ജ്വാലാമുഖികളുടെ ചരിത്ര രചനകൾ ... പശ്ചിമഘട്ടം . ( Part 3 )

 ജ്വാലാമുഖികളുടെ ചരിത്ര രചനകൾ ...

പശ്ചിമഘട്ടം . ( Part 3 )
ഓരോ മനുഷ്യർക്കും ഓരോരോ അഭിലാഷങ്ങളുണ്ടാവും.
ജീവിച്ചുതീരും മുൻപേ അനുഭവിക്കാനായി 'ബക്കറ്റ്ലിസ്റ്റ്' എന്നപേരിൽ കുറിച്ചുവയ്ക്കുന്നത് ..
നിങ്ങളെപ്പോലെ, എനിക്കും അങ്ങിനെ ഒരാഗ്രഹമുണ്ട് ..
ഭൂമിയിലെ ജ്വാലാമുഖികൾ കെട്ടുതീരും മുൻപേ, ഈ കുഞ്ഞു ജീവിതം അണഞ്ഞുതീരും മുൻപേ, തീപിടിച്ചൊഴുകുന്ന ലാവ കാണണം ..
അത് എന്റെ ഹൈക്കിങ്ങ്സ്റ്റിക്കിൽ സ്‌കൂപ്പ് ചെയ്തെടുക്കണം ...
ലാവ തണുത്തുറച്ച്, കല്ല്പോലെ ഒട്ടിപിടിച്ച ഹൈക്കിങ്ങ് സ്റ്റിക്ക് എനിക്കെന്റെ സ്വീകരണമുറിയിൽ ഒരുക്കി വയ്ക്കണം ... !
ഭൗമാന്തര രഹസ്യങ്ങളുടെ സന്ദേശചാലകങ്ങളാണ് ദ്രവശിലകൾ.
എങ്ങിനെയാണ് പാറകളെ പഠിച്ച് ഭൂമിയുടെ ചരിത്രമറിയുന്നത് .?
ഒരുപാട് മാർഗങ്ങളുണ്ട്...
പാറകളുടെ പാലിയോ മാഗ്നറ്റിക്ക് പഠനം എന്ന് കേട്ടിട്ടുണ്ടോ ??
നമ്മുടെ ഈ ഭൂമിയിൽ ഏറ്റവും കൂടുതലായുള്ള മൂലകമാണ് ഇരുമ്പ് എന്നറിയാമല്ലോ. മൊത്തം ഭൗമപിണ്ഡത്തിന്റെ 32% ശതമാനത്തിൽ കൂടുതൽ വരുമത്.
ഭൂരിഭാഗം ഇരുമ്പും ഭൗമകേന്ദ്രത്തിലാണ്, അതിത്രീവ്രമായ താപനിലയിലും അപാരമായ മർദ്ധം മൂലം ഖരാവസ്ഥയിൽ തുടരുന്ന കടുകട്ടി ഇരുമ്പ്!
ഇതുകൂടാതെ ഭൗമ കേന്ദ്രത്തിന് പുറത്ത് നമ്മുടെ മണ്ണിലും പാറയിലുമെല്ലാം കുറെ ഇരുമ്പുകണങ്ങളുണ്ട്.
ഭൂമിയുടെ ഉള്ളിൽ നിന്ന് ലാവ ഒഴുകി വരുമ്പോഴൊക്കെ അതിൽ ധാരാളം ഇരുമ്പുണ്ടാവാറുണ്ട്. അതിതാപത്തിൽ വലിയ കാന്തികത ഉണ്ടാവില്ലെങ്കിലും ലാവയുടെ ചൂട് കുറയുന്നതോടെ - ഏകദേശം 770° യിൽ താഴേക്ക് വരുമ്പോൾ ഇരുമ്പുകണങ്ങൾ ഭൗമകാന്തികതയോട് അലൈൻ ചെയ്യപ്പെടും...
Curie point എന്നാണ് ഈ താപനിലയുടെ പേര് ...
കുറച്ചുകൂടെ തണുത്ത് ലാവയുടെ വിസ്‌കോസിറ്റി കൂടുമ്പോൾ ഉറയുന്ന ലാവയിലെ ഇരുമ്പുകണികൾ ആ സമയത്തെ ഭൗമകാന്തിക രേഖകൾ ഒരു മാഗ്നറ്റിക്ക് ഡിസ്ക്കിലെന്നപോലെ അടയാളപ്പെടുത്തി അതേ അലൈന്മെന്റിൽ ഉറച്ചുപോകും.. !!
നിങ്ങൾക്കറിയാമോ ? ഭൂമിയുടെ കാന്തിക ദ്രുവങ്ങൾ പലവട്ടം കീഴ്മേൽ മറിഞ്ഞിട്ടുണ്ട്.
അതേ ധാരാളം തവണ !
കഴിഞ്ഞ 83 മില്യൻ വർഷങ്ങളിൽ തന്നെ 183 തവണ ഭൂമിയുടെ കാന്തിക ദ്രുവങ്ങൾ മേൽകീഴ് മാറിയിട്ടുണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്...
~~~~~~~~~~~~~~
കൗതുകങ്ങൾ നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകളിൽ തെളിയുന്ന രണ്ട് പരീക്ഷണങ്ങൾ ഓർമ്മിപ്പിക്കട്ടെ ...
പരീക്ഷണം ഒന്ന് ..
മണൽ വിരിച്ചതിൽ കാന്തമുരച്ച് വേർതിരിച്ചെടുക്കുന്ന കറുത്ത തരികൾ ശേഖരിച്ച് , കടലാസിൽ വിരിച്ച് , കാന്തം നടുവിൽ വച്ച് പതിയെ തട്ടികൊടുക്കുമ്പോൾ ഉത്തര , ദക്ഷിണ ദ്രുവങ്ങളെ ബന്ധിപ്പിക്കുന്ന കുറെ രേഖകൾ ദൃശ്യമാവാറില്ലേ ???
മണലിൽ നിന്ന് വേർതിരിച്ചെടുത്ത എല്ലാ ഫെറോമാഗ്നറ്റിക്ക് തരികളും കാന്തിക ദ്രുവങ്ങളെ ബന്ധിപ്പിക്കുന്ന വർത്തുളരേഖകളിൽ ക്രമത്തോടെ വിന്യസിക്കപ്പെടുന്നതാണത് .. !
അടുത്ത പരീക്ഷണം തുന്നൽ സൂചി കാന്തത്തിൽ ഉരച്ച് കാന്തികത വരുത്തി കൃത്യം നടുക്ക് നൂലിൽ കെട്ടിത്തൂക്കിയുണ്ടാക്കുന്ന ഹോംമേഡ് കൊമ്പസ്സാണ് ...
അതിങ്ങനെ തെക്കുവടക്ക് ദിശയിൽ തൂങ്ങി കിടക്കും ..
കാഴ്ചാ കൗതുകങ്ങൾക്കപ്പുറം, എങ്ങിനെ? എന്തുകൊണ്ട് ?? എന്നൊക്കെ ചിന്തിക്കാറുള്ള വ്യക്തിയാണോ നിങ്ങൾ ?
ഈ പരീക്ഷണങ്ങളിൽ നിന്നും നമുക്ക് എന്തൊക്കെയാണ് മനസ്സിലായത് ??
1.മണ്ണിൽ കാന്തത്താൽ ആകർഷിക്കപ്പെടുന്ന കുറെ തരികളുണ്ട്.
2.കാന്തത്തിന് ചുറ്റും കാന്തികപ്രഭാവം കൂടുതലുള്ള ചില 'ബലരേഖ'കളുണ്ട്.
3.ഭൂമിക്ക് കുറഞ്ഞ അളവിലെങ്കിലും കാന്തിക ശക്തിയുണ്ട്.
4.ഭൂമിയുടെ കാന്തിക ബലരേഖകളോട് അലൈൻ ചെയ്യാനുള്ള പ്രവണത കാന്തികമായി ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യുന്ന പദാർത്ഥങ്ങൾക്കുണ്ട്. (നമ്മൾ അവയെ ഫെറോമാഗ്നറ്റിക്ക് പദാർത്ഥങ്ങൾ എന്ന് പറയും).
ഈ ഓർമ്മകളോടെ നമുക്ക് വീണ്ടും പാലിയോ മാഗ്നറ്റിക്ക് തെളിവ് ശേഖരണങ്ങളിലേക്ക് വരാം ..
ഭൂമിയുടെ മാഗ്നറ്റിക്ക് നോർത്ത് പോൾ വടക്കായിരിക്കുമ്പോൾ തുന്നൽ സൂചി കിടക്കുന്ന ദിശയിലായിരിക്കില്ല, പോളാരിറ്റി ഷിഫ്റ്റ് വന്നതിനു ശേഷമുള്ള തുന്നൽ സൂചിയുടെ ദിശ അല്ലെ ??
സൂചി നേരെ തിരിയും...
കാന്തസൂചി ഭൂമിയിൽ എല്ലായിടത്തും ഭൂമിക്ക് തിരശ്ചീനമായിട്ടാണോ ഉണ്ടാവുക ? അല്ല , ദ്രുവങ്ങളിൽ അത് ഏറെ കുറെ ലംബമായി ഭൗമകേന്ദ്രത്തിന്റെ ഉള്ളിലേക്കെന്നപോലെ താഴോട്ട് കുത്തി തൂങ്ങിക്കിടക്കും ..
കാരണം ഭൂമിയുടെ കാന്തിക ബലരേഖകൾ, ധ്രുവങ്ങളിൽ നിന്ന് പുറപ്പെടുന്നപോലെയോ ധ്രുവങ്ങളിലേക്ക് ഇറങ്ങിപോവുകയോ ചെയ്യുന്ന പോലാണ്...
പക്ഷെ ഭൂമധ്യരേഖയുടെ സമീപത്ത് സൂചി ശരിക്കും തിരശ്ചീനമായ കാന്തിക ദിശാസൂചികയാവും ..
അതുകൊണ്ട് തന്നെ ഭൂമധ്യരേഖാപ്രദേശത്തിനു സമീപപ്രദേശങ്ങളൊക്കെ പാലിയോ മാഗ്നറ്റിക്ക് പഠനങ്ങൾക്ക് വളരെ അനുയോജ്യമാണ്.
ഭൂമിയിൽ എല്ലായിടത്തും അതിവിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഭൗമ ചരിത്രത്തിലെ നാടകീയ മേഖലകളിൽ എല്ലാം പാറകളിലെ ഇരുമ്പ്കണങ്ങളുടെ മാഗ്നറ്റിക്ക് ഓറിയന്റേഷൻ മാപ്പ് ചെയ്തിട്ടുണ്ട്. ...
പല പല അടരുകളിൽ...
അതി വിപുലമായ പഠനങ്ങൾ !
ഭൂമിയിൽ എപ്പോഴൊക്കെയാണ് മാഗ്നറ്റിക് പൊളാരിറ്റി ഷിഫ്റ്റ് നടന്നിട്ടുള്ളത് എന്നതിനനുസരിച്ച് ആഗ്നേയ ശിലകൾ രൂപപ്പെട്ട വർഷങ്ങൾ മനസ്സിലാക്കിയെടുക്കാനാകും ..
ഓർക്കുക, ശിലകളുടെ പ്രായം നിർണ്ണയിക്കുന്നതിന് പല ശാസ്ത്ര ശാഖകളും ചേർന്ന ഒരു ഇന്റഗ്രേറ്റഡ്* സമീപനമാണ് സ്വീകരിക്കുന്നത്, ( *Remember the word ‘IntegratedApproach’; I will be explaining it throughout this series.)
അതിൽ ഒന്ന് മാത്രമാണ് പാലിയോ മാഗ്നറ്റിക്ക് പഠനം .
ഇനി നമുക്ക് നമ്മുടെ പശ്ചിമഘട്ടത്തിലേക്ക് വരാം ..
മേല്പറഞ്ഞ രീതിയിലെ പഠനങ്ങളിലൂടെ മഡഗാസ്കറിലെയും നമ്മുടെ പശ്ചിമഘട്ടത്തിലെയും ആഗ്നേയശിലകൾ ഒരേകാലത്ത് രൂപപ്പെട്ടതാണെന്ന് എളുപ്പം തെളിയിക്കാൻ പറ്റും ..
പക്ഷെ അപ്പോഴും ഒരു പ്രശ്നം ബാക്കി നിൽക്കുന്നു ..
ഒരു പ്രത്യേക കാലഘട്ടത്തിൽ രൂപപ്പെട്ട ആഗ്നേയ ശിലകൾ ഭൂമിയുടെ ഒരു നിശ്ചിത അക്ഷാംശത്തിലോ ഒരു നിശ്ചിത രേഖാംശത്തിലോ (longitude / latitude) സ്ഥിതി ചെയ്യുന്നവയാണെങ്കിലോ അവയ്ക്കുമേൽ മറ്റേതെങ്കിലും ഭൗതികമായ ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെങ്കിലോ ഒരേ രീതിയിലുള്ള മാഗ്നറ്റിക്ക് അലൈൻമെന്റ് തന്നെയാണ് കാണുക ..
ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ഒരേ കാലഘട്ടത്തിൽ തന്നെ രൂപപ്പെട്ട പാറകൾ ആണെന്നതിനപ്പുറം പശ്ചിമഘട്ടവും മഡ്ഗാസ്ക്കറിലെ അനൊസിയൻ മലനിരകളും ഒരു കാലത്ത് ഒന്നായിരുന്നു പിന്നീട്‌ പിളർന്നു നീങ്ങിയതാണ് എന്നതിന് ഇത് തെളിവാകുന്നില്ല.
ഭൂമിയുടെ മേൽപാളി ( Tectonic plate ) രണ്ടായി പിളർന്നു നീങ്ങുമ്പോൾ ഭൂമിക്കുള്ളിൽ നിന്ന് വീണ്ടും ലാവയോ , മേലെത്തും മുൻപേ ഉറച്ചുപോയ ആഗ്നേയ ശിലകളോ ഉയർന്നു വരും. ഇത്തരത്തിലുള്ള ഭൗമ ചലനങ്ങൾക്ക് അപാരമായ ശക്തിയാണ് , ഇങ്ങനെ പിളർന്നു നീങ്ങിയ ഇരുവശങ്ങളിലും ( divergent boundaries ) പലവിധ വക്രതകളും സംഭവിക്കാറുണ്ട് ..
വിഭജിച്ചതിനുശേഷമുള്ള ഇരുവശങ്ങളിലെയും സ്‌ട്രച്ച് മാർക്കുകളും പ്രഷർ മാർക്കുകളും കൊണ്ട് കാന്തികതയാൽ ഒരുക്കപ്പെടുന്ന ഇരുമ്പു കണങ്ങളുടെ വന്യാസത്തിൽ വരുത്തുന്ന ദിശാ വ്യത്യാസങ്ങൾ ഒരു കണ്ണാടിക്ക് ഇരുവശവും എന്നപോലെ സമമിതി ഉള്ളതായിരിക്കും . !
ഒരു മാഗ്നറ്റിക്ക് ഡിസ്ക് പോലെ ഭൗമ കാന്തികത നേരത്തെ രേഖപ്പെടുത്തിയ മേൽപാളി ആയതുകൊണ്ട് തന്നെ മേൽപറഞ്ഞ മാറ്റങ്ങൾ എളുപ്പം മനസ്സലാക്കിയെടുക്കാനാകും ..
മനസ്സിലായില്ല അല്ലെ ??
ഒരു ലളിതമായ ഉദാഹരണത്തിലൂടെ അവതരിപ്പിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കട്ടെ :
നാലുവശത്തേക്കും വലിച്ച് മുറുകെ കെട്ടിയ ഒരു റബ്ബർ ഷീറ്റിന്റെ പ്രതലത്തിൽ മുഴുവനും ഒരേ ദിശയിൽ കുറേയേറെ ദിശാസൂചകങ്ങൾ വരയ്ക്കുക.
( റബ്ബർ ഷീറ്റ് ഭൂമിയുടെ മേൽപാളിയും, കുനുകുനാ വരച്ചത് ഭൂമിയുടെ കാന്തികതക്ക് അനുസരിച്ച് ആഗ്നേയ ശിലകളിൽ അവ ഉറയ്ക്കും മുൻപേ ഇരുമ്പുകണങ്ങളാൽ രേഖപ്പെട്ട ഭൗമ കാന്തിക ദിശകളുമാണ് എന്നും സങ്കൽപ്പിച്ചോളൂ )
അതിന് ശേഷം കൈമുഷ്ടിയോ വേറെന്തെങ്കിലും ഖരവസ്തുക്കളോ വച്ച് റബ്ബർ ഷീറ്റിന്റെ താഴെപിടിച്ച് മുകളിലേക്ക് ഉയർത്തുക. ബൾജിങ്ങിന് ഇരുവശത്തും വരച്ച ദിശാ സൂചികാ വരകൾക്ക് കുറെ വക്രതകൾ വരും, പക്ഷെ ഇരു വശത്തും ഒരേപോലെയുള്ള മാറ്റങ്ങളായിരിക്കും.
ഏറെക്കുറെ ഇതുപോലെയാണ് മേലെ പറഞ്ഞ ഡൈവർജ്ജന്റ് ബൗണ്ടറികൾക്ക് അപ്പുറവും ഇപ്പുറവും ഉണ്ടാവുന്ന സമമിതി !
ഇപ്പോൾ നമുക്ക് നിർണ്ണായകമായ രണ്ട് ക്ലൂ കിട്ടി !!
1. രണ്ടിടങ്ങിളിലെയും പാറകളുടെ പ്രായം ഒന്നാണ്.
2. ഒരു ദർപ്പണത്തിന് ഇരുവശവും എന്നപോലെ ഇന്ത്യയിലെയും മഡഗാസ്കറിലേയും ഡൈവർജൻറ് ബൗണ്ടറികൾ സമമിതിയുള്ളതാണ് .
ഒരു ത്രില്ലർപോലെ രോമാഞ്ചമുണ്ടാക്കുന്ന ശാസ്ത്രാന്വേഷണം അല്ലെ !!
കേവലം അയ്യായിരത്തി അഞ്ഞൂറ് വർഷം മുൻപ് മാത്രം അറിവുകളും ആശയങ്ങളും പങ്കുവച്ച് സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യകുലമാണ് നാനൂറ്റിയമ്പത് കോടി വർഷങ്ങളുടെ ഭൗമചരിത്രം ചികഞ്ഞെടുക്കാൻ ശ്രമിക്കുന്നത് എന്നോർക്കുക ...
ഭൂമി എന്ന അതിവിശാലമായ ക്യാൻവാസിലെ അഗാധമായ ഇന്നലെകളുടെ സത്യമറിയാൻ നമ്മൾ തെളിവുകൾ തേടിക്കൊണ്ടിരിക്കണം..
ശാസ്ത്രത്തിന്റെ രീതിയാണ് അത്.
ഓരോരോരോ തെളിവുകളും അനുപൂരകമാകണം , ഒരൊറ്റ തെളിവ് തെറ്റിയാൽ നമ്മളെഴുതിയ ചരിത്രമേ തെറ്റെന്ന് വരും ....
'ഒരുപക്ഷേ', അല്ലേൽ 'സാധ്യത' എന്നൊക്കെയേ ഉറപ്പില്ലാത്തതും സുശക്തമായ തെളിവുകളില്ലാത്തതുമായ കാര്യങ്ങൾ പറയാനാകൂ ..
ശാസ്ത്ര സംസ്കാരത്തിന്റെ നെറിവും, ശാസ്ത്രഭാഷ്യത്തിന്റെ കുലീനതയുമാണത് ..
നമ്മൾ ഒരു നല്ല സയന്റിഫിക് ഇൻവെസ്റ്റിഗേറ്റർ ആവേണ്ടതുണ്ട്..
ഈ ഭൂമിയിലെ ലഭ്യമായ തെളിവുകളെ കൃത്യമായി കൂട്ടി യോജിപ്പിച്ച്, കൂടുതൽ കൂടുതൽ സുശക്തമായ തെളിവുകൾ തേടി വായിച്ചെടുക്കേണ്ടുന്ന മഹാചരിത്രം !!
എഴുതിയാലിങ്ങനെ നിറുത്താതെ എഴുതിയെഴുതി പോകും. എഴുതുന്ന എനിക്ക് മടുക്കുന്നില്ലെങ്കിലും വായിക്കുന്ന നിങ്ങൾക്കുണ്ടാവാൻ സാധ്യതയുള്ള മടുപ്പ് പരിഗണിച്ച് ഈ അധ്യായം തൽക്കാലത്തേക്ക് നിറുത്തുകയാണ്...
ഞാനിതുവരെ പറഞ്ഞതെല്ലാം പശ്ചിമഘട്ടം ഉൾപ്പെടെയുളള ഭൂമേഖലയുടെ പ്രാഗ് ചരിത്രമാണ്...
നമുക്കറിയുന്ന, ജൈവ വൈവിധ്യത്തിന്റെ കളിതട്ടായ ..
സഹ്യന്റെ വിസ്മയിപ്പിക്കുന്ന സമകാലിക കഥകൾ വരാനിരിക്കുന്ന അധ്യായങ്ങളിൽ ഉൾപ്പെടുത്താം....
മഴയും കാറ്റും ആനയും തവളയും പെരുമ്പാമ്പും കിളികളും പുല്ലും മരവും മീനും കൂണും മിന്നാമിന്നിയുമല്ലാമുള്ള ജീവന്റെ സചിത്രകഥ .... !!
വിസ്മയങ്ങളുടെ മഹാ ചരിത്രം !
പശ്ചിമഘട്ടം വിപുലമായി വായനക്കാരെ മടുപ്പിക്കാതെ എഴുതണം എന്നാണ് ആഗ്രഹം .
വിവേകികളായ മനുഷ്യരുടെ ചിന്താപരിസരങ്ങളിൽ സർഗാത്മകമായി
ശാസ്ത്രസാഹിത്യം അവതരിപ്പിക്കണം.
ഭൗമശാസ്ത്രം മലയാളത്തിൽ എങ്ങനെ ലളിതമായി എഴുതണം എന്നതിന് മാതൃകയാക്കാൻ നിർഭാഗ്യവശാൽ നാട്ടെഴുതിന്റെ റഫറൻസ് ലിറ്ററേച്ചറുകളൊന്നുമില്ല .
അത്കൊണ്ട് , ഈ വിനീതമായ കുറിപ്പുകൾക്ക് തനതാകാൻ പറ്റുന്നുണ്ട്.. ഒറിജിനൽ ആവുക എന്നത് അത്രെമേൽ എളുപ്പമൊന്നുമല്ല..
പലപ്പോഴും വാക്കുകൾ നിർമ്മിച്ചെടുക്കണം .. ,
നാനൂറ്റിയമ്പത് കോടി വർഷങ്ങളെന്ന സമയ ഗാംഭീര്യത്തെ എന്റെ ഭാഷാപരിമിതികളിൽ മെരുക്കാൻ കഴിയണം ....
ഈ ലേഖനങ്ങൾ എനിക്കൊരു പഠന പ്രക്രിയകൂടിയാണ്. .
നിങ്ങളുടെ പിൻതുണ എനിക്കെന്തായാലും വേണം ...
കൂടുതൽ കൂടുതൽ വായനക്കാരെ വേണം ..
ഈ ലേഖനങ്ങൾ വായിച്ച് ഇഷ്ടമാകുന്ന എന്റെ ഓരോരോ ചങ്ങാതിമാരും സാധ്യമായാത്ര ആളുകളോട് ഈ പ്രൊഫൈൽ ഫോളോ ചെയ്യാൻ സജസ്റ്റ് ചെയ്താൽ വലിയ ഉപകാരമായിരിക്കും ..
കൂടുതൽ വായനക്കാരും കൂടുതൽ അഭിപ്രായകുറിപ്പുകളും ഇനിയും ഇനിയും എഴുതാൻ പ്രേരണയാകും ...
പശ്ചിമഘട്ടത്തിന്റെ ചരിത്രമെഴുത്ത് ഒരു വലിയ അദ്ധ്വാനമാണ്..
ശാസ്ത്രവും സർഗസാഹിത്യവും മടുപ്പിക്കാതെ വിളക്കി വിളക്കി ചേർക്കേണ്ടതുണ്ട്....
എഴുത്തിന് ജീവൻ വേണം..
ആയിരക്കണക്കിന് വിവേകികളായ മനുഷ്യരോടാണ് സംവദിക്കുന്നത് എന്ന അനുഭൂതിയുണ്ടായാൽ തന്നെ ചിന്തകളിലേക്ക് വാക്കുകൾ ഒഴുകിയെത്തും ...
അതിന് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ കുറിക്കേണ്ടതുണ്ട് ...
ഈ എഴുത്തിൽ തെറ്റുകൾ പിണഞ്ഞിട്ടുണ്ടെങ്കിൽ അപ്പപ്പോൾ ചൂണ്ടിക്കാണിക്കണം തിരുത്തണം ...
And I promise,
I won’t compromise on science....
സ്നേഹപൂർവം : കിരൺ കണ്ണൻ


Link to Audio - Voice - Hashik Mohd
Link to Audio - Voice - Sreeja Shyam
Link to Facebook Post
Posted on Oct 18, 2024

അഭിപ്രായങ്ങള്‍