവിശേഷതയിൽ മാറ്റം വരുത്തിയാൽ ചെസ്‌നട്ട് ബ്ലൈറ്റ് എന്ന മാരകമായ ഫംഗസ്സിനെ പ്രതിരോധിക്കാം എന്ന് ശാസ്ത്രലോകം കണ്ടെത്തി.
എനിട്ടും കുറെ കാലം.കാത്തിരിക്കേണ്ടി വന്നു ക്രോമാസമുകളിൽ ജീൻ എഡിറ്റിങ്ങ് ചെയ്യുന്ന 'തന്മാത്രാകത്രികൾ*' (molecular scissors) കണ്ടെന്താനും പ്രാവർത്തികമാക്കാനും.
CRISPR എന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇത്തരത്തിൽ ജനിതക തിരുത്തലുകൾ വരുത്തുന്നത്.
ജീൻ എഡിറ്റിങ്ങ് നടത്തിയ ഫംഗസ് പ്രതിരോധ ശേഷിയുള്ള മരതൈകളെ ടിഷ്യൂ കൾച്ചർ മുഖേന വളർത്തിയെടുത്ത് ചെസ്‌നട്ട് കാടുകളുടെ ഭാഗമാക്കുന്നതാണ് പദ്ധതി ..
ക്രമേണ രോഗപ്രതിരോധ ശേഷിയുള്ള ചെസ്‌നാട്ട് കാടുകൾ അമേരിക്കയിൽ പ്രൗഢിയോടെ തിരിച്ചുവരും എന്ന് കരുതാം..
🌿
ഹുബാരാ ബാസ്റ്റാർഡ് പക്ഷികളും , എവിയൻ റീപ്രൊഡക്ടീവ് ബയോടെക്‌നോളജിയും
വടക്കേ ആഫ്രിക്കമുതൽ കിഴക്ക് പാകിസ്ഥാൻ വരെയുള്ള ഭൗമമേഖലയിൽ കാലാവസ്ഥാമാറ്റങ്ങൾക്കനുസരിച്ച് ദേശാടനം നടത്തി ജീവിക്കുന്ന പക്ഷികളാണ് ഹുബാരാ ബാസ്റ്റാർഡ് . നന്നായി പറക്കുമെങ്കിലും അവ കൂടുതൽ സമയവും നിലത്ത് തന്നെയാണ് ചെലവഴിക്കുക ...
മാംസത്തിന് വേണ്ടിയും മറ്റും വേട്ടയാടി വേട്ടയാടി ഈ പക്ഷികളുടെ എണ്ണം നന്നേ കുറഞ്ഞ് വംശനാശത്തിന്റർ വാക്കോളമെത്തിയതായിരുന്നു .
ആധുനിക ശാസ്ത്രത്തിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തുന്ന സംരക്ഷണ പരിപാടികളിലൂടെ ഈ പക്ഷിയുടെ വംശം അപകടനില തരണം ചെയ്യുകയാണ് .
സംരക്ഷണ പരിപാടികളിലെ ഏറ്റവും കൂടുതൽ ഫണ്ടിങ്ങ് നടക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിൽ നിന്നാണ് .
ദേശാടന സ്വഭാവമുള്ളതുകൊണ്ട് തന്നെ അൾജീറിയ മുതൽ അഫ്‌ഗാനിസ്ഥാൻ വരെയുള്ള റേഞ്ചിൽ പല പല ഗവേഷണ സ്ഥാപനങ്ങളും ഹൈടെക്ക് ബ്രീഡിങ്ങ് ഹാച്ചറികളുമാണ് ഈ പക്ഷിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ..
ആരോഗ്യമുള്ള ആൺപക്ഷികളുടെ സ്പേം ശേഖരിച്ച് സൂക്ഷിച്ച് കൃത്യമായ ബ്രീഡിങ്ങ് സീസണുകളിൽ മനുഷ്യരിലെ വന്ധ്യതാ ചികിത്സയിൽ ഉപയോഗിക്കുന്ന IVF (In Vitro Fertilization) പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ബീജസങ്കലനം നടത്തി പെൺപക്ഷിയിൽ നിക്ഷേപിക്കുന്നു .
പക്ഷിയുടെ ഹാബിറ്റാറ്റ് റേഞ്ചിലെ പല പല രാജ്യങ്ങളിലുള്ള ഹാച്ചറികളിൽ ഇൻകുബേറ്റ് ചെയ്ത് വിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ കൃത്യമായി വളർത്തതി ശരിയായ ഹൃതുക്കളിൽ ദേശാടകരായ മറ്റു പക്ഷികൾക്കൊപ്പം പറത്തി വിടുന്നു ..
ജിയോടാഗുകൾ ഘടിപ്പിച്ച പക്ഷികളുടെ സഞ്ചാരവും ഗതിയും അപ്പോഴപ്പോൾ നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്.
മൈഗ്രെഷൻ ട്രാൻസിറ്റ് പോയിന്റുകളിൽ ചില പക്ഷികളെ പിടിച്ച് പരിശോധിച്ച് ആരോഗ്യം ഉറപ്പു വരുത്തുന്നു.
ഒട്ടേറെചിലവേറിയ പ്രക്രിയകൾ ആണ് ഇത് , മാത്രമല്ല ഇത്രമേൽ ഗംഭീരമായ റിസർച്ച് ഫെസിലിറ്റികൾ വിവിധ രാജ്യങ്ങളിൽ സ്ഥാപിക്കുന്നതിന് ഭൗമരാഷ്ട്രീയത്തിന്റെ കുറെയേറെ നൂലാമാലകൾ അഴിച്ചെടുക്കേണ്ടതുണ്ട്...
The International Fund for Houbara Conservation (IFHC) എന്ന അബുദാബി ഗവണ്മെന്റിന്റെ ഫണ്ടിങ്ങിലൂടെ മാത്രം നാലു ലക്ഷം പക്ഷികളെ ഈരീതിയിലൊക്കെ വിരിയിച്ച് പ്രകൃതിയിലേക്ക് പറത്തി വിട്ടിട്ടുണ്ട് എന്നറിമ്പോഴാണ് ജൈവ സംരക്ഷണത്തിന് രാഷ്ട്രങ്ങളും ശാസ്ത്രസമൂഹവും എത്രമേൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് മനസ്സിലാവുകയുള്ളൂ .....
ഒരു ജീവിയെ ചുമ്മാ അതിന്റെ ഹാബിറ്റാറ്റിലേക്ക് വളർത്തി വിടുകയല്ല മറിച്ച് അതിന്റെ ജൈവ പരിസരങ്ങളിൽ വന്ന എന്തെന്ത് മാറ്റങ്ങളാണ് ജീവിയെ അപകടകരമായ വംശനാശസാധ്യതയിലേക്ക് തള്ളിവിട്ടിരിക്കുക , അതുപോലെ തന്നെ ഒരു പ്രത്യേക ജീവിവർഗം അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതാകുന്നതോടെ ആ ജൈവ മേഖലക്ക് എന്തൊക്കെയാണ് സംഭവിക്കുക ഇങ്ങനെയല്ലാമുള്ള പഠനങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സമഗ്രമായ അറിവുകളിലൂടെയാണ് എന്ത് രീതി , എവിടെ, എങ്ങിനെ എന്നൊക്കെയുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
🌿
ആഫ്രിക്കൻ ആനകളുടെ ബിഗ് ഡാറ്റാ അനാലിസിസ്
ആഫ്രിക്കൻ പുൽമേടുകളിൽ ഒരുകാലത്ത് സർവസ്വാതന്ത്രത്തോടെ വിഹരിച്ചിരുന്ന ഗജവീരന്മാർ ഇപ്പോൾ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ..
ജൈവമേഖലകളിലെ വിഭവ ശോഷണം , ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടൽ , അസുഖങ്ങൾ , മനുഷ്യരുമായുള്ള സംഘട്ടനം എന്നിവ നിമിത്തം ആഫ്രിക്കൻ ആനകളുടെ എണ്ണം വളരെ.കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
Elephant Listening Project (ELP)
ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ ആനകളുടെ സംരക്ഷണത്തിനായി ആധുനികമായ ഡാറ്റാസയൻസിന്റെ സഹായത്തോടെ നടക്കുന്ന സംരക്ഷണ പരിപാടിയുടെ പേരാണ് എലിഫന്റ് ലിസണിങ് പ്രോജക്റ്റ് !
- ആഫ്രിക്കയിൽ എമ്പാടും വ്യന്യസിച്ചിട്ടുള്ള അനേകം സൗണ്ട് റിസപ്റ്ററുകളിലൂടെ അനേകം മില്യൻ ആനശബ്ദങ്ങൾ ലൈവ് ആയി ശേഖരിച്ച് കൃത്രിമബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് ആനകളുടെ ആശയവിനിമയ രീതി , അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ അപ്പപ്പോൾ മനസ്സിലാക്കുന്നു .
- ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ആഫ്രിക്കയിൽ എമ്പാടുമുള്ള വൈൽഡ് ലൈഫ് ക്യാമറകളിലെ ലൈവ് ദൃശ്യങ്ങളിൽ നിന്ന് ഓരോ ആനയുടെയും 'മുഖഛായ' മനസ്സിലാക്കി കമ്പ്യൂട്ടറുകൾ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഓരോന്നിനേയും അതിന്റെ രോഗാവസ്ഥകൾ അടക്കം ട്രാക്ക് ചെയ്യുന്നു .
- വേട്ടക്കാരോ മറ്റോ ഏതെങ്കിലും മേഖലയിൽ ഉണ്ട് എങ്കിൽ ആനകളിൽ ചിലതിനെയല്ലാം കാണാതാകും ..
- ഭൗമ സൂചികകളോടെയുള്ള അപകട സന്ദേശങ്ങൾ ആഫ്രിക്കയിൽ ആകമാനമുള്ള റേഞ്ചർമാർക്ക് ലഭിക്കും .
- ഇത് കൂടാതെ റേഡിയോ കോളർ ലൈവ് ഡാറ്റാ ഉപയോഗിച്ച് ആനകൂട്ടങ്ങൾ മനുഷ്യരുടെ ആവാസ മേഖലകളിലേക്ക് വരുന്നത് നേരത്തെ അറിയിക്കുന്നതിലൂടെ മനുഷ്യ വന്യ ജീവി സംഘട്ടനം ഒരു പരിധിവരെ തടയാനാകുന്നു.
ഇതിൽ ചിലതെല്ലാം നമ്മുടെ നാട്ടിലും പരീക്ഷിച്ചു നോക്കേണ്ടതാണ്.
🌿
സിറ്റിസൺ സയൻസ്,
Citizen science (CS)
സിറ്റിസൺ സയൻസ് എന്നത് അത്യാധുനികമായ ആശയമൊന്നുമല്ല പക്ഷെ നിലവിൽ ശാസ്ത്രത്തിലെ ആധുനിക സങ്കേതങ്ങൾ സമന്വയിപ്പിച്ചതോട് കൂടി മറ്റേത് രീതിയോളമോ അതിനെക്കാളേറെയോ സുശക്തമായ പ്രകൃതിസംരക്ഷണ സാധ്യതയായി പൗര ശാസ്ത്രം വളർന്നിരിക്കുന്നു ..
സ്മാർട്ട് ഫോണുകളുടെ വരവോട് കൂടിയാണ് ഇത് സംഭവിച്ചത്.
ഓരോ ജീവ വർഗങ്ങളുടെയും പ്രാദേശികവും കാലികവുമായ സാനിധ്യം അവയുടെ എണ്ണത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ , അവയുടെ ജൈവ മേഖലയിൽ ഉണ്ടാവുന്ന മാറ്റം , പലായനം , ദേശാടനം , ചത്തൊടുങ്ങൽ , പെരുകൽ എല്ലാം റെക്കോഡ് ചെയ്യുന്നതിന് പഴയ മാതൃകയിൽ ഗവേഷകരുടെ ഫീൽഡ് സർവേകൾ ഒന്നും പോരാതെ വരും.
iNaturalist , eBird , PlantSnap , Merlin Bird ID എന്നിവപോലെയുള്ള സ്മാർട് ഫോൺ ആപ്പുകൾ ഒരേ സമയം സ്പീഷീസുകളെ നിർമിത ബുദ്ധികൊണ്ട് തിരിച്ചറിഞ്ഞു നൽകാനും ഒപ്പം അവയുടെ നിരീക്ഷണതീയതി , സമയം ജിയോ ലൊക്കേഷൻ , ചിത്രങ്ങൾ , ശബ്‌ദം എന്നിവയോടൊപ്പം ലോകത്ത് ആർക്കും ലഭ്യമായ രീതിയിൽ മെഗാ ഡാറ്റാബേസിലേക്ക് ഉൾച്ചേർക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.
ജൈവവൈവിധ്യ ഡാറ്റാ വിപുലീകരിക്കപ്പെടുന്നതോടൊപ്പം സാധാരണ പൗരന് പാരിസ്ഥിതിക വൈവിധ്യത്തെയും തനിക്ക് ചുറ്റിലുമുള്ള ജീവ ജാലങ്ങളെയും കുറിച്ച് അടിസ്ഥാനപരമായി മനസ്സിലാക്കാനും
അവയുടെ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടാനും സഹായിക്കുന്നു.
ഓർക്കുക പൗരന്മാർ ചേർന്നുള്ളതാണ് രാഷ്ട്രങ്ങൾ ....
പൗരന്റെ ശാസ്ത്രബോധത്തോളം ആധുനികമായ പ്രകൃതി സംരക്ഷണം വേറൊന്നുമല്ല ....
പരിസ്ഥിതി ദിനാശംസകൾ
കിരൺ കണ്ണൻ
Link to Facebook Post
Link to The Fourth News
Posted on Jun 13, 2024

അഭിപ്രായങ്ങള്‍